Thursday, May 26, 2011

യുഡിഎഫിന്‌ നടത്താവുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍

മനോരമ പത്രത്തിലെ ബിസിനസ് കോളത്തില്‍ പി.കിഷോര്‍   ബിസിനസ് രംഗം ഉറ്റുനോക്കുന്നു ആദ്യ നൂറു ദിനം എന്ന ലേഖനം യുഡിഎഫ് ഭരണത്തെപ്പറ്റി ഉള്ള ഒരു പൊതുബോധത്തിന്റെ ഉത്തമോദഹരണമാണ്‌. ഒരുപാട് അതിശയോക്തി കലര്‍ത്തി എഴുതിയിട്ടുണ്ടെങ്കിലും അത് മിക്കാവാറും യുഡിഎഫിന്റെ  പ്രഖ്യാപിത നയമായി കരുതപ്പെടുന്ന ഒന്നാണ്‌. അതിലെ ആദ്യ പാരഗ്രാഫ് തന്നെ ഇങ്ങനെയാണ്‌

അഞ്ചുകൊല്ലത്തിലൊരിക്കല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാവുക പതിവാണ്. ബിസിനസ് രംഗത്ത് ആവേശം പടരുകയും പുതിയ നിക്ഷേപ പദ്ധതികള്‍ക്കു ജീവന്‍ വയ്ക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുണ്ടാവും. ഭരണത്തില്‍ തന്നെ വേറൊരു തരം സംസ്ക്കാരം വരുന്നതിനാല്‍ ഓട്ടോകളും ടാക്സികളും കൂടുതല്‍ ഓടും. ഹോട്ടലുകളില്‍ അതിഥികള്‍ നിറയും, റസ്റ്ററന്റുകളില്‍ ആളുകൂടും. പ്രതീക്ഷകള്‍ വളരും. പക്ഷേ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതിനാല്‍ ഇക്കുറി ബിസിനസ് സമൂഹം സംശയിച്ചു നില്‍ക്കുകയാണ്.


ആദ്യത്തെ വരികളിലുള്ള ആവേശം അവസാനത്തെ പക്ഷെയില്‍ ചോര്‍ന്ന് പോകുന്നുണ്ട് എന്ന് നമുക്ക് കാണാന്‍ കഴിയും. അത് സര്‍ക്കാരിന്‌ 2 വോട്ട് ഭൂരിപക്ഷമെ ഉള്ളൂ എന്നതാണ്‌.മനോരമയൊക്കെ ഇങ്ങനെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആദ്യ മന്ത്രിസഭ യോഗം മുതല്‍ ഉമ്മന്‍ ചാണ്ടി ഈ ട്രാക്കില്‍ എത്തിയിട്ടില്ല. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും കൃഷിനാശമുണ്ടയവര്‍ക്കുമൊക്കെ നഷ്ടപരിഹാരം കൊടുക്കാനും ഒപ്പം അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് 1 ഏക്കര്‍ സ്ഥലവും 1000 രൂപ പെന്‍ഷനും നല്‍കാനുമൊക്കെയാണ്‌ ഉമ്മന്‍ ചാണ്ടി ആദ്യ ദിനങ്ങളില്‍ മുന്‍കൈ എടുക്കുന്നത്. എന്നാല്‍ ഈ ക്ഷേമ നടപടികളൊന്നും മനോരമക്കോ മാതൃഭൂമിക്കോ ഇഷ്ടപ്പെടുന്നില്ല എന്ന് കാണാന്‍ കഴിയും. അതുകൊണ്ട് തന്നെയാകാം ഇന്നത്തെ പത്രത്തില്‍ അവിവാഹിത അമ്മമാര്‍ക്ക് ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടാതെ പോയത്. 


ബിസിനസ് ലോകവും പത്രങ്ങളും സാമ്പത്തീകവിശാരദന്മാരുമൊന്നും അംഗീകരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ചെല്ലുമ്പോള്‍ ക്ഷേമ പദ്ധതികളെ വോട്ടായി മാറൂ എന്ന് ഉമ്മന്‍ ചാണ്ടി മനസിലാക്കും എന്ന് കരുതാം. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ തുണയായത്  അവര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ്‌. പെന്‍ഷനുകളും പൊതുജനാരോഗ്യ രംഗത്തെ മുന്നേറ്റവും പൊതുമേഖലയുടെ പുനരുദ്ധരണവുമൊക്കെയാണ്‌ അവര്‍ തിരഞ്ഞെടുപ്പ് പ്രചരണമാക്കിയത്. അവര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച മറ്റ് എല്ലാ വികസന പ്രവര്‍ത്തങ്ങളും വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോയതും വ്യവസായ മന്ത്രിക്ക് വില്ലന്‍ പരിവേഷം കിട്ടിയതും നമുക്ക് ഓര്‍മ്മയുണ്ട്. ഒട്ടുമിക്ക പദ്ധതികള്‍ക്കുമെതിരെ വന്ന സമരങ്ങള്‍ക്കും ജനകീയ കൂട്ടയ്മകള്‍ക്കും കിട്ടിയ മാധ്യമ ശ്രദ്ധയും മറ്റും വന്‍ വികസന പദ്ധതിക്ക് ശ്രമിക്കുന്നവര്‍ക്ക് പാഠമാകുമെന്ന് കരുതാം

ഇനി യുഡിഎഫിന്‌ എങ്ങനെയാണ്‌ ഇടതുപക്ഷം നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുമെന്ന് ചോദിക്കുന്നവരാണ്‌ പലരും എന്നാല്‍ ഇടത് പക്ഷം നടപ്പിലാക്കിയ പല പരിപാടികള്‍ക്കും അവര്‍ നടപ്പിലാക്കിയതിനെക്കാല്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നതാണ്‌ വസ്തുത. പല കാര്യങ്ങളും ഇടതുപക്ഷം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ അവര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേശാസ്ത്ര ബാധ്യത അവരെ വേട്ടയാടി തുടങ്ങും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അത് നമ്മള്‍ കണ്ടതാണ്‌. തരം പോലെ നിലപാറ്റ് മാറ്റുന്ന പ്രത്യേശാസ്ത്ര വിദഗ്തര്‍ ചാനലിലും പത്രങ്ങളിലുമിരുന്ന്  പല പ്രവര്‍ത്തനങ്ങളേയും കുഴപ്പത്തിലാക്കും. എന്നാല്‍ യുഡിഎഫിന്‌ ഈ പ്രശ്നമില്ല എന്ന് മാത്രമല്ല വന്‍ വികസനത്തിന്റെ വക്തക്കളായ അവര്‍ ക്ഷേമ പ്രവര്‍ത്തനവുമായി വരുമ്പോള്‍ അത് നേട്ടമാകുകയും ചെയ്യും.

ഇനി നമുക്ക് യുഡിഎഫിന്‌ ഇടതുപക്ഷത്തെക്കാന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന ചില  മേഖലകള്‍ പരിശോധിക്കാം.

പൊതുജനാരോഗ്യ മേഖല

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്‌ കഴിഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ മരുന്ന ഡോക്ടര്‍മാര്‍ എല്ലാം മുന്‍കാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു. എന്നാല്‍ ഈ രംഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ്‌. അതുകൊണ്ട് തന്നെ തീരെ പാവപ്പെട്ടവര്‍ മാത്രമേ ഈ ആശുപത്രികളെ ആശ്രയിക്കുന്നുള്ളൂ എന്ന് മാത്രമല്ല അവരെ തന്നെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നുമില്ല. ഡോക്ടര്‍മാര്‍ക്ക് ആകര്‍ഷകമായ സാലറി നല്‍കാന്‍ മറ്റ് സ്വകാര്യ ആശുപത്രികളെപ്പോലെ  സര്‍ക്കാരിന്‌ കഴിയണമെന്നുമില്ല.

ഈ പരിമിതിയെ അതിജീവിക്കാന്‍  പ്രയോഗികമായ ഒരു നയം മാറ്റത്തിലൂടെ കഴിയില്ലെ. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ ഒരു സാധരണ ജോലി സമയത്തിന്‌ ശേഷം ഒരു പ്രീമിയം ഓ.പി. തുടങ്ങാവുന്നതല്ലെ ഉള്ളൂ. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ കാണാന്‍ തന്നെയാണ്‌ വലിയൊരു വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത് . അതുകൊണ്ടാണ്‌ അവര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്ത് കാണുന്ന ആള്‍ക്കൂട്ടത്തിന്‌ കാരണവും. അതുകൊണ്ട് തന്നെ ഈ ഡോക്ടര്‍മാരെ അപ്പോയിന്‍മെന്റ് നിശ്ചയിച്ച് കാണാന്‍ കഴിയുകയും അതിന്‌ ഒരു ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്ത് 50:50 അനുപാതത്തില്‍ ഡോക്ടറും ആശുപത്രിയും ഇത് വീതിച്ചെടുക്കാന്‍ ഒരു സംവിധാനമുണ്ടാക്കിയാല്‍ ആരോഗ്യ രംഗത്ത്  വലിയൊരു മാറ്റത്തിന്‌ അത് കാരണമാകില്ലെ? ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല ആശുപത്രിക്കും നേട്ടമുണ്ട്. അവിടെയും വരുമാനമുണ്ടാകുന്നു. അതനുസരിച്ച് സര്‍ക്കാരിന്റെ സഹായം കുറക്കുകയോ അലെങ്കില്‍ സര്‍ക്കാര്‍ സഹായം ആശുപത്രിയുടെ സൌകര്യ വികസനത്തിന്‌ ഉപയോഗിക്കുകയോ ചെയ്യാവുന്നതുമാണ്‌.

ഇടത് സര്‍ക്കാരാണ്‌ ഈ നയം മുന്നോട്ട് വയ്ക്കുന്നതെങ്കില്‍ അത് എന്തൊക്കെ വിവാദങ്ങളാകും ഉണ്ടാക്കുക എന്നത് ആലോചിക്കാവുന്നതാണ്‌. പൊതുജന ആരോഗ്യം സ്വകാര്യവല്‍ക്കരണത്തിന്‌ തുറന്ന് കൊടുക്കുന്നതിന്റെ പിന്നിലെ അന്താരാഷ്ട്ര ഗൂഡാലോചനയെപ്പറ്റിയാകും ആദ്യ വിവാദം. അത് പിന്നീട് ഹോളണ്ടിലെക്കും റിച്ചാഡ് ഫ്രാങ്കിയിലേക്കുമൊക്കെ നീണ്ട് സി.ഐ.എ ഇടപെടല്‍ വരെ ആരോപിക്കപ്പെടും. എന്നാല്‍ ഇതെ നയം യുഡി.എഫ് കൊണ്ടുവന്നാല്‍ ഇടതുപക്ഷവും ഇതേ ആരോപണങ്ങള്‍  കൊണ്ടുവരില്ലെ എന്ന് ചോദ്യമുയരാം. എന്നാല്‍ പുതിയ മാധ്യമ സാഹചര്യത്തില്‍ യുഡി.എഫിന്‌ ഇത്  വ്യക്തമാക്കാന്‍ കഴിയും എന്ന് മാത്രമല്ല നല്ല രീതിയിലുള്ള മദ്ധ്യവര്‍ഗ പിന്‍തുണയും ലഭിക്കും


അടുത്തത് കാര്‍ഷിക മേഖല

Wednesday, May 25, 2011

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം

യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യം കേള്‍ക്കുക വികസന മുരടിപ്പ് മാറ്റാനുള്ള പദ്ധതികളെപ്പറ്റിയാണ്‌. ഇടത് സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസന വിരുദ്ധ അജണ്ടകളെ തിരുത്തിക്കുറിക്കാനുള്ള ആവേശമാണ്‌ സാധാരണ കേള്‍ക്കുക. എന്നാല്‍ ഇത്തവണ അതില്‍ ചില മാറ്റങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കേട്ട് തുടങ്ങി പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന്.

അവിവാഹതരായ ആദിവാസി അമ്മമാര്‍ക്ക് ഇടത് സര്‍ക്കാര്‍ നല്‍കിയിരുന്ന 300 രൂപ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും ഇവര്‍ക്ക്   ഒരേക്കര്‍ ഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി ഇന്ന് പ്രഖ്യാപിച്ചു. ഒപ്പം ചെങ്ങറ സമരക്കാര്‍ക്ക് നല്‍കിയ ഭൂമിയേപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാമെന്നുമൊക്കെ അദ്ദേഹം പറയുകയുണ്ടായി.മാത്രവുമല്ല 2 രൂപക്കുള്ള അരി വിതരണത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും ഒരു രൂപയുടെ അരി ഓണത്തിന്‌ നല്‍കാമെന്നുമാണ്‌ ചാണ്ടി പറയുന്നത്


ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ  വലത് സാമ്പത്തീക വാദികള്‍ സാധാരണ അനുകൂലിക്കാറില്ല. അത് ജനങ്ങളെ മടിയന്മാരാക്കുമെന്നും അതിനാല്‍ തൊഴിലവസരം വര്‍ദ്ധിപ്പിച്ച് അവരുടെ സാമ്പത്തീക അവസ്ഥ മെച്ചപ്പെടുത്തണം എന്നാണ്‌ ഇവരുടെ മതം. സാധാരണ യുഡിഫ് കേന്ദ്രങ്ങള്‍ ഈ നയത്തിന്റെ വക്തക്കാളാണ്‌. എന്നാല്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലം മുതല്‍ ഈ നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് മാറിയിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. ആ മാറ്റം ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചിരുന്നു

കേരളത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ പല ക്ഷേമ പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എങ്കിലും അത് വോട്ടായി മാറി എന്ന വസ്തുത യുഡിഎഫിനും ബോധ്യമായിരിക്കുന്നു എന്ന് വേണം കരുതാന്‍.ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അത്രക്ക് വലിയ ചിലവില്ല എന്നതും മദ്യം വിറ്റ് കിട്ടുന്ന 4000 കോടി രൂപ നികുതി എന്നത് പല വീടുകളിലും അടുപ്പ് പുകയേണ്ട തുകയാണ്‌ എന്നതും ഒരു ഭരണാധികാരിക്കും തള്ളിക്കളയാന്‍ കഴിയുന്നതല്ല. 2 രൂപക്ക് അരി നല്‍കാന്‍ വെറും 450 കോടി രൂപ ഒരു വര്‍ഷം ചിലവാക്കിയാല്‍ മതി. അത് ഒരു രൂപക്ക് നല്‍കാന്‍ 900 കോടിയേ വരൂ പിന്നെയും ഉണ്ട് 3000 രൂപ മദ്യവരുമാനത്തില്‍.

മദ്യത്തില്‍ നിന്നുള്ള വരുമാനത്തിലെ 70% തുകയും ക്ഷേമ പ്രവര്‍ത്തനത്തിന്‌ ചിലവഴിക്കാമെന്നാണ്‌ എന്റെ പക്ഷം. അത് പെന്‍ഷനായും പൊതുജന ആരോഗ്യ സംരക്ഷണത്തിനായും നിര്‍ബന്ധമായും ചിലവാക്കപ്പെടണം.

Tuesday, May 24, 2011

കേരള രാഷ്ട്രിയത്തിലെ രണ്ട് പ്രധാന തോല്‍വികള്‍

കേവലം രണ്ട് എം.എല്‍.എ മാരുടെ പിന്‍തുണയില്‍ ഭരണത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യ ദിനങ്ങളില്‍ തന്നെ പ്രതിസന്ധികളെ നേരിട്ട് തുടങ്ങിയതോടെ ഈ സര്‍ക്കാരിനെപ്പറ്റിയുള്ള ആശങ്കകള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.വകുപ്പ് വിഭജനഘട്ടത്തില്‍ തന്നെ ഇങ്ങനെ തുടങ്ങിയാല്‍ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ്‌ പലരും ചോദിക്കുന്നത്. 2001 ഇലേയും 2006 ഇലേയും തിരഞ്ഞെടുപ്പുകളില്‍ ഭരണ മുന്നണിക്ക് ലഭിച്ച 100 സീറ്റിനടുത്തുള്ള ഭൂരിപക്ഷമാണ്‌ പലരേയും ഈ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും എന്ന് ചിന്തിപ്പിക്കുന്നത്. എന്നാല്‍ 1982 മുതലുള്ള തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വലിയ ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശക്തി ഒരു മുന്നണിക്കും കേരള ജനത പതിച്ച് കൊടുത്തിട്ടില്ല എന്ന് കണക്കാക്കാന്‍ കഴിയും

1982 യുഡിഎഫിന്‌ ലഭിച്ചത് 77 സീറ്റ് 1987 ഇല്‍ എല്‍ഡിഎഫിന്‌ കിട്ടിയത് 78 സീറ്റ് എന്നാല്‍ ജില്ലാ  കൌണ്‍സില്‍ തിരഞ്ഞെടുപ്പിലെ അത്ഭുത വിജയത്തെ തുടര്‍ന്ന് നാലാം വര്‍ഷം നിയമസഭ പിരിച്ച് വിട്ട് ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടിയ എല്‍ഡിഎഫ് സര്‍ക്കാരിനെ രാജിവ് ഗാന്ധി തരംഗത്തില്‍ 91 സീറ്റ് നേടി യുഡിഎഫ് അട്ടിമറിച്ചു . 1996 ഇലെ എല്‍ഡിഎഫ് സര്‍ക്കാരിന്‌ കിട്ടിയത്  80 ന്‌ അടുത്ത് സീറ്റുകള്‍ മാത്രം. എന്നാല്‍ 2001 ഇലും 2006 ഇലും ഭരണ മുന്നണിക്ക് വന്‍ഭൂരിപക്ഷം കിട്ടി. 2011 ആയപ്പോഴേക്കും അത് വീണ്ടും പഴയ പടി എത്തിയിരിക്കുന്നു എന്ന് കാണാന്‍ കഴിയും


രണ്ട് നേതക്കളുടെ തോല്‍വികളില്‍ നിന്നുണ്ടായ പ്രശ്നങ്ങളില്‍ ഉന്നി കോണ്‍ഗ്രസിലും സി.പി.എമിലും ഉണ്ടായ പ്രശ്നങ്ങളായിരുന്നു ഈ 100 സീറ്റ് വിജയങ്ങള്‍ക്ക് പിന്നിലെന്ന് എനിക്ക് തോന്നുന്നു. ആദ്യത്തേത് 1992 ലാണ്‌ എന്ന് തോന്നുന്നു കെ.പി.സി.സി തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ നോമിനിയായി വയലാര്‍ രവി എ.കെ ആന്റണിയെ പരാജയപ്പെടുത്തുന്നു. അങ്ങനെ കരുണാകര വിഭാഗം കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നു. അതുവരെ കെ.പി.സി.സി പ്രസിഡന്റായിരുന്ന ആന്റണിക്ക് വേണ്ടി അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ കരുണാകരനെതിരെ ഗ്രൂപ്പ് കളി തുടങ്ങുന്നു. കരുണാകരന്‍ തിരിച്ച കളിക്കുന്നു അവസാനം അത് ചാരക്കേസില്‍ എത്തുകയും കരുണാകരന്‍ പുറത്തും ആന്റണി മുഖ്യമന്ത്രിയാകുകയും ചെയ്യുന്നു.എന്നാല്‍ 1996 ഇലെ തിരഞ്ഞെടുപ്പില്‍ ഈ ഫാക്ടര്‍ അത്രകണ്ട് പ്രവര്‍ത്തിച്ചില്ല. ചാരയ നിരോധനം കൊണ്ട് ആന്റണി ഉണ്ടാക്കിയ ഇമേജ് യുഡിഎഫിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ കരുണാകരന്റെ കലി അടങ്ങിയില്ല .അത് കത്തിപ്പിടിച്ചത്  2001 ഇലെ ആന്റണി സര്‍ക്കാരിനെയായിരുന്നു

1996 ഇല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അന്ന് മാരാരിക്കുളത്ത് സി.പി.എമിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വി.എസ് പരാജയപ്പെട്ടു. 1987 ഇലെ സര്‍ക്കാരിനെ 1991 ഇല്‍ രാജി വയ്പിച്ച് മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിയ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിന്‌ അങ്ങനെ രണ്ടാം തവണയും മുഖ്യമന്ത്രി സ്വപനം മരീചികയായി.അത് വി.എസിന്റെ കലിയിളക്കി പിന്നെ എല്ലാം ചരിത്രമാണ്‌ പാലക്കാട് സമ്മേളനം സി.ഐടിയുക്കാരെ വെട്ടിനിരത്തില്‍ അന്വേഷണ കമ്മിഷനുകള്‍ അങ്ങനെ അങ്ങനെ സി.പി.എമിന്റെ സംഘടന സംവിധാനം തല്ലി തകര്‍ത്തു.ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ കെടു കാര്യസ്ഥത  മോശം ധനകാര്യ മാനെജ്മെന്റ് ഒപ്പം സാമ്പത്തിക പ്രതിസന്ധികളും. ഇടതുപക്ഷത്തിന്റെ ഐക്കണുകളായ പൊതു ഇടങ്ങള്‍ തര്‍ന്നു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആറാം വാര്‍ഡില്‍ ഒരു വൃദ്ധന്‍ പുഴുത്തു കിടന്നു. മനോരയും മറ്റും അത് ആഘോഷിച്ചു 2001 ലെ  തിരഞ്ഞെടുപ്പ് ഫലം വന്നു 100 സീറ്റില്‍ യുഡിഎഫ്. 

2001 ഇലെ തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടുമ്പോള്‍ അവിടെ 1996 പ്രശ്നങ്ങള്‍ നീറിപ്പുകയുന്നുണ്ടായിരുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ആറന്‍മുളയിലും വടക്കേക്കരയിലും പേരാവൂരും പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ കരുണാകരന്‍ വെട്ടി സ്വന്തം നോമിനികളെ പ്രഖ്യാപിച്ചു. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാന്‍ ജനം നിന്നില്ല അവര്‍ക്ക് ഇടത് സര്‍ക്കാരിനെ എങ്ങനെ എങ്കിലും താഴെ ഇറക്കിയാല്‍ മതിയായിരുന്നു. കരുണാകരന്റെ 3 സ്ഥാനാര്‍ത്ഥികളും വിജയച്ചു . ആന്റണി മുഖ്യമന്ത്രി ആയി. കരുണാകരന്‍ തിരിച്ചടിച്ച് തുടങ്ങി ഉമ്മന്‍ ചാണ്ടിയെ പോലും മന്ത്രിസഭയില്‍ എടുക്കാന്‍ ആന്റണിക്ക് കഴിഞ്ഞില്ല. ആര്യാടനും തിരുവന്ചൂരുമൊക്കെ വെറും എം.എല്‍.എ മാരായപ്പോള്‍ കെ.വി.തോമസും കടവൂര്‍ ശിവദാസനുമൊക്കെ മന്ത്രിമാരായി. പിന്നെ കേരളത്തില്‍ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു അവസാനം അത് ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിലെത്തി. ആന്റണി മാറി ഉമ്മന്‍ ചാണ്ടി വന്നു  പക്ഷെ അനിവാര്യമായ പതനത്തില്‍ നിന്ന് യുഡിഎഫിനെ രക്ഷിക്കാന്‍ ചാണ്ടിക്കും കഴിഞ്ഞില്ല. കരുണകരന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി പഞ്ചായത്ത് തിരഞ്ഞെറ്റുപ്പില്‍ ഇടതിനൊപ്പം കൂടി വന്‍ പരാജയം കോണ്‍ഗ്രസിനുണ്ടായി.  ഡി.ഐ.സി പിന്നീട് തിരിച്ചു വന്നെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് എല്‍ഡിഎഫിന്‌  കിട്ടി. വി.എസിന്‌ സീറ്റ് നിഷേധിച്ച് പിന്നീട് നല്‍കുന്ന അവസ്ഥയിലേക്ക് സി.പി.എം എത്തി. ഈ അനുകൂല സാഹചര്യം പോലും കോണ്‍ഗ്രസിന്‌ തുണയായില്ല.

ആന്റണിയും കരുണാകരനും തമ്മിലും ആദ്യം വി.എസും സി.ഐടിയു വിഭാഗവും പിന്നീട് വി.എസും സി.പി.എമിലെ  ഔദ്യോഗിക വിഭാഗവും തമ്മിലുള്ളതുമായ പ്രശ്നങ്ങളുമാണ്‌ 1991 മുതലുള്ള സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തിയ ഘടകം എന്ന് നമുക്ക് കാണാന്‍ കഴിയും. വിമതര്‍ നേടുന്ന അമിത മാധ്യമ പ്രധാന്യം അവരെ ശക്തരാക്കുകയും അത് ആദ്യം പാര്‍ട്ടിയേയും പിന്നീട് സര്‍ക്കാരിനേയും ബാധിക്കുന്നതാണ്‌ 1991 മുതലുള്ള അനുഭവങ്ങള്‍. വിമതനെ ഓഡിറ്റ് ചെയ്യാതെ അവനെ പിന്‍തുണച്ച് നേട്ടമുണ്ടാക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിച്ചത്.അതിന്റെ ഫലമായി ഭരണം മോശമാകുകയും ചാനലുകള്‍ക്ക് ടാം റേറ്റിങ്ങും പത്രങ്ങള്‍ക്ക് സര്‍ക്കുലേഷനും കൂടി. ഈ സര്‍ക്കാരില്‍ ചേരാതെ മാറി നില്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റെ രമേശ് ചെന്നിത്തലയോ കുറച്ച് നാളായ അധര്‍ശ ധീരന്‍ ചമഞ്ഞ് നടക്കുന്ന വി.എം സുധീരനോ ആകും ഇത്തവണ വിമതനാകാന്‍ സാധ്യത. പക്ഷെ ആദ്യത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ അത് ഘടക കക്ഷി നേതാക്കള്‍ തന്നെ ആകുന്നു എന്നാണ്‌ കാണാന്‍ കഴിയുന്നത്.


Monday, May 16, 2011

തിരഞ്ഞെടുപ്പ് ഫലവും‌ ചില സമുദായ ചിന്തകളും‌

ആവേശകരമായ നിയമസഭ തിരഞ്ഞെടുപ്പ് ഫലം‌ ഫോട്ടോ ഫിനിഷിലൂടെ യുഡിഎഫിന് സ്വന്തമായെങ്കിലും‌ എൽഡിഎഫിനും‌ സന്തോഷം പകരുന്ന നേട്ടം സമ്മാനിച്ചൂ .ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ മന്ത്രിസഭ രൂപികരണവും‌ വകുപ്പ് വിഭജന ചർച്ചകളും‌ പൊടിപൊടിക്കുകയാണ്. ഘടകകക്ഷികളുമായുള്ള   ഉഭയകക്ഷി ചർച്ചകളേക്കാലും‌ കീറാമുട്ടിയാകുന്നത് സാമുദായിക സന്തുലനം‌ പാലിക്കലാണ് എന്ന അവസ്ഥയിലാണ് യുഡി.എഫ്. ഈ അവസരത്തിൽ‌ ഈ തിരഞ്ഞെടുപ്പ് ഫലത്തിലെ സാമുദായിക കാണക്കുകൾ‌ വെറുതെ പരിശോധിക്കുന്നു.

ആദ്യം നമുക്ക് എൽഡി.എഫ് എം‌.എൽ.എ മാരുടെ സാമുദായിക വിവരങ്ങൾ‌ നോക്കാം‌. ഇവർ‌ ഭരണത്തിൽ‌ ഇല്ലാത്തതിനാൽ നമുക്ക ഹിന്ദു,മുസ്ലിം ക്രിസ്ത്യൻ കണക്കുക‌ മാത്രം‌ നോക്കാം‌
(മലബാർ‌+മദ്ധ്യകേരളം‌+ തെക്കൻ കേരളം എന്ന് ഫോർമാറ്റിൽ‌ കൊടുക്കുന്നു)

ഹിന്ദു സമുദായക്കാർ‌      = 21+16+14=51
മുസ്ലിം സമുദായക്കാർ      =06+02+01=09
ക്രിസ്ത്യൻ സമുദായക്കാർ  =01+04+03=08
മൊത്തം                                             =68

ഇനി നമുക്ക് യുഡിഎഫിലെ സാമുദായക നില നോക്കാം

ഹിന്ദു സമുദായക്കാർ‌      = 07+11+8 =26
മുസ്ലിം സമുദായക്കാർ      =23+02+2 =27
ക്രിസ്ത്യൻ സമുദായക്കാർ  =02+15+2 =19
മൊത്തം                                            =72

ഇനി ഇത് കോൺഗ്രസ് പാർട്ടിയിൽ‌ എങ്ങനെ എന്ന് നോക്കാം

ഹിന്ദു സമുദായക്കാർ‌      = 05+10+07=22
മുസ്ലിം സമുദായക്കാർ      =04+01+02=7
ക്രിസ്ത്യൻ സമുദായക്കാർ  =02+06+01=9
മൊത്തം                                            =38

മന്ത്രിസഭ രൂപികരണത്തിൽ‌ സാമുദായിക പരിഗണന നൽകുന്നതിൽ‌ യുഡിഎഫ് പ്രത്യേകം‌ ശ്രദ്ധിക്കാറുണ്ട്. എന്നാലും‌ സാമുദായിക സംഘടനകൾ‌ ഒരിക്കലും‌ ഹാപ്പിയാകുകയും‌ ഇല്ല. ശശി തരൂരിനെ കേന്ദ്ര മന്ത്രിയാക്കി നായർ‌  ക്വാട്ടയിൽ‌ ഇട്ട് കാണിച്ചപ്പോൾ‌ ഡൽഹി നായർ പറ്റില്ല കേരള നായർ വേണമെന്ന് പറഞ്ഞ എൻ‌.എസ്.എസിനെ പോലെ ഉള്ളവരാണ് ഇവിടെ ഉള്ളത്. എന്നാലും‌ മന്ത്രിസഭാ രൂപീകരണത്തിൽ‌ യുഡിഎഫിലെ സാമുദായിക സമവാക്യങ്ങളുടെ സാധ്യത നോക്കാം

മുസ്ലിം സമുദായം
സാധാരണഗതിയിൽ 4 ലീഗ് + 1 കോൺഗ്രസ് ക്വാട്ടയാണ് ഉണ്ടാകാറ്. ഇത്തവണ ലീഗ് 5 ചോദിക്കുന്നു എന്ന് കേൾക്കുന്നു. എന്തായാലും‌ ആര്യാടൻ‌ മുഹമ്മദിനെ പുറത്തിരുത്തി ഉള്ള ഒരു കളിക്ക് കോൺഗ്രസ് ശ്രമിക്കില്ല എന്ന് കരുതാം

ക്രിസ്ത്യൻ സമുദായം
ക്രിസ്ത്യൻ സമുദായത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർത്തഡോക്സ് പ്രതിനിധിയായി എണ്ണപ്പെടും‌. ടി.എം‌ ജേക്കബ്  യക്കോബായ വിഭാഗത്തിലും‌ ഷിബു ബെബി ജോൺ‌ ലത്തീൻ വിഭാഗത്തിലും‌ എണ്ണപ്പെട്ടും‌.സുറിയാനി കത്തോലിക്ക ക്വാട്ടയിൽ‌ 2 എണ്ണം‌ മാണിഗ്രൂപ്പിനാണ്. അത് ഇത്തവണ 3 വേണമെന്നാണ് മാണിഗ്രൂപ്പ് പറയുന്നത്. കോൺഗ്രസിലെ കത്തോലിക്ക ക്വാട്ട ലത്തീനിലോ സുറിയാനിയിലോ ഒന്ന് എന്നാണ്. ഷിബു ലത്തീൻ വിഭാഗത്തിൽ‌ നിന്ന് മന്ത്രിസഭയിൽ‌ വന്നാൽ അത് ഡോമിനിക്ക് പ്രസന്റേഷന്റെ സാധ്യത ഇല്ലാതാക്കുകയും‌ 7 തവണയായി ഇരിക്കൂറിൽ‌ നിന്ന് ജയിക്കുന്ന കെ.സി. ജോസഫിന്റെ സാധ്യത വർദ്ധിപ്പിക്കുകയും‌ ചെയ്യും. പക്ഷെ വരാപ്പുഴ അതിരൂപതയിൽ‌ നിന്നുള്ള സമ്മർദ്ദത്തെ കോൺഗ്രസ് എങ്ങനെ നേരിടും‌ എന്നതാണ് പ്രധാനം

ഹിന്ദു സമുദായം
സോഷ്യലിസ്റ്റ് ജനതയിലെ കെ.പി. മോഹനനും കെ.ബി ഗണേഷ് കുമാറും നായർ ക്വാട്ടയിലെ രണ്ട് വിലപ്പെട്ട മന്ത്രിസ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇനി നായർ‌ ക്വാട്ടയിൽ എത്ര മന്ത്രിസ്ഥാനം കോൺഗ്രസ് നൽകുമന്ന് അറിയില്ല എങ്കിലും ഈ ലിസ്റ്റിൽ ഇടം പിടിക്കാൻ ഉള്ളവർ‌ ഒരുപാട് ഉണ്ട്
തിരുവഞ്ചൂർ ,കാർത്തികേയൻ,തേറമ്പിൽ,പാലോട് രവി,കെ.മുരളീധരൻ,വിഡി സതീശൻ പി.സി വിഷ്ണുനാഥ തുടങ്ങിയവരിൽ നിന്ന് ആരൊക്കെ ഈ ക്വാട്ട ഫില്ല് ചെയ്യും എന്ന് കാത്തിരുന്ന് കാണാം

ഇനി ഈഴവ ക്വാട്ടയിൽ ഇത്തവണ കെ.ബാബുവും അടൂർ പ്രകാശും‌ എതാണ്ട് ഉറപ്പാണ്. പിന്നെ ഉള്ളത് ചിറ്റൂരിലെ അച്യുതനും. ഇവരിൽ നിന്നുള്ള സെലക്ഷൻ താരതമ്യെന എളുപ്പവുമാണ്. 

സംവരണ വിഭാഗത്തിൽ‌ നിന്ന്  എ.പി. അനിൽ കുമാറോ ജയലക്ഷ്മിയോ വരാനുള്ള സാധ്യതയാണുള്ളത് യുഡീഫിലെ ഏക വനിത അംഗമായ ജയലക്ഷ്മിക്ക് തന്നെയാണ് സാധ്യത

മറ്റ് സമുദായ ക്വാട്ടയിൽ ശക്തനും ടി.എൻ പ്രതാപനും മന്ത്രിമാരാകാനുള്ള സാധ്യതയും‌ കാണുന്നു. എന്നാൽ‌ മാർത്തോമ സഭക്കോ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾക്കോ മന്ത്രി ഉണ്ടാകുനുള്ള സാധ്യതയും‌ ഇല്ല

Wednesday, May 04, 2011

പെരുന്നയിലെ നായരും മാധ്യമങ്ങളിലെ നായരും

വി.എസ് വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാൻ‌ തങ്ങൾ‌ സമദൂരം വിട്ട് യുഡിഎഫിനെ പിൻതുണച്ചു എന്ന് NSS ആക്റ്റിങ്ങ് സെക്രട്ടറി ഇന്നലെ പറഞ്ഞത് . ഇതോടൊപ്പം മറ്റ് ചില കാര്യങ്ങൾക്കൂടി സുകുമാരൻ നായർ പറഞ്ഞിരുന്നു. അതിന്നലെ ഇന്ത്യാവിഷനും‌ ഇന്ന് മംഗളവും‌ കേരള കൗമുദിയും‌ മെട്രോ വാത്തയും‌ റിപ്പോർട്ട് ചെയ്തു. അതിലെ ഏറ്റവും‌ പ്രധാനപ്പെട്ട ഭാഗം ഇതാണ്

വി.എസിനെതിരേ കടുത്ത വിമര്‍ശനമാണു സുകുമാരന്‍ നായര്‍ ഉന്നയിച്ചത്‌. വലതുപക്ഷത്തോടുള്ള ആഭിമുഖ്യം കൊണ്ടോ, ഇടതുപക്ഷത്തോടുള്ള എതിര്‍പ്പുകൊണ്ടോ അല്ല സമദൂരം മാറ്റിവച്ചത്‌. വീണ്ടും വി.എസ്‌. മുഖ്യമന്ത്രിയാവുന്നതു തടയുകയായിരുന്നു ലക്ഷ്യം. സംസ്‌ക്കാരമില്ലാത്ത, ജന്യാധിപത്യ വിശ്വാസമില്ലാത്ത ആളാണു വി.എസ്‌. എന്തു വൃത്തികേടും ചെയ്യാന്‍ മടിയില്ലാത്ത ആള്‍. മന്നത്തു പദ്‌മനാഭന്‍ ജീവിച്ചിരുന്നെങ്കില്‍ വി.എസ്‌.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നതുപോലെയുള്ള സാമൂഹ്യ അനീതിക്കെതിരേ ശബ്‌ദമുയര്‍ത്തിയേനെയെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.

ഇന്ത്യ വിഷൻ ഈ വാർത്ത അവരുടെ വെബ് സൈറ്റിൽ ഇങ്ങനെ നൽകി.വിഎസ് എന്ത് വൃത്തികേടും ചെയ്യുന്ന ഒരുത്തൻ എന്നായിരുന്നു തലക്കെട്ട്കഴിഞ്ഞ കുറെ വർഷങ്ങളായി വി.എസിനെ ആൾ‌ ദൈവമായി വളർത്തിക്കൊണ്ട് വന്ന് മാ:ഭൂ പത്രം ഈ വാർത്ത 10 ആം പേജിൽ വളരെ പ്രാധാന്യം കുറച്ച് നൽകി. തലക്കെട്ടിലും സൗമനസ്യം കാട്ടി എതിർപ്പ് വി.എസ് ശൈലിയോട് NSS ( എങ്ങനെ ഉണ്ട്)
ദീപികയാകട്ടെ അതിലും‌ പ്രാധാന്യം കുറച്ച് 7 ആം പേജിൽ ആരും‌ കാണാത്ത രീതിയിൽ‌ ഇങ്ങനെ റിപ്പോർട്ട് ചെയ്തു.യുഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചു എന്ന് തലക്കെട്ട്മനോരമ പണ്ടേ പ്രൊഫഷനലായത് കൊണ്ട് അവർ‌ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടേ നൽകി.എന്നാൽ‌ മനോരമയും‌ സുകുമാരൻ‌ നായർ പറഞ്ഞ കാര്യങ്ങൾ‌ റിപ്പോർട്ട് ചെയ്യാതെ കൈയടക്കം കാണിച്ചുമനോരമയുടെയും‌ മാതൃഭൂമിയുടെയും‌ വാർത്തകളെഴുതിയവർ ഏതാണ്ട് ഒരേ തൂവൽ‌ പക്ഷികളേപ്പോലെയുണ്ട്. അപ്പോൾ‌ വാർത്തകൾ‌ ആർക്കൊക്കെ അനുകൂലമായി അലെങ്കിൽ‌ പ്രതികൂലമായി എപ്പോഴൊക്കെ എങ്ങനെ ഒക്കെ വളച്ചൊടിച്ച് നൽകാം എന്നതിന്റെ ഒരു ഉദാഹരണമായി കിടക്കട്ടേ.