Monday, February 28, 2011

വീണ്ടും നീലകണ്ഠന്‍ വരുമ്പോള്‍

സി.പിഎമിലെ വിഭാഗീയതയും ആശയസമരവും(?) ഒക്കെ കത്തി നില്‍ക്കുന്ന സമയത്തെ ചാനല്‍ സൂപ്പര്‍സ്റ്റാറായിരുന്നു സി.ആര്‍ നീലകണ്ഠന്‍. ചാനലില്‍ മാത്രമല്ല പത്രങ്ങളിലും വാരികകളിലും അദ്ദേഹം സൂപ്പാര്‍സ്റ്റാര്‍ തന്നെ ആയിരുന്നു. എന്നാല്‍ കുറച്ചുകാലമായി സി.ആര്‍ നീലകണ്ഠനെ സമരരംഗത്തൊന്നും കാണാനുണ്ടായില്ല. പ്രത്യേകിച്ച് ഇടക്കൊച്ചി സ്റ്റേഡിയവുമായി ബന്ധപ്പെട്ട് വലിയൊരു പരിസ്ഥിതി തര്‍ക്കം രൂപപ്പെടുകയും രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും കുത്തക പത്രവും ഇടക്കൊച്ചി നിവാസികള്‍ ഒന്നടങ്കവും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെതിരെ കൈകോര്‍ത്തപ്പോള്‍ അവിടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ബ്രാന്റ് നെയിം പേറുന്ന സി.ആര്‍ നീലകണ്ടന്റെ അസാനിധ്യം പ്രത്യേകം ശ്രദ്ധേയമായി. കേരളത്തിലെവിടെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എന്ത് വിവാദമുണ്ടായാലും സി.ആര്‍ അവിടെ ഓടി എത്തുമായിരുന്നു. സി.ആര്‍ വന്നാല്‍ സമരം മുഴുവന്‍ ഹൈജാക്ക് ചെയ്യപ്പെടുകയും സി.ആറിന്റെ സമരമായി അത് മാറുകയും ചെയ്യുക എന്നത് ഒരു പ്രത്യേകത ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മൂക്കിന്‌ താഴേ ഇടക്കൊച്ചിയില്‍ ഇത്തരത്തിലുള്ള ഒരു പരിസ്ഥിതി പ്രശ്നമുണ്ടാകുകയും അറിയപ്പെടാത്ത ചിലര്‍ ( തദ്ദേശിയരുടെ വാക്കുകള്‍ കടമെടുത്താല്‍ പുറത്തു നിന്നുള്ള ചിലര്‍) കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ജയറാം രമേശ് അത് തടയുകയും ചെയ്തപ്പോള്‍ സി.ആര്‍ നീലകണ്ഠന്റെ അസാനിധ്യം അവിടെ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒപ്പം ബി.ആര്‍.പി ഭാസ്ക്കര്‍, ജോണ്‍ പെരുവന്താനം ശിവന്‍ മഠത്തില്‍ അങ്ങനെ പലരുടെയും അസാനിധ്യം കൊണ്ട് ഇടക്കൊച്ചി സമരം ശ്രദ്ധേയമായി. ജയറാം രമേശിന്റെ കടും പിടുത്തം കൊണ്ട് സ്റ്റേഡിയം യഥാര്‍ത്ഥ്യമായില്ല എന്ന് മാത്രമല്ല പരാതി നല്‍കിയ അറിയപ്പെടാത്ത ആ പരിസ്ഥിതി സ്നേഹികളെപ്പറ്റി പിന്നീട് ആരും അറിഞ്ഞുമില്ല

ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുക്കാനായതോടെ നീലകണ്ഠന്‍ വീണ്ടും സജീവമാകുന്നു. അദ്ദേഹത്തിന്റെ മംഗളം പത്രത്തിലെ കോളത്തില്‍ ഇത്തവണ അബ്ദുള്ളക്കുട്ടിയാണ്‌ വിഷയം.അബ്‌ദുള്ളക്കുട്ടിയെ സി.പി.എമ്മില്‍ തിരിച്ചെടുക്കാം എന്ന ടൈറ്റിലില്‍ ഫെബ്രുവരി 26 ന്‌ മംഗളം പത്രത്തില്‍ എഴുതിയ ലേഖനം വായിക്കുക

അബ്‌ദുള്ളക്കുട്ടിയെ സി.പി.എമ്മില്‍ തിരിച്ചെടുക്കാം
കെ. മുരളീധരന്‍ കോണ്‍ഗ്രസിലേക്കു തിരിച്ചുവന്ന സാഹചര്യത്തില്‍ മുന്‍ സി.പി.എം. എം.പിയും ഇപ്പോഴത്തെ കോണ്‍ഗ്രസ്‌ എം.എല്‍.എയുമായ എ.പി. അബ്‌ദുള്ളക്കുട്ടിയെ സി.പി.എമ്മില്‍ തിരിച്ചെടുക്കണമെന്നഭിപ്രായപ്പെടുകയാണ്‌. ഇതിനുവേണ്ട യുക്‌തികള്‍ നിരവധിയാണ്‌.

കേരളത്തില്‍ സങ്കുചിത കക്ഷിരാഷ്‌ട്രീയത്തിനപ്പുറത്തുനിന്നുകൊണ്ടു ജനകീയ വിഷയങ്ങളില്‍ ശരിയായ രാഷ്‌ട്രീയ നിലപാടുയര്‍ത്തിപ്പിടിക്കുന്ന നേതാവായ വി.എം. സുധീരനെതിരേ അബ്‌ദുള്ളക്കുട്ടി നടത്തിയ പ്രകടനങ്ങള്‍ മാത്രമല്ല ഇതിനു കാരണമാകുന്നത്‌. തീര്‍ച്ചയായും ഇതു സി.പി.എമ്മിനു സ്വീകാര്യമായ നടപടിയാണ്‌. കാരണം, ആദര്‍ശാത്മക രാഷ്‌ട്രീയം സി.പി.എമ്മിനു ഹറാമാണ്‌. അതിന്റെ പാര്‍ട്ടിക്കകത്തെ ഇരയാണല്ലോ മുഖ്യമന്ത്രി. കുറച്ചുനാള്‍ മുമ്പ്‌ ഏറെ വിവാദമുണ്ടാക്കിയ മറ്റൊരു പരാമര്‍ശം അബ്‌ദുള്ളക്കുട്ടി നടത്തിയിരുന്നു.

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വികസന മാതൃകയെ പിന്താങ്ങുന്ന ഒരു പ്രസ്‌താവനയായിരുന്നു അത്‌. അല്‍പം വൈകിയാണെങ്കിലും സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും അതംഗീകരിക്കേണ്ടി വന്നു. പിന്നീട്‌ രാഷ്‌ട്രീയക്കാരുടെ പതിവു തിരുത്തലുകള്‍ നല്‍കിയെങ്കിലും കാര്യം ജനങ്ങള്‍ക്കെല്ലാം ബോധ്യമായി. എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന ഫാസിസ്‌റ്റ്‌ നയങ്ങളില്‍ മാത്രമല്ല, സാമ്പത്തിക വികസന നയങ്ങളിലും തങ്ങള്‍ നരേന്ദ്രമോഡിക്കൊപ്പമാണെന്നു സി.പി.എം. പലവട്ടം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്‌.

പശ്‌ചിമബംഗാളില്‍ നാനോ കാര്‍ കമ്പനി സിംഗൂരില്‍ കൊണ്ടുവരാന്‍ കഴിയാത്തതില്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ ദുഃഖിക്കുന്നു, അതു കിട്ടിയതില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ആഹ്‌ളാദിക്കുന്നു. ഇവര്‍ തമ്മിലെന്തു വ്യത്യാസമുണ്ട്‌? കേരളത്തില്‍ കിനാലൂരും മറ്റും നടത്തിയ വികസനശ്രമങ്ങള്‍, നന്ദിഗ്രാമിന്റേയും സിംഗൂരിന്റേയും ചെറിയ പതിപ്പുകളായിരുന്നില്ലേ? സി.പി.എമ്മിലേതന്നെ മന്ത്രിമാരായ എളമരം കരീമും എം. വിജയകുമാറും നരേന്ദ്രമോഡിയെന്ന മാതൃകയെ പരസ്യമായി പ്രശംസിച്ചതല്ലേ? അതുകൊണ്ടുതന്നെ മോഡിയെ പ്രശംസിച്ചതിന്‌ അബ്‌ദുള്ളക്കുട്ടി കുറ്റക്കാരനാണെന്നു സി.പി.എമ്മുകാര്‍ പറയില്ല. തനിക്കു ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നതു കേട്ടിരിക്കാനുള്ള സഹനശക്‌തിയില്ലെന്നു സ്‌ഥാപിച്ചതിലൂടെയും അബ്‌ദുള്ളക്കുട്ടി സി.പി.എമ്മിനു സ്വീകാര്യനാകുന്നു.

കോണ്‍ഗ്രസില്‍ ഇതല്ലല്ലോ സ്‌ഥിതി. അബ്‌ദുള്ളക്കുട്ടിയുടെ നിലപാടുകള്‍ സി.പി.എം. വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴുണ്ടായതൊന്നുമല്ലായെന്നര്‍ഥം. ഇതേ അബ്‌ദുള്ളക്കുട്ടിയെയാണല്ലോ രണ്ടുവട്ടം സി.പി.എം. എം.പിയാക്കിയത്‌. ആകെ അബ്‌ദുള്ളക്കുട്ടി ഇനി ചെയ്യേണ്ടതു പിണറായി വിജയനെയും കൂട്ടരെയും പിന്താങ്ങാമെന്നു സമ്മതിക്കുക മാത്രമാണ്‌.

ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്ന ദേശീയപാതകളുടെ സ്വകാര്യവല്‍ക്കരണ(ബി.ഒ.ടി) വിഷയംതന്നെയെടുക്കാം. വിവിധ കക്ഷികളും നേതാക്കളും ഇതിലെടുത്ത നിലപാടുകളെന്താണ്‌? ആഗോളീകരണ ഉദാരീകരണ നയങ്ങളുടെ ഭാഗമാണ്‌ ഈ ബി.ഒ.ടികരണവും. ഈ നയങ്ങളെ ശക്‌തമായി പിന്തുണയ്‌ക്കുന്നവരാണു (തുറന്നു പറയുന്നവരാണ്‌) കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും വലിയൊരു വിഭാഗം നേതാക്കള്‍. അതു തുറന്ന അജന്‍ഡയാണ്‌. എന്നാല്‍, ഇതേ പാര്‍ട്ടികളിലും മുന്നണികളിലുംപെട്ട നിരവധി നേതാക്കള്‍ക്ക്‌ ഇതിനെതിരായ നിലപാടുകളുണ്ട്‌. അതും രഹസ്യമല്ല. ജനതാദള്‍ നേതാവ്‌ എം.പി. വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ കക്ഷിയും ഇത്തരം നിരവധി വിഷയങ്ങളില്‍ ശക്‌തമായി എതിര്‍പ്പു പ്രകടിപ്പിക്കുന്നവരാണ്‌. എം.പി. വീരേന്ദ്രകുമാര്‍ ഒരു സര്‍വകക്ഷിയോഗത്തിനയച്ച കത്തു വായിക്കാന്‍ പോലും പലരും സമ്മതിച്ചില്ലെന്നതും രഹസ്യമല്ല. ഇതേ അവസ്‌ഥ പിന്നീടു വി.എം. സുധീരന്റെ കത്തിനുമുണ്ടായി. ജെ.എസ്‌.എസ്‌, ആര്‍.എസ്‌.പി(ബി) തുടങ്ങിയ ചെറിയ കക്ഷികള്‍ക്കും മുസ്ലിംലീഗിലെ കുട്ടി അഹമ്മദ്‌കുട്ടിയെ പോലുള്ള നേതാക്കള്‍ക്കും വി.എം. സുധീരന്റെ അഭിപ്രായമാണുള്ളതെന്നു തുറന്നുപറഞ്ഞിട്ടുണ്ട്‌. ഇതൊക്കെയാണെങ്കിലും മറുപക്ഷത്തുനിന്നുള്ളവരുടെ ശക്‌തി മൂലം ഇവരുടെ നിലപാടുകള്‍ക്കു മുന്നണി യോഗത്തില്‍ അംഗീകാരം കിട്ടുന്നില്ലെന്നു മാത്രം.

എന്നാലും വ്യത്യസ്‌തമായ ഈ നിലപാടെടുക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കോണ്‍ഗ്രസോ യു.ഡി.എഫോ അടിച്ചമര്‍ത്തുന്നില്ല. മുന്നണിക്കകത്തു വേണ്ടത്ര ഫലപ്രദമാകുന്നില്ലെങ്കിലും പൊതുസമൂഹത്തില്‍ ഇവരുന്നയിക്കുന്ന നിലപാടുകള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവയ്‌ക്കുന്നുണ്ട്‌. ദേശീയപാത സംരക്ഷണത്തിനായി കക്ഷിഭേദമന്യേ സംഘടിച്ചു സമരം നടത്തുന്നവര്‍ക്കു സുധീരന്റേയും മറ്റും നിലപാടുകള്‍ വലിയൊരു ധാര്‍മിക പിന്തുണയാകുന്നുണ്ട്‌. ഒട്ടനവധി വസ്‌തുതകള്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരാനും അതുവഴി അവരുടെ നിലപാടില്‍ മാറ്റം വരുത്താനും ഇവരുടെ നിലപാടുകള്‍ സഹായകമായിയെന്നതു ചെറിയ കാര്യമല്ല. സര്‍വകക്ഷി സമവായമെന്ന തട്ടിപ്പ്‌ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടും പദ്ധതി മുന്നോട്ടു പോകാനാകാത്തതു ബഹുജന സമ്മര്‍ദം മൂലമാണ്‌.

വികസന കോണ്‍ഗ്രസില്‍ വി.എം. സുധീരന്‍ ഉന്നയിച്ച മര്‍മപ്രധാനമായ വിഷയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. നിര്‍മാണച്ചെലവു പെരുപ്പിച്ചു കാണിച്ചു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 40 ശതമാനം സബ്‌സിഡി തുകകൊണ്ടു മാത്രം പാത നിര്‍മിക്കാന്‍ കുത്തകക്കമ്പനിക്കു കഴിയുന്നു. റോഡ്‌ നിര്‍മിക്കാനാവശ്യമായതിനേക്കാള്‍ കൂടുതല്‍ പണം ബി.ഒ.ടി. കമ്പനിക്കു വ്യാപാരം നടത്താന്‍ അധികഭൂമി (15 മീറ്റര്‍) ഏറ്റെടുക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ മുടക്കേണ്ടി വരുന്നു. ഈ ഭൂമിക്കച്ചവടത്തിലെ വരുമാനത്തിനു പുറമേ 30 വര്‍ഷം ഈ പാതയില്‍നിന്ന്‌ ഒരുലക്ഷത്തിലധികം കോടി രൂപ ടോള്‍ പിരിക്കാനും കമ്പനിക്കു കഴിയുന്നു. ഇതുകൊണ്ടെല്ലാംതന്നെ ഇത്‌ 2 ജി സ്‌പെക്‌ട്രം അഴിമതിയേക്കാള്‍ വലുതാണ്‌ എന്നാണു സുധീരന്‍ പറഞ്ഞത്‌. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്‌തമായ കേരളത്തില്‍ ഇതിന്റെ ദുരന്തം നേരിടുക കുടിയൊഴിക്കപ്പെടുന്നവര്‍ മാത്രമല്ല, മുഴുവന്‍ കേരളീയരുമാണ്‌. ഈ കൊള്ള വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്‌, ലോകം മുഴുവന്‍ അഴിമതി പ്രധാന രാഷ്‌ട്രീയ വിഷയമായ ഒരു കാലഘട്ടത്തിലാണെന്നും ശ്രദ്ധേയമാണ്‌.

സുധീരനെതിരേ അബ്‌ദുള്ളക്കുട്ടി നടത്തിയ വികാരപ്രകടനം കേവലം ഒരു പുത്തന്‍കുറ്റ്‌ കോണ്‍ഗ്രസുകാരന്റെ (പുത്തനച്ചി പുരപ്പുറം തൂക്കുന്ന) ആവേശം മാത്രമല്ല. മറിച്ച്‌ താനിപ്പോഴും ഉറച്ച സി.പി.എമ്മുകാരനാണെന്നാണ്‌ അദ്ദേഹം വ്യക്‌തമാക്കിയത്‌. ബി.ഒ.ടി. അടക്കമുള്ള ഉദാരീകരണ വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടു തന്നെയല്ലേ അബ്‌ദുള്ളക്കുട്ടി പറഞ്ഞത്‌? ആഗോളീകരണത്തിനെതിരായി സി.പി.എം. നടത്തുന്ന വായ്‌ത്താരികളുടെ കാപട്യം അവര്‍ ഭരണം നടത്തുന്ന സംസ്‌ഥാനങ്ങളുടെ അനുഭവങ്ങള്‍ പുറത്തു കൊണ്ടുവരുന്നില്ലേ? ബി.ഒ.ടി. വിഷയത്തില്‍ പിണറായിയും സംഘവും (അവരല്ലേ പാര്‍ട്ടി!) അബ്‌ദുള്ളക്കുട്ടിക്കൊപ്പമാണ്‌. പതിവുപോലെ വി.എസ്‌. അച്യുതാനന്ദന്‍ ഒരു വിമതനായി നില്‍ക്കുന്നുവെന്നതു പ്രശ്‌നമല്ല. സി.പി.എമ്മിന്റെ പിണറായി വിഭാഗത്തിന്റെ നിലപാടിതാണെന്നറിയാമായതിനാല്‍ മുന്നണിയിലെ അനുജന്മാരൊന്നും ഒരക്ഷരം എതിരായി പറയില്ല. നിലപാടല്ല, അധികാരമാണു പ്രധാനം. അതുകൊണ്ടു ബി.ഒ.ടി. തെറ്റാണെന്ന്‌ ഒരൊറ്റ എല്‍.ഡി.എഫുകാരനും മിണ്ടില്ല.

സി.പി.എമ്മിന്റെ സാമ്പത്തികാചാര്യനായ ധനമന്ത്രി തോമസ്‌ ഐസക്‌ എ.ഡി.ബി. വായ്‌പ മുതല്‍ എക്‌സ്‌പ്രസ്‌ ഹൈവേ വരെയുള്ള എല്ലാ വികസനപദ്ധതികളുടെയും ശക്‌തനായ വക്‌താവാണ്‌. ഈ വിവാദമുയര്‍ന്നപ്പോള്‍ ധനമന്ത്രിയുടേതായി പത്രങ്ങളില്‍ കണ്ട അഭിപ്രായപ്രകടനം ഒരു നല്ല ഫലിതമാണ്‌.

ബി.ഒ.ടിക്കെതിരേ സുധീരന്‍ പറയേണ്ടതു കേന്ദ്രസര്‍ക്കാരിലാണെന്ന പ്രസ്‌താവനയാണത്‌. ആണവക്കരാര്‍, ആസിയാന്‍ കരാര്‍ തുടങ്ങി ട്രെയിനില്‍നിന്നു പെണ്‍കുട്ടിക്കു ദുരന്തം നേരിട്ടതിലടക്കം ഒട്ടനവധി വിഷയങ്ങളില്‍ കേന്ദ്രവിരുദ്ധ സമരതരംഗങ്ങള്‍ നടത്തിയ (അവയെല്ലാം കേവലം അനുഷ്‌ഠാനമാണെന്നാര്‍ക്കുമറിയാം എങ്കിലും) സി.പി.എമ്മോ ഡി.വൈ.എഫ്‌.ഐയോ ഒരു പ്രാവശ്യമെങ്കിലും കേന്ദ്രത്തിന്റെ ഈ ബി.ഒ.ടി. നയത്തിനെതിരേ പ്രതികരിക്കാതിരുന്നതെന്തുകൊണ്ട്‌? എ.ഡി.ബി. വായ്‌പയെടുക്കാനും കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റേഷനുകളടക്കമുള്ളവ ബി.ഒ.ടിക്കു വില്‍ക്കാനും ഈ സര്‍ക്കാര്‍ തീരുമാനിച്ചില്ലേ? ദേശീയപാതകള്‍ മാത്രമല്ല, സംസ്‌ഥാനജില്ലാ പാതകള്‍ വരെ ബി.ഒ.ടിക്കു നല്‍കാനുള്ള സംസ്‌ഥാന റോഡ്‌ നയം അംഗീകരിച്ച മന്ത്രിസഭയില്‍ തോമസ്‌ ഐസക്കും ഉണ്ടായിരുന്നല്ലോ. ഇതിനൊന്നും കേന്ദ്രമല്ലല്ലോ കുറ്റക്കാര്‍.

കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്‌ഥാപനത്തിന്റെ അഞ്ചു ശതമാനം ഓഹരി വിറ്റാല്‍ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കുന്ന ഇടതുപക്ഷം, എല്ലാ മനുഷ്യര്‍ക്കും പൊതുസ്വത്തായ പെരുവഴി വിറ്റപ്പോള്‍ നിശബ്‌ദരായിരുന്നതെന്തുകൊണ്ട്‌? പാതയോരത്തെ പൊതുയോഗം സംബന്ധിച്ചു വിധിപറഞ്ഞ ജഡ്‌ജിയെ (ആരാധനയോടെയാണെങ്കിലും) ശുംഭന്‍ എന്നു വിളിച്ചവര്‍, ഇനിമേല്‍ ദേശീയപാതയില്‍ കയറാന്‍ കപ്പം കൊടുക്കണമെന്ന തീരുമാനത്തിനെതിരേ മൗനം പാലിക്കുന്നതു സംഗതി അറിയാത്തതിനാലാകില്ലല്ലോ.

അഴിമതി പ്രശ്‌നം പറഞ്ഞു സി.പി.എമ്മിനെ വിരാട്ടാമെന്നാരും കരുതേണ്ടതില്ലെന്നു ലോട്ടറി, ലാവ്‌ലിന്‍ തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വ്യക്‌തമാക്കിയതുമാണ്‌. ചുരുക്കത്തില്‍ സി.പി.എമ്മിന്‌ അബ്‌ദുള്ളക്കുട്ടി ഒരു അനിവാര്യഘടകമാണ്‌.

*വാല്‍ക്കഷണം: കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടാക്കാന്‍ കെ. മുരളീധരന്‍ എത്തുകയും സി.പി.എമ്മില്‍നിന്ന്‌ (താല്‍കാലികമായെങ്കിലും) പി. ശശി പോകുകയും ചെയ്‌ത നിലയ്‌ക്ക്‌ ഇനി അബ്‌ദുള്ളക്കുട്ടിയെക്കൊണ്ടാവശ്യം സി.പി.എമ്മിനാകും എന്നതിനാല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാം.
സി.ആര്‍. നിലകണ്‌ഠന്‍

സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ അബ്ദുള്ളക്കുട്ടി പറഞ്ഞത് താന്‍ മനസുകൊണ്ട് വി.എസ് പക്ഷമായിരുന്നു എന്നാണ്‌. മാത്രവുമല്ല നീലകണ്ഠന്റെ യഥാര്‍ത്ഥ ഇടതുപക്ഷത്തിലെ കുലഗുരു ബര്‍ളിന്‍ കുഞ്ഞനന്ദന്‍ നായരായിരുന്നു അബ്ദുള്ളക്കുട്ടിയുടെയും ആചാര്യന്‍. അതുകൊണ്ട് തന്നെ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും എം.എല്‍.എ ആയപ്പോഴുമെല്ലാം യഥാര്‍ത്ഥ ഇടതര്‍ മൌനത്തിലായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നയമായ ബി.ഓ.ടി റോഡ് വികസനത്തെപ്പറ്റി സുധീരന്‍ പ്രകടിപ്പിച്ച എതിര്‍പ്പിനെ വിമര്‍ശിച്ച അബ്ദുള്ളക്കുട്ടിയെ സി.പി.എമിന്റെ നെഞ്ചത്ത് കയറ്റി വച്ച് വിമര്‍ശിക്കുകയാണ്‌ നീലകണ്ഠന്‍.ബി.ഓ.ടി നയമായ കോണ്‍ഗ്രസ് പാര്‍ട്ടിയെപ്പറ്റിപ്പറയുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നോക്കുക

ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്ന ദേശീയപാതകളുടെ സ്വകാര്യവല്‍ക്കരണ(ബി.ഒ.ടി) വിഷയംതന്നെയെടുക്കാം. വിവിധ കക്ഷികളും നേതാക്കളും ഇതിലെടുത്ത നിലപാടുകളെന്താണ്‌? ആഗോളീകരണ ഉദാരീകരണ നയങ്ങളുടെ ഭാഗമാണ്‌ ഈ ബി.ഒ.ടികരണവും. ഈ നയങ്ങളെ ശക്‌തമായി പിന്തുണയ്‌ക്കുന്നവരാണു (തുറന്നു പറയുന്നവരാണ്‌) കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും വലിയൊരു വിഭാഗം നേതാക്കള്‍. അതു തുറന്ന അജന്‍ഡയാണ്‌. ........................................................................എന്നാലും വ്യത്യസ്‌തമായ ഈ നിലപാടെടുക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കോണ്‍ഗ്രസോ യു.ഡി.എഫോ അടിച്ചമര്‍ത്തുന്നില്ല

എന്നാല്‍ അബ്ദുള്ളക്കുട്ടിയെപ്പറ്റി പറയുന്നിടത്ത് സി.പി.എമിനെപ്പറ്റിപ്പറയുന്നത് നോക്കുക

സുധീരനെതിരേ അബ്‌ദുള്ളക്കുട്ടി നടത്തിയ വികാരപ്രകടനം കേവലം ഒരു പുത്തന്‍കുറ്റ്‌ കോണ്‍ഗ്രസുകാരന്റെ (പുത്തനച്ചി പുരപ്പുറം തൂക്കുന്ന) ആവേശം മാത്രമല്ല. മറിച്ച്‌ താനിപ്പോഴും ഉറച്ച സി.പി.എമ്മുകാരനാണെന്നാണ്‌ അദ്ദേഹം വ്യക്‌തമാക്കിയത്‌. ബി.ഒ.ടി. അടക്കമുള്ള ഉദാരീകരണ വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടു തന്നെയല്ലേ അബ്‌ദുള്ളക്കുട്ടി പറഞ്ഞത്‌? ആഗോളീകരണത്തിനെതിരായി സി.പി.എം. നടത്തുന്ന വായ്‌ത്താരികളുടെ കാപട്യം അവര്‍ ഭരണം നടത്തുന്ന സംസ്‌ഥാനങ്ങളുടെ അനുഭവങ്ങള്‍ പുറത്തു കൊണ്ടുവരുന്നില്ലേ? ബി.ഒ.ടി. വിഷയത്തില്‍ പിണറായിയും സംഘവും (അവരല്ലേ പാര്‍ട്ടി!) അബ്‌ദുള്ളക്കുട്ടിക്കൊപ്പമാണ്‌

സുധീരനെതിരെ ഉള്ള അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനത്തെപ്പറ്റി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചു എന്നാണ്‌ സുധീരന്‍ പറഞ്ഞത്. അതായത് സുധീരനെ വേദനിപ്പിച്ചത് അബ്ദുള്ളക്കുട്ടി അല്ല കെ.പി.സി.സി പ്രസിഡന്റാണ്‌. പാര്‍ട്ടിയുടെ നയത്തിനെതിരെ സംസാരിച്ച സുധീരനെയാണ്‌ പാര്‍ട്ടി നേതാവ് തള്ളിപ്പറഞ്ഞത് മറിച്ച് അബ്ദുള്ളക്കുട്ടിയെ അല്ല.പക്ഷെ നീലകണ്ഠന്‍ അത് വിശകലനം ചെയ്തപ്പോള്‍ അത് നേരെ സി.പി.എമില്‍ എത്തി. കോണ്‍ഗ്രസിന്റെ ബി.ഓ.ടി നയത്തെ എതിര്‍ത്ത സിധീരനെ വിമര്‍ശിച്ച അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനത്തിന്റെ കാരണം സി.പി.എമിന്റെ ബി.ഓ.റ്റി നയമാണത്രെ എങ്ങനെ ഉണ്ട് കണ്ടെത്തല്‍

സി.പി.എമില്‍ തനിക്കിഷ്ടമില്ലാത്തവരെ എതിര്‍ക്കാന്‍ ഏതറ്റം വരെയും പോകാന്‍ നീലകണ്ഠന്‍ തയ്യാറാകാറുണ്ട്. ധനമന്ത്രി തോമസ് ഐസക്ക് മന്ത്രി ഇളമരം കരിം തുടങ്ങിയവരൊക്കെ നീലകണ്ഠന്റെ ശത്രുക്കളാണ്‌.എന്നാല്‍ തനിക്ക് ഇഷ്ടപെട്ടവരെ വെള്ളപൂശാനും നല്ലവനാക്കാനും നീലകണ്ഠന്‍ പ്രത്യെകം ശ്രദ്ധിക്കാറുണ്ട്. യുഡിഎഫില്‍ എത്തിയ ശേഷം ഒരിക്കല്‍ താന്‍ ശക്തിയുക്തം എതിര്‍ത്ത കുഞ്ഞാലിക്കുട്ടിയേപ്പോലും ന്യായികരിക്കാന്‍ ഇറങ്ങിയ വീരേന്ദ്രകുമാറിനെ മഹാനാക്കാനും ഈ ലേഖനത്തില്‍ നീലകണ്ഠന്‍ പ്രത്യെകം ശ്രദ്ധിച്ചിട്ടുണ്ട്. എക്സ്പ്രസ് ഹൈവെയെ ശക്തിയുക്തം എതിര്‍ത്ത വീരന്‍ ബി.ഓ.ടി പാതയെപ്പറ്റി സമീപകാലത്തോന്നും ആശങ്കപ്പെട്ടതായി അറിവില്ല. തികഞ്ഞ യുഡിഎഫുകാരാനായി തുടരുന്ന വീരനെ മികച്ചവനാക്കി അബ്ദുള്ളക്കുട്ടിയെ അടിക്കുന്ന നീലകണ്ഠന്റെ രാഷ്ട്രീയം എന്താണ്‌ ലക്ഷ്യം വയ്ക്കുന്നത് എന്ന് കാത്തിരുന്ന് കാണാം

Thursday, February 17, 2011

സുധീരന്‍ മുരളിയൂതുമ്പോള്‍

ഏറെ നാളത്തെ കാത്തിരിപ്പിന്‌ ശേഷം കെ.മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരികേ എത്തി. സസ്പെന്‍ഷന്‍ കാലാവധി തീരാന്‍ കുറച്ചു നാളുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തി എന്ന് മാത്രമല്ല മാന്യമായ പരിഗണനയും അദ്ദേഹത്തിന്‌ ഓഫര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. മുരളീധരന്റെ മടങ്ങി വരവില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് അതിനായി വി.എം സുധീരന്‍ എടുത്ത പ്രത്യേക താല്‍പ്പര്യമാണ്‌. ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി സുധീരന്‍ മുരളിക്ക് വേണ്ടി ലോബിയിങ്ങ് നടത്തുന്നു. കെ.പി.സി.സിയില്‍ ബഹുഭൂരിപക്ഷവും മുരളിയുടെ വരവിനെ എതിര്‍ത്തിരുന്നപ്പോള്‍പ്പോലും സുധീരന്‍ മുരളിക്കായി രംഗത്തുണ്ടായിരുന്നു. മുരളിക്ക് വേണ്ടി പരസ്യ പ്രസ്താവന നടത്തിയ അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാളാണ്‌ സുധീരന്‍

കെ.മുരളിധരന്റെയും വി.എം സുധീരന്റെയും ഭൂതകാലം ഓര്‍മ്മയുള്ള ആളുകളില്‍ സ്വഭാവികമായും ഉയരുന്ന സംശയമാണ്‌ എന്തുകൊണ്ട് മുരളിക്ക് വേണ്ടി സുധീരന്‍ നിലകൊള്ളുന്നു എന്നത്. കരുണാകരന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു സുധീരന്‍ എന്ന് മാത്രമല്ല കരുണാകരന്റെ ഹിറ്റ്ലിസ്റ്റില്‍ പ്രധാനിയുമായിരുന്നു സുധീരന്‍. അതുകൊണ്ട് തന്നെ 1991 ഇലെ കരുണാകരന്‍ മന്ത്രിസഭയില്‍ സുധീരന്‍ സ്ഥാനം ഉണ്ടായില്ല. 82-87 കാലഘട്ടത്തില്‍ സ്പീക്കറായിരുന്ന സുധീരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കരുണാകരന്‍ തയ്യാറാല്ലായിരുന്നു എന്നാല്‍ ചാരക്കേസില്‍ സ്ഥാനം നഷ്ടപ്പെട്ട കരുണാകന്‌ പകരം വന്ന ആന്റണി മന്ത്രിസഭയില്‍ സുധീരന്‍ മന്ത്രിയാകുകയും ചെയ്തു

കെ മുരളിധരനെപ്പറ്റി ഓര്‍ത്താല്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ നേടിയെടുത്ത ആള്‍ എന്ന വിശേഷണമാണ്‌ ഉണ്ടായിരുന്നത്. കരുണാകന്റെ വിശ്വസ്ഥരായ ഒരുപറ്റം നേതാക്കള്‍ തിരുത്തല്‍ വാദമെന്ന ആശയം രൂപികരിച്ച് കരുണാകരനില്‍ നിന്നും അകന്ന് പോകാനുള്ള കാരണം പോലും മുരളിധാരന്റെ അപ്രതിക്ഷിതമായ വളര്‍ച്ചയായിരുന്നു. പിന്നീട് കെ.കരുണാകരന്‍ പാര്‍ട്റ്റിയില്‍ നടത്തിയ വിലപേശലുകളെല്ലാം തന്നെ മുരളിക്ക് വേണ്ടി മാത്രമായിരുന്നു. അതിന്റെ മൂര്‍ദ്ധന്യത്തിലാണ്‌ മുരളിയുടെ കൈയും പിടിച്ച് കരുണാകരന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി പുറത്ത് പോയത്. പിന്നെ കെ. മുരളീധരന്‍ കോണ്‍ഗ്രസ് നേതാക്കളെപ്പറ്റിപ്പറഞ്ഞ ആക്ഷേപങ്ങള്‍ക്ക് കൈയും കണക്കുമില്ല. മുരളീധരന്റെ പ്രസംഗമെന്നാല്‍ അധിക്ഷേപം എന്നതായിരുന്നു . പിന്നീട് പാര്‍ട്ടി മാറി എന്‍.സി.പിയില്‍ ചെന്നിട്ടും ഇതില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വന്നില്ല. അങ്ങനെ കുറേക്കാലം കറങ്ങി നടന്ന് ധൂര്‍ത്ത പുത്രന്റെ ഉപമയിലെ കഥാപാത്രത്തെപ്പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തീരുമാനിച്ച മുരളീയെ പിന്‍താങ്ങാന്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മാനസീകമായി ബുദ്ധിമുട്ടുള്ളപ്പോഴാണ്‌ സുധീരന്‍ മുരളിക്ക് അനുകൂലമായി നിലപാട് എടുത്ത് തുടങ്ങിയത്

എന്തുകൊണ്ടായിരിക്കും ആധര്‍ശധീരന്‍ എന്ന ഇമെജുള്ള സുധീരന്‍ സ്വജനപക്ഷപാതിയും ആശ്രിതവല്‍സലനുമായ ഒരു നേതാവിന്‌ വേണ്ടി വാദിക്കുന്നത് എന്നത് ആരിലും കൌതുകമുണ്ടാക്കുന്ന കാര്യമാണ്‌. സുധീരന്‍ പുലര്‍ത്തിപ്പോരുന്നു എന്ന് കരുതപ്പെടുന്ന നെഹ്റുവിന്‍ കോണ്‍ഗ്രസ് നയങ്ങളോട് മുരളീധരന്‌ താല്‍പ്പര്യമുള്ളതുകൊണ്ടാകുമോ? പാര്‍ട്ടിയില്‍ ഇമേജല്ലാതെ അണികളോ നേതാക്കളുടെ പിന്‍തുണയോ ഇല്ലാത്ത സുധീരന്‍ മുരളിയില്‍ നിന്ന് എന്താണ്‌ പ്രതീക്ഷിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ ഈ അവസരത്തില്‍ പ്രസക്തമാണ്‌ എന്ന് തോന്നുന്നു. മുരളീധരന്റെയും കരുണാകരന്റെയും രാഷ്ട്രീയം സ്വജനപക്ഷപാദത്തില്‍ അധിഷ്ടിതമായ ഒന്നാണ്‌. അതുകൊണ്ട് തന്നെ ആശ്രിതവല്‍സലരായി നിലനിന്നിരുന്ന വലിയൊരു വിഭാഗം അണികളെ മുരളീധരന്‌ ഏകോപിപ്പിക്കാന്‍ കഴിയുമെങ്കിലും മാറിയ സാഹചര്യത്തില്‍ അതൊരു ഗ്രുപ്പായോ വിലപേശല്‍ ശക്തിയായോ ഉപയോഗിക്കണമെങ്കില്‍ കുറച്ചുനാളത്തെ കാത്തിരിപ്പെങ്കിലും ആവശ്യമാണ്‌. എന്നാല്‍ സുധീരന്‌ ഈ പിന്‍തുണ താല്‍ക്കാലികമായി മറിച്ച് കൊടുത്താല്‍ രണ്ടാണ്‌ കാര്യം. ആദര്‍ശധീരനായ സുധീരന്റെ കൂടെയാണ്‌ മുരളി എന്നത് പാര്‍ട്ടിയില്‍ മാത്രമല്ല പൊതുസമൂഹത്തിലും മുരളിക്ക് അംഗീകാരമുണ്ടാക്കിക്കൊടുക്കും ഒപ്പം സുധീരന്‌ പാര്‍ട്ടിയില്‍ വലിയൊരു വളര്‍ച്ചക്ക് പിന്‍തുണയായി ഈ ശക്തിയെ ഉയര്‍ത്തിക്കാണിക്കാനും കഴിയും. ബി.ഓ.ടി റോഡുകളെപ്പറ്റി സുധീരന്‍ എതിര്‍പ്പുണ്ടാക്കുമ്പോള്‍ അത് ഏറ്റുപിടിക്കാന്‍ മുരളീധരനും, സുധീരന്‌ അനുകൂലമായി ഫ്ലക്സ് ഒട്ടിക്കാന്‍ മുരളിയുടെ അനുയായികളും ഉണ്ടാകുന്ന ഒരു കാലത്തെപ്പറ്റി ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. കോണ്‍ഗ്രസിലും ആശയ സമരം നടക്കുന്ന ആ കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ കുളിരുകോരും

കുറേ നാളായി വി.എം സുധീരന്‍ കോണ്‍ഗ്രസിന്റെ നയത്തിന്‌ വിരുദ്ധമായ സമീപനങ്ങള്‍ പരസ്യമായിത്തന്നെ എടുത്തുവരുന്നു. പലപ്പോഴും അത് വിവാദത്തിന്റെ വക്കില്‍വരെ എത്താറുമുണ്ട് എന്നാല്‍ അതാരും ഏറ്റുപിടിക്കാനില്ലാത്തതുകൊണ്ട് ക്ലച്ചുപിടിക്കുന്നില്ല എന്നെ ഉള്ളൂ. എന്നാല്‍ ഇന്ന് സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിരിക്കുന്നു. യുഡിഎഫ് 100% ഉറപ്പിച്ച കേരളഭരണം ഇപ്പോള്‍ 50% ആയി.അതുതന്നെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ലഭിക്കുമോ എന്ന സംശയം പല കോണുകളില്‍ നിന്നും ഉയാരന്‍ തുടങ്ങി. ഇനി അഥവാ ഒരു 75 സീറ്റ് ലഭിച്ച അധികാരത്തില്‍ എത്തിയാല്‍ത്തന്നെ അതില്‍ ഒരു 55 ഇല്‍ അധികം പേര്‍ ന്യൂനപക്ഷ സമുദായക്കാരാകാനുള്ള സാധ്യതയുമുണ്ട്. ലീഗ് ഒരു 22 സീറ്റും മാണി ഒരു 15 സീറ്റും സ്വാഭാവികമായും നേടുകയും കണ്ണായ വകുപ്പുകള്‍ കൊത്തിക്കൊണ്ട് പോകുകയും ചെയ്യും. മുഖ്യമന്ത്രികൂടെ ന്യൂനപക്ഷ സമുദായക്കാരനായാല്‍ ആ സര്‍ക്കാര്‍ ഒരു ന്യൂനപക്ഷ സമുദായങ്ങളുടെ സ്വന്തം സര്‍ക്കാരായി അവതരിപ്പിക്കപ്പെടാം എന്ന് മാത്രമല്ല തിരഞ്ഞെടുപ്പിനെ മുന്നെ തന്നെ ഇടതുപക്ഷം രഹസ്യമായി ഈ ആശയം പ്രചരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാധ്യതകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി സ്ഥാനം ഭൂരിപക്ഷ സമുദായത്തിന്‌ നല്‍കാമെന്ന നിലപാട് എടുത്താല്‍ ആ നയത്തിന്റെ ഗുണഭോക്തക്കളില്‍ പ്രധാനിയാകുക സുധീരനാകും.

ഇടതുപക്ഷം വിഎസിനെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിലെ ഇടത് പ്രതിഛായയുള്ള സുധീരനല്ലാതെ മറ്റാര്‍ക്കാണ്‌ സാധ്യത ഉള്ളത്. ഒപ്പം സുധീരന്‌ വേണ്ടി മുരളിയും അദ്ദേഹത്തിന്റെ അണികളും രംഗം സജീവമാക്കുകയും ചെയ്യും.സുധീരനൊപ്പം നില്‍ക്കുന്ന മുരളി വീണ്ടും ശ്രദ്ധേയനാകുമെന്ന് മാത്രമല്ല ചിലപ്പോള്‍ പാര്‍ട്ടിയില്‍ സുധീരന്‌ ശേഷം ആശയ സമരം നയിക്കുന്നതും മുരളിയാകാം. തന്റെ മോശപ്പെട്ട പ്രതിഛായ മാറ്റാനും ജനമനസുകളില്‍ ഇടം നേടാനും മുരളിക്ക് സുധീരനല്ലാതെ മറ്റൊരു അഭയമില്ല.

സുധീരന്റെ മുഖ്യമന്ത്രി ലബ്ദി നടന്നില്ലെങ്കിലും കെ.പി.സി.സി പ്രസിഡന്റെങ്കിലും ആകാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്നുണ്ട്. അപ്പോഴും ഒരു ആശയ സമരം നയിക്കാന്‍ ഉള്ള സാധ്യത സുധീരനും മുരളിക്കും പാര്‍ട്ടിയില്‍ തുറന്നുകിടപ്പുണ്ട്

Monday, February 14, 2011

ബാലകൃഷ്ണപ്പിള്ളയും മുഖപ്രസംഗങ്ങളും

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു മുന്‍മന്ത്രി ജയിലില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌.കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌. മറ്റ് സംസ്ഥാനങ്ങളിലെ നേതക്കള്‍ അഴിമതിക്കേസില്‍പ്പെടുമ്പോള്‍ പോലും മുഖപ്രസംഗം എഴുതി അഴിമതിക്കെതിരെ കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ മനോരമയും മാതൃഭൂമിയും വഹിച്ച പങ്ക് ചില്ലറയല്ല.

എന്നാല്‍ പിള്ളയുടെ ജയില്‍ ശിക്ഷ ഉറപ്പാക്കിയിട്ട് 4 ദിവസം കഴിഞ്ഞെങ്കിലും മനോരമയോ മാതൃഭൂമിയോ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഈ ശിക്ഷ മാതൃകയാകണമെന്ന് പറഞ്ഞെങ്കിലും ഒരു മുഖപ്രസംഗം എഴുതാന്‍ തോന്നിയില്ല എന്നതാണ്‌ സത്യം. 11 ആം തിയതി മുതല്‍ പിള്ളയുടെ വിഷയം കേരളത്തില്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് പക്ഷെ മനോരമയും മാതൃഭൂമിയും അവരുടെ മുഖപ്രസംഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കാം


11/02/2011

പത്താം തിയതിയാണ്‌ പിള്ളയെ ജയിലില്‍ അടക്കാനുള്ള വിധി വരുന്നത്.ആ സമയത്ത് കേരളത്തിലെ ന്യൂസ് ചാനലുകള്‍ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ലൈവ് ചെയ്യുകയായിരുന്നു. പക്ഷെ പിള്ളയുടെ ശിക്ഷാവാര്‍ത്ത അറിഞ്ഞ ഉടന്‍ ബജറ്റ് ലൈവ് നിര്‍ത്തി വച്ച് അവര്‍ പിള്ള വിഷയം കവര്‍ ചെയ്തു. എന്ന് മാത്രമല്ല അന്നത്തെ ദിവസം ബജറ്റും പിള്ള വിഷയവും ഒരേ പ്രാധാന്യത്തോടെ കൊടുക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ പിറ്റേന്ന് മുഖപ്രസംഗം എഴുതിയപ്പോള്‍ മനോരമയും മാതൃഭൂമിയും ബജറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സാധാരണ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് തല്ലക്കെട്ടില്‍ മുഖപ്രസംഗം എഴുതുന്ന പതിവ് പോലും ഇവര്‍ ഉപേക്ഷിച്ചു.

മാതൃഭൂമി

മനോരമ
12/02/2011
ബജറ്റിന്‌ അതിന്റേതായ പ്രാധാന്യമുണ്ട് എന്ന് കരുതി നമുക്ക് വേണമെങ്കില്‍ ഒരു ദിവസം കാത്തിരിക്കാം എന്ന് വയ്ക്കുക. സ്വാഭാവികമായും പിറ്റേ ദിവസത്തെ പത്രത്തിലെങ്കിലും അഴിമതി വിരുദ്ധ മുഖപ്രസംഗം പ്രതീക്ഷിക്കാം. എന്നാല്‍ മാതൃഭൂമി വല്ലാര്‍പാടം പദ്ധതി ഉല്‍ഘാടനവുമയൈ ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തേപ്പറ്റിയും മനോരമ കേരള കൌമുദിക്ക് 100 വയസ് ആയതിനെപ്പറ്റിയുമാണ്‌ മുഖപ്രസംഗം എഴുതിയത്
മാതൃഭൂമി


മനോരമ
13/02/2011
ഞായറാഴ്ച മനോരമക്ക് മുഖപ്രസംഗം ഇല്ല. എന്നാല്‍ മാതൃഭൂമിക്ക് ഉണ്ട്. രണ്ട് ദിവസം കൊണ്ട് പിള്ള വിവാദം കെട്ടടങ്ങിയിട്ടുമില്ല എന്ന് മാത്രമല്ല പിള്ളക്ക് യുഡിഫ് കൊട്ടാരക്കരയില്‍ വലിയ സ്വീകരണമൊരുക്കി. അവിടെ വച്ച് കെ.സുധാകരന്‍ എംപി കോടതിക്കെതിരെ ആഞടിച്ചു ജഡ്‌ജിമാരെ രാഷ്ട്രിയക്കാരുടെ തിണ്ണ നിരങ്ങികളായി ആക്ഷേപിച്ചു. ഗണേശ് കുമാര്‍ വി.എസിനെ നികൃഷ്ട ജീവി എന്ന് വരെ വിളിച്ചു. മാതൃഭൂമിയാണ്‌ വി.എസിനെ ബില്‍ഡപ്പ് ചെയ്യാന്‍ ഏറ്റവും അധികം ശ്രമിച്ച പത്രം. വി.എസിന്റെ ക്രഡിറ്റില്‍ നേടിയ പിള്ളക്കെതിരെ ഉള്ള വിധിയില്‍ സ്വാഭാവികമായും മാതൃഭൂമി പഴയ പിന്‍തുണ നല്‍കാന്‍ ബാധ്യസ്ഥരാണ്‌. വിധിക്കെതിരെ പ്രസംഗിച്ച പിള്ളയും മകനും എംപിയുമൊക്കെ വി.എസിനെ അധിക്ഷെപിക്കുമ്പോള്‍ അത്ലെങ്കില്‍ വി.എസ് വഴി കോടതിയെ അധിക്ഷേപിക്കുമ്പോള്‍ മാതൃഭൂമി ഒരു മുഖപ്രസംഗം കാച്ചുമെന്ന് സ്വാഭാവികായി പ്രതീക്ഷിക്കാം. പക്ഷെ അതുണ്ടായില്ല . ഈജിപ്തിലെ മാറ്റത്തിന്‌ മുന്നില്‍ വി.എസ് നിഷ്പ്രഭനാകാനായിരുന്നു വി.എസിന്റെ വിധി14/02/2011
ഈജിപ്തിലെ വിഷയങ്ങളെ മാതൃഭൂമിക്ക് മാത്രമല്ല മനോരമക്കും പ്രധാനമാണ്‌ ഞായറാഴ്ച മുഖപ്രസംഗം ഇല്ലാത്തതിന്റെ കേട് തിങ്കളാഴ്ച മനോരമ തീര്‍ത്തു. അവര്‍ ഈജിപ്ത് വിഷയം മുഖപ്രസംഗം എഴുതി. എന്നാല്‍ മാതൃഭൂമിക്ക് പറയാനുള്ളത് വികസന രംഗത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിനെപ്പറ്റി ആയിരുന്നു. കോടതിയെ അധിക്ഷേപിച്ച സുധാകരനെതിരെ കോടത് അലക്ഷ്യ നടപടികള്‍ വരുന്നതിനെപ്പറ്റിയോ ഏതാനും മാസം മുന്നെ കോടതിയെയും ജഡ്‌ജിമാരെയും പുകഴ്ത്തിപ്പറഞ്ഞ സുധാകാരന്‍ രാഷ്ട്രിയ ലാക്കോടെ ഇപ്പോള്‍ ജഡ്‌ജിമാരെപ്പറ്റി അധിക്ഷെപം ചൊരിയുന്നതിനെപ്പറ്റിയോ ഒന്നും മാതൃഭൂമിക്ക് മിണ്ടാട്ടമില്ല.


എന്തുകൊണ്ടായിരിക്കും അഴിമതി വിഷയവും കോടതി അലക്ഷ്യവും കേരളത്തിലെ 1.5 കോടിയോളം ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന മാതൃഭുമിക്കും മനോരമക്കും മുഖപ്രസംഗ വിഷയമാകാത്തത്? എല്ലാം വായനക്കാര്‍ക്ക് വിടുന്നു

Friday, February 11, 2011

ബാലകൃഷ്ണപ്പിള്ളക്ക് പറയാനുള്ളത്

കേരള ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബാലകൃഷ്ണപ്പിള്ള 2011 ജനുവരി 30 ലക്കം കലാകൌമുദിയില്‍ വിഡി ശെല്‍വ്വരാജിന്‌ അനുവദിച്ച അഭിമുഖത്തില്‍ ഈ കേസിന്‌ ആസ്പദമായ സംഗതികളും ബാലകൃഷ്ണപ്പിള്ളിയുടെ വാദങ്ങളും പറയുന്നുണ്ട്. പ്രസ്തുത അഭിമുഖത്തിന്റെ സ്കാന്‍ തുടര്‍ന്ന് വായിക്കുക.തികച്ചും അക്കാഡമിക്ക് താല്‍പ്പര്യം മാത്രമാണ്‌ ഈ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന്‌ പിന്നില്‍ എനിക്കുള്ളൂ. പിള്ളയുടെ വാദഗതികള്‍ ഇന്നത്തെ മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ആ വശങ്ങളിലേക്ക് കൂടി ഒന്ന് നോക്കാനുള്ള അവസരം ഉണ്ടാക്കുക മാത്രമാണ്‌ ഈ പോസ്റ്റിന്റെ ലക്ഷ്യം. പേജുകള്‍ക്ക് കടപ്പാട് കലാകൌമുദി വാരിക

Friday, February 04, 2011

പ്രൊഫഷനല്‍ മനോരമ

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്ന ഐസ്ക്രിം കേസ് വെളിപ്പെടുത്തലുകളെ മനോരമ കൈകാര്യം ചെയ്ത രീതി എന്റെ മുന്‍ പോസ്റ്റുകളില്‍ നമ്മള്‍ കണ്ടതാണ്‌. വിഷയം ഒന്ന് മങ്ങിത്തുടങ്ങിയപ്പോഴെക്കും മനോരമ രക്ഷപ്രവര്‍ത്തനം ഏറ്റെടുത്തു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഇന്നത്തെ (05/02/2011) ഇലെ മുഖപ്രസംഗം


വോട്ടിനായി ഇത്രയും തരംതാഴാമോ?

രാഷ്ട്രീയ പോരാട്ടങ്ങള്‍ അഭിജാതമാകുന്നത് അവ ആശയങ്ങളും കര്‍മപരിപാടികളും മുന്‍നിറുത്തിയുള്ളതാവുമ്പോഴാണ്. തിരഞ്ഞെടുപ്പു മുന്നില്‍കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നതു തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് - പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തിരഞ്ഞെടുപ്പു രഥം ഉരുണ്ടുവരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.

ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ അവശേഷം ഇപ്പോള്‍ അതിന്റെ അപഹാസ്യമായ രണ്ടാം വരവിലാണ്. കീഴ്കോടതിമുതല്‍ സുപ്രീം കോടതിവരെയുള്ള എല്ലാ തലങ്ങളും പിന്നിട്ട് വിധിയുണ്ടായ കേസാണിതെങ്കിലും എത്ര വര്‍ഷം കഴിഞ്ഞും ഏത് ഇന്ത്യന്‍ പൌരനും ചോദ്യം ചെയ്യാം; അതിനു പക്ഷേ ഉപയോഗിക്കേണ്ടതു വ്യവസ്ഥാപിത മാര്‍ഗങ്ങളാണ്. ആരൊക്കെയോ ചിലര്‍ സ്വയംകോടതി ചമയുന്നതും വ്യക്തിഹത്യയുടെ നികൃഷ്ടവഴികള്‍ തിരയുന്നതുമാണിപ്പോള്‍ കേരളം കാണുന്നത്. നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതുവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഈ ചോദ്യം ചെയ്യലിനു മുതിരുന്നതോ സംശയത്തിന്റെ നിഴലില്‍ മുഖംകുനിച്ചുനില്‍ക്കുന്നവരും.

സത്യത്തെ ഏറെക്കാലം മൂടിവയ്ക്കാന്‍ കഴിയില്ലെന്നും മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ പിന്നില്‍നിന്നു കുത്തുമെന്നതിന് ഉദാഹരണമാണിതെന്നുമാണ് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. പെണ്‍കുട്ടികളെ നശിപ്പിച്ച മാന്യന്‍മാരെ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ കയ്യാമം വച്ചു തെരുവിലൂടെ നടത്തിക്കുമെന്ന് അദ്ദേഹം രണ്ടാഴ്ച മുമ്പ് പറഞ്ഞതുകൂടി ഇതോടു ചേര്‍ത്തുവായിക്കുമ്പോള്‍ ന്യായമായും ചോദിക്കാം: മൂടിവയ്ക്കപ്പെട്ടു കിടക്കുന്ന അവസ്ഥയില്‍നിന്ന് ഒരു രാഷ്ട്രീയകക്ഷിക്കു തിരഞ്ഞെടുപ്പു സമയത്തു പുറത്തെടുക്കാനുള്ളതാണോ ഇത്തരം കേസുകള്‍?

കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിലും അധികാരമേറി പ്രഥമ മന്ത്രിസഭാ യോഗത്തിനുശേഷവും പെണ്‍വാണിഭക്കാരെ ഉദ്ദേശിച്ച് ഇതേ കയ്യാമത്തിന്റെ കാര്യം വിഎസ് പറഞ്ഞതു മറക്കാറായിട്ടില്ല. അദ്ദേഹം ഭരണത്തിലേറിയപ്പോള്‍, കിളിരൂര്‍ അടക്കമുള്ള കേസുകളില്‍ ആ കയ്യാമത്തിന് എന്തു സംഭവിച്ചു എന്നതും ജനത്തിന് ഒാര്‍മയുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസുണ്ടായതിനുശേഷമുള്ള പതിനാലു വര്‍ഷങ്ങളില്‍ ഒന്‍പതു വര്‍ഷവും അധികാരത്തിലിരുന്നത് ഇടതു സര്‍ക്കാരാണ്. ഈ കേസ് തേച്ചുമാച്ചുകളയാന്‍ ആരെങ്കിലും ശ്രമിച്ചെങ്കില്‍ അതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു മുന്‍ ഇടതു സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രിയുടെ സര്‍വപ്രതാപിയായ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണെന്ന കാര്യം ഇപ്പോഴത്തെ വിവാദത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍പത്തെ ഇടതു സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അതെപ്പറ്റി അന്വേഷണമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്. ആ പഴയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാത്രം അദ്ദേഹം കുറ്റവിമുക്തനാക്കുകകൂടി ചെയ്യുന്നതോടെ ഇപ്പോഴത്തെ കാടിളക്കലിലെ രാഷ്ട്രീയക്കളി നഗ്നമായി നാടിനുമുന്നില്‍ നില്‍ക്കുകയാണ്. പാര്‍ട്ടി ഈയിടെ നേതാവിനു നല്‍കിയ 'ചികില്‍സയും വല്ലാത്ത ഒരു കാവ്യനീതിയായി ജനത്തിനു മുന്‍പാകെയുണ്ട്.

ഇതിനൊക്കെ പുറമേയാണ് ആരുടെയൊക്കെയോ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന ഒളിക്യാമറാപ്രവര്‍ത്തനം. മാധ്യമങ്ങള്‍ സ്വയംനടത്തുന്ന സ്വതന്ത്രമായ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങും ഏതാനും തത്പരകക്ഷികളുടെ കൂടെ സഞ്ചരിച്ച് അവര്‍ പറയുന്നതുപ്രകാരമുള്ള ചിത്രീകരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യത്തിലാണെങ്കില്‍ ചിത്രീകരണത്തിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് സംപ്രേഷണസമയം തീരുമാനിച്ചതുപോലും അതേ തല്‍പരകക്ഷികള്‍തന്നെ. എത്രമാത്രം മലീമസമാണു സംസ്ഥാന രാഷ്ട്രീയമെന്നതിനു വേറെ സാക്ഷ്യങ്ങള്‍ വേണമെന്നു തോന്നുന്നില്ല.

തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജൂഡിഷ്യറിയെ താറടിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണ്. സാധാരണക്കാരുടെ രക്ഷയ്ക്കും അവര്‍ക്കു നീതികിട്ടാനും അവസാനത്തെ ആശ്രയം കോടതികളാണെന്ന് ആരും മറക്കരുത്. തെറ്റു ചെയ്തവര്‍ എത്ര പ്രബലരായാലും എത്ര കാലം കഴിഞ്ഞാലും ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ സംശയമില്ല. കാലത്തിന്റെ നീതിനിര്‍വഹണത്തില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനുമാവില്ല. പക്ഷേ, താത്ക്കാലിക ലാഭം മുന്‍നിറുത്തി നീചമാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പു വിജയം നേടാമെന്ന വ്യാമോഹം ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

ഭരിക്കുന്നവര്‍ വീണ്ടും വോട്ടു തേടേണ്ടതു സ്വന്തം ഭരണനേട്ടങ്ങളുമായാണ്; മലര്‍ന്നുകിടന്നു തുപ്പിയല്ല. സ്ത്രീപീഡനക്കേസുകളില്‍ അഞ്ചു വര്‍ഷം വെറുതെയിരുന്ന ഒരു സംസ്ഥാനാധിപനു ധാര്‍മിക ഉത്ക്കണ്ഠയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതുകൊണ്ടുമാത്രം അതിന്റെ അപഹാസ്യത ഇല്ലാതാവുന്നുമില്ല

മുസ്ലിംലീഗ് സെക്രട്ടറി എം.കെ മുനീറിന്റെ ചാനലില്‍ വന്ന വെളിപ്പെടുത്തലുകളാണ്‌ ഐസ്ക്രിം പാര്‍ലര്‍ കേസില്‍ മനോരമ ഉയര്‍ത്തുന്ന ആശങ്കള്‍ക്ക് അടിസ്ഥാനം എങ്കിലും പഴി ഇടത് സര്‍ക്കാരിനാണ്‌ . ഈ വാചകങ്ങള്‍ അതിന്‌ അടിവര ഇടുന്നു

രാഷ്ട്രീയ പോരാട്ടങ്ങള്‍ അഭിജാതമാകുന്നത് അവ ആശയങ്ങളും കര്‍മപരിപാടികളും മുന്‍നിറുത്തിയുള്ളതാവുമ്പോഴാണ്. തിരഞ്ഞെടുപ്പു മുന്നില്‍കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നതു തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് - പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തിരഞ്ഞെടുപ്പു രഥം ഉരുണ്ടുവരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.

ഇത് വായിച്ചാല്‍ തോന്നുക കൈരളി പീപ്പിളില്‍ വന്ന ഒരു വാര്‍ത്തയാണ്‌ ഈ പ്രശ്നങ്ങള്‍ക്ക് ഒക്കെ കാരണം എന്നാണ്‌. മുഖപ്രസംഗം മുഴുവന്‍ ഇടത് വിരുദ്ധമാണ്‌ എന്ന് മാത്രമല്ല മുനീറിനെപ്പറ്റി ഒരു പരാമര്‍ശം പോലുമില്ല.മുഖപ്രസംഗത്തിലെ ഓരോവരിയും മനോരമയുടെ ഇടത് വിരുദ്ധത് സ്വയം സംസാരിക്കുന്ന തെളിവുകളാണ്‌. മുഖപ്രസംഗം അവസാനിക്കുന്നതും ഒരു ഉപദേശത്തോടെയാണ്‌.ഇന്നലെവരെ മനോരമക്ക് പ്രിയങ്കരനായിരുന്ന വി.എസിനുള്ള ഉപദേശം കൂടിയായി ഇതിനെ നോക്കിക്കാണാം

ഭരിക്കുന്നവര്‍ വീണ്ടും വോട്ടു തേടേണ്ടതു സ്വന്തം ഭരണനേട്ടങ്ങളുമായാണ്; മലര്‍ന്നുകിടന്നു തുപ്പിയല്ല. സ്ത്രീപീഡനക്കേസുകളില്‍ അഞ്ചു വര്‍ഷം വെറുതെയിരുന്ന ഒരു സംസ്ഥാനാധിപനു ധാര്‍മിക ഉത്ക്കണ്ഠയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതുകൊണ്ടുമാത്രം അതിന്റെ അപഹാസ്യത ഇല്ലാതാവുന്നുമില്ല

ഇനി ധാര്‍മ്മികതയുടെ മുഖംമൂടി അണിഞ്ഞ് നില്‍ക്കുന്ന മനോരമയുടെ ഇന്നത്തെ ഫ്രണ്ട് പേജ് നോക്കാം

ലാവ്‌ലിന്‍ കേസില്‍ ജഡ്‌ജി മാറിയത് ചുവന്ന തലക്കെട്ടില്‍ വലിയ വാര്‍ത്ത.എന്തുകൊണ്ടാണ്‌ മാറിയതെന്നൊന്നും അറിയില്ലെങ്കിലും അത്യാവശ്യം നന്നായി പൊലിപ്പിച്ച നല്‍കിയിട്ടുണ്ട്. നാളെമുതല്‍ സുജിത് നായര്‍ക്കോ ജയ്ചന്ദ്രന്‍ ഇലങ്കത്തിലിനോ ഒക്കെ സബ് കഥകള്‍ എഴുതാന്‍ പാകത്തിനുള്ള ലിങ്ക്സൊക്കെ അതിലുണ്ട്. പിന്നെ പി.ശശിക്കെതിരെ അന്വേഷണത്തിന്‌ സി.പി.എം കമ്മറ്റിയെ വച്ചതും സ്മാര്‍ട്ട് സിറ്റി പദ്ധതിയെപ്പറ്റി ഉമ്മന്‍ ചാണ്ടിയുടെ ആരോപണവുമാണ്‌.

രാജയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടതോ ലോട്ടറിക്കേസില്‍ നികുതി വാങ്ങണമെന്ന് സിങ്കില്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തതോ, ഐസ്ക്രിം പാര്‍ലര്‍ കേസ് വിന്‍സണ്‍ എം പോള്‍ അന്വേഷിക്കും എന്ന് പറഞ്ഞതോ ഒന്നും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.ഇനി വെറുതെ നമുക്ക് മാതൃഭൂമിയുടെയും ദീപികയുടെയും മുഖ്യപേജുകളും നോക്കും. ചുമ്മ ഒരു റഫറന്‍സായി മാത്രം

വാര്‍ത്തകള്‍ക്ക് കടപ്പാട് മനോരമ മാതൃഭൂമി ദീപിക പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡീഷന്‍

Wednesday, February 02, 2011

ഉമ്മന്‍ ചാണ്ടിയും ഫ്രീഹോള്‍ഡും

സ്മാര്‍ട്ടി സിറ്റിയില്‍ 12% വില്‍പ്പനാവകാശത്തോടെ ഫ്രീഹോള്‍ഡ് വേണമെന്ന ആവശ്യത്തില്‍ നിന്നും ടികോം പിന്‍മാറുകയും സെസ് പദവി ലഭിച്ച ഭൂമിയില്‍ 12% ഫ്രീഹോള്‍ഡ് നല്‍കിയാല്‍ മതി എന്ന് പറയുകയും ചെയ്തതോടെ എല്‍ഡി.എഫ് സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റിക്കരാര്‍ യാഥാര്‍ത്ഥ്യമാകുകയാണ്‌. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സ്മാര്‍ട്ട് സിറ്റി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം സ്മാര്‍ട്ട് സിറ്റി കരാര്‍ യഥാര്‍ത്ഥ്യമായി എന്നതാണ്‌ ഇതിലെ തമാശ.എന്നാല്‍ ഉമ്മന്‍ ചാണ്ടി വിട്ടുകൊടുക്കാന്‍ തയ്യാറല്ല . അദ്ദേഹം പുതിയ പ്രസ്താവനയുമായി രംഗത്ത് എത്തി


കൊല്ലം: കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതി യുഡിഎഫിന്റെ വിജയമെന്ന് ഉമ്മന്‍ ചാണ്ടി. പദ്ധതി ആസൂത്രണം ചെയ്തത് യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഉണ്ടാക്കിയ കരാറില്‍ സ്വതന്ത്രാവകാശ ഭൂമി എന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല. പുതിയ കരാറിലെ വ്യവസ്ഥകള്‍ അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതി കൊണ്ടുവന്നതില്‍ ഉമ്മന്‍ ചാണ്ടിക്കും ഒരു ക്രഡിറ്റുണ്ട് എന്നത് വസ്തുതയാണ്‌. അത് ആരും അഗീകരിക്കാതിരിക്കരുത് പക്ഷെ അതിനിടയില്‍ അദ്ദേഹം ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന ചിലകാര്യങ്ങള്‍ നോക്കൂ.
യുഡിഎഫ് ഉണ്ടാക്കിയ കരാറില്‍ സ്വതന്ത്രാവകാശ ഭൂമി എന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല.

ഈ പ്രസ്താവന എത്ര കണ്ട് സത്യസന്ധമാണ്‌ എന്നറിയാന്‍ നമുക്ക് ആദ്യം വി.എസിന്റെ സ്മാര്‍ട്ട് സിറ്റിക്കരാറിലെ ഫ്രീ ഹോള്‍ഡ് വ്യവസ്ഥ എന്താണ്‌ എന്ന് നോക്കാം

5.4 Upon completion of master plan that determines different plots among other things, SPV will identify plots to be converted to freehold and
such plots will be converted to free hold by GoK forthwith without anyfurther consideration or charges. Cumulative area of the plots
converted to freehold will not exceed 12% of the total land area at any point of time

ഇനി ഉമ്മന്‍ ചാണ്ടിയുടെ കരാറില്‍ ഫ്രീഹോള്‍ഡ് ഉണ്ടോ എന്ന് ഒന്ന് ഉറപ്പ് വരുത്താന്‍ അക്കാലത്ത് എഴുതിയ കരാര്‍ ഒന്ന് പരിശോധിക്കാം.ഇതിന്റെ കോപ്പി ഉമ്മന്‍ ചാണ്ടിയുടെ വെബ്‌സൈറ്റില്‍ കിടപ്പുണ്ട്

രണ്ടിടത്താണ്‌ ഫ്രീഹോള്‍ഡ് എന്നുള്ളത് അതിങ്ങനെ

5.5 The Lease Land shall be converted into freehold land proportionately
with the progress made in the creation of jobs in accordance with
Article 10.4 herein below

8.2.1 In the event that the SPV fails to implement the minimum program resulting in a shortfall in the number of jobs created in each phase, as mentioned in Article 10.3 ("TECOM Job Default”)TECOM shall be liable to pay to GoK a one-time penal amount of Rupees Six Thousand
(Rs.6,000) per job shortage in that phase. It is clarified that the payment of penalty as above will not entitle SPV to claim conversion of 24 corresponding area of Lease Land to freehold

അപ്പോള്‍ എന്തിനായിരിക്കും ഉമ്മന്‍ ചാണ്ടി തന്റെ കരാറില്‍ ഫ്രീ ഹോള്‍ഡ് വ്യവസ്ഥ ഇല്ല എന്ന് പറഞ്ഞത്

ഐസ്ക്രിം കേസും യുഡിഎഫ് പത്രങ്ങളും

യുഡിഎഫ് വലിയ ബുദ്ധിമുട്ട് ഇല്ലതെ 100 ഓളം സീറ്റ് നേടി അധികാരത്തില്‍ വരുമെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുമെന്നൊക്കെ സ്വപനം കണ്ടിരുന്നവരാണ്‌ മനോരമ മാതൃഭൂമി ദീപിക പത്രങ്ങള്‍.അപ്പോഴാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ വഴിവിട്ട സഹായങ്ങളെപ്പറ്റി കുമ്പസാരിക്കുകയും, വധഭീക്ഷിണി ഉണ്ടെന്നും തന്റെ വ്യാജ സി.ഡി ഇറങ്ങുന്നുണ്ടെന്നുമൊക്കെപ്പറഞ്ഞ് പത്രസമ്മേളനം നടത്തുകയും ചെയ്തത്. മാത്രമല്ല വഴിവിട്ട് സഹായംചെയ്ത കുഞ്ഞാലി സാഹിബിനെ പിന്‍തുണച്ച ഉമ്മന്‍ചാണ്ടിയും രമേശും പിന്നാലെ എത്തുകയും ചെയ്തു. ഒപ്പം റൌഫിന്റെ വെളിപ്പെടുത്തലുകളും ഇന്ത്യാവിഷന്റെ ഒളിക്യാമറ ദൃശ്യങ്ങളും കൂടി ആയതോടെ യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ കഴിയാതെ ആയി. മനോരമയും മാതൃഭൂമിയും ദീപികയും ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ കൊടുത്ത ഫ്രണ്ട് പേജ് വാര്‍ത്തകള്‍ കാണുക
29-ജനുവരി
ജനുവരി 29 ന്‌ ഈ മൂന്ന് പത്രങ്ങളും ഏതാണ്ട് ഒരേ പോലെ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കി എങ്കിലും ഏറ്റവും ആവേശം ദീപിക്കാണ്‌ തൊട്ടു പുറകെ മാതൃഭൂമിയും ഉണ്ട്. മനോരമ വലിയ ഡാമേജ് ഉണ്ടാക്കാത്ത രീതിയില്‍ ചെറിയ ചിത്രങ്ങളൊക്കെ വച്ചാണ്‌ നല്‍കിയതെങ്കിലും വലിയ കുഴപ്പമില്ല30-ജനുവരി
ജനുവരി 30 ആയപ്പോഴെക്കും മാതൃഭൂമിയും മനോരമയും ചുവന്ന തലക്കെട്ട് കൊടുക്കുന്നതില്‍ നിന്ന് ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞ് നിന്നു എന്നാല്‍ ഒന്നാം പേജില്‍ തന്നെ ചില വാര്‍ത്തകള്‍ അപ്രധാനമല്ലാതെ തന്നെ നല്‍കി. എന്നാല്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് ചൂടാകുന്നു എന്ന ചുവന്ന തലക്കെട്ട് ഇട്ട് ദീപിക രണ്ടാ ദിനവും ആവേശം കാത്ത് സൂക്ഷിച്ചൂ


31-ജനുവരി
ജനുവരി 31 ആയപ്പോഴേക്കും ഇന്ത്യവിഷന്‍ ടേപ്പ് പുറത്ത് വന്നിരുന്നു ജഡ്‌ജിമാരടക്കം ആരോപണ വിധേയരായി എന്ന് മാത്രമല്ല വിവാദം അതിന്റെ പരമ കോടിയില്‍ എത്തി. എന്നാല്‍ മാതൃഭൂമി മിതത്വം തുടര്‍ന്നു. ചുവന്ന തലക്കെട്ടില്ല. പക്ഷെ ഒന്നാം പെജില്‍ വാര്‍ത്തയുണ്ട്. മനോരമക്ക് അപ്പോഴേക്കും നില തെറ്റി. സംഭവം യുഡിഎഫിനെ മാത്രമാണ്‌ ബാധിക്കുക എന്ന തിരിച്ചറിവ് ഉണ്ടായി. ഉടന്‍ ജയചന്ദ്രന്‍ ഇലങ്കത്തിനെ രംഗത്തിറക്കി സി.പി.എം വിഭാഗീയതയിലെക്കും വി.എസിന്റെ കളികളിലെക്കും ശ്രദ്ധ തിരിച്ചുവിടാന്‍ ഉള്ള പ്ലാന്റേഷന്‍ ഒരുക്കി ചുവന്ന തലക്കെട്ടില്‍ ഒന്നാം പെജില്‍ നിക്ഷേപിച്ചു. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് ദീപിക ചുവന്ന തലക്കെട്ട് തുടര്‍ന്നു രണ്ട് മുന്‍ ജഡ്‌ജിമാര്‍ക്കെതിരെ കൈക്കൂലി ആരോപണം എന്ന വാര്‍ത്ത വിഷയത്തിന്റെ പ്രാധാന്യം ചോരാതെ വായനക്കാരില്‍ എത്തിച്ചുഫെബ്രുവരി 1
ഫെബ്രുവരി 1 ആയപ്പോഴേക്കും വിവാദം മുസ്ലിം ലീഗിലെ മാത്രം പ്രശ്നമായി ദീപിക അത് അപ്രധാനമല്ലാതെ ഒന്നാം പെജില്‍ നല്‍കി. മാതൃഭൂമി അഹമ്മദിന്റെ പ്രസ്താവന ഒന്നാം പെജില്‍ വരുത്തി എന്നാക്കി. പക്ഷെ മനോരമ അത്ഭുതകരമായി അന്വേഷണത്തിന്‌ പ്രത്യേക സംഘം എന്ന ചുവന്ന തലക്കെട്ട് നല്‍കി മുഖ്യവാര്‍ത്തയാക്കി പ്രോഫഷനിലിസം കാണിച്ചു