Monday, March 14, 2011

വീരേന്ദ്രകുമാറിന്‌ മാത്രം കിട്ടുന്ന ഇളവുകള്‍


എം.പി വീരേന്ദ്രകുമാര്‍ കേരള രാഷ്ട്രീയത്തിലെ വ്യത്യസ്ഥമായ മുഖമാണ്‌. ഒരേ സമയം രാഷ്ട്രീയക്കാരന്റെയും എഴുത്തുകാരന്റെയും പത്രസ്ഥാപന ഉടമയുടെയും പരിസ്ഥിതി വാദിയുടെയും ആഗോളവല്‍ക്കരണ വിരുദ്ധന്റെയും മുഖങ്ങളില്‍ നമുക്ക് വീരേന്ദ്രകുമാറിനെ കാണാന്‍ കഴിയും.അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് കടന്നു പോകുന്ന മാധ്യമ വിചാരണയില്‍ വീരേന്ദ്രകുമാര്‍ പെടുകയില്ല. ഗാട്ടും കാണാചരടും എന്ന പുസ്തകം തകര്‍ത്ത് വില്‍ക്കുന്ന കാലത്ത് അതേ സാമ്പത്തീക നയം നടപ്പിലാക്കുന്ന ധനകാര്യ സഹമന്ത്രിയായി തുടാരാന്‍ വീരേന്ദ്രകുമാറിന്‌ മാത്രമെ കഴിഞ്ഞിട്ടുള്ളൂ.

വാക്കും പ്രവര്‍ത്തിയും രാഷ്ട്രീയക്കാരെ സംബന്ധിച്ച് മിക്കപ്പോഴും രണ്ട് വഴിക്കാണ്‌. ഇന്നലെപ്പറഞ്ഞത് ഇന്ന് മാറ്റിപ്പറയേണ്ട അവസ്ഥയിലൂടെ കടന്ന് പോകാത്ത രാഷ്ട്രീയക്കാരില്ല അതില്‍ ഇടതെന്നോ വലതെന്നോ വ്യത്യാസവുമില്ല.എന്നാല്‍ നിലപാട് മാറ്റുന്ന രാഷ്ട്രീയ നേതാവ് പഴയ നിലപാടുകളുടെ പേരില്‍ കാലാകാലം വേട്ടയാടപ്പെടാറുണ്ട്.എന്നാല്‍ എംപി വീരേന്ദ്രമുകുമാറിനെ സംബന്ധിച്ചിടത്തോളം ഈ വേട്ട അദ്ദേഹത്തിന്‌ കാര്യമായി ഏല്‍ക്കേണ്ടി വന്നിട്ടില്ല.ഒരു മാധ്യമസ്ഥാപനം മറ്റൊരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കില്ല എന്ന പരസ്പര ധാരണയില്‍ വീരന്‍ മിക്കപ്പോഴും ഈ വിചാരണയില്‍ നിന്ന് രക്ഷപ്പെടും.

പിന്നെ ഉള്ളത് സാംസ്ക്കാരിക നായ്കരുടെ ആക്രമണമാണ്‌. മാതൃഭൂമി പോലെ സാംസ്ക്കാരിക നായകര്‍ക്ക് കോളമെഴുതാനും സ്വയം വളരാനുമുള്ള ഒരു പ്ലാറ്റ്ഫോമിനെ തള്ളിക്കളായാന്‍ പുകസ ഇതര സാംസ്ക്കാരിക നായകര്‍ തയ്യാറായിട്ടില്ല. പിന്നെ പുസ്തകം പ്രകാശനം ചെയ്യാന്‍ മാതൃഭൂമി ബുക്ക്സും കൂടിയാകുമ്പോള്‍ മൌനം വിദ്വാന്‍ ഭൂഷണം എന്ന നിലയിലാകും കാര്യങ്ങള്‍. സി.പി.എം അനുകൂല ബുദ്ധിജീവികള്‍ ഇടതുപക്ഷത്തോട് കാണിക്കുന്ന വിധേയത്വം സി.പി.എം വിരുദ്ധരും പൊതു സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നവരുമായ ബുദ്ധിജീവികള്‍ വീരേന്ദ്രകുമാറിനോട് കാണിക്കുന്നു

ഭൂമികൈയേറ്റമായാലും ഐസ്ക്രിം കേസിലെ മുന്‍നിലപാടില്‍ നിന്നുള്ള മാറ്റമായാലും നയവും പരിപാടിയും മറന്നുള്ള സഖ്യമായാലും വീരേന്ദ്രകുമാറിന്റെ കാര്യമാകുമ്പോള്‍ അത് വിസ്മരിക്കപ്പെടുകയോ അലെങ്കില്‍ വെള്ളയടിക്കപ്പെടുകയോ ചെയ്യും. മറ്റ് രാഷ്ട്രീയ നേതാക്കളെ ചോദ്യശരം കൊണ്ട് മൂടുന്ന കൊടി കുത്തിയ മാധ്യമപ്രവര്‍ത്തകര്‍ പോലും വീരന്റെ മുന്നിലെത്തുമ്പോള്‍ കവാത്ത് മറക്കും.

എല്‍ഡിഫില്‍ വീരനുള്ളപ്പോള്‍ കരുണാകരന്റെ മുരളി സ്നേഹത്തെപ്പറ്റിയും മക്കള്‍ രാഷ്ട്രീയത്തെപ്പറ്റിയും വീരേന്ദ്രകുമാര്‍ പറഞ്ഞിട്ടുള്ളതിന്‌ കണക്കില്ല. എന്നാല്‍ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത് തന്റെ മകനെ കല്‍പ്പറ്റയില്‍ മത്സരിപ്പിച്ചപ്പോള്‍ ഈ മാനദണ്ഡം ബാധകമായില്ല. ഇടതുമായി തെറ്റി വലതെത്തിയപ്പോഴും കല്‍പ്പറ്റ് സീറ്റില്‍ മകന്‍ സീറ്റ് ഉറപ്പാക്കിയ ശേഷം ഞാന്‍ ഇനി മത്സര രംഗത്തില്ല എന്ന് പറഞ്ഞ് വീരേന്ദ്രകുമാര്‍ മഹാനായി.വീറെന്ദ്രകുമാറിന്റെ മാതൃക മറ്റ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കാള്‍ സ്വീകരിക്കണമെന്നാണ്‌ ഇപ്പോള്‍ എല്ലായിടത്തു നിന്നും ഉയരുന്ന മുറവിളി. മകന്‌ സീറ്റുറപ്പായാല്‍ മാറാന്‍ പല നേതാക്കളും തയ്യാറാകുമെന്നത് വലിയ സംഭവമൊന്നുമല്ല. പിന്നെ ആദ്യമായല്ല വീരന്‍ മത്സരവിരുദ്ധനാകുന്നത്. ആദ്യമായി ലോകസഭയില്‍ ചെന്നപ്പോള്‍ അവിടെ ഉള്ളവരെല്ലാം മോശക്കാരാണ്‌ എന്നും ഇനി ലോകസഭയിലേക്ക് ഇല്ല എന്നും പറഞ്ഞത് വളരെ നാളുകള്‍ക്ക് മുന്നെയായതിനാല്‍ ആരും ഓര്‍ക്കാറില്ല.

വീരനിപ്പോള്‍ ഏറ്റവും ശ്രദ്ധേയനായാകുന്നത് ഐസ്ക്രീം കേസിലെ നയമാറ്റത്തെപ്രതിയാണ്‌. ഐസ്ക്രീം കേസിലില്‍ താന്‍ പണ്ട് പറഞ്ഞതൊക്കെ മറന്നു പോയെന്നും ഓര്‍മ്മിപ്പിച്ചാല്‍ പറയാമെന്നൊക്കെ കേസരി സ്മാരക ട്രസ്റ്റ് നടത്തിയ മുഖാമുഖത്തില്‍ പറഞ്ഞിരിക്കുന്നു. ക്രൈം നന്ദകുമാര്‍ ഐസ്ക്രിം പാര്‍ലര്‍കേസ് കത്തിനില്‍ക്കുമ്പോള്‍ മാതൃഭൂമിയുടെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തില്‍ നിന്ന് ചിലവരികള്‍ വായിക്കുക.........................
കോഴിക്കോട് പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് ഞാന്‍ സജീവമായി രംഗത്തെത്തിയപ്പോള്‍ എന്നെ സഹായിക്കാന്‍ ഇന്ന് പ്രക്ഷോഭ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളോ വ്യക്തികളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എം.പി വീരേന്ദ്രകുമാര്‍, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പി.സി ജോര്‍ജ്ജ് എംഎല്.അ കെ. അജിത തുടങ്ങിയ ചുരുക്കം ചിലരെ പ്രതികരിക്കുവാന്‍ ഉണ്ടായുള്ളൂ

അതായത് ഐസ്ക്രിം കേസ് രണ്ടാമതും കുത്തിപ്പൊക്കിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന വീരേന്ദ്രകുമാര്‍ ഇപ്പോള്‍ ഒന്നും ഓര്‍ക്കുന്നില്ല.പഴയ മാതൃഭൂമിയുടെ താളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന തന്റെ പ്രസ്താവനകളെപ്പോലും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത് ഈ നേതാവിനെ മാത്രം എന്തിന്‌ ഇത്രയധികം മാധ്യമ പ്രൊട്ടക്ഷന്‍ ലഭിക്കുന്നു എന്നത് കൌതകകരമായ സംഗതിയാണ്‌

4 comments:

Ajith said...

good retrospection.

like to put here കെ.എം. ഷാജഹാന്‍ 's article, even though a bit off topic. Please do delete the same if you find it inappropriate

'വി.എസ്. ഒരു പ്ലാറ്റ്‌ഫോമായിരുന്നു '

Link:http://www.mathrubhumi.com/books/story.php?id=688&cat_id=508#

കിരണ്‍ തോമസ് തോമ്പില്‍ said...

I put the following commnet there but it is not yet activated

ഷാജഹാനെ അടുക്കള സിന്റിക്കേറ്റില്‍ നിന്ന് വി.എസ് പുറത്താക്കിയപ്പോള്‍ മാത്രമാണ്‌ ഷാജഹാന്‌ ആദര്‍ശം പൊട്ടിമുളച്ചത്. വി.എസ് ഒരു പ്ലാറ്റ്ഫോം ആയിരുന്നു എന്ന തലക്കെട്ട് അന്വര്‍ത്ഥമാക്കുന്നതാണ്‌ ഷാജഹാന്റെ പ്രവര്‍ത്തികള്‍. ഷാജഹാന്‍ ഒരുപാട് സ്വപനം കണ്ടു . ആ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ മുഖ്യമന്ത്രി സ്വപനമുള്ള വി.എസിനൊപ്പം കൂടി ഒരു 10 വര്‍ഷം മുന്നെ ഇ.പി. ജയരാജനെക്കാള്‍ മോശം പ്രതിഛായ ഉണ്ടായിരുന്ന വി.എസിനെഷാജഹാന്‍ ബിജു പങ്കജിനെപ്പോലെ ഉള്ള മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് മിനിക്കി എടുത്തു. ഒപ്പം അപവാദപ്രചരങ്ങളും തുടങ്ങി. കൂടെ ആരെ ഒക്കെ കൂട്ടാമോ അവരെ ഒക്കെ കൂട്ടി. പി.സി ജോര്‍ജ്ജ് ക്രൈം നന്ദകുമാര്‍ അങ്ങനെ പല കുമാരന്മാരും ഷാജഹാന്‌ വേണ്ടി അണി നിരന്നു. മലപ്പുറം സമ്മേളനത്തില്‍ എല്ലാ പ്രതീക്ഷയും തകര്‍ന്ന് ഷാജഹാന്‍ പറ്റിയിറങ്ങുമ്പോള്‍ ഒരുപാട് തലകള്‍ ഉരുണ്ടുകഴിഞ്ഞിരുന്നു. എംപി. പരമേശ്വരന്‍ ഡോ.ഇക്ബാല്‍ ജോയി ഇളമണ്‍ തുടങ്ങിയവര്‍ എങ്ങനെയാണ്‌ പുറത്ത് പോയതെന്ന് ആരും അറിഞ്ഞില്ല. തോമസ് ഐസക്കായിരുന്നു ആത്യന്തിക ലക്ഷ്യം പക്ഷെ അതില്‍ തട്ടി ഷാജഹാന്‍ പോയീ പക്ഷെ വി.എസ് ജയിച്ചു. കുറേക്കാലം ഷാജഹാനെ വി.എസ് രഹസ്യാമയി പൊറുപ്പിച്ചു. ആദ്യം പി.കെ പ്രകാശൌം പിന്നീട് ജോസഫ് സി മാത്യവും മുഖ്യമന്ത്രിയിടെ സിന്റിക്കേറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ മറ്റൊരു വിശ്വസ്ഥനില്‍ തട്ടി പുറത്ത് പോയീ. ഷാജഹാന്റെ വഴിയും അതായിരുന്നു. ഇപ്പോള്‍ ഒന്നുമില്ലാതെ പെരുവഴിയില്‍ നില്‍ക്കുമ്പോള്‍ എന്തു ചെയ്യാം. പി സുരേന്ദ്രാനേപ്പോലെ വി.എസിന്റെ അവസാന ഓഹരിയും വിറ്റ് പുസ്തകമെഴുതി പടിയിറങ്ങുന്നു.

Ajith said...

What is your take on Thachankery episode, Was that also the fabrication of the same cocus?

കിരണ്‍ തോമസ് തോമ്പില്‍ said...

തച്ചങ്കേരി വിഷയം സത്യമാകാം അല്ലാതിരിക്കാം പക്ഷെ തച്ചങ്കേരി മാത്രം മോശക്കാരനാകുന്നത് ചില പ്രത്യേക താല്‍പ്പര്യപ്രകാരമാകാം. ചില പദ്ധതികള്‍ നല്ലതും ചിലത് മാത്രം മോശവുമാകുന്നത് പോലെയാണ്‌ അത്. 10 വര്‍ഷം മുന്നെ ഉള്ള വി.എസിന്റെ പ്രതിഛായ വച്ച് വി.എസിന്റെ ഇപ്പോഴത്തെ പ്രതിഛായ ഒന്ന് താരതമ്യം ചെയ്ത് നോക്കൂ? അതുപോലെ ചില ഉദ്യോഗസ്ഥാര്‍ നല്ലതും ചിലര്‍ മോശവുമാകും. ഷാജഹാന്റെ പുസ്തകം ഒരു ക്ലൂവാണ്‌ അതില്‍ പിടിച്ച് കയറിയാല്‍ ഒരുപാട് കാര്യങ്ങളുടെ പിന്നിലെ കളികള്‍ അറിയാന്‍ കഴിയും. ചിലരുടെ മോശം പ്രതിഛായ മാറ്റി പുതിയ പ്രതിഛായ നിര്‍മ്മിക്കാന്‍ പലരുടെയും പ്രതിഛായ തകര്‍ത്ത കഥകള്‍ കണ്ടെത്താന്‍ കഴിയും. പക്ഷെ അത് ആര്‍ ചെയ്യുമെന്നാണ്` അറിയേണ്ടത്. നാളെ ചിലപ്പോള്‍ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായെക്കാം