Wednesday, April 20, 2011

എളമരം‌ കരിം‌ ചെയ്ത തെറ്റുകൾ‌


കേരളത്തിന്റെ വ്യവസായ മന്ത്രി എളമരം‌ കരിം‌ ഈ തിരഞ്ഞെടുപ്പിൽ‌ തോൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ബസ് കണ്ടപ്പോൾ‌ എന്തുകൊണ്ടാകും‌ കരിം‌ തോറ്റുകാണണം‌ എന്ന് അത് എഴുതിയ ആൾ‌ ആഗ്രഹിച്ചത് എന്ന് വെറുതെ ആലോചിച്ച് പോയീ. യഥാർത്ഥ ഇടത് സ്പിരിറ്റ് ഉണ്ട് എന്ന് അവകാശപ്പെടുന്ന പല സൈബർ‌ മാധ്യമങ്ങളും‌ കരിം‌ പരാജയപ്പെടണം‌ അലെങ്കിൽ‌ പരാജയപ്പെടും‌ എന്ന പ്രതീതി നിലനിർത്തുന്നുമുണ്ട്. എന്തുകൊണ്ടായിരിക്കും‌ എളമരം കരിം‌ തോൽക്കണമെന്ന് പലരും‌ ആഗ്രഹിക്കുന്നത്. ബേപ്പൂർ‌ പോലുള്ള ഒരു സി.പി.എം‌ കോട്ടയിൽ‌ കരിം‌ തോൽക്കും‌ എന്നൊക്കെ പ്രചരിപ്പിക്കപ്പെടാനുള്ള കാരണം‌ എന്തായിരിക്കും‌

ഈ സർക്കാരിന്റെ വികസന നേട്ടങ്ങളിൽ‌ എല്ലാവരും‌ ഉയർത്തിക്കാട്ടിയ ഒന്നാണ് പൊതുമേഖല സ്ഥാപനങ്ങളെ വിറ്റ് നശിപ്പിക്കാതെ അവയെ സംരക്ഷിക്കുകയും‌ പ്രവർത്തന ലാഭത്തിൽ‌ എത്തിക്കാൻ‌ ശ്രമിക്കുകയും‌ ചെയ്തു എന്നത്. അതിന്റെ ക്രഡിറ്റ് എളമരം‌ കരീമിനാണ് എന്നതാണ് ഇതുവരെ ഉള്ള ചരിത്രം എ.കെ. ആന്റണിയുമായി സഹകരിച്ച് പ്രതിരോധ വകുപ്പിൽ‌ നിന്നുമുള്ള പ്രോജക്റ്റുകൾ‌ സംഘടിപ്പിച്ച് പൊതുമേഖല സ്ഥാപനങ്ങളെ പുനർജീവിപ്പിച്ചതിന്റെ എല്ല ക്രഡിറ്റും‌ കരീമിന് ഉണ്ട്. എന്നാലും‌ അദ്ദേഹം പരാജയപ്പെടണം‌ എന്ന് വലത് മാധ്യമങ്ങളെക്കാൾ‌ ഇടത് പക്ഷമെന്ന് നടിക്കുന്നവർ‌ ആഗ്രഹിക്കുന്നു.

പൊതുമേഖലയെ നിലനിർത്തുന്നതിനൊപ്പം ചെറുകിട വ്യവസായ മേഖല പരമ്പരാഗത വ്യവസായ മേഖല എന്നിവക്കും‌ കഴിഞ്ഞ 5 വർഷം നല്ലത് മാത്രമെ പറയാനുണ്ടായിരുന്നുള്ളൂ. ഇതോടൊപ്പം സ്വകാര്യ വ്യവസായങ്ങളും‌ കടന്നു വരണം‌ എന്ന നിലപാടായിരുന്നു കരിം‌ പുലർത്തിയത്. എല്ലാം‌ സ്വകാര്യവൽക്കരിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നയം‌ മറിച്ച് എല്ലാം‌ വേണം‌ എന്നത് തന്നെയായിരുന്നു. സി.പി.എമിന്റെ പാർട്ടി കോൺഗ്രസിലെ നിലപാടുമായി യോജിച്ച് പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം‌. എന്നാൽ‌ കേരള മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാകാനായിരുന്നു കരിമിന്റെ വിധി. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കൾക്ക് വ്യവസായ മന്ത്രി അപ്രിയനായിരുന്നു എന്നതാണ് ഇതിന്റെ മൂലകാരണം‌. അവരുടെ സ്വപ്ന പദ്ധതിയായ സ്മാർട്ട് സിറ്റി പദ്ധതി വന്നതിന് ശേഷമെ സമാനമായ മറ്റ് പദ്ധതികൾ‌ ഇവിടെ വരാവൂ എന്ന് ശാഠ്യം അവർക്കുണ്ടായി. അത് ആദ്യം സൈബർ‌ സിറ്റി വിവാദത്തിലും‌ തുടർന്ന് സ്വകാര്യ സെസ് വിവാദത്തിലും‌ എത്തി നിന്നു


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്.എം.ടിയുടെ ഭൂമി വാങ്ങിയ സൈബർ‌ സിറ്റിക്കാരെ കരിം‌ സഹായിച്ചു എന്നതായിരുന്നു ആദ്യ വിവാദം‌ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു തന്നെ ( ഈ ജോസഫ് സി മാത്യുവിനെപ്പറ്റി വി.എസിന്റെ എല്ലാം‌ എല്ലാം‌ ആയിരുന്നു ഷാജഹാന്റ പുസ്തകത്തിൽ‌ കൂടുതൽ‌ വിവരങ്ങൾ‌ ലഭിക്കും‌) തന്നെ സൈബർ‌ സിറ്റിക്കെതിരെ രംഗത്ത് എത്തി. മാധ്യമങ്ങൾ‌ കരിമിനെ ശത്രുപക്ഷത്ത് നിർത്തി വേട്ടയാടി യൂത്ത് കോൺഗ്രസുകാർ‌ സൈബർ‌ സിറ്റിയുടെ മതിൽ‌ തല്ലിപ്പൊളിച്ചു യഥാർത്ഥ ഇടതരും‌ ശിവൻ‌ മഠത്തിലും‌ കൂടി കേസ് കളിച്ചു അവസാനം‌ സുപ്രിം‌ കോടതിയിൽ‌ പോയി തോറ്റു. അങ്ങനെ വിലയേറിയ 3 വർഷത്തിന് ശേഷം‌ സൈബർ‌ സിറ്റി പണി തുടങ്ങി. അപ്പോഴും‌ സ്മാർ‌ട്ട് സിറ്റി കട്ടപ്പുറത്തായിരുന്നു.

ഈ വിവാദം കെട്ടടങ്ങുന്നതിനെ മുന്നെ സ്വകാര്യ സെസ് വിവാദമായി. കിൻഫ്രയുടെ ഭൂമി 99 വർഷത്തിന് പാട്ടത്തിനെടുത്തവർക്ക് പോലും‌ സെസ് നൽകരുത് എന്നതായിരുന്നു അന്ന് മുഖ്യമന്ത്രിക്ക് ഉപദേഷ്ടാക്കൾ‌ നൽകിയ നിർദ്ദേശം. വലത് മാധ്യമങ്ങൾപ്പോലും‌ സെസ് എന്ന ഭീകരതക്കെതിരെ തൊഴിലാളി വിരുദ്ധതക്കെതിരെ മുതലക്കണ്ണീർ‌ ഒഴുക്കി. എന്നാൽ‌ സ്മാർട്ട് സിറ്റിക്ക് 50% ഭൂമിയിൽ‌ സെസ് നിഷേധിക്കപ്പെട്ടതിനെതിരെയായിരുന്നു പിന്നീട് നടന്ന മറ്റൊരു ചർച്ച .സെസ് അപ്പോൾ‌ മഹത്തരമായ ഒന്നായി . സ്മാർട്ട് സിറ്റിയുടെ കുതന്ത്രങ്ങൾക്കെതിരെ ഉള്ള ഒറ്റമൂലിയായി സെസ് . അതിലെ തൊഴിലാളി വിരുദ്ധതയൊന്നും‌ ഒരിടത്തും‌ ചർച്ച ചെയ്യപ്പെട്ടില്ല.

കിനാലൂർ സംഭവമാണ് കരീമിനെ പിന്നീട് വില്ലനാക്കിയത് സർവ്വേക്ക് വന്ന ഉദ്യോഗസ്ഥരെയും‌ പോലീസിനെയും‌ ആക്രമിച്ച സമരക്കാർ പോലീസുകാരുടെ അടി വാങ്ങി. അതോടെ വീൺറ്റും‌ മാധ്യമ ലോകമുണർന്നു. പ്രശസ്ത നിഷ്പക്ഷ ഓഞ്ചിയം ജേർണലിസ്റ്റ് ഷാജഹാനാണ് അന്ന് ആശയ സമരം‌ നയിച്ചത് സോഷ്യലിസ്റ്റ് ജനതയും‌ മുസ്ലിം‌ ലീഗുമൊക്കെ പിന്നീട് കൂടെയെങ്കിലും‌ ജമായത്ത് ഇസ്ലാമിയും‌ അതിന്റെ പോഷക സംഘടനയായ സോളിഡാരിറ്റിയുമായിരുന്നു സമരത്തിന് മുന്നിൽ നിന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ‌ സി.പി.എമിന് ഓഞ്ചിയത്തൊക്കെ ഉണ്ടായ തിരിച്ചടി കിനാലൂർ‌ മേഖലയിൽ‌ ഉണ്ടാകും‌ എന്ന് പല നിഷ്പക്ഷ മാധ്യമ പ്രവർത്തകരും‌ പ്രവചിച്ചിരുന്നെങ്കിലും അതുണ്ടായില്ല എന്ന് മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പായതോടെ സോളിയും‌ ജമായത്തും‌ കരീമിന് പിൻതുണ പ്രഖ്യാപിക്കുകയും‌ ചെയ്തു.അന്ന് കിനലൂർ‌ കിനാലൂർ‌ എന്ന് കരഞ്ഞവർ ഒന്നും‌ ഇപ്പോൾ‌ ഒന്നും‌ മിണ്ടുന്നില്ല . ജമായത്ത് പത്രത്തിന്റെയും‌ വാരികയുടെയും‌ ഒക്കെ താളുകളിൽ‌ കരീമിനെതിരെ ഉറഞ്ഞു തുള്ളിയവരെയും‌ കാണുന്നില്ല. സോളി സഹയാത്രികരായ ബി.ആർപിയോ നീലകണ്ഠനോ എന്തുകൊണ്ടാണ് ജമായത്ത് നിലപാടിനെ എതിർക്കാത്തത് എന്ന് എത്ര ആലോചിച്ചിട്ടും‌ മനസിലാകുന്നില്ല

ഇനി പൊതുമേഖല സ്ഥാപനങ്ങൾ‌ ലാഭത്തിലാക്കിയത് ഗുരുദാസനോ ശർമ്മയോ വിജയകുമാറോ ആണ് എന്ന് വെറുതെ ഒന്ന് സങ്കൽപ്പിക്കുക. എന്തായിരിക്കും ഇവിടുത്തെ പുകിൽ. യഥാർത്ഥ ഇടത് നയം‌ ഇടത് ബദൽ‌ എങ്ങനെ നടപ്പിലാക്കാൻ‌ കഴിയും‌ എന്നതിന്റെ ഉത്തമോദഹരണമായി അത് വാഴ്ത്തപ്പെട്ടേനേ. നിർഭാഗ്യവശാൽ‌ കരിം‌ ചിലരുടെ കണ്ണിലെ കരടായിപ്പോയി അതുകൊണ്ട് തന്നെ മാധ്യമ വേട്ട അദ്ദേഹത്തിനെതിരായി . യഥാർത്ഥ ഇടതിനെ പൊക്കിപ്പിടിച്ച് നടന്നിരുന്ന മാധ്യമ പ്രവർത്തരും‌ മാധ്യമ നിരീക്ഷകരും‌ കരീമിന് അഭിനവ കുഞ്ഞാലിക്കുട്ടി എന്ന വിശേഷണം‌ പതിച്ച് നൽകി. പൊതുമേഖല വ്യവസായങ്ങളും‌ ചെറുകിട് വ്യവസായങ്ങളും‌ പാരമ്പര്യ വ്യവസായ മേഖലയുമൊക്കെ നന്നായി നടത്തിയ മന്ത്രി സ്വകാര്യ സ്ഥാപനങ്ങൾക്കൂടി നാടിനാവശ്യമാണ് എന്ന തിരിച്ചറിവിൽ‌ പ്രവർത്തിച്ചതിനാൽ‌ മുതലാളിമാരുടെ തോഴൻ‌ എന്ന പേരുകൂടു പതിച്ചെടുത്തു. സ്വകാര്യ നിക്ഷേപമില്ല മറ്റ് സംസ്ഥാനങ്ങളെ നോക്കൂ അവിടുത്തെ വികസനം‌ നോക്കൂ എന്നൊക്കെ പതിറ്റാണ്ടുകളായി മുറവിളി കൂട്ടുന്ന വലത് മാധ്യമങ്ങൾ‌ പോലും‌ കരിമിനെ സംശയത്തിന്റെ നിഴലിൽ‌ നിർത്തി ആക്രമിച്ചു എന്നതാണ് ചരിത്രം. അപ്പോൾ‌ കരിം‌ തോൽക്കുക തന്നെ വേണം‌5 comments:

Suseelan said...

ഇളമരം കരീം നല്ല ഒരു പെറ്‍ഫൊറ്‍മറ്‍ ആയിരുന്നു കഴിഞ്ഞ മിനിസ്റ്റ്റിയില്‍ ഇടതിണ്റ്റെ നേട്ടം അന്‍പതു ശതമാനം അങ്ങേറ്‍ക്ക്‌ അവകാശപ്പെട്ടതാണു ബാക്കി നാല്‍പത്‌ തോമസ്‌ ഐസക്കിനും പിന്നെ ബിവരേജസ്‌ കോറ്‍പ്പറേഷനില്‍ നിന്നുള്ള ഇന്‍ കം ആണൂ ട്രഷറി പൂട്ടാതെ നോക്കിയത്‌

അനില്‍ശ്രീ... said...

അപ്പോള്‍ ഈ വിഭാഗീയത ഇല്ല ഇല്ല എന്ന് പറയുന്നത് വെറുതെയാണ് അല്ലേ കിരണ്‍ ??

കിരണ്‍ തോമസ് തോമ്പില്‍ said...

http://www.malayalamvarikha.com/2011/April/15/report3.pdf

മലയാളം‌ വാരിക തിരഞ്ഞെടുപ്പ് സ്പെഷ്യൽ‌ വായിക്കൂ

dileep said...

ഹാരിസണ്‍ എസ്റ്റേറ്റ്‌ മുതലാളി പൂജനീയ ഗോയങ്ക മുതലാളി നയിക്കുന്ന ,മൂലധനവിരുദ്ദവും പിണറായി വിരുദ്ദവും ആയ, ബാബുമാരും മുരളിമാരുംജയച്ചന്ദ്രന്മാരും യഥാര്‍ത്ഥ ഇടതുപക്ഷത്തിനു വേണ്ടി കരഞ്ഞു കണ്ണ് കലക്കുന്ന ലോകോത്തര ക്ലാസിക് വരികയാണ്‌ സമകാലിക മലയാളം വാരിക.! ഇവന്മാര്‍ എഴുതുന്നത് കേട്ട് ആര്‍ക്കെങ്കിലും വോട്ടു ചെയ്യാന്‍ പോയാല്‍ ഓന്റെ ഗതി ,കട്ടപൊക.! ആസാദും അപ്പൂട്ടനും ഉമേഷ്‌ ബാബുവും ക്രൈം നന്ദകുമാറും നയിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തില്‍ വരുന്ന സുപ്രഭാതതിനായി നമുക്ക് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കാം ....... ഓം ഒന്ചിയായ നമ ഹ : ,ഓം തളിക്കുളായ നമ ഹ: ഓം ഷോര്‍ന്നൂരായ നമ ഹ :.....

റെഡ് ഈസ്‌ മൈ ലൈഫ് said...

പിതൃശൂന്യ പത്രപ്രവര്‍ത്തനത്തിന്‍റെ മാതൃകകള്‍ ഇന്നത്തെ മനോരമയില്‍ കണ്ടത് "എന്‍ഡോസള്‍ഫാനെതിരെ വി എസ് ഉപവസിക്കുന്നത് പാര്‍ട്ടിയെ അറിയിക്കാതെ വി എസ്-ന്‍റെ ഉപവാസത്തോട്‌ പാര്‍ടിയില്‍ ഒരു വിഭാഗത്തിന് യോജിപ്പില്ല.തിരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച ജനപ്രീതി നിലനിര്‍ത്താനുള്ള വി എസ്-ന്‍റെ ശ്രമമാണ് ഉപവാസത്തിന് പിന്നിലെന്ന് പാര്‍ടിയില്‍ ഒരു വിഭാഗം"-സുജിത് നായരുടെ റിപ്പോര്‍ട്ട്‌.
കണ്ണുള്ള ആര്‍ക്കെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടില്ലെന്നു നടിക്കാനാവുമോ ഈ റിപ്പോര്‍ട്ടിലും വിഷം കലക്കുന്ന സുജിത് നായരെ നാട്ടുഭാഷയില്‍ എന്തു വിളിക്കണം?
ബൈലൈന്‍ വെച്ച് പിതൃശൂന്യത എഴുതി വിടുന്ന തൊലിക്കട്ടി അപാരം........!