Tuesday, May 24, 2011

കേരള രാഷ്ട്രിയത്തിലെ രണ്ട് പ്രധാന തോല്‍വികള്‍

കേവലം രണ്ട് എം.എല്‍.എ മാരുടെ പിന്‍തുണയില്‍ ഭരണത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യ ദിനങ്ങളില്‍ തന്നെ പ്രതിസന്ധികളെ നേരിട്ട് തുടങ്ങിയതോടെ ഈ സര്‍ക്കാരിനെപ്പറ്റിയുള്ള ആശങ്കകള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.വകുപ്പ് വിഭജനഘട്ടത്തില്‍ തന്നെ ഇങ്ങനെ തുടങ്ങിയാല്‍ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ്‌ പലരും ചോദിക്കുന്നത്. 2001 ഇലേയും 2006 ഇലേയും തിരഞ്ഞെടുപ്പുകളില്‍ ഭരണ മുന്നണിക്ക് ലഭിച്ച 100 സീറ്റിനടുത്തുള്ള ഭൂരിപക്ഷമാണ്‌ പലരേയും ഈ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും എന്ന് ചിന്തിപ്പിക്കുന്നത്. എന്നാല്‍ 1982 മുതലുള്ള തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വലിയ ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശക്തി ഒരു മുന്നണിക്കും കേരള ജനത പതിച്ച് കൊടുത്തിട്ടില്ല എന്ന് കണക്കാക്കാന്‍ കഴിയും

1982 യുഡിഎഫിന്‌ ലഭിച്ചത് 77 സീറ്റ് 1987 ഇല്‍ എല്‍ഡിഎഫിന്‌ കിട്ടിയത് 78 സീറ്റ് എന്നാല്‍ ജില്ലാ  കൌണ്‍സില്‍ തിരഞ്ഞെടുപ്പിലെ അത്ഭുത വിജയത്തെ തുടര്‍ന്ന് നാലാം വര്‍ഷം നിയമസഭ പിരിച്ച് വിട്ട് ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടിയ എല്‍ഡിഎഫ് സര്‍ക്കാരിനെ രാജിവ് ഗാന്ധി തരംഗത്തില്‍ 91 സീറ്റ് നേടി യുഡിഎഫ് അട്ടിമറിച്ചു . 1996 ഇലെ എല്‍ഡിഎഫ് സര്‍ക്കാരിന്‌ കിട്ടിയത്  80 ന്‌ അടുത്ത് സീറ്റുകള്‍ മാത്രം. എന്നാല്‍ 2001 ഇലും 2006 ഇലും ഭരണ മുന്നണിക്ക് വന്‍ഭൂരിപക്ഷം കിട്ടി. 2011 ആയപ്പോഴേക്കും അത് വീണ്ടും പഴയ പടി എത്തിയിരിക്കുന്നു എന്ന് കാണാന്‍ കഴിയും


രണ്ട് നേതക്കളുടെ തോല്‍വികളില്‍ നിന്നുണ്ടായ പ്രശ്നങ്ങളില്‍ ഉന്നി കോണ്‍ഗ്രസിലും സി.പി.എമിലും ഉണ്ടായ പ്രശ്നങ്ങളായിരുന്നു ഈ 100 സീറ്റ് വിജയങ്ങള്‍ക്ക് പിന്നിലെന്ന് എനിക്ക് തോന്നുന്നു. ആദ്യത്തേത് 1992 ലാണ്‌ എന്ന് തോന്നുന്നു കെ.പി.സി.സി തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ നോമിനിയായി വയലാര്‍ രവി എ.കെ ആന്റണിയെ പരാജയപ്പെടുത്തുന്നു. അങ്ങനെ കരുണാകര വിഭാഗം കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നു. അതുവരെ കെ.പി.സി.സി പ്രസിഡന്റായിരുന്ന ആന്റണിക്ക് വേണ്ടി അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ കരുണാകരനെതിരെ ഗ്രൂപ്പ് കളി തുടങ്ങുന്നു. കരുണാകരന്‍ തിരിച്ച കളിക്കുന്നു അവസാനം അത് ചാരക്കേസില്‍ എത്തുകയും കരുണാകരന്‍ പുറത്തും ആന്റണി മുഖ്യമന്ത്രിയാകുകയും ചെയ്യുന്നു.എന്നാല്‍ 1996 ഇലെ തിരഞ്ഞെടുപ്പില്‍ ഈ ഫാക്ടര്‍ അത്രകണ്ട് പ്രവര്‍ത്തിച്ചില്ല. ചാരയ നിരോധനം കൊണ്ട് ആന്റണി ഉണ്ടാക്കിയ ഇമേജ് യുഡിഎഫിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ കരുണാകരന്റെ കലി അടങ്ങിയില്ല .അത് കത്തിപ്പിടിച്ചത്  2001 ഇലെ ആന്റണി സര്‍ക്കാരിനെയായിരുന്നു

1996 ഇല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അന്ന് മാരാരിക്കുളത്ത് സി.പി.എമിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വി.എസ് പരാജയപ്പെട്ടു. 1987 ഇലെ സര്‍ക്കാരിനെ 1991 ഇല്‍ രാജി വയ്പിച്ച് മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിയ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിന്‌ അങ്ങനെ രണ്ടാം തവണയും മുഖ്യമന്ത്രി സ്വപനം മരീചികയായി.അത് വി.എസിന്റെ കലിയിളക്കി പിന്നെ എല്ലാം ചരിത്രമാണ്‌ പാലക്കാട് സമ്മേളനം സി.ഐടിയുക്കാരെ വെട്ടിനിരത്തില്‍ അന്വേഷണ കമ്മിഷനുകള്‍ അങ്ങനെ അങ്ങനെ സി.പി.എമിന്റെ സംഘടന സംവിധാനം തല്ലി തകര്‍ത്തു.ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ കെടു കാര്യസ്ഥത  മോശം ധനകാര്യ മാനെജ്മെന്റ് ഒപ്പം സാമ്പത്തിക പ്രതിസന്ധികളും. ഇടതുപക്ഷത്തിന്റെ ഐക്കണുകളായ പൊതു ഇടങ്ങള്‍ തര്‍ന്നു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആറാം വാര്‍ഡില്‍ ഒരു വൃദ്ധന്‍ പുഴുത്തു കിടന്നു. മനോരയും മറ്റും അത് ആഘോഷിച്ചു 2001 ലെ  തിരഞ്ഞെടുപ്പ് ഫലം വന്നു 100 സീറ്റില്‍ യുഡിഎഫ്. 

2001 ഇലെ തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടുമ്പോള്‍ അവിടെ 1996 പ്രശ്നങ്ങള്‍ നീറിപ്പുകയുന്നുണ്ടായിരുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ആറന്‍മുളയിലും വടക്കേക്കരയിലും പേരാവൂരും പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ കരുണാകരന്‍ വെട്ടി സ്വന്തം നോമിനികളെ പ്രഖ്യാപിച്ചു. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാന്‍ ജനം നിന്നില്ല അവര്‍ക്ക് ഇടത് സര്‍ക്കാരിനെ എങ്ങനെ എങ്കിലും താഴെ ഇറക്കിയാല്‍ മതിയായിരുന്നു. കരുണാകരന്റെ 3 സ്ഥാനാര്‍ത്ഥികളും വിജയച്ചു . ആന്റണി മുഖ്യമന്ത്രി ആയി. കരുണാകരന്‍ തിരിച്ചടിച്ച് തുടങ്ങി ഉമ്മന്‍ ചാണ്ടിയെ പോലും മന്ത്രിസഭയില്‍ എടുക്കാന്‍ ആന്റണിക്ക് കഴിഞ്ഞില്ല. ആര്യാടനും തിരുവന്ചൂരുമൊക്കെ വെറും എം.എല്‍.എ മാരായപ്പോള്‍ കെ.വി.തോമസും കടവൂര്‍ ശിവദാസനുമൊക്കെ മന്ത്രിമാരായി. പിന്നെ കേരളത്തില്‍ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു അവസാനം അത് ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിലെത്തി. ആന്റണി മാറി ഉമ്മന്‍ ചാണ്ടി വന്നു  പക്ഷെ അനിവാര്യമായ പതനത്തില്‍ നിന്ന് യുഡിഎഫിനെ രക്ഷിക്കാന്‍ ചാണ്ടിക്കും കഴിഞ്ഞില്ല. കരുണകരന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി പഞ്ചായത്ത് തിരഞ്ഞെറ്റുപ്പില്‍ ഇടതിനൊപ്പം കൂടി വന്‍ പരാജയം കോണ്‍ഗ്രസിനുണ്ടായി.  ഡി.ഐ.സി പിന്നീട് തിരിച്ചു വന്നെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് എല്‍ഡിഎഫിന്‌  കിട്ടി. വി.എസിന്‌ സീറ്റ് നിഷേധിച്ച് പിന്നീട് നല്‍കുന്ന അവസ്ഥയിലേക്ക് സി.പി.എം എത്തി. ഈ അനുകൂല സാഹചര്യം പോലും കോണ്‍ഗ്രസിന്‌ തുണയായില്ല.

ആന്റണിയും കരുണാകരനും തമ്മിലും ആദ്യം വി.എസും സി.ഐടിയു വിഭാഗവും പിന്നീട് വി.എസും സി.പി.എമിലെ  ഔദ്യോഗിക വിഭാഗവും തമ്മിലുള്ളതുമായ പ്രശ്നങ്ങളുമാണ്‌ 1991 മുതലുള്ള സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തിയ ഘടകം എന്ന് നമുക്ക് കാണാന്‍ കഴിയും. വിമതര്‍ നേടുന്ന അമിത മാധ്യമ പ്രധാന്യം അവരെ ശക്തരാക്കുകയും അത് ആദ്യം പാര്‍ട്ടിയേയും പിന്നീട് സര്‍ക്കാരിനേയും ബാധിക്കുന്നതാണ്‌ 1991 മുതലുള്ള അനുഭവങ്ങള്‍. വിമതനെ ഓഡിറ്റ് ചെയ്യാതെ അവനെ പിന്‍തുണച്ച് നേട്ടമുണ്ടാക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിച്ചത്.അതിന്റെ ഫലമായി ഭരണം മോശമാകുകയും ചാനലുകള്‍ക്ക് ടാം റേറ്റിങ്ങും പത്രങ്ങള്‍ക്ക് സര്‍ക്കുലേഷനും കൂടി. ഈ സര്‍ക്കാരില്‍ ചേരാതെ മാറി നില്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റെ രമേശ് ചെന്നിത്തലയോ കുറച്ച് നാളായ അധര്‍ശ ധീരന്‍ ചമഞ്ഞ് നടക്കുന്ന വി.എം സുധീരനോ ആകും ഇത്തവണ വിമതനാകാന്‍ സാധ്യത. പക്ഷെ ആദ്യത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ അത് ഘടക കക്ഷി നേതാക്കള്‍ തന്നെ ആകുന്നു എന്നാണ്‌ കാണാന്‍ കഴിയുന്നത്.


8 comments:

Murali said...

2001-ലെ ഇടതിന്റെ വന്‍ തോല്‍‌വിക്ക് കാരണം അച്യുതാനന്ദന്‍ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തെ തല്ലിപ്പൊളിച്ചതാണ് എന്ന വിലയിരുത്തല്‍ ചിരിക്കിടനല്‍കുന്നു. കേരളം കണ്ടതിലേക്കും ഏറ്റവും നാറിയ ഭരണങ്ങളിലൊന്നായിരുന്നു 96-01 - ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍. സാര്‍വത്രികമായ, പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയിലെ, അഴിമതി, സര്‍ക്കാരില്‍ ഭരണഘടനാ ബാഹ്യ ശക്തികളുടെ അമിതമായ ഇടപെടല്‍, ഭരണക്കാരുടെ അതിരുകവിഞ്ഞ അഹന്ത ഇതെല്ലാമാണ് യു.ഡി.എഫിന് നൂറുസീറ്റ് നേടിക്കൊടുത്തത് - യു.ഡി.എഫില്‍ പാരവയ്പ് തിരുതകൃതിയായി നടന്നിട്ടുപോലും. കരുണാകരന്‍പോലും അതിന്റെ അടുത്തെത്തുന്ന ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ്‍് സത്യം. അപ്രതീക്ഷിതമായ വന്‍ വിജയം കരുണാകരന്റെ ബാര്‍ഗയിനിങ് പവര്‍ വളരെയധികം വെട്ടിച്ചുരുക്കുകയും ചെയ്തു. അന്നും ഒരു ഡി-ഫാക്റ്റോ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചത് അച്യുതാനന്ദനാണ്. യഥാര്‍ഥത്തില്‍, അച്യുതാനന്ദന്റെ ജനപിന്തുണ കാര്യമായി വര്‍ദ്ധിക്കാന്‍ തുടങ്ങിയത് 96-2001 കാലയളവ് മുതലാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...


അന്നും ഒരു ഡി-ഫാക്റ്റോ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചത് അച്യുതാനന്ദനാണ്. യഥാര്‍ഥത്തില്‍, അച്യുതാനന്ദന്റെ ജനപിന്തുണ കാര്യമായി വര്‍ദ്ധിക്കാന്‍ തുടങ്ങിയത് 96-2001 കാലയളവ് മുതലാണ്.

അന്നത്തെ അച്യുതാനന്ദനെ ഓര്‍ക്കാത്തതുകൊണ്ടാണ്‌ ഇതൊക്കെ എഴുതിയതെന്ന് കരുതുന്നു. കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്ന് ആറാം വാര്‍ഡില്‍ പുഴുത്ത വൃദ്ധന്റെ പടത്തിനൊപ്പം കണ്ടത് എല്‍ഡി.എഫ് കണ്‍വീനര്‍ വി.എസ് ലണ്ടന്‍ ആശുപത്രിയില്‍ കിടക്കുന്നതാണ്‌. മകനെ കയര്‍ഫെഡില്‍ നിയമിച്ചതും കല്ലുവാതുക്കല്‍ മദ്യ ദുരന്തവുമൊക്കെ ആയി വി.എസിന്റെ പ്രതിഛായ മാനം മുട്ടി നിന്നിരുന്ന തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ് ജയിച്ചത് വെറും 4703 1996 ഇല്‍ ശിവദാസ മേനോന്‍ 18779 വോട്ടിന്‌ ജയിച്ച മണ്ഡലമാണ്‌ ഇതെന്ന് ഓര്‍ക്കുക

karimeen/കരിമീന്‍ said...

പി.ശശി എന്ന ഇന്ന് ഏറ്റവും വലിയ പെണ്ണ് പിടിക്കാരനും അഴിമതിക്കാരനുമൊക്കെയായി അറിയപ്പെടുന്ന തന്റെ വിശ്വസ്ഥനെ ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വച്ച് അന്ന് സമാന്തര സര്‍ക്കാരുണ്ടാക്കി ഭരിക്കുകയായിരുന്നു അച്യുതാനന്ദന്‍! വെള്ളാപ്പള്ളി നടേശനുമായി നമുക്കാര്‍ക്കും അറിയാത്ത ഒരു ഇടപാടിന്മേല്‍ ഇടഞ്ഞതും ശ്രീനാരായണ ഗുരുവിന്റെ പ്രതിമകള്‍ തകര്‍ത്തതും അച്യുതാനന്ദന്റെ അന്ന്ത്തെ മറ്റൊരു സംഭാവന. ഇവിടത്തെ തുക്കടാ ആശുപത്രിയില്‍ കിടന്ന് നശിക്കാനുള്ളതാണോ എന്റെ ജീവന്‍ എന്നു കൂടി ഈ തൊഴിലാളി സഖാവ് പരസ്യമായി പത്രക്കാരോട് ചോദിച്ചു.

Prakash said...

വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകുന്നത് സ്വപ്നം കണ്ട് ഒരു ജന്മം പാഴായ വേദന കിരണിന്റെ വാക്കുകളിലുണ്ടല്ലോ.

ഇനിയും വേണോ കിരണേ വി എസ് അച്യുതാനന്ദനോടുള്ള പക? പാര്‍ട്ടി ഒന്നടങ്കം അച്യുതാനന്ദന്‍ അനിഷേധ്യ നേതാവാണെന്ന് അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും ഇത് നിറുത്തിക്കൂടെ ഈ പൊറാട്ടു നാടകം?

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റെ ആഗ്രഹം‌ എന്തെങ്കിലുമാകട്ടേ ഞാൻ പറഞ്ഞതിലെ തെറ്റുകൾ‌ ചൂണ്ടിക്കാണിക്കൂ. അല്ലതെ പാർട്ടി വി.എസിനെ അംഗീകരിച്ചത് കൊണ്ട് വി.എസിന്റെ ചരിത്രം മാറുന്നില്ലല്ലോ

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രകാശിന്റെ പബ്ലിഷാകാതെ പോയ കമന്റ് കാണുക. മരുപറ്റി വൈകിട്ട് ഇടാം


Prakash has left a new comment on your post "കേരള രാഷ്ട്രിയത്തിലെ രണ്ട് പ്രധാന തോല്‍വികള്‍":

തോറ്റപ്പോള്‍ വി എസ് അച്യുതാനന്ദനു കലിയിളകി എന്നൊക്കെ ആക്ഷേപിക്കുമ്പോള്‍ ആ തോല്‍വി എങ്ങനെ സംഭവിച്ചു എന്നും കൂടി നോക്കേണ്ടേ? പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ പാര്‍ട്ട്റ്റി സെക്രട്ടറി തോറ്റതിനെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ആന്റണി തോറ്റതുമായി കുട്ടിക്കെട്ടുന്നത് കാണുമ്പോള്‍ ചിരി വരുന്നു.

അച്യുതനന്ദനെ തോല്‍പ്പിച്ച് കോണ്‍ഗ്രസിനെ ജയിപ്പിക്കുകയാണവിടെ പാര്‍ട്ടി വോട്ടര്‍മാര്‍ ചെയ്തത്. അത് വെറുതെ അങ്ങു ചെയ്തതല്ല. അതിന്റെ പിന്നില്‍ പല ലക്ഷയങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തിനു രണ്ടു പ്രാവശ്യം സീറ്റു നിഷേധിച്ചവരുടെ അതേ ലക്ഷ്യം. തോല്‍പിച്ചവരെ കെട്ടിപ്പിടിക്കാന്‍ അച്യുതാനനന്ദനു തോന്നിയില്ല. അദ്ദേഹമല്ല മറ്റാരാണെങ്കിലും കലി ഉണ്ടാകും. ഇല്ലെങ്കില്‍ വല്ല നികൃഷ്ടജീവിയുമായി ജനിക്കണം. തോല്‍പ്പിച്ചവരെ പാര്‍ട്ടികുള്ളില്‍ അദ്ദേഹം നേരിട്ടു. അതില്‍ യാതൊരു തെറ്റുമുണ്ടെന്നു തോന്നുന്നില്ല. സ്വന്തം പാര്‍ട്ടിസ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നവരെ അങ്ങനെ തന്നെ നേരിടണം. അന്തസുള്ള പാര്‍ട്ടിയിലതാണു വേണ്ടത്.

സി പി എമ്മിന്റെ സംഘടനാ സംവിധാനം പിണറായി വിജയന്റെ നേതൃത്വത്തില്‍ അതിശക്തമായി തലയുയര്‍ത്തിപ്പിടിച്ചു നിന്ന 2009 ല്‍ പാര്‍ട്ടി തോറ്റു തൊന്നം പാടി. 2010 ല്‍ പാര്‍റ്റി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീമമായ പരാജയം ഏറ്റു വാങ്ങി. അത് തെളിയിക്കുന്നത് സംഘടനാ സംവിധാനമല്ല ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്നതിനുഊള്ള മാനധണ്ഡംഎന്നാണ്. വോട്ടു ചെയ്യണമെന്ന് ജനങ്ങള്‍ക്ക് കൂടി തോന്നണം. ചിലപ്പോള്‍ അത് നല്ല ഭരണവുമല്ല. ഇക്കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം മികച്ചതായിരുന്നു. എന്നിട്ടും ജനങ്ങള്‍ അതിനെ വീണ്ടും തെരഞ്ഞെടുത്തില്ല.

കലി അച്യുതാനന്ദനു മാത്രമല്ല ഉള്ളത്. ലാവലിന്‍ വിഷയത്തില്‍ പിണറായിയെ പിന്തുണച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ടുള്ള കലിയുടെ പുറത്ത് വീരേന്ദ്ര കുമാറിനെ ഇടതുപക്ഷ മുന്നണിയില്‍ നിന്നും ചവുട്ടിപ്പുറത്താക്കി. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടതു മുന്നണിയിലുണ്ടായിരുന്നെങ്കില്‍ ഇടതുപക്ഷം വീണ്ടും അധികരത്തില്‍ വരുമായിരുന്നു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. പി ശശിക്കെതിരെ പരാതി കൊടുത്തു എന്നതിന്റെ പേരിലുള്ള കലിയാണ്, സി കെ പി പദ്മനാഭനെ ഇത്ത്വാണ മത്സരിപ്പിക്കാതിരുന്നതിന്റെ കാരണം. മുന്നണി തോറ്റാലും വൈരനിര്യാതനം മുഖമുദ്രയാക്കിയ പിണറായി സഖാവിന്റെ വികൃ തികളാണിത്തവണ മുന്നണിയെ അധികാരത്തില്‍ നിന്നും അകറ്റിയത്.

പിണറായി സഖാവിന്റെ രാഷ്ട്രീയ ഭാവിയൊക്കെ ഏതാണ്ടവസാനിച്ചു കഴിഞ്ഞു. അതിന്റെ കലി ഇനി ആരോടൊക്കെ തീര്‍ക്കുമെന്ന് വൈകാതെ അറിയാം.

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രകാശിന്റെ മനസിൽ‌ ഇപ്പോഴും‌ 2001 ന് ശേഷമുള്ള മുഖം‌ മിനുക്കിയ വി.എസിന്റെ ചിത്രം മാത്രമെ ഉള്ളൂ എന്നാൽ‌ അതിന് മുന്നേയും വി.എസ് ഉണ്ട്. ഇന്ന് നമ്മൾ‌ ഔദ്യോഗിക പക്ഷത്തെപ്പറ്റി കേൾക്കുന്ന തരത്തിലുള്ള വാർത്തകൾ‌ വി.എസിനെപ്പറ്റി ഒരുപാട് ഉണ്ടായിട്ടുണ്ട്. 1991 ഇൽ‌ 4 വർഷം‌ പ്രായമായ ജനപ്രീതിയുള്ള നയനാർ സർക്കാരിനെ പിരിച്ച് വിട്ട് മുഖ്യമന്ത്രി ആകാൻഇറങ്ങിയ പാർട്ടി സെക്രട്ടറിയാണ് വി.എസ്. നിർഭാഗ്യവശാൽ‌ പാർട്ടി തോൽക്കുകയും‌ വി.എസിന് പ്രതിപക്ഷ നേതാവ് സ്ഥാനം‌ കൊണ്ട് തൃപതിപെടേണ്ടി വരികയും‌ ചെയ്തു. അതുവരെ വർഷനഗ്ങളായ അനുഭവിച്ചിരുന്ന പാർട്ടി സെക്രട്ടറി സ്ഥാനവും‌ വി.എസിന് നഷ്ടമായി.എസിന്റെ മുഖ്യമന്ത്രി മോഹമാണ് സർക്കാരിനെ പിരിച്ച് വിടുക എന്ന മണ്ടൻ‌ തീരുമാനത്തിന് പിന്നിലെന്ന് വ്യാഖ്യാനിക്കപ്പെട്ടു. അന്ന്മ്പ്രബലമായിരുന്ന ഇ.എംഎസിന്റെ പിൻതുണയുള്ള സി.ഐ.ടിയു വിഭാഗത്തോടുള്ള പക വി.എസിന് അന്നാരംഭിച്ചു. സി.അഇടിയു വിഭാഗത്തെ വെട്ടി നിരത്താനുള്ള കരുക്കൾ‌ പാർട്ടി സമ്മേളനങ്ങളിൽ വി.എസ് ഒരുക്കി. എന്നാൽ‌ ആദ്യ ഉദ്യമം ഇ.എംഎസിന്റെ അവസരോചിതമായ ഇടപെടലിൽ‌ തടയപ്പെട്ടു എങ്കിലും‌ വെട്ടി നിരത്താനുള്ള വി.എസിന്റെ ശ്രമം‌ സി.ഐ.ടിയുക്കാർ‌ അറിഞ്ഞു. അങ്ങനെ പാർട്ടിയിൽ‌ അനഭിമതാനയ വി.എസ് ചോദിച്ച് വാങ്ങിയതാണ് 1996 ഇലെ മാരരിക്കുളം‌ തോൽവി.

ആ തോൽവി വി.എസിന്റെ വിശ്വരൂപം നമ്മേ കാണിച്ചു. തിരഞ്ഞെടുക്കപ്പെട്ട എംഎൽ.എ മാരിൽ‌ നിന്ന് ആരേയും‌ മുഖ്യമന്ത്രി ആക്കാൻ‌ പറ്റില്ല എന്ന് വി.എസ് ശഠിച്ചു. അങ്ങനെ 10 വർഷത്തോളം‌ തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത നയനാരെ മുഖ്യമന്ത്രി ആക്കി

കിരണ്‍ തോമസ് തോമ്പില്‍ said...

തീർന്നില്ല വി.എസിന്റെ ചെയ്തികൾ‌ പി.ശശിയെ നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കി എൽഡെഫ് കൺവീണരായിരുന്ന് വി.എസ് റിമോട്ട് കൺട്രോൾ ഭരണം‌ നടത്തി.താൻ‌ ആഗ്രഹിക്കുന്ന എന്തും‌ നേടാൻ‌ വി.എസിന് ആ കാലഘട്ടത്തിൽ‌ കഴിഞ്ഞു മകനെ പിടിച്ച് കയർ‌ ഫെഡ് എംഡി ആക്കി.

പിന്നീടാണ് പാലക്കാട് സമ്മേളനം വന്നത് അന്ന് വി.എസ് എല്ലാ സി.ഐടിയുന്റെ പ്രമുഖ നേതക്കാളെയും‌ വെട്ടി
ലോറൻസ്, രവീന്ദ്ര നാഥ്, വി.ബി ചെറിയാൻ മാധവൻ , സി.കണ്ണൻ‌ ഓ ഭരതൻ... അങ്ങനെ പലരും‌ വീണു. ബാലനാനന്ദനെ പി.ബിയിൽ‌ നിന്ന് ഒഴിവാക്കി വെറും‌ സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ‌ മാത്രമായിരുന്ന അക്കാത്തെ വി.എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ പിണറായി വിജയനെ സെക്രട്ടറി ആക്കി ഒപ്പം പി.ബിയിലും‌ എടുപ്പിച്ചു. ഇന്നത്തെ സി.അപി.എമിന്റെ ഔദ്യോഗിക പക്ഷത്തുള്ള ഒട്ടുമിക്ക പ്രമുഖരും‌ അന്ന് വി.എസിന്റെ സ്വന്തമായിരുന്നു എന്നും മറക്കാതിരിക്കുക