Thursday, December 02, 2010

മനുഷ്യാവകാശവും മാധ്യമസ്വാതന്ത്ര്യവും


ഷാഹിന എന്ന മാധ്യമപ്രവര്‍ത്തക, മദനിക്കെതിരായി കര്‍ണ്ണാടക പോലീസ് ചാര്‍ജ്ജ് ചെയ്ത തീവ്രവാദി കേസുകളിലെ സാക്ഷികളെ കാണുകയും, പ്രസ്തുത കേസില്‍ കര്‍ണ്ണാടക പോലീസിന്റെ കള്ളക്കളികള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായി തീവ്രവാദ സ്വഭാവമുള്ള കേസുകളില്‍ പ്രതിചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായി അറിയുന്നു. തികച്ചും അപഹാസ്യവും പ്രതിക്ഷേധാര്‍ഹവും മാധ്യമ സ്വാതന്ത്ര്യത്തിന്‌ നേരേയുള്ള വെല്ലുവിളിയുമാണ്‌ ഈ സംഭവം എന്നതില്‍ തര്‍ക്കമില്ല അതുകൊണ്ട് തന്നെ ഷാഹിനക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള എ.ഇ.സി എന്ന ഗ്രൂപ്പ് നയിക്കുന്ന പ്രതിക്ഷേധ പരിപാടികള്‍ സ്വാഗതാര്‍ഹവുമാണ്‌

എന്നാല്‍ ഇപ്പോള്‍ ഷാഹിനയുടെ വിഷയത്തില്‍ ഉണ്ടായ ഈ ഉല്‍കണ്ഠകള്‍ നമുക്ക് മദനിയുടെ കാര്യത്തിലും ഇനിയെങ്കിലും ഉണ്ടാകണം. നമ്മളില്‍ പലരും കര്‍ണ്ണാടക പോലീസ് പറഞ്ഞ കഥകളുടെ ഒരു മാധ്യമ പരിപ്രേക്ഷയിലാണ്‌ മദനിക്കെതിരെ ഉള്ള ചാര്‍ജ്ജ് ഷീറ്റിനെ വിലയിരുത്തിയിട്ടുള്ളൂ. അതിന്റെ യുക്തി രാഹിത്യത്തെ ആ കാലഘട്ടത്തില്‍ തന്നെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിജു വി. നായര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മാധ്യമം പത്രമൊഴികെ മറ്റാരും ഈ വിഷയത്തില്‍ മദനിക്കൊപ്പം ഉണ്ടായിരുന്നില്ല. അന്നൊക്കെ എല്ലാ മാധ്യമങ്ങളും കര്‍ണ്ണാടക പോലീസിന്റെ നിലപാടുകള്‍ക്ക് ഒപ്പമോ അലെങ്കില്‍ മദനി നിരപരാധി ആണോ എന്ന് കോടതി പരിശോധിക്കട്ടേ എന്ന നിലപാടിലോ ആയിരുന്നു.എന്നാല്‍ ഇന്ന് ഷാഹിന കണ്ടെത്താന്‍ ശ്രമിച്ച സംഗതികളും അവയോട് കര്‍ണ്ണാടക പോലീസ് സ്വീകരിച്ച നിലപാടുകളും ഈ വിഷയത്തില്‍ വിജു വി നായര്‍ മുന്നോട്ട് വച്ച ആശങ്കകളോട് യോജിച്ച് പോകുന്നതാണോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും

ചെയ്യാത്ത കുറ്റത്തിന്‌ 9 വര്‍ഷത്തിലധികം തടവനുഭവിച്ച വികലാംഗനായ ആ മനുഷ്യനോട് അല്‍പ്പമെങ്കിലും സഹതാപം കാണിക്കാന്‍ മാധ്യമ ലോകത്തിന്‌ ഉത്തരവാദിത്തമുണ്ടായിരുന്നു. ലാവ്‌ലിന്‍ കേസില്‍ ഇന്നലത്തെ മഴക്ക് പൊട്ടിമുളച്ച ദീപക്ക് കുമാറിനെപ്പോലെ ഉള്ളവര്‍ പറയുന്ന പരസ്പര ബന്ധമില്ലാത്ത ആരോപണങ്ങള്‍ വ്യാഖ്യാനിക്കാന്‍ പോലും രണ്ട് റിപ്പോര്‍ട്ടര്‍മാരെ ഒരേ സമയം രംഗത്തിറക്കുന്ന ഏഷ്യാനെറ്റ് പോലെ ഉള്ള മാധ്യമങ്ങള്‍ ഉള്ള ഈ നാട്ടില്‍ മദനി നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ അതിന്‌ വേണ്ടി ഉണ്ടാക്കപ്പെട്ട കള്ളത്തെളിവുകള്‍ എന്നിവയെപ്പറ്റി ഷാഹിനയുടെ അനുഭവങ്ങളെ അന്വേഷണ വിധേയമാക്കുന്ന അവസരത്തിലെങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു


8 comments:

വിജി പിണറായി said...

"ലാവ്‌ലിന്‍ കേസില്‍ ഇന്നലത്തെ മഴക്ക് പൊട്ടിമുളച്ച ദീപക്ക് കുമാറിനെപ്പോലെ ഉള്ളവര്‍ പറയുന്ന പരസ്പര ബന്ധമില്ലാത്ത ആരോപണങ്ങള്‍ വ്യാഖ്യാനിക്കാന്‍ പോലും രണ്ട് റിപ്പോര്‍ട്ടര്‍മാരെ ഒരേ സമയം രംഗത്തിറക്കുന്ന ഏഷ്യാനെറ്റ് പോലെ ഉള്ള മാധ്യമങ്ങള്‍ ഉള്ള ഈ നാട്ടില്‍ മദനി നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ അതിന്‌ വേണ്ടി ഉണ്ടാക്കപ്പെട്ട കള്ളത്തെളിവുകള്‍ എന്നിവയെപ്പറ്റി ഷാഹിനയുടെ അനുഭവങ്ങളെ അന്വേഷണ വിധേയമാക്കുന്ന അവസരത്തിലെങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു"

എന്താ കിരണേ ഇങ്ങനെ വൃഥാ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നത് ? മജീദ്‌ ആയാലും ദീപക് കുമാരനായാലും വേറെ വല്ല കുമാരന്മാരും ആയാലും മറു ഭാഗത്ത് മഅദനി / പിണറായി വിജയന്‍ ഉണ്ടെങ്കില്‍ (വ്യാജ)മൊഴികള്‍, (കള്ള)തെളിവുകള്‍ ഇവയൊക്കെ മുന്‍ പിന്‍ നോക്കാതെ എടുത്തിട്ട് അലക്കി "ആഘോഷിക്കാന്‍" സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍മാരെ അയക്കുക എന്നതാണ് "നമ്മുടെ" 'മാധ്യമ ധര്‍മം' എന്ന് ഇനിയും പഠിച്ചില്ലേ? 'കത്തി' കണ്ടപാടെ അത് പണിത കൊല്ലന്റെ ആല പരതി 'എക്സ്ക്ലൂസീവ്' റിപ്പോര്ട്ടി 'ധര്‍മം' പാലിച്ചവര്‍ മജീദിനെ അന്വേഷിച്ചു ആശുപത്രിയില്‍ ചെല്ലുന്ന കാര്യം 'ധര്‍മ'ത്തില്‍ നിന്ന് 'എക്സ്‌ക്ലൂഡ്' ചെയ്തതിന്റെ 'ഗുട്ടന്‍സ്' അറിയാമെങ്കില്‍ ഇത് പോലുള്ള 'പ്രതീക്ഷകള്‍' വെച്ചു ഇരിക്കില്ലായിരുന്നു...

ജിവി/JiVi said...

കാര്‍ണ്ണിവല്‍ നടത്തിയപ്പോള്‍ കര്‍ണ്ണാടക പോലീസിനെ വാഴ്ത്തിയ മാദ്ധ്യമങ്ങളെ ഓര്‍ക്കുക.

ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍ വെടിവെയ്പ്പ് നടന്നപ്പോള്‍ ആദ്യം അങ്ങേരില്‍നിന്നും ചിദംബരത്തില്‍നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ ഓര്‍ക്കുക. ഒടുവില്‍ അയല്‍ക്കാരനായ കര്‍ഷകന്‍ പട്ടിയെ വെടിവെച്ചതാണെന്ന് കര്‍ണ്ണാടക പോലീസ് പറഞ്ഞപ്പോള്‍ അത് യാതൊരു സംശയവും കൂടാതെ എഴുതിവിട്ട മാദ്ധ്യമങ്ങളെ ഓര്‍ക്കുക

മുത്തൂറ്റ് പോളിനെ വധിച്ചത് എസ് കത്തി ഉപയോഗിച്ചാണെന്ന് കേരള പോലീസ് കണ്ടെത്തിയപ്പോള്‍ അത്തരം കത്തികളുപയോഗിക്കുന്നത് ആര്‍ എസ് എസ്സുകാരാണെന്ന് പിണറായി പറഞ്ഞപ്പോള്‍ ഊ.. അന്വേഷണാത്മകത്വം പ്രകടീപ്പിച്ച മാദ്ധ്യമങ്ങളെ ഓര്‍ക്കുക

kadathanadan:കടത്തനാടൻ said...

ഭരണ കൂടവ്യവസ്ഥ ജനാധിപത്യത്തിന്റെ പൊയ്മുഖ ത്തിനകത്തിരുന്ന് പലപ്പോഴും ഫ്യൂഡൽ തെമ്മാടിത്തത്തിന്റെ തനിസ്വരൂപം വെളിപ്പെടുത്താറുണ്ട്,അപ്പോഴൊക്കെ രാജനും വർഗ്ഗീസും ആസാദും ...അരുന്ധതിമാരും,ഷാഗിനമാരും ഉണ്ടായിക്കൊണ്ടിരിക്കുന്നു,,,,പ്രതിഷേധത്തിൽ പങ്ക് ചേരുന്നു.

അനില്‍@ബ്ലോഗ് // anil said...

മാരീചന്റെ പോസ്റ്റിലിട്ട കമന്റ് ഇവിടേയും പേസ്റ്റുന്നു:

ഭരണകൂട ഭീകരതക്ക് ഉത്തമ ഉദാഹരണമാകുന്ന ചില സംഭവങ്ങളൂടെ സീരീസായി ഇതിനെ കാണുക തന്നെ വേണം . ഒരേ വിഷയം കൈകാര്യം ചെയ്ത രണ്ട് പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രം എപ്രകാരം തീവ്രവാവിയെന്ന വിളി കേട്ടു എന്നും പൊതു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു തിരിച്ചറിവ് ഇന്ന് നമ്മുടെ സമൂഹത്തിനു നഷ്ടമായിരിക്കുന്ന കാലമാണിത് . മദനിക്കെതിരെ പടച്ചു കൂട്ടുന്ന കള്ള തെളിവുകളെ തിരസ്കരിച്ച് സത്യത്തിനു വേണ്ടീ നിലകൊള്ളാന്‍ നമ്മുടെ കോടതികളെന്ന് തയ്യാറാവുമോ‌ എന്തോ.

പ്രതിഷേധത്തില്‍ ഞാനും അണിചേരുന്നു.

മുക്കുവന്‍ said...

ചെയ്യാത്ത കുറ്റത്തിനു ശിക്ഷിച്ചോ എന്നറിയില്ല... പക്ഷേ, കുറ്റം ചെയ്താലും കൈയില്‍ കു. ഉണ്ടേല്‍ പുല്ലുപോലെ കേസ് ഊരിപ്പോകും!... ഇനി കൈയില്‍ കു ഇല്ലേലോ, ജീവിതം കട്ടപ്പൊക.. ഒരു ഒറ്റപ്പൈസ വഴിയില്‍ നിന്നിടുത്താല്‍ പോലും ആജീവനാന്തകാലം ഗോതമ്പുണ്ട കഴിക്കാവുന്ന വിതത്തിലാക്കാന്‍ ഭരണ വര്‍ഗത്തിനു കഴിയും!

ബായന്‍ said...

പ്രതിഷേധത്തില്‍ പങ്കുചേരുന്നു. ഭീഷണമായ ഭരണഗൂഡഭീകരത എങ്ങിനെ ഇല്ലാതാക്കും. മദനിയുടെ നേരെ പ്രയോഗിക്കപ്പെടുന്ന നിഷേധങ്ങള്‍ നാളെ ഏതൊരു ഇന്ത്യക്കാരന്റെ മേലും ആയേക്കാം.

ബായന്‍ said...
This comment has been removed by the author.
Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഷാഹിനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പറഞ്ഞ മഹാന് തെറ്റി.. പേരില്‍ ആണ് എല്ലാം ഉള്ളത്. സെകുലര്‍ ആയി ചിന്തിക്കുന്ന എല്ലാര്‍ക്കും അവരുടെ പേര് ഒരു ശാപം തന്നെ ആകും എന്ന് തീര്‍ച്ച...


വിജു.വി.നായര്‍ക്ക്‌ എതിരെ ഒരു പെറ്റികേസ് പോലും ചാര്‍ജ്‌ ചെയ്യാത്ത പോലീസ്‌ (കേസെടുക്കണം എന്നല്ല) ഷാഹിനയെ തീവ്രവാദിനി ആക്കിയത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.? വിജു എഴുതുന്നപോലെ ഒന്നും ഷാഹിന എഴുതിയിട്ടില്ല..