മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ കെ.എം മാത്യുവിനെപ്പറ്റിയുള്ള അനുസ്മരണക്കുറിപ്പില്‍ (
ഞങ്ങള്‍ പഠിച്ച പാഠപുസ്തകം) പത്രത്തിന്റെ എഡിറ്റര്‍ തോമസ് ജേക്കബ് ഇങ്ങനെ എഴുതി
സംസാരത്തിലും പെരുമാറ്റത്തിലും വിനയം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കൈമുതലാക്കിയ മാത്യുവിന്റെ വശ്യമായ ചിരിപോലെ അക്ഷോഭ്യവും സൌമ്യവുമായിരുന്നു നിലപാടുകളും. ആരെയെങ്കിലും എതിര്‍ക്കേണ്ടിവന്നാല്‍, ആരോടെങ്കിലും വേര്‍പിരിയേണ്ടി വന്നാല്‍ അയാളെ വേട്ടയാടി നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നു വിശ്വസിച്ച മാത്യു ഞങ്ങളോട് എപ്പോഴും പറഞ്ഞു: ''നമ്മുടെ കയ്യിലുള്ള ആയുധം ഉപയോഗിച്ചു മറ്റുള്ളവരെ തേജോവധം ചെയ്യുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യരുത്. അതിനു ശ്രമിവച്ചാല് അസാനം നശിക്കുന്നത് അയാളാവില്ല, നമ്മളായിരിക്കും.
ഇതെഴുതുന്നതിന്റെ തലേദിവസം മനോരമ പത്രത്തില്‍ സി.ബി.ഐ ലാവ്ലിന് കേസിലെ ദിലീപ് രാഹുലന്റെ മൊഴി അടിസ്ഥാനമാക്കി പല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. അതിലെ മുഖ്യവാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.
ലാവ്ലിന് കോഴപ്പണം കൈമാറിയ കണ്സള്റ്റന്സിക്ക് കരാര്‍ നല്‍കിയത് പിണറായിയുടെ അറിവോടെ : സി.ബി.ഐ
എന്നാല്‍ അതേ പത്രത്തില്‍ മറ്റൊരു വാര്‍ത്തയില്‍ ഇങ്ങനെയും എഴുതി
വൈദ്യുതി മന്ത്രി എന്നര്‍ഥം വരുന്ന 'വസീര്‍ തോക്കത്ത് എന്ന അറബി വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചട്ടുള്ളത്. എന്നാല്‍ അറബിയിലുള്ള റിപ്പോര്‍ട്ട് സിബിഐ ഇംഗീഷിലേക്കു തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് 'ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് 'ഊര്‍ജ മന്ത്രി യെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്. സിബിഐ ചെന്നൈ യൂണിറ്റിലെ ഡപ്യൂട്ടി സൂപ്രണ്ട് വി. അശോക് കുമാറാണു പ്രത്യേക കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് നവംബര്‍ 10 നു പരിഗണിക്കും.
അപ്പോള്‍ വാര്‍ത്തയില്‍ തന്നെ അതിനുള്ള ആശയക്കുഴപ്പം ഉണ്ട്. എന്നാല്‍ ഒന്നാം പെജിലെ തലക്കെട്ടിലൂടെ മനോരമ പറയാന്‍ ശ്രമിച്ചത് എന്താണ്? ടെക്നിക്കാലിയ എന്നത് കോഴപ്പണം കടത്താനുള്ള സ്ഥാപനമായിരുന്നു. ഇത് പിണറായിക്ക് അറിയാമായിരുന്നു. അപ്പോള്‍ ടെക്നിക്കാലിയ ലാവ്ലിന് കേസിലെ ഗ്രാന്റ് വെട്ടിക്കാന്‍ കൂട്ട് നിന്ന ഒരു സ്ഥാപനമാണ്. ഇത് സിബിഐക്ക് നേരത്തെ അറിയാം. ടെക്നിക്കാലിയായെ പണി ഏല്‍പ്പിച്ചത് ഉദ്യോഗസ്ഥന്മാരാണ് എന്നാണ് പിണറായി സി.ബി.ഐയോട് പറഞ്ഞിരിക്കുന്നത്. ഇത് കളവാണ്
പക്ഷെ അത്ഭുതകരമായ ഒരു സംഭവം സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ടെക്നിക്കാലിയ എന്ന സ്ഥാപനമോ അതിന്റെ പ്രതിനിധികളോ ആരും പ്രതിയായില്ല. മാത്രവുമല്ല പിണറായി വിജയന്റെ കാലത്തും ശര്‍മ്മയുടെ കാലത്തും എന്തിന് കടവൂര്‍ ശിവദാസന്റെ കാലത്തും ടെക്നിക്കാലിയ വഴി ലാവ്ലിന് ക്യാന്‍സര്‍ സെന്ററിന്റെ പണികള്‍ നടത്തിയിട്ടുണ്ട്. ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ കോഴപ്പണം കടത്തനുള്ള കണ്സല്റ്റസിയാണ് എന്ന് മനോരമ യാതോരു തെളിവുമില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോഴപ്പണം കടത്താനുള്ള കമ്പനിയെ തിരഞ്ഞെടുത്തതിനെപ്പറ്റി അറിവുള്ള പിണറായി വിജയന് ഉറപ്പായും കോഴപ്പണം പറ്റിയിട്ടുണ്ടാകാം എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക്കുകയും ചെയ്യുന്നു.പിണറായി വിജയന് പണം പറ്റിയതിന് തെളിവുകളില്ല എന്ന് കഴിഞ്ഞ തവണത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പിണറായി വിജയനും കൂട്ടരും നന്നായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ആ മൈലേജ് തകര്‍ത്ത് വീണ്ടും സംശത്തിന്റെ മുള്‍മുന വീണ്ടും നിലനിര്‍ത്താനും പറ്റിയ പുതിയ ഒരു സംഞ്ജ മനോരമ സൃഷിട്ടിച്ചു. അതാണ് ലാവ്ലിന് ഇടപാടില്‍ കോഴപ്പണം കൈമാറിയ കണ്‍സള്‍റ്റന്‍സി
ഈ വാര്‍ത്തയെപ്പറ്റിയുള്ള പിണറായി വിജയന്റെ പ്രതികരണം മനോരമ ഇന്നലെ പ്രസിദ്ധീകരിച്ചത് ഇങ്ങനെ
ആലുവ: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ലാവ്ലിന് ഇടപാടില്‍ കോഴപ്പണം കൈമാറിയ കണ്‍സള്‍റ്റന്‍സിക്കു കരാര്‍ നല്കിയതു സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എത്രപെട്ടെന്നാണ് ടെക്നിക്കാലിയ കോഴപ്പണം കൈമാറിയ കമ്പനിയായി രൂപപ്പെട്ടത്? അപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പണികഴിപ്പിച്ച തുക കോഴപ്പണമാണ് എന്നാണ് മനോരമ പ്രഖ്യാപിക്കുന്നത്.ഇത് ആദ്യമല്ല മനോരമ ലാവ്ലിന് കേസില്‍ നുണ പ്രസിദ്ധീകരിക്കുന്നത്.
വരദാചാരിയുടെ തല പരിശോധിക്കണമെന്ന് ലാവ്ലിന് ഫയലില്‍ പിണറായി വിജയന് എഴുതി എന്ന നുണക്കഥ സൃഷ്ടിച്ചതും ഇതേ മനോരമയാണ്.ഇതുപോലെ മറ്റൊരു നുണയും മനോരമ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട വേളയില്‍ ഇറക്കിയിരുന്നു.ലാവ്ലിന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കാലത്ത് ക്രിത്യമായി പറഞ്ഞാല്‍ ജൂണ്‍ 10 2009 ഇല് മനോരമ ഇങ്ങനെ ഒരു വാര്‍ത്ത എഴുതി
സിംഗപ്പൂര്‍ ഗൂഢാലോചനയില്‍ പിണറായി പങ്കെടുത്തെന്ന്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപ നഷ്ടപ്പെടുത്തിയ ലാവ്ലിന് ഇടപാടിനു മുന്നോടിയായി സിംഗപ്പൂരില്‍ നടന്ന ഗൂഢാലോചനയിലും അന്നു സംസ്ഥാന മന്ത്രിയായിരുന്ന പിണറായി വിജയന് പങ്കെടുത്തതിന്റെ തെളിവുകള്‍ സിബിഐ ശേഖരിച്ചതായി അറിയുന്നു. പാര്‍ട്ടിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഇ.ബാലാനന്ദന് റിപ്പോര്‍ട്ടില്‍ 159 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ചൂണ്ടിക്കാട്ടിയ ലാവ്ലിന് ഇടപാടിന്റെ യഥാര്‍ഥ ഗൂഢാലോചന നടന്നതു സിംഗപ്പൂരിലാണെന്നാണു സിബിഐയുടെ നിഗമനം. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ മറ്റു സിപിഎം നേതാക്കളോ അന്നു പിണറായി വിജയനോടൊപ്പം സിംഗപ്പൂരില്‍ എത്തിയിരുന്നില്ല. സംസ്ഥാന മന്ത്രിയായിരിക്കെ 1996 അവസാനം പിണറായി വിജയന് നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ ചെലവു വഹിച്ചത് ആരാണെന്നു കണ്ടെത്താന്‍ സിബിഐ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരോ, പാര്‍ട്ടിയോ അല്ല ഈ യാത്രയുടെ ചെലവു വഹിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. സിബിഐയുടെ ചോദ്യം ചെയ്യലില്‍ സിംഗപ്പൂര്‍ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മൊഴികളാണു പിണറായി വിജയന് നല്‍കിയത്. സിംഗപ്പൂരില്‍ പിണറായിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തത് ആരെല്ലാമാണെന്ന നിര്‍ണായക വിവരം വിചാരണയ്ക്കിടയില്‍ പുറത്തുവരുമെന്നാണു സിബിഐയുടെ പ്രതീക്ഷ. മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 98 കോടി രൂപയില്‍ എസ്എന്‍സി ലാവ്ലിന് നല്കിയ 12 കോടി രൂപ കാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടില്‍ എത്തിയിട്ടില്ല. ഈ തുക കൈമാറാന്‍ കാന്‍സര്‍ സെന്റര്‍ തുറന്ന അക്കൌണ്ടില്‍ 300 രൂപമാത്രമാണു നിക്ഷേപിക്കപ്പെട്ടത്. ലാവ്ലിന് കമ്പനി നല്കിയ 12 കോടി രൂപയ്ക്ക് എന്താണു സംഭവിച്ചതെന്ന സിബിഐയുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്കാന് പിണറായി വിജയനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരേന്ത്യയിലെ ബാങ്കിലേക്ക് ഈ തുകമാറ്റിയതായി സൂചനയുണ്ട്. ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടി ഈ തുക വിനിയോഗിച്ചുവെന്ന കാതലായ ചോദ്യം കേസിന്റെ വിചാരണയില്‍ ഉയരും. 1997 ഫെബ്രുവരി 10 നു കാനഡയില്‍ പിണറായി വിജയന് ലാവ്ലിന് കമ്പനിയുമായി കരാറില്‍ ഒപ്പിടുമ്പോള്‍ സിപിഎമ്മിലെ സമുന്നതനായ ഒരു നേതാവിന്റെ മക്കള്‍ കാനഡയിലുണ്ടായിരുന്നതായും സിബിഐക്കു സൂചന കിട്ടിയിട്ടുണ്ട്.
വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടാം എന്നാല്‍ ക്രിത്യമായി പ്ലാന്‍ ചെയ്ത് നുണ ഉല്‍പ്പാദിപ്പിക്കാന്‍ മനോരമയുടെ വൈഭവം ലാവ്ലിന് കേസില്‍ ദിനംപ്രതി പുറത്തുവരുന്നു. വീണ്ടും തോമസ് ജേക്കബിന്റെ ലേഖനത്തിലേക്ക് വന്നാല്‍.
മനോരമയുടെ മുഖപ്രസംഗങ്ങള്‍ പലപ്പോഴും മൃദുവും സൌമ്യവുമായി മാറിയത് പത്രാധിപരുടെ ഈ കടുത്ത സംയമനം മൂലമായിരുന്നു.വിദേശത്തു പോലും ബ്രാഞ്ചുകളുണ്ടായിരുന്ന ട്രാവന്‍കൂര്‍ നാഷനല്‍ ക്വയിലോണ്‍ ബാങ്ക് തകര്‍ത്ത്, മനോരമ പൂട്ടി മുദ്രവയ്ക്കുകയും പത്രാധിപര്‍ മാമ്മന്‍ മാപ്പിളയെ തടവിലിടുകയും ചെയ്ത ദിവാന് സി. പി. രാമസ്വാമി അയ്യര്‍ 1966 ല്‍ നിര്യാതനായപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും നല്ല മുഖപ്രസംഗം മനോരമയുടേതായിരുന്നുവെന്നത് മാത്യുവിന്റെ ഈ നിലപാടിന് അടിവരയിടുന്നു. അതിനു മാത്യുവിനു പ്രചോദനമായത് അന്നു മനോരമയുടെ മുഖ്യപത്രാധിപരായിരുന്ന കെ.എം.ചെറിയാന്റെ നല്ല മനസ്സും. തങ്ങളുടെ കുടുംബത്തെ പകയോടെ മണ്ണോടുചേര്‍ത്തു കഷ്ടങ്ങളിലേക്കമര്‍ത്തിയ സിപിയോടു കുലീനമായ ആദരം പ്രകടിപ്പിച്ചു മധുരപ്രതികാരം തീര്‍ത്തതുപോലെ...
ഇത് തോമസ് ജേക്കബിനെപ്പോലെ മാത്യു പിണറായി വിജയനോടും പറഞ്ഞിട്ടുണ്ടാകണം അല്ലെങ്കില്‍ സമാനമായ രീതിയില്‍ മാത്യു മരിച്ച് കിടക്കുമ്പോള്‍ പിണറായി വിജയന് ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍
ഇങ്ങനെ ഒന്ന് എഴുതുമായിരുന്നില്ല.