Thursday, February 17, 2011

സുധീരന്‍ മുരളിയൂതുമ്പോള്‍

ഏറെ നാളത്തെ കാത്തിരിപ്പിന്‌ ശേഷം കെ.മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരികേ എത്തി. സസ്പെന്‍ഷന്‍ കാലാവധി തീരാന്‍ കുറച്ചു നാളുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തി എന്ന് മാത്രമല്ല മാന്യമായ പരിഗണനയും അദ്ദേഹത്തിന്‌ ഓഫര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. മുരളീധരന്റെ മടങ്ങി വരവില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് അതിനായി വി.എം സുധീരന്‍ എടുത്ത പ്രത്യേക താല്‍പ്പര്യമാണ്‌. ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി സുധീരന്‍ മുരളിക്ക് വേണ്ടി ലോബിയിങ്ങ് നടത്തുന്നു. കെ.പി.സി.സിയില്‍ ബഹുഭൂരിപക്ഷവും മുരളിയുടെ വരവിനെ എതിര്‍ത്തിരുന്നപ്പോള്‍പ്പോലും സുധീരന്‍ മുരളിക്കായി രംഗത്തുണ്ടായിരുന്നു. മുരളിക്ക് വേണ്ടി പരസ്യ പ്രസ്താവന നടത്തിയ അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാളാണ്‌ സുധീരന്‍

കെ.മുരളിധരന്റെയും വി.എം സുധീരന്റെയും ഭൂതകാലം ഓര്‍മ്മയുള്ള ആളുകളില്‍ സ്വഭാവികമായും ഉയരുന്ന സംശയമാണ്‌ എന്തുകൊണ്ട് മുരളിക്ക് വേണ്ടി സുധീരന്‍ നിലകൊള്ളുന്നു എന്നത്. കരുണാകരന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു സുധീരന്‍ എന്ന് മാത്രമല്ല കരുണാകരന്റെ ഹിറ്റ്ലിസ്റ്റില്‍ പ്രധാനിയുമായിരുന്നു സുധീരന്‍. അതുകൊണ്ട് തന്നെ 1991 ഇലെ കരുണാകരന്‍ മന്ത്രിസഭയില്‍ സുധീരന്‍ സ്ഥാനം ഉണ്ടായില്ല. 82-87 കാലഘട്ടത്തില്‍ സ്പീക്കറായിരുന്ന സുധീരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കരുണാകരന്‍ തയ്യാറാല്ലായിരുന്നു എന്നാല്‍ ചാരക്കേസില്‍ സ്ഥാനം നഷ്ടപ്പെട്ട കരുണാകന്‌ പകരം വന്ന ആന്റണി മന്ത്രിസഭയില്‍ സുധീരന്‍ മന്ത്രിയാകുകയും ചെയ്തു

കെ മുരളിധരനെപ്പറ്റി ഓര്‍ത്താല്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ നേടിയെടുത്ത ആള്‍ എന്ന വിശേഷണമാണ്‌ ഉണ്ടായിരുന്നത്. കരുണാകന്റെ വിശ്വസ്ഥരായ ഒരുപറ്റം നേതാക്കള്‍ തിരുത്തല്‍ വാദമെന്ന ആശയം രൂപികരിച്ച് കരുണാകരനില്‍ നിന്നും അകന്ന് പോകാനുള്ള കാരണം പോലും മുരളിധാരന്റെ അപ്രതിക്ഷിതമായ വളര്‍ച്ചയായിരുന്നു. പിന്നീട് കെ.കരുണാകരന്‍ പാര്‍ട്റ്റിയില്‍ നടത്തിയ വിലപേശലുകളെല്ലാം തന്നെ മുരളിക്ക് വേണ്ടി മാത്രമായിരുന്നു. അതിന്റെ മൂര്‍ദ്ധന്യത്തിലാണ്‌ മുരളിയുടെ കൈയും പിടിച്ച് കരുണാകരന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി പുറത്ത് പോയത്. പിന്നെ കെ. മുരളീധരന്‍ കോണ്‍ഗ്രസ് നേതാക്കളെപ്പറ്റിപ്പറഞ്ഞ ആക്ഷേപങ്ങള്‍ക്ക് കൈയും കണക്കുമില്ല. മുരളീധരന്റെ പ്രസംഗമെന്നാല്‍ അധിക്ഷേപം എന്നതായിരുന്നു . പിന്നീട് പാര്‍ട്ടി മാറി എന്‍.സി.പിയില്‍ ചെന്നിട്ടും ഇതില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വന്നില്ല. അങ്ങനെ കുറേക്കാലം കറങ്ങി നടന്ന് ധൂര്‍ത്ത പുത്രന്റെ ഉപമയിലെ കഥാപാത്രത്തെപ്പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തീരുമാനിച്ച മുരളീയെ പിന്‍താങ്ങാന്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മാനസീകമായി ബുദ്ധിമുട്ടുള്ളപ്പോഴാണ്‌ സുധീരന്‍ മുരളിക്ക് അനുകൂലമായി നിലപാട് എടുത്ത് തുടങ്ങിയത്

എന്തുകൊണ്ടായിരിക്കും ആധര്‍ശധീരന്‍ എന്ന ഇമെജുള്ള സുധീരന്‍ സ്വജനപക്ഷപാതിയും ആശ്രിതവല്‍സലനുമായ ഒരു നേതാവിന്‌ വേണ്ടി വാദിക്കുന്നത് എന്നത് ആരിലും കൌതുകമുണ്ടാക്കുന്ന കാര്യമാണ്‌. സുധീരന്‍ പുലര്‍ത്തിപ്പോരുന്നു എന്ന് കരുതപ്പെടുന്ന നെഹ്റുവിന്‍ കോണ്‍ഗ്രസ് നയങ്ങളോട് മുരളീധരന്‌ താല്‍പ്പര്യമുള്ളതുകൊണ്ടാകുമോ? പാര്‍ട്ടിയില്‍ ഇമേജല്ലാതെ അണികളോ നേതാക്കളുടെ പിന്‍തുണയോ ഇല്ലാത്ത സുധീരന്‍ മുരളിയില്‍ നിന്ന് എന്താണ്‌ പ്രതീക്ഷിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ ഈ അവസരത്തില്‍ പ്രസക്തമാണ്‌ എന്ന് തോന്നുന്നു. മുരളീധരന്റെയും കരുണാകരന്റെയും രാഷ്ട്രീയം സ്വജനപക്ഷപാദത്തില്‍ അധിഷ്ടിതമായ ഒന്നാണ്‌. അതുകൊണ്ട് തന്നെ ആശ്രിതവല്‍സലരായി നിലനിന്നിരുന്ന വലിയൊരു വിഭാഗം അണികളെ മുരളീധരന്‌ ഏകോപിപ്പിക്കാന്‍ കഴിയുമെങ്കിലും മാറിയ സാഹചര്യത്തില്‍ അതൊരു ഗ്രുപ്പായോ വിലപേശല്‍ ശക്തിയായോ ഉപയോഗിക്കണമെങ്കില്‍ കുറച്ചുനാളത്തെ കാത്തിരിപ്പെങ്കിലും ആവശ്യമാണ്‌. എന്നാല്‍ സുധീരന്‌ ഈ പിന്‍തുണ താല്‍ക്കാലികമായി മറിച്ച് കൊടുത്താല്‍ രണ്ടാണ്‌ കാര്യം. ആദര്‍ശധീരനായ സുധീരന്റെ കൂടെയാണ്‌ മുരളി എന്നത് പാര്‍ട്ടിയില്‍ മാത്രമല്ല പൊതുസമൂഹത്തിലും മുരളിക്ക് അംഗീകാരമുണ്ടാക്കിക്കൊടുക്കും ഒപ്പം സുധീരന്‌ പാര്‍ട്ടിയില്‍ വലിയൊരു വളര്‍ച്ചക്ക് പിന്‍തുണയായി ഈ ശക്തിയെ ഉയര്‍ത്തിക്കാണിക്കാനും കഴിയും. ബി.ഓ.ടി റോഡുകളെപ്പറ്റി സുധീരന്‍ എതിര്‍പ്പുണ്ടാക്കുമ്പോള്‍ അത് ഏറ്റുപിടിക്കാന്‍ മുരളീധരനും, സുധീരന്‌ അനുകൂലമായി ഫ്ലക്സ് ഒട്ടിക്കാന്‍ മുരളിയുടെ അനുയായികളും ഉണ്ടാകുന്ന ഒരു കാലത്തെപ്പറ്റി ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. കോണ്‍ഗ്രസിലും ആശയ സമരം നടക്കുന്ന ആ കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ കുളിരുകോരും

കുറേ നാളായി വി.എം സുധീരന്‍ കോണ്‍ഗ്രസിന്റെ നയത്തിന്‌ വിരുദ്ധമായ സമീപനങ്ങള്‍ പരസ്യമായിത്തന്നെ എടുത്തുവരുന്നു. പലപ്പോഴും അത് വിവാദത്തിന്റെ വക്കില്‍വരെ എത്താറുമുണ്ട് എന്നാല്‍ അതാരും ഏറ്റുപിടിക്കാനില്ലാത്തതുകൊണ്ട് ക്ലച്ചുപിടിക്കുന്നില്ല എന്നെ ഉള്ളൂ. എന്നാല്‍ ഇന്ന് സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിരിക്കുന്നു. യുഡിഎഫ് 100% ഉറപ്പിച്ച കേരളഭരണം ഇപ്പോള്‍ 50% ആയി.അതുതന്നെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ലഭിക്കുമോ എന്ന സംശയം പല കോണുകളില്‍ നിന്നും ഉയാരന്‍ തുടങ്ങി. ഇനി അഥവാ ഒരു 75 സീറ്റ് ലഭിച്ച അധികാരത്തില്‍ എത്തിയാല്‍ത്തന്നെ അതില്‍ ഒരു 55 ഇല്‍ അധികം പേര്‍ ന്യൂനപക്ഷ സമുദായക്കാരാകാനുള്ള സാധ്യതയുമുണ്ട്. ലീഗ് ഒരു 22 സീറ്റും മാണി ഒരു 15 സീറ്റും സ്വാഭാവികമായും നേടുകയും കണ്ണായ വകുപ്പുകള്‍ കൊത്തിക്കൊണ്ട് പോകുകയും ചെയ്യും. മുഖ്യമന്ത്രികൂടെ ന്യൂനപക്ഷ സമുദായക്കാരനായാല്‍ ആ സര്‍ക്കാര്‍ ഒരു ന്യൂനപക്ഷ സമുദായങ്ങളുടെ സ്വന്തം സര്‍ക്കാരായി അവതരിപ്പിക്കപ്പെടാം എന്ന് മാത്രമല്ല തിരഞ്ഞെടുപ്പിനെ മുന്നെ തന്നെ ഇടതുപക്ഷം രഹസ്യമായി ഈ ആശയം പ്രചരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാധ്യതകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി സ്ഥാനം ഭൂരിപക്ഷ സമുദായത്തിന്‌ നല്‍കാമെന്ന നിലപാട് എടുത്താല്‍ ആ നയത്തിന്റെ ഗുണഭോക്തക്കളില്‍ പ്രധാനിയാകുക സുധീരനാകും.

ഇടതുപക്ഷം വിഎസിനെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിലെ ഇടത് പ്രതിഛായയുള്ള സുധീരനല്ലാതെ മറ്റാര്‍ക്കാണ്‌ സാധ്യത ഉള്ളത്. ഒപ്പം സുധീരന്‌ വേണ്ടി മുരളിയും അദ്ദേഹത്തിന്റെ അണികളും രംഗം സജീവമാക്കുകയും ചെയ്യും.സുധീരനൊപ്പം നില്‍ക്കുന്ന മുരളി വീണ്ടും ശ്രദ്ധേയനാകുമെന്ന് മാത്രമല്ല ചിലപ്പോള്‍ പാര്‍ട്ടിയില്‍ സുധീരന്‌ ശേഷം ആശയ സമരം നയിക്കുന്നതും മുരളിയാകാം. തന്റെ മോശപ്പെട്ട പ്രതിഛായ മാറ്റാനും ജനമനസുകളില്‍ ഇടം നേടാനും മുരളിക്ക് സുധീരനല്ലാതെ മറ്റൊരു അഭയമില്ല.

സുധീരന്റെ മുഖ്യമന്ത്രി ലബ്ദി നടന്നില്ലെങ്കിലും കെ.പി.സി.സി പ്രസിഡന്റെങ്കിലും ആകാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്നുണ്ട്. അപ്പോഴും ഒരു ആശയ സമരം നയിക്കാന്‍ ഉള്ള സാധ്യത സുധീരനും മുരളിക്കും പാര്‍ട്ടിയില്‍ തുറന്നുകിടപ്പുണ്ട്

3 comments:

Sudeep said...

കോണ്‍ഗ്രസ്സിലും ആശയസമരങ്ങള്‍ വരുന്നെങ്കില്‍ നല്ലതല്ലേ.. നടക്കട്ടെ!

Anish said...

ഇടതുപക്ഷം വിഎസിനെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ?? next is Kodiyeri.

Suseelan said...

കിരണ്‍ തോമസ്‌ നന്നായി വിശകലനം ചെയ്തിരിക്കുന്നു പക്ഷെ ആണ്റ്റണി അല്ലേ സുധീരനു പിറകില്‍ എന്നു സംശയിക്കേണ്ടിയിരിക്കുന്നു, സുധീരനു കാര്യ പ്റാപ്തി ഉണ്ട്‌, നല്ല മുഖ്യ മന്ത്റി ആയിരിക്കുകയും ചെയ്യും പക്ഷെ അണികള്‍ ആയി ആരുമില്ല , കോണ്‍ഗ്രസുകാറ്‍ക്ക്‌ ഭരണം കിട്ടിയാല്‍ കാര്യം നടത്തിക്കല്‍ ആണല്ലോ പണി അതല്ലേ എല്ല ബാറുകളും ഹോട്ടലുകളും യു ഡീ എഫ്‌ ഭരിക്കണമെന്നു ആഗ്രഹിക്കുന്നത്‌, അതിനു സുധീരനെ കാള്‍ ഉമ്മന്‍ ചാണ്ടി ആണു നല്ലതും, അതിനാല്‍ സുധീരനു സീറ്റ്‌ തന്നെ കിട്ടുമോ എന്നു ഡൌട്ടാണു, കാറ്‍ത്തികേയനെ പോലെ സുധീരനും ഇന്നു കോണ്‍ഗ്രസില്‍ ഒന്നും അല്ല എന്നതാണു സത്യം.