Tuesday, March 08, 2011

റിലയന്‍സും മനോരമയും ചില കുത്തക ചിന്തകളും

ഒരുകാലത്ത് അപ്രായോഗികം എന്നോ വിഢിത്തമെന്നോ ഒക്കെ ആയിരുന്നു ഇടത്പക്ഷ ആശയങ്ങളെ മുഖ്യധാര മാധ്യമങ്ങള്‍ കണ്ടിരുന്നത്. ഇടത് പക്ഷ നേതാക്കളാകട്ടെ ഗുണ്ടകളോ കോമാളികളോ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരുപത്തുപതിനഞ്ച് വര്‍ഷമായി ഇടതുപക്ഷ ആശയങ്ങള്‍ പലതും പലപ്പോഴായി മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. ഈ ഏറ്റെടുക്കല്‍ സംഭവിച്ചതിന്റെ ക്രഡിറ്റ് സഖാവ് വി.എസ് അച്യുതാനന്ദന്‍ അവകാശപ്പെടാം. അദ്ദേഹവുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടാണ്‌ ഇടത് നിലപാടുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ജനകീയ ആസൂത്രണ വിവാദത്തിലൂടെ അമേരിക്കന്‍ ഇടപെടലിനെപ്പറ്റിയും എച് എംടി ഭൂമിവിവാദത്തിലൂടെ പൊതു ഭൂമി സംരക്ഷിക്കലിനെപ്പറ്റിയും സ്വകാര്യ സെസ് അനുമതിയുമായി ബന്ധപ്പെട്ട് തൊഴിലാളി വിരുദ്ധ നയങ്ങളേപ്പറ്റിയും വിസ്മയ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് ജലചൂക്ഷണത്തെപ്പറ്റിയും കണ്ടല്‍പ്പാര്‍ക്കുമായും വളന്തക്കാട് പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി വിഷയങ്ങളെപ്പറ്റിയും കിനാലൂരുമായി ബന്ധപ്പെട്ട് വ്യവസായ പദ്ധതികളെപ്പറ്റിയും സ്വകാര്യ നിക്ഷെപത്തെപ്പറ്റിയുമൊക്കെ മുഖ്യധാര മാധ്യമങ്ങള്‍ തീവ്ര ഇടത് നിലപാടുകള്‍ സ്വീകരിച്ചു എന്ന് മാത്രമല്ല അത്തരത്തിലൊരു പൊതുബോധം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്തു

എന്നാല്‍ പല അവസരങ്ങളിലും ഈ നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നതും ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്‌. സ്വകാര്യ സെസ് സ്ഥാപങ്ങളിലെ തൊഴിലാളി വിരുദ്ധത ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ സ്മാര്‍ട്ട് സിറ്റി സെസില്‍ അതുണ്ടോ എന്നത് പരിശോധിക്കപ്പെട്ടില്ല എന്ന് മാത്രമല്ല എന്തുകൊണ്ട് മുഴുവന്‍ ഭൂമിയിലും സെസില്ല എന്നതായിരുന്നു വിവാദം.കണ്ടല്‍പ്പാര്‍ക്ക് പൂട്ടിക്കാന്‍ എഴുതി തകര്‍ത്ത ആളുകള്‍ കണ്ടല്‍വെട്ടി ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ പൊതു ബോധം നിര്‍മ്മിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഇങ്ങനെ പല പ്രശ്നങ്ങിലും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പ് ഉണ്ടായിരുന്നു.ഈ ഇരട്ടത്താപ്പിന്റെ ഭാഗമായാണ്‌ 2010 ഫെബ്രുവരി ഇല്‍ റിലയന്‍സിന്‌ ലഭിച്ച ഡാറ്റാസെന്റര്‍ കോണ്‍ട്രാക്റ്റ് അന്ന് വിവാദമാകാതെ ഇപ്പോള്‍ വിവാദമാകുന്നത്.ഇതിലെ രസകരമായി സംഗതി ഈ വിഷയം വിമത സി.പി.എം പ്രസിദ്ധീകരണമായ ജനശക്തി വലിയ പ്രാധാന്യത്തോടെ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. ജനശക്തിയില്‍ ഉടന്‍ വരാന്‍ പോകുന്ന വാര്‍ത്ത എന്ന് തലക്കെട്ടില്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ പല വാര്‍ത്തകളും നിറഞ്ഞ നിന്ന ഒരുകാലമുണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഇത് അവഗണിക്കപ്പെട്ടു. പി.സി ജോര്‍ജ്ജ് ഈ വിഷയം നിയമ സഭയില്‍ അവതരിപ്പിച്ചപ്പോഴും ഉണ്ടാകാതിരുന്ന വിവാദമാണ്‌ മാര്‍ച്ച 5 മുതല്‍ ഉമ്മന്‍ ചാണ്ടിയും മനോരമയും കൂടി കൊണ്ടുനടക്കുന്നത്.ഇതില്‍ വിവാദത്തിനുള്ള സ്കോപ്പ് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് ഞാന്‍ പറയും പക്ഷെ അത് മനോരമ അവതരിപ്പിക്കതിലെ കൌതുകം ചൂണ്ടിക്കാണിക്കാതെ വയ്യ. 5/3/2011 ഇലെ മനോരമയുടെ ഫ്രെണ്ട് പേജ് വാര്‍ത്തയുടെ ടൈറ്റില്‍ തന്നെ ചിരിപ്പിക്കും.സര്‍ക്കാരിന്റെ സര്‍വ്വ വിവരങ്ങളും റിലയന്‍സിന്‌ സ്വന്തം എന്നാണ്‌ അത്. ആ വാര്‍ത്തയുടെ പടം ചുവടെ ചേര്‍ക്കുന്നു


ഈ തലക്കെട്ട് നമ്മള്‍ പ്രതീക്ഷിക്കുന്നത് ദേശാഭിമാനിയിലോ മാധ്യമത്തില്‍ ഒരുപരിധിവരെ മാതൃഭൂമിയിലോ മാത്രമാണ്‌. എന്നാല്‍ മനോരമ പോലെ സ്വകാര്യവല്‍ക്കരണത്തിന്റെ അപ്പസ്തോലന്മാരായ ഒരു പത്രത്തില്‍ ഇങ്ങനെ ഒരു തലക്കെട്ട് വായനക്കാരെ അത്ഭുതപ്പെടുത്തും.തലക്കെട്ട് മാത്രമല്ല വാര്‍ത്തയിലുമുണ്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചിത്രത്തില്‍ ചുവന്ന വരയിട്ട് ഹൈലറ്റ് ചെയ്തിരിക്കുന്ന ഭാഗത്ത് ഉള്ള വാര്‍ത്ത ഇങ്ങനെ....

ഇവയെല്ലാം നിയന്ത്രിക്കുന്നത് റിലയന്‍സ് പരിപാലിക്കുന്ന സെര്‍വര്‍വഴിയാണെന്നതാണ്‌ വിചിത്രം.ചുരുക്കത്തില്‍ കേരളത്തെ സംബന്ധീക്കുന്ന സകല വിവരങ്ങളും റിലയന്‍സ് കമ്പനിയുടെ വിരല്‍ത്തുമ്പില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ഡേറ്റാ സെന്റര്‍ കൈമാറ്റത്തിലൂടെ.........................ഡാറ്റാ സെന്ററിനുമേല്‍ സംസ്ഥാന ഐടി വകുപ്പിന്‌ യാതൊരു നിയന്ത്രണവുമില്ല.
ഞെട്ടിക്കുന്ന ഈ വാര്‍ത്ത വന്ന് രണ്ട് ദിവസത്തിനകം ക്രിത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 7 ആം തിയതി 18 ആം പേജില്‍ ഡാറ്റ സെന്റര്‍ സി.ഡിറ്റിനേയും കെല്‍ട്രോണിനേയും ഒഴിവാക്കി എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത കാണുക. അതിലെ ചുവന്ന വരിയില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് ഇങ്ങനെ കാണുന്നു......

സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കി 5.6 കോടി രൂപ കൊടുത്ത് മൂന്ന് വര്‍ഷത്തേക്ക് റിലയന്‍സിനെ ഏല്‍പ്പിച്ച് ഡേറ്റ സെന്ററില്‍ അവര്‍ക്ക് കാര്യമായ ചുമതലകളില്ല എന്നതാണ്‌ വസ്തുത .ഡാറ്റ സെന്ററിലെ നെറ്റ്വര്‍ക്ക് കണക്ഷന്‍ പരിപാലിക്കുക എ.സിയും വൈദ്യ്തിയും ഉറപ്പ് വരുത്തുക തുടങ്ങിയ ജോലികളെ ഉള്ളൂ...സ്റ്റാഫ് റിലയന്സിന്റെതാണെങ്കിലും ഇപ്പോഴും ചുമതല ഐ.ടി മിഷനാണ്‌


കേരളത്തെ സംബന്ധീക്കുന്ന സകല വിവരങ്ങളും റിലയന്‍സ് കമ്പനിയുടെ വിരല്‍ത്തുമ്പില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ഡേറ്റാ സെന്റര്‍ കൈമാറ്റത്തിലൂടെ , ഡാറ്റാ സെന്ററിനുമേല്‍ സംസ്ഥാന ഐടി വകുപ്പിന്‌ യാതൊരു നിയന്ത്രണവുമില്ല എന്നൊക്കെ ഒന്നാം പേജ് വാര്‍ത്ത നല്‍കിയ പത്രം രണ്ട് ദിവസത്തിനുള്ളില്‍ ഇതോട് കടകവിരുദ്ധമായ വാര്‍ത്തയുമായി എത്തി എന്നതാണ്‌ രസകരം. അപ്പോള്‍ പറയുന്നു സ്റ്റാഫ് റിലയന്സിന്റെതാണെങ്കിലും ഇപ്പോഴും ചുമതല ഐ.ടി മിഷനാണ്‌

വാര്‍ത്തയിലെ ശരിതെറ്റുകള്‍ രാഷ്ട്രീയ പക്ഷപാതം മൂലമാണ്‌ എന്ന് കരുതി അവഗണിക്കാം. പക്ഷെ ഇതില്‍ നിന്ന് മനസിലാകുന്ന പ്രധാനമായ സംഗതി റിലയന്‍സ് അത്ര തങ്കപ്പന്മാരല്ല എന്ന് മനോരമക്കും അറിയാം എന്നതാണ്‌. സംസ്ഥാനത്തെ വിവരങ്ങളൊക്കെ ഉള്ള സെര്‍വര്‍ പരിപാലിക്കാന്‍ ഏല്‍പ്പിച്ചാല്‍ അവര്‍ അത് അടിച്ച്മാറ്റാനുള്ള സാധ്യതയുമുണ്ട് എന്നതും മനോരമ നമുക്ക് പറഞ്ഞു തരുന്നു. പക്ഷെ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ പി.എഫ് ഫണ്ട് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചപ്പോള്‍ റിലയന്‍സിന്റെ ധനകാര്യ സ്ഥാപനവും ലിസ്റ്റിലുണ്ടായിരുന്നു.പക്ഷെ എന്തുകൊണ്ടോ ഇപ്പോള്‍ റിലയന്‍സിനെ അളന്ന കോലുകള്‍ അന്ന് ബാധകമായില്ല.

6 comments:

ASOKAN said...

ഈ മനോരമയുടെ ഒരു കാര്യം!!!.
സര്‍ക്കാറിന്‍റെ സകല വിവരങ്ങളും റിലയന്‍സിനും കിട്ടുംപോലും!!!.
വിവരാവകാശ നിയമ പ്രകാരം പത്ത് രൂപ മുഅടക്കിയാല്‍ ആര്‍ക്കും കിട്ടാവുന്ന വിവരങ്ങള്‍.....
അത് ഇപ്പോള്‍ ഇങ്ങനെ റിലയന്‍സിന് കിട്ടുന്നതിനെ വലിയ വിവാദമാക്കി അവതരിപ്പിക്കുന്നത് കുഞ്ഞൂഞ്ഞിനെ സുഖിപ്പിക്കാന്‍ ആണ് എന്ന് ആര്‍ക്കാണ് അറിയാത്തത്?

Murali said...

‘സ്വകാര്യമേഖലയെന്നാല്‍ ചൂഷകരും, മര്‍ദ്ദകരും കൊള്ളക്കാരും, സര്‍ക്കാര്‍ എന്നാല്‍ സമത്വം, സ്വാതന്ത്ര്യം, നീതി, നിയമം’ എന്നിങ്ങനെയുള്ള കേരളത്തിന്റെ ‘ഇടതുപക്ഷ മനസ്സി’നോടൊപ്പം മനോരമയും നടന്നെത്തിയത് കാണുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നു. ക്യാപിറ്റലിസ്റ്റ് മുഖം‌മൂടി അഴിച്ചുവെച്ചല്ലോ, എന്തായാലും. ഇനിയിപ്പോള്‍ ‘ഉദാരവല്‍ക്കരണം എല്ലാ മേഖലയിലും നന്ന്, പത്രരംഗത്തൊഴിച്ച്’ എന്ന സര്‍ക്കസ്സ് വേണ്ടല്ലോ.

പക്ഷെ, മനോരമയെ മാത്രം എന്തിന് കുറ്റം പറയുന്നു, കേരളത്തിന്റെ ‘ഇടതുപക്ഷ മനസ്സ്’ നിര്‍മ്മിച്ചെടുത്തത് ഇവിടത്ത് ഇടതുപക്ഷ, ‘വലതുപക്ഷ’ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംയുക്തമായല്ലേ? എന്തിനും ഏതിനും സര്‍ക്കാര്‍തന്നെ ശരണം എന്ന മൂലമന്ത്രം ചെവിയില്‍ ഓതിക്കൊടുത്തിട്ട് ഇപ്പോള്‍ മൂലധന സമാഹരണത്തിന് വിദേശയാത്ര നടത്തുന്നത് മാര്‍ക്കറ്റ് ഇക്കണോമിയുടെ മെച്ചങ്ങള്‍ മനസ്സിലാക്കിയിട്ടോ, സോഷ്യലിസത്തിന്റെ ആപത്ത് തിരിച്ചറിഞ്ഞിട്ടോ ഒന്നുമല്ലല്ലോ? ‘നമുക്ക് കിട്ടണം പണം’ എന്ന ക്രോണി ക്യാപിറ്റലിസ്റ്റ് തന്ത്രമല്ലേ സാന്റിയാഗോ മാര്‍ട്ടിന്റെയും ഫാരിസ് മുഹമ്മദിന്റെയുമെല്ലാം ടെന്റില്‍ നമ്മെ എത്തിച്ചത്? പിണറായി സഖാവ് മാര്‍ക്സിനെവിട്ട് ലുഡ്വിഗ് വോണ്‍ മീസസിനെയും ഫ്രെഡറിക്ക് ഹയേക്കിനെയും ഒക്കെ വായിക്കാന്‍ തുടങ്ങിയിട്ടുമില്ലല്ലോ? Isn't kettle still calling pot black?

pappan said...

TCS ചെയ്തിരുന്നത് ഇത്തവണ ലേലത്തില്‍ റിലയന്‍സിന് കൊടുത്തു എന്നേയുള്ളു.

Harold said...

ഈ കിരണിനു വേറെ പണി ഒന്നും ഇല്ലേ? വെറുതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങളുമായി എഴുന്നെള്ളും..അല്ല പിന്നെ?

അനില്‍ഫില്‍ (തോമാ) said...

TCS private company alle? ee contract manoramayude cochin computers inu kodukkukayayirunnel nannayirunnu

മണ്‍സൂണ്‍ നിലാവ് said...

ഈ കോര്പരെറ്റ് ഭിമാന്മാര്‍ നമളെ മൊത്തത്തോടെ വിഴുങ്ങുന ലക്ഷണമാ ...