Tuesday, April 12, 2011

ആര്‍ക്ക് വോട്ട് ചെയ്യും

അടുത്ത 5 വര്‍ഷത്തെ ഭരണം ആര്‍ക്ക് നല്‍കണമെന്ന് കേരള ജനത തീരുമാനിക്കാന്‍ പോകുകയാണ്‌. ഇനി അതിന്‌ മണിക്കൂറുകള്‍ മാത്രം ബാക്കി.ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുക അവര്‍ക്ക് വോട്ട് ചെയ്യുക എന്നതാണ്‌ ഇനി ബാക്കിയുള്ള കര്‍മ്മം. ഭരണ തുടര്‍ച്ച വേണമെന്ന് എല്‍ഡിഎഫും ഭരണമാറ്റം വേണമെന്ന് യുഡിഎഫും പറയുന്നു.

ഭരണതുടര്‍ച്ച വേണമെന്ന് പറയുന്ന ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഏതാണ്ട് ഇപ്പോഴുള്ള അതേ ടീം തന്നെയാകും ഭരണത്തില്‍ (സി.പി.ഐയില്‍ മാറ്റങ്ങളുണ്ട്). അതുകൊണ്ട് തന്നെ ഇപ്പോള്‍ കാണുന്ന അതേ പരിപാടികള്‍ അവര്‍ പിന്‍തുടരാന്‍ തന്നെയാണ്‌ സാധ്യത.അതോടൊപ്പം ഇപ്പോഴുള്ള പ്രശ്നങ്ങളൊക്കെ അതേ പോലെ നിലനില്‍ക്കുകയും ചെയ്യും. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത മന്ത്രിമാരും മുഖ്യമന്ത്രി എന്ത് പണിയാണോ ഞങ്ങള്‍ക്കിട്ട് വയ്ക്കാന്‍ പോകുന്നത് എന്ന് കരുതിയിരിക്കുന്ന മന്ത്രിമാരുമായിരിക്കും ഇനിയും ഉണ്ടാകുക. പക്ഷെ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന ക്ഷേമ പ്രവര്‍ത്തങ്ങള്‍ തുടരും എന്ന് ഉറപ്പിക്കാം. പൊതുമേഖല സ്ഥാപങ്ങള്‍ ലാഭത്തില്‍ തുടരുകയും ചെയ്യും.പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കും മുറക്ക് കിട്ടുകയും ചെയ്യും.എന്നാല്‍ വ്യവസായ രംഗത്ത് നിക്ഷേപിക്കാന്‍ വരുന്നവരെ കാത്തിരിക്കുന്നത് നിരവധി കീറാമുട്ടികളായിരിക്കും എന്നുറപ്പ്. മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലാത്ത എല്ലാ സംരംഭകരും മാഫിയകളായി മുദ്രകുത്തപ്പെടും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ സാഹചര്യം ഒത്തുവന്നാല്‍ മുന്‍പ് അദ്ദേഹം അധിക്ഷേപിച്ചവരായാല്‍ പോലും ഫാന്‍ ക്ലബ് നേതാക്കള്‍ ചര്‍ച്ചിച്ചും വ്യാഖ്യാനിച്ചും അവരെ മഹത്വപ്പെടുത്തിക്കൊള്ളും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പുതിയ ഗൂഡ സംഘം രൂപം കൊള്ളുകയും അവര്‍ അജണ്ട നിര്‍ണ്ണയിക്കുകയും ചെയ്യും.അവര്‍ ക്ലീന്‍ ഷീറ്റ് നല്‍കാത്ത എല്ലാ പദ്ധതിക്കും മുഖ്യമന്ത്രി തുരംഗം വയ്ക്കുമെന്ന് ഉറപ്പ്.

ഇനി യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ക്ഷേമ പദ്ധതികള്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഭംഗിയായി നടത്തും എന്നാണ്‌ പ്രകടന പത്രിക കണ്ടാല്‍ തോന്നുക എങ്കിലും അത് നടക്കണമെന്നില്ല.കാരണം ക്ഷേമ പദ്ധതികള്‍ അവരുടെ നയത്തിന്റെ ഭാഗമല്ല. ആദ്യകാലങ്ങളില്‍ അവര്‍ ചിലപ്പോള്‍ പിന്നോട്ട് പോകില്ലായിരിക്കാം എന്നാല്‍ സാമ്പത്തിക വളര്‍ച്ച അവര്‍ ഉദ്ദ്യേശിക്കുന്നത് പോലെ ഉണ്ടായില്ല എങ്കില്‍ അവര്‍ ആദ്യം കൈവയ്ക്കുക ക്ഷേമ പദ്ധതികളില്‍ ആയിരിക്കും.പണമില്ലാതെ എങ്ങനെ ഇത് നടപ്പിലാക്കും എന്ന് ചോദിക്കാന്‍ അവരുടെ നയവും പരിപാടികളും അനുവദിക്കും.പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് പോകാം എന്ന് മാത്രമല്ല ചിലപ്പോള്‍ പൂട്ടി പോകുകയോ സ്വകാര്യ മേഖലക്ക് കൈമാറുകയോ ചെയ്യാം.

എന്നാല്‍ അവര്‍ സ്വകാര്യ സംരംഭകരോട് അനുഭാവം പുലര്‍ത്തുന്നതിനാല്‍ സ്വകാര്യ നിക്ഷേപം വിദേശ നിക്ഷേപം എന്നിവക്കുള്ള സാധ്യത തുറന്ന് കിടക്കുന്നു. സ്വകാര്യ നിക്ഷേപം ഉണ്ടാക്കാന്‍ ശ്രമിച്ച് പരാജായപ്പെട്ട ഇളമരം കരിം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ യുഡി.എഫിലെ വ്യവസായ മന്ത്രിക്ക് അനുഭവിക്കെണ്ടി വരില്ല ( സുധീരന്‍ ഒരു പാരയാകമെങ്കിലും). അതുകൊണ്ട് തന്നെ ഈ മേഖലയില്‍ വന്‍കുതിപ്പ് പ്രതീക്ഷിക്കാം. പഴയത് പോലെ ഇടതുപക്ഷത്തിന്‌ സ്വകാര്യ നിക്ഷേപത്തിനെതിരെ സമരം ചെയ്യാന്‍ കഴിയില്ല എന്നതും യുഡിഎഫിന്‌ ഈ രംഗത്ത് മുന്നെറ്റം കുറിക്കാന്‍ കഴിയും.

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലും മുഖ്യമന്ത്രിയും പാര്‍ട്ടിയും തമ്മിലും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥ ആവര്‍ത്തിക്കും എന്നാണ്‌ ഞാന്‍ കരുതുന്നത് . മീഡിയ പിന്‍തുണ പഴയത് പോലെ വി.എസിന്` ഇനിയുള്ള ടെമില്‍ ലഭിച്ചു എന്ന് വരില്ല. അപ്പോള്‍ പ്രതിപക്ഷവും മുഖ്യധാര മാധ്യമങ്ങളും വി.എസിനെതിരെ ഉറഞ്ഞു തുള്ളിയെക്കാം. അതിന്റെ അന്ത്യം എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ വയ്യ

എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അവിടെ രണ്ട് അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടും എന്നുറപ്പ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു ആന്റണി കരുണാകരന്‍ സുവര്‍ണ്ണകാലത്തേക്ക് കോണ്‍ഗ്രസിനെ എത്തിക്കും. ഒരു 80 സീറ്റ് നേടിയാണ്‌ യുഡിഎഫ് അധികാരത്തില്‍ എത്തുക എങ്കില്‍ മാണിഗ്രൂപ്പ് അടക്കമുള്ള ചെറുകക്ഷികള്‍ എന്ത് പുകിലൊക്കെയാകും കാട്ടിക്കൂട്ടുക എന്ന് ആലോചിക്കാനെ വയ്യ.

അപ്പോള്‍ ഇനി ഓരോരുത്തരും തീരുമാനിക്കുക നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്. ഞാന്‍ എന്തായാലും ഇടതിന്‌ തന്നെ ( ആദ്യമായി സി.പി.ഐക്ക്) വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.ക്ഷേമ പ്രവര്‍ത്തങ്ങള്‍ ഇനിയും തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എല്ലാവരും രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തില്‍ മുന്നണികളെ വിലയിരുത്തി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു

3 comments:

Praveen said...

എന്റെ ജീവിതത്തിലെ രണ്ടാമത്തെ വോട്ട് ബി ജെ പ്പി ക്ക് ... ആദ്യ വോട്ട് കോണ്‍ഗ്രെസ്സ്നു ആയിരുന്നു. കമ്മ്യൂണിസ്റ്റ്‌ ന്റെ ധ്ര്ഷ്ട്യത്തിനും കോണ്‍ഗ്രസിന്റെ ഉള്‍പോരിനും എതിരെ ഉള്ള വോട്ട്..

Suseelan said...

പ്രതിഭാശാലിയായ കിരണ്‍ തോമസ്‌ എല്‍ ഡീ എഫിനു വേണ്ടി എത്ര മനോഹരമായി പല പല ബ്ളോഗുകള്‍ എഴുതി പക്ഷെ എന്നിട്ടും ഇപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ്‌ കാണുന്നില്ലല്ലോ കിരണ്‍? ഇനി ചെന്നിത്തല ഉമ്മന്‍ അടിയില്‍ ആണോ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്‌? ഈ ഇലക്ഷന്‍ കമ്മീഷനില്‍ ആളു കൂടിയതിണ്റ്റെ ഫലം ഒരു മാസം നമ്മള്‍ റിസല്‍റ്റിനു കാത്തിരിക്കണം, ഈ ഒരു മാസം ഒരു ഭരണവും നടക്കില്ല

കേരളത്തില്‍ കഴിഞ്ഞ ഒരു മാസമായി ഒന്നും നടക്കുന്നുമില്ല, ഇങ്ങിനെ ഒരു നീണ്ട കാത്തിരിപ്പ്‌ ഇലക്ട്രോണീക്‌ യുഗത്തില്‍ വേണോ?

എത്ര പേരുടെ നീറുന്ന പ്രശ്നങ്ങള്‍ ആണു ഫയലില്‍ ഉറങ്ങി കിടക്കുന്നത്‌, ഭരണ മാറ്റം വന്നാല്‍ മെഷീനറി ട്രാക്കില്‍ ആകാന്‍ ഓണം വരെ കാക്കേണ്ടി വരും

കഷ്ടം തന്നെ

mirchy.sandwich said...

ചുരുക്കി പറഞ്ഞാൽ വി എസ്സിനെ മാറ്റിയാൽ ഇടതുപക്ഷഭരണം നന്നാവും അല്ലേ തോമ്പിൽ..? ഇടതു പക്ഷം ഇക്കുറി ജയിച്ചുകയറിയാൽ അത് താങ്കൾ ഈ പറഞ്ഞ വികസന വിരുദ്ധന്റെ മാത്രം ക്രെഡിറ്റിലായിരിക്കും. താങ്കളുടെ നവലോക നായകനായ പിണറായിയാണ് ഇടതുപ്ക്ഷത്തെ നയിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.