Thursday, May 26, 2011

യുഡിഎഫിന്‌ നടത്താവുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍

മനോരമ പത്രത്തിലെ ബിസിനസ് കോളത്തില്‍ പി.കിഷോര്‍   ബിസിനസ് രംഗം ഉറ്റുനോക്കുന്നു ആദ്യ നൂറു ദിനം എന്ന ലേഖനം യുഡിഎഫ് ഭരണത്തെപ്പറ്റി ഉള്ള ഒരു പൊതുബോധത്തിന്റെ ഉത്തമോദഹരണമാണ്‌. ഒരുപാട് അതിശയോക്തി കലര്‍ത്തി എഴുതിയിട്ടുണ്ടെങ്കിലും അത് മിക്കാവാറും യുഡിഎഫിന്റെ  പ്രഖ്യാപിത നയമായി കരുതപ്പെടുന്ന ഒന്നാണ്‌. അതിലെ ആദ്യ പാരഗ്രാഫ് തന്നെ ഇങ്ങനെയാണ്‌

അഞ്ചുകൊല്ലത്തിലൊരിക്കല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാവുക പതിവാണ്. ബിസിനസ് രംഗത്ത് ആവേശം പടരുകയും പുതിയ നിക്ഷേപ പദ്ധതികള്‍ക്കു ജീവന്‍ വയ്ക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുണ്ടാവും. ഭരണത്തില്‍ തന്നെ വേറൊരു തരം സംസ്ക്കാരം വരുന്നതിനാല്‍ ഓട്ടോകളും ടാക്സികളും കൂടുതല്‍ ഓടും. ഹോട്ടലുകളില്‍ അതിഥികള്‍ നിറയും, റസ്റ്ററന്റുകളില്‍ ആളുകൂടും. പ്രതീക്ഷകള്‍ വളരും. പക്ഷേ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതിനാല്‍ ഇക്കുറി ബിസിനസ് സമൂഹം സംശയിച്ചു നില്‍ക്കുകയാണ്.


ആദ്യത്തെ വരികളിലുള്ള ആവേശം അവസാനത്തെ പക്ഷെയില്‍ ചോര്‍ന്ന് പോകുന്നുണ്ട് എന്ന് നമുക്ക് കാണാന്‍ കഴിയും. അത് സര്‍ക്കാരിന്‌ 2 വോട്ട് ഭൂരിപക്ഷമെ ഉള്ളൂ എന്നതാണ്‌.മനോരമയൊക്കെ ഇങ്ങനെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആദ്യ മന്ത്രിസഭ യോഗം മുതല്‍ ഉമ്മന്‍ ചാണ്ടി ഈ ട്രാക്കില്‍ എത്തിയിട്ടില്ല. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും കൃഷിനാശമുണ്ടയവര്‍ക്കുമൊക്കെ നഷ്ടപരിഹാരം കൊടുക്കാനും ഒപ്പം അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് 1 ഏക്കര്‍ സ്ഥലവും 1000 രൂപ പെന്‍ഷനും നല്‍കാനുമൊക്കെയാണ്‌ ഉമ്മന്‍ ചാണ്ടി ആദ്യ ദിനങ്ങളില്‍ മുന്‍കൈ എടുക്കുന്നത്. എന്നാല്‍ ഈ ക്ഷേമ നടപടികളൊന്നും മനോരമക്കോ മാതൃഭൂമിക്കോ ഇഷ്ടപ്പെടുന്നില്ല എന്ന് കാണാന്‍ കഴിയും. അതുകൊണ്ട് തന്നെയാകാം ഇന്നത്തെ പത്രത്തില്‍ അവിവാഹിത അമ്മമാര്‍ക്ക് ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടാതെ പോയത്. 


ബിസിനസ് ലോകവും പത്രങ്ങളും സാമ്പത്തീകവിശാരദന്മാരുമൊന്നും അംഗീകരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ചെല്ലുമ്പോള്‍ ക്ഷേമ പദ്ധതികളെ വോട്ടായി മാറൂ എന്ന് ഉമ്മന്‍ ചാണ്ടി മനസിലാക്കും എന്ന് കരുതാം. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ തുണയായത്  അവര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ്‌. പെന്‍ഷനുകളും പൊതുജനാരോഗ്യ രംഗത്തെ മുന്നേറ്റവും പൊതുമേഖലയുടെ പുനരുദ്ധരണവുമൊക്കെയാണ്‌ അവര്‍ തിരഞ്ഞെടുപ്പ് പ്രചരണമാക്കിയത്. അവര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച മറ്റ് എല്ലാ വികസന പ്രവര്‍ത്തങ്ങളും വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോയതും വ്യവസായ മന്ത്രിക്ക് വില്ലന്‍ പരിവേഷം കിട്ടിയതും നമുക്ക് ഓര്‍മ്മയുണ്ട്. ഒട്ടുമിക്ക പദ്ധതികള്‍ക്കുമെതിരെ വന്ന സമരങ്ങള്‍ക്കും ജനകീയ കൂട്ടയ്മകള്‍ക്കും കിട്ടിയ മാധ്യമ ശ്രദ്ധയും മറ്റും വന്‍ വികസന പദ്ധതിക്ക് ശ്രമിക്കുന്നവര്‍ക്ക് പാഠമാകുമെന്ന് കരുതാം

ഇനി യുഡിഎഫിന്‌ എങ്ങനെയാണ്‌ ഇടതുപക്ഷം നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുമെന്ന് ചോദിക്കുന്നവരാണ്‌ പലരും എന്നാല്‍ ഇടത് പക്ഷം നടപ്പിലാക്കിയ പല പരിപാടികള്‍ക്കും അവര്‍ നടപ്പിലാക്കിയതിനെക്കാല്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നതാണ്‌ വസ്തുത. പല കാര്യങ്ങളും ഇടതുപക്ഷം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ അവര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേശാസ്ത്ര ബാധ്യത അവരെ വേട്ടയാടി തുടങ്ങും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അത് നമ്മള്‍ കണ്ടതാണ്‌. തരം പോലെ നിലപാറ്റ് മാറ്റുന്ന പ്രത്യേശാസ്ത്ര വിദഗ്തര്‍ ചാനലിലും പത്രങ്ങളിലുമിരുന്ന്  പല പ്രവര്‍ത്തനങ്ങളേയും കുഴപ്പത്തിലാക്കും. എന്നാല്‍ യുഡിഎഫിന്‌ ഈ പ്രശ്നമില്ല എന്ന് മാത്രമല്ല വന്‍ വികസനത്തിന്റെ വക്തക്കളായ അവര്‍ ക്ഷേമ പ്രവര്‍ത്തനവുമായി വരുമ്പോള്‍ അത് നേട്ടമാകുകയും ചെയ്യും.

ഇനി നമുക്ക് യുഡിഎഫിന്‌ ഇടതുപക്ഷത്തെക്കാന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന ചില  മേഖലകള്‍ പരിശോധിക്കാം.

പൊതുജനാരോഗ്യ മേഖല

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്‌ കഴിഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ മരുന്ന ഡോക്ടര്‍മാര്‍ എല്ലാം മുന്‍കാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു. എന്നാല്‍ ഈ രംഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ്‌. അതുകൊണ്ട് തന്നെ തീരെ പാവപ്പെട്ടവര്‍ മാത്രമേ ഈ ആശുപത്രികളെ ആശ്രയിക്കുന്നുള്ളൂ എന്ന് മാത്രമല്ല അവരെ തന്നെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നുമില്ല. ഡോക്ടര്‍മാര്‍ക്ക് ആകര്‍ഷകമായ സാലറി നല്‍കാന്‍ മറ്റ് സ്വകാര്യ ആശുപത്രികളെപ്പോലെ  സര്‍ക്കാരിന്‌ കഴിയണമെന്നുമില്ല.

ഈ പരിമിതിയെ അതിജീവിക്കാന്‍  പ്രയോഗികമായ ഒരു നയം മാറ്റത്തിലൂടെ കഴിയില്ലെ. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ ഒരു സാധരണ ജോലി സമയത്തിന്‌ ശേഷം ഒരു പ്രീമിയം ഓ.പി. തുടങ്ങാവുന്നതല്ലെ ഉള്ളൂ. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ കാണാന്‍ തന്നെയാണ്‌ വലിയൊരു വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത് . അതുകൊണ്ടാണ്‌ അവര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്ത് കാണുന്ന ആള്‍ക്കൂട്ടത്തിന്‌ കാരണവും. അതുകൊണ്ട് തന്നെ ഈ ഡോക്ടര്‍മാരെ അപ്പോയിന്‍മെന്റ് നിശ്ചയിച്ച് കാണാന്‍ കഴിയുകയും അതിന്‌ ഒരു ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്ത് 50:50 അനുപാതത്തില്‍ ഡോക്ടറും ആശുപത്രിയും ഇത് വീതിച്ചെടുക്കാന്‍ ഒരു സംവിധാനമുണ്ടാക്കിയാല്‍ ആരോഗ്യ രംഗത്ത്  വലിയൊരു മാറ്റത്തിന്‌ അത് കാരണമാകില്ലെ? ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല ആശുപത്രിക്കും നേട്ടമുണ്ട്. അവിടെയും വരുമാനമുണ്ടാകുന്നു. അതനുസരിച്ച് സര്‍ക്കാരിന്റെ സഹായം കുറക്കുകയോ അലെങ്കില്‍ സര്‍ക്കാര്‍ സഹായം ആശുപത്രിയുടെ സൌകര്യ വികസനത്തിന്‌ ഉപയോഗിക്കുകയോ ചെയ്യാവുന്നതുമാണ്‌.

ഇടത് സര്‍ക്കാരാണ്‌ ഈ നയം മുന്നോട്ട് വയ്ക്കുന്നതെങ്കില്‍ അത് എന്തൊക്കെ വിവാദങ്ങളാകും ഉണ്ടാക്കുക എന്നത് ആലോചിക്കാവുന്നതാണ്‌. പൊതുജന ആരോഗ്യം സ്വകാര്യവല്‍ക്കരണത്തിന്‌ തുറന്ന് കൊടുക്കുന്നതിന്റെ പിന്നിലെ അന്താരാഷ്ട്ര ഗൂഡാലോചനയെപ്പറ്റിയാകും ആദ്യ വിവാദം. അത് പിന്നീട് ഹോളണ്ടിലെക്കും റിച്ചാഡ് ഫ്രാങ്കിയിലേക്കുമൊക്കെ നീണ്ട് സി.ഐ.എ ഇടപെടല്‍ വരെ ആരോപിക്കപ്പെടും. എന്നാല്‍ ഇതെ നയം യുഡി.എഫ് കൊണ്ടുവന്നാല്‍ ഇടതുപക്ഷവും ഇതേ ആരോപണങ്ങള്‍  കൊണ്ടുവരില്ലെ എന്ന് ചോദ്യമുയരാം. എന്നാല്‍ പുതിയ മാധ്യമ സാഹചര്യത്തില്‍ യുഡി.എഫിന്‌ ഇത്  വ്യക്തമാക്കാന്‍ കഴിയും എന്ന് മാത്രമല്ല നല്ല രീതിയിലുള്ള മദ്ധ്യവര്‍ഗ പിന്‍തുണയും ലഭിക്കും


അടുത്തത് കാര്‍ഷിക മേഖല

5 comments:

ചാക്കോച്ചി said...

really gud thought.

Suseelan said...

കിരണ്‍ തോമസേ , വലതു പക്ഷത്തു ബുജികള്‍ കുറവാണു സ്വാഗതം , സിന്ധു ജോയി പോലെ ഒന്നുമല്ല താങ്കള്‍ തലയുള്ള ഇനം ആണു വരിക വരിക സഹജരെ

കൊച്ചു മുതലാളി said...

ഈ പറഞ്ഞ കാര്‌യങ്ങളൊക്കെ ഏതെങ്കിലും കാലത്ത നടക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.... :)

sanu said...
This comment has been removed by the author.
ramachandran said...

ഇടതുപക്ഷം കൊണ്ടുവരുന്ന വികസനം എന്നാല്‍ വിവാദങ്ങളുടെ പെരു മഴയുണ്ടാക്കി മുക്കികൊല്ലാന്‍ , കുത്തക മാധ്യമങ്ങളും യഥര്‍ത്ഥ ഇടതുപക്ഷവും തീവ്ര ഇടതുഅപ്ക്ഷ്വും പിന്നെ ആക്ടിവിസ്റ്റ് ,പരിസ്ഥിതി,മനുഷിയവകാശ,ഫെമിനിസ്റ്റ് തൊഴിലാളികളും എല്ലാം കയികോര്‍ക്കുന്നത് നാം കണ്ടുകഴിഞ്ഞതാണ്‌ ., കഴിഞ്ഞ പോയ ദിനങ്ങള്‍ ,,ഇടതുപക്ഷ വികസന പരിപാടികളില്‍ അധിനിവേശ ,ആഗോളവതക്കരണ മൂലധന തല്പരിയം ഒളിഞ്ഞിരിക്കുന്നത് ഭൂത കണ്ണാടി വെച്ച് കണ്ടു പിടിച്ചു പുറത്തു കൊണ്ട് വരുന്ന ഈ മഹാന്മാര്‍ ,ചാനലുകളില്‍ ഇരുന്നു ചര്ചിക്കുന്നത് കണ്ടു അന്തം വിട്ടവരാണ് നാം ...വലതു പക്ഷം അധികാരത്തില്‍ വന്നതോട് കൂടി., ഇനിയുള്ള കാലം ഈ മഹാന്മാര്‍ എന്ത് തൊഴില്‍ചയ്തു ജീവിക്കും എന്നതാണ് കേരളിയ സമൂഹത്തിന്റെ സമകാലിക സങ്കടം ....