Monday, July 25, 2011

സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും

കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ മുൻകൈയെടുത്ത യുഡിഎഫ് സർക്കാരിന്റെ അടുക്കലേക്ക് വീണ്ടും സ്വാശ്രയ  പ്രശ്നം എത്തി നിൽക്കുമ്പോൾ‌ ഈ വിഷയത്തിൽ പണ്ട് ഒരുപാട് പോസ്റ്റുകൾ‌ എഴുതിയ എനിക്ക് ഒരെണ്ണം എഴുതാൻ കഴിഞ്ഞില്ല . എന്നാൽ ഈ വിഷയത്തിൽ എന്റെ പഴയ ബ്ലോഗുകളിൽ സജീവമായി ഇടപെട്ട ജോജുവിന്റെ ചില പോസ്റ്റുകൾ‌ കണ്ടപ്പോൾ‌ ഒരെണ്ണം എഴുതാം എന്ന് തോന്നി.

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷത്തോളമായി നടക്കുന്ന പല ചർച്ചകളിലും മറ്റും നിരന്തരം ഉന്നയിക്കപ്പെടുന്ന പല മിത്തുകളും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കേണ്ടതാണ് എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ അവ ഓരോന്നായി നമുക്ക് പരിശോധിക്കാം

മിത്ത്  1 :  50:50 എന്നത്  സാമൂഹിക നീതി ഉറപ്പ് വരുത്തും
എന്താണ് ഇതിലെ യഥാർത്ഥ്യം എന്ന് നോക്കാം. എ.കെ ആന്റണി സർക്കാർ സ്വാശ്രയ കോളേജ് അനുവദിക്കുമ്പോൾ‌ അന്ന് പറഞ്ഞിരുന്നത് 2 സ്വാശ്രയ കോളേജ് സമം ഒരു സർക്കാർ‌ കോളേജ് എന്നാണ്. അതായത് 50 % സീറ്റ് സർക്കാർ‌ പ്രവേശന പരീക്ഷയുടെ ലിസ്റ്റിൽ നിന്നും ബാക്കി 50% സ്വകാര്യ മാനേജ്മെന്റുകൾക്ക് പ്രവേശനം നൽകുവാനും അനുവാദം നൽകി.

എന്നാൽ ഈ ഫോർമുലക്ക് ഗുരുതരമായ ഒരു തകരാറുണ്ട് 50% സർക്കാർ‌ എൻട്രൻസ് ലിസ്റ്റിൽ വരുന്ന ആദ്യ റാങ്കുകാർക്കാണ് സർക്കാർ‌ ഫീസിന്റെ ആനുകൂല്യം ലഭിക്കുക. ആരാണ് സർക്കാർ‌ ലിസ്റ്റിൽ ടോപ്പർഴ്സായി വരുന്നത്.  പി.സി തോമസ് നടത്തുന്നത് പോലുള്ള   പ്രവേശന പരീക്ഷ കോച്ചിങ്ങ് സെന്ററുകളിൽ 2 വർഷത്തോളം നല്ല ഫീസ് നൽകി പഠിക്കുന്ന അത്യാവശ്യം സാമ്പത്തീക ശേഷിയുള്ള കുട്ടികളാണ് പ്രവേശന പരീക്ഷയിൽ മുന്നിൽ വരിക.

ഇങ്ങനെ മുന്നിൽ വരുന്നവരിൽ ഭൂരിഭാഗവും സ്വാകര്യ വിദ്യാലയങ്ങളിൽ സി.ബി.എസ്.സി സിലബസ് പഠിച്ചവരും 10 ആം ക്ലാസ് വരെ നല്ല ഫീസ് നൽകി പഠിച്ചവരുമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന സർക്കാർ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളവരാണ്. ഇവരാണ്  ഫ്രീസീറ്റ് നേടുന്നത്. ഈ വർഷം +2 പരീക്ഷയിൽ 1200 ഇൽ 1200 മാർക്കും നേടിയ സംസ്ഥാന സർക്കാർ സിലബസിലെ വിദ്യാർത്ഥിക്ക്  മെഡിക്കൽ പ്രവേശന പരീക്ഷയിൽ കിട്ടിയ റാങ്ക് 3500 ആണ്. ചുരുക്കം പറഞ്ഞാൽ സർക്കാർ സീറ്റ് ലഭിക്കുന്നവരിൽ ഭൂരിഭാഗവും സാമ്പത്തീകമായി മുന്നോക്കം നിൽക്കുന്നവർ തന്നെ. സ്വാശ്രയ സ്ഥാപനത്തിലും ഈ 50% ഫ്രീ സീറ്റ് കൊടുക്കുമ്പോൾ‌ ഇതിന്റെയും ഗുണഭോക്താക്കാൾ‌ പാവപ്പെട്ടവരല്ലാതാകുന്നു

മിത്ത് 2 : 50% സീറ്റ്  സർക്കാരിന്  കൊടുക്കുന്ന മാനേജ്മെന്റുകൾ‌ നല്ലവരാകുന്നു
50% സീറ്റ് സർക്കാരിന് നൽകുന്ന മാനേജ്മെന്റുകൾ‌ സാമുഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നു എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. എന്നാൽ ബാക്കി 50% സീറ്റിൽ ഇവർ‌ എങ്ങനെ പ്രവേശനം നൽകുന്നു എന്നതാണ് പ്രസക്തമായ മറ്റൊരു കാര്യം. കഴിഞ്ഞ ദിവസം കാരക്കോണം‌ മെഡിക്കൽ കോളേജിൽ ഈ 50% സീറ്റ് എങ്ങനെ നൽകപ്പെടുന്നു എന്നതിന്റെ കഥ പുറത്ത് കൊണ്ടുവന്നു. 50% സീറ്റിലും ഇവർ‌ വൻതുക കോഴ വാങ്ങീയിരിക്കുന്നു. മാത്രവുമല്ല ഈ വിദ്യാർത്ഥികൾ‌ മുഹമ്മദ്  കമ്മിറ്റി  അനുവദിച്ച ഫീസും വർഷ വർഷം നൽകേണ്ടി വരും. അപ്പോൾ‌ 50% സർക്കാരിന് സീറ്റുകൾ‌ വിട്ട് കൊടുത്തത് സാമൂഹിക നീതി ഉറപ്പിക്കാനല്ല മറിച്ച് 50% സീറ്റികളിലും നിരോധിത കോഴ വാങ്ങി ലാഭം ഉറപ്പുവരുത്താനാണ്

മിത്ത് 3 : ആന്റണി സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങളുമായി ഒരു കരാറും ഉണ്ടാക്കിയിരുന്നില്ല
മാനേജ്മെന്റുകൾ‌ സർക്കാരുമായി കരാർ‌ ഒപ്പിട്ടില്ലാ എന്നേ ഉള്ളൂ. അഫിലിയേഷൻ നൽകുന്ന യൂണിവേഴ്സിറ്റിയുമായി ഇവർ 50:50 എന്ന രീതിയിൽ പ്രവേശനം നൽകാം എന്ന് കരാർ‌ ഒപ്പു വച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അക്കാലത്ത് 50:50 പ്രകാരം പ്രവേശനം നടന്നത്. ഈ കരാർ‌ ഉപയോഗിച്ച് എം‌.എ ബേബിയുടെ കാലത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഫിലിയേഷൻ റദ്ദാക്കാൻ നോക്കി എങ്കിലും കോടതി അത് തടഞ്ഞു. അതായത് എല്ലാ സ്ഥാപനങ്ങളെക്കൊണ്ടും സർക്കാർ‌ കരാർ  വഴി ഉറപ്പ് നേടിയിരുന്നു എങ്കിലും പിന്നീട് ഉണ്ടായ കോടതി വിധികൾ‌ മാനേജ്മെന്റുകളുമായി    ഉണ്ടാക്കിയ കരാറിന്റെ  സത്ത ചോർത്തിക്കളഞ്ഞു.

മിത്ത് 4 :  ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകളിൽ എക്കാലത്തും സുതാര്യമായ പ്രവേശന രീതിയായിരുന്നു
കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ പിടിക്കപ്പെടുമ്പോൾ‌ ഇന്റർ‌ ചർച്ച് കൗൺസിലിന്റെ  ജോർജ്ജ് പോൾ‌ അവർക്കെതിരെ നിയമ നടപടികൾ‌ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുക ഉണ്ടായി. ഈ നിലപാട് പൂർണ്ണമായും ശരിയാണെങ്കിലും ഇന്റർ‌ ചർച്ച് കൗൺസിലിന്റെ പഴയ ചരിത്രം ഇതൊക്കെ തന്നെയാണ്. കെ.ടി തോമസ് കമ്മിറ്റിയുടെ ഫീസ് നിലനിൽക്കുന്ന കാലത്ത് ഇന്റെർ‌ ചർച്ച് കൗൺസിലും മാനേജ്മെന്റ് അസോസിയേഷന്റെ ഭാഗമായിരുന്നു. അന്ന് അവരും കോഴവാങ്ങിയാണ് പ്രവേശനം നടത്തിയിരുന്നത് . എന്ന് മാത്രമല്ല അന്ന് നില നിന്നുരുന്ന നിയമ പ്രകാരം 1.4 ലക്ഷം മാത്രമെ ഫീസ് വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ 50% സീറ്റിലെ പ്രവേശനത്തിന് അപേക്ഷ  ഫോറം  ലഭിക്കണമെങ്കിൽ 10 ലക്ഷം രൂപ വരെ അഡ്വാൻസ് നൽകണമായിരുന്നു. 2006 ഇലെ മെഡിക്കൽ പരീക്ഷയിൽ എല്ലാ സ്വാശ്രയ മാനേജ് മെന്റ്  സീറ്റുകളിലേക്കും കൂടി ആകെ പരീക്ഷ എഴുതിയത് 525 വിദ്യാർത്ഥികൾ‌ മാത്രം.  അപേക്ഷ ക്ഷണിച്ച് മാനേജ് മെന്റുകൾ‌  പരസ്യം നൽകിയത് ദീപികയിലും ചന്ദ്രികയിലും മാത്രം.

മിത്ത് 5 : ഇപ്പോഴത്തെ ഏക പ്രശ്നം ഇന്റർ‌ ചർച്ച് കൗൺസിലിന്റെ നിലപാടാണ്
പണ്ട് കോഴവാങ്ങിയും സുതാര്യമല്ലാതെയും ഇന്റർ‌ ചർച്ച് കൗൺസിൽ പ്രവേശനം നടത്തിയിട്ടുണ്ട് എങ്കിലും ഇപ്പോൾ‌ ഈ കോളേജുകളിൽ സുതാര്യമായ പ്രവേശനമാണ് നടക്കുന്നത് എന്ന വസ്തുത കണ്ടില്ല എന്ന് നടിക്കാനാവില്ല. ഇന്റർ‌ ചർച്ച് കൗൺസിലിന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോറവും പ്രോസ്പ്കറ്റസും ഡൗൺലോഡ് ചെയ്യാനും +2 വിന്റെയും പൊതുപ്രവേശന പരീക്ഷയുടെയും മാർക്കുകളേ ആധാരമാക്കി ഉള്ള റാങ്ക് ലിസ്റ്റിൽ നിന്നും പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് ഈ കോളേജുകളിൽ പ്രവേശനം നടത്തുന്നത്. പിന്നെ ഉള്ളത് 3.5 ലക്ഷം രൂപ ഫീസ് ആണ്. ഈ ഫീസ് വാങ്ങാൻ കോടതി ഇവർക്ക് അനുമതി നൽകിയ സാഹചര്യത്തിൽ അതിനെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല. പക്ഷെ ഇവിടെ മെറിറ്റ് ഉണ്ട് എന്നത് വിസ്മരിച്ച് കൂടാ. 10% സീറ്റിൽ ഇവർ സൗജന്യ വിദ്യാഭ്യാസവും നൽകുന്നുണ്ട് .

എന്നാൽ സർക്കാരുമായി കരാർ ഏർപ്പെട്ട കോളേജുകൾ‌ 50% സീറ്റ് സർക്കാരിന് കൊടുത്ത് ബാക്കി സീറ്റിലേക്ക് സ്വന്തമായി പ്രവേശന പരീക്ഷ നടത്തി ആളേ എടുക്കുന്നു. പണ്ട് ഈ പരീക്ഷയെ  സംബന്ധിച്ച് ആശങ്കകൾ‌ പങ്കുവച്ചവർ‌ 50% സീറ്റ് സർക്കാരിന് നൽകിയാൽ ബാക്കി 50% ഇൽ എന്തുമായിക്കോ എന്ന നിലപാട് എടുക്കുന്നു . 50% സീറ്റിൽ കോഴ വാങ്ങി പ്രവേശനം നേടാനുള്ള വലിയ സാധ്യത ഇവിടെ നിലനിൽക്കുന്നു എന്ന് മാത്രമല്ല കാരക്കോണത്ത് അത് സംഭവിക്കുകയും ചെയ്തു.

മിത്ത് 6 : 50% സീറ്റ് സർക്കാരിന് നൽകാത്തത്  ന്യൂനപക്ഷ അവകാശത്തെ ഹനിക്കുന്നതിനാലാണ് 

50:50  എന്നത് ഭരണഘടന വിരുദ്ധമാണ് എന്ന് വിവിധ കോടതി വിധികളേ ഉദ്ധരിച്ച് കൊണ്ട്  ഇന്റർ‌ ചർച്ച് കൗൺസിലിലെ പലരും വികാരം കൊള്ളാറുണ്ട് 50% സീറ്റ് MES  സർക്കാരിന് വിട്ട് നൽകിയതിനെപ്പറ്റി പറയുമ്പോൾ‌  അവർ  സമുദായത്തിന്റെ അവകാശത്തെ ബലികൊടുത്തു എന്നും മറ്റ് സമുദായങ്ങളേ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നുമൊക്കെയാണ്  MES നെതിരെ ആരോപിക്കുന്നു.

 എന്നാൽ ഇന്റർ‌ ചർച്ച് കൗൺസിൽ തന്നെ അടുത്തിടെ മെഡിക്കൽ പി.ജി അഡ്മിഷനുമായി ബന്ധപ്പെട്ട് 50% സീറ്റും സർക്കാരിന് നൽകാം എന്ന് കരാറിൽ ഒപ്പിടുകയുണ്ടായി. സർക്കാരിന് എമ്പാരസ്മെന്റ് ഉണ്ടാക്കേണ്ട എന്ന് കരുതിയാണത്രെ 50% നൽകാം എന്ന് പറഞ്ഞത് എന്നാണ് ജോർജ് പോൾ‌ പറയുന്നത്. അതായത് 50% സീറ്റ് സർക്കാരിന് നൽകണം‌ എന്ന മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡം ഉള്ളതിനാൽ 50%  നൽകാൻ ഇവർ തയ്യാറായി. അപ്പോൾ‌  ന്യൂനപക്ഷ അവകാശത്തെപ്പറ്റി വാദിക്കാനോ കേസിനോ പോയില്ല.

കോടതി വിധികൾ‌ പ്രകാരം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് 100% സീറ്റിലും പ്രവേശനം ഉണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും എങ്ങനെയാണ് മെഡിക്കൽ പി.ജിയിൽ അങ്ങനെ അല്ലാത്ത ഒരു വിധി ഉണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതായത് മെഡിക്കൽ കൗൺസിൽ 50% സർക്കാരിന് നൽകാൻ പറഞ്ഞാൽ അത് നൽകിയെ മതിയാകൂ എന്ന് ഈ കോടതി വിധി പ്രകാരം വ്യാഖ്യാനിക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം

മിത്ത് 7 : ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ ആ സമുദായത്തില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്നു

മിക്ക ന്യൂനപക്ഷ സ്ഥാപനങ്ങളിലും 40% ഓളം കമ്യൂണിറ്റി ക്വാട്ട ഉണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശം ഉപയോഗിച്ച് തുടങ്ങിയ ഈ സ്ഥാപനങ്ങളിലെ കമ്യൂണിറ്റി ക്വാട്ടയിൽ  അഡ്മിഷൻ കിട്ടുക എന്നത്  അതാത് ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥിയുടെ അവകാശമാണ്. എന്നാൽ തന്റെ കമ്യൂണിറ്റി സർട്ടിഫിക്കേറ്റ് കാണിച്ചാൽ ഇത് ഈ കോളേജുകൾ‌ അനുവദിച്ച് തരില്ല. മറിച്ച്  തന്റെ ഇടവക വികാരിയുടെ സാക്ഷ്യപത്രം സമർപ്പിച്ചാൽ മാത്രമെ ഭരണഘടന ആ വിദ്യാർത്ഥിക്ക് നൽകിയ ന്യൂനപക്ഷ അവകാശം സ്ഥാപിച്ച് കിട്ടുകയുള്ളൂ. എന്നാൽ
ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് അംഗികാരം നേടിയെടുക്കുമ്പോൾ‌ ഈ സ്ഥാപനങ്ങൾ‌ നടത്തുന്നവർ ഈ സമുദായത്തിൽ പെട്ടവരാണ് എന്ന് മാത്രമെ ദേശിയ ന്യൂനപക്ഷ കമ്മിഷൻ പരിഗണിക്കാറുള്ളൂ. എന്നാൽ ഇടവക വികാരി കനിഞ്ഞില്ലെങ്കിൽ ഒരു ന്യൂനപക്ഷ  വിദ്യാർത്ഥിയുടെ കമ്യൂണിറ്റി ക്വാട്ട സ്വാഹ ആകുമെന്ന് ചുരുക്കം

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട്  ഉണ്ടായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ ജൂണ്‍ 6 2009 ഇല്‍ RVG മേനോൻ എഴുതിയ ലേഖനം എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വിഷയത്തിലെ വിവിധ കോടതി വിധികളെപ്പറ്റി ആ ലേഖനത്തിൽ സവിസ്തരം പ്രതിപാദിക്കുന്നു. അതും ഒന്ന് വായിക്കുക സ്വയാശ്രയ പ്രതിസന്ധികള്‍


48 comments:

cALviN::കാല്‍‌വിന്‍ said...

ഈ വിഷയത്തില്‍ ഭൂരിഭാഗം നിലപാടുകളോടും യോജിക്കുന്നുവെങ്കില്‍ക്കൂടെ ചില സംശയങ്ങള്‍ ഉള്ളത് പങ്കുവെയ്ക്കട്ടെ.

ഒന്ന് :
നിങ്ങള്‍ പറയുന്നു.

[[ എന്നാൽ ഈ ഫോർമുലക്ക് ഗുരുതരമായ ഒരു തകരാറുണ്ട് 50% സർക്കാർ‌ എൻട്രൻസ് ലിസ്റ്റിൽ വരുന്ന ആദ്യ റാങ്കുകാർക്കാണ് സർക്കാർ‌ ഫീസിന്റെ ആനുകൂല്യം ലഭിക്കുക. ആരാണ് സർക്കാർ‌ ലിസ്റ്റിൽ ടോപ്പർഴ്സായി വരുന്നത്. പി.സി തോമസ് നടത്തുന്നത് പോലുള്ള പ്രവേശന പരീക്ഷ കോച്ചിങ്ങ് സെന്ററുകളിൽ 2 വർഷത്തോളം നല്ല ഫീസ് നൽകി പഠിക്കുന്ന അത്യാവശ്യം സാമ്പത്തീക ശേഷിയുള്ള കുട്ടികളാണ് പ്രവേശന പരീക്ഷയിൽ മുന്നിൽ വരിക.]]

ഇതിനോട് പൂര്‍ണയോജിപ്പാണുള്ളതെങ്കിലും തുടര്‍ന്ന് കിരണ്‍ ഇങ്ങനെയും പറയുന്നു.

[[ പണ്ട് കോഴവാങ്ങിയും സുതാര്യമല്ലാതെയും ഇന്റർ‌ ചർച്ച് കൗൺസിൽ പ്രവേശനം നടത്തിയിട്ടുണ്ട് എങ്കിലും ഇപ്പോൾ‌ ഈ കോളേജുകളിൽ സുതാര്യമായ പ്രവേശനമാണ് നടക്കുന്നത് എന്ന വസ്തുത കണ്ടില്ല എന്ന് നടിക്കാനാവില്ല. ഇന്റർ‌ ചർച്ച് കൗൺസിലിന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോറവും പ്രോസ്പ്കറ്റസും ഡൗൺലോഡ് ചെയ്യാനും +2 വിന്റെയും പൊതുപ്രവേശന പരീക്ഷയുടെയും മാർക്കുകളേ ആധാരമാക്കി ഉള്ള റാങ്ക് ലിസ്റ്റിൽ നിന്നും പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് ഈ കോളേജുകളിൽ പ്രവേശനം നടത്തുന്നത്.]]


ഇത് തമ്മില്‍ വൈരുദ്ധ്യമില്ലേ എന്നൊരു ശങ്ക. എ‌‌ണ്ട്രന്സ് മാത്രമല്ല ഏതൊരു മെറിറ്റ് റാങ്ക് ലിസ്റ്റും അപ്പര്‍ക്ലാസിനു കൂടുതല്‍ അഡ്വാന്റേജുള്ളത് തന്നെയല്ലേ?


രണ്ട് :
പ്രായോഗികം ആയ ഒരു പ്രവേശനരീതി എന്ന നിലയില്‍ മെറിറ്റടിസ്ഥാനമല്ലാതെ മറ്റു നല്ല മാര്‍ഗങ്ങളില്ലായെങ്കില്‍ നിലവിലുള്ള സംവരണവ്യവസ്ഥയെ മാനിച്ചു കൊണ്ട് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുകയും അതേ സമയം അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നിലനിര്‍ത്തുകയും ആ ഫീസ് ഏത് വിദ്യാര്‍ത്ഥികള്‍ കൊടുക്കേണമെന്നത് മെറിറ്റടിസ്ഥാനത്തിലാക്കുന്നതിനു പകരം സര്‍ക്കാര്‍ തീരുമാനിക്കുന്ന എജ്യുക്കേഷനലി & സോഷലി ബാക്വേഡ് / എക്കണോമിക്കലി ബാക്വേഡ് കുട്ടികള്‍ക്കാവുകയും ചെയ്യുക എന്നതായിരിക്കില്ലേ ഒന്നു കൂടെ ഉചിതമായ രീതി?

suraj::സൂരജ് said...

കിരണ്‍ ജീ,

പോസ്റ്റിനു നന്ദി. പല സംഗതികളിലും ക്ലാരിറ്റി വരുത്താനുപകരിക്കും.

ഒരു സംശയം. നിലവില്‍ ഇന്റര്‍ച്ചര്‍ച്ച് കൗണ്‍സിലുകാരുടെ "മെറിറ്റ് സീറ്റ് റാങ്കിംഗ്"രീതി inter-se merit വഴിയാണ്‌. എന്നുവച്ചാല്‍ അവരുടെ കോളെജുകളില്‍ അപ്ലൈ ചെയ്യുന്ന കുട്ടികള്‍ക്കിടയില്‍ നിന്നാണ്‌ റാങ്കിംഗ് നടക്കുന്നത്, മൊത്തം എണ്ട്രന്‍സ് എലിജിബിള്‍ പോപ്പുലേഷന്‍ ഒഫ് സ്റ്റൂഡന്‍സില്‍ നിന്നല്ല. അവിടെ അപ്ലൈ ചെയ്യുന്ന ഒരു കുട്ടിക്ക് ബോര്‍ഡ് എക്സാമില്‍ ബയോളജിയില്‍ 87 മാര്‍ക്കുണ്ടാകുകയും അത് അവിടെ ആ വര്‍ഷമപ്ലൈ ചെയ്ത കുട്ടികളില്‍ ബയോള്‍ജി ടോപ്പ് മാര്‍ക്ക് ആകുകയുമാണെങ്കില്‍ അതിനെ 100നു തുല്യമാക്കുന്നു. എന്നിട്ട് അതിനു താഴെ വന്നിട്ടുള്ള മറ്റ് ബയോളജി മാര്‍ക്കുകളെല്ലാം ഇതിനു ഈക്വലന്റ് ആക്കിയെടുക്കുന്നു (ശതമാനക്കണക്കില്‍). അതിനോടൊപ്പം സര്‍ക്കാരിന്റെ എണ്ട്രന്‍സില്‍ ഓരോ വിഷയത്തിനും കിട്ടുന്ന മാര്‍ക്കുകളെയും ഇതേ പ്രോസസിലൂടെ ഈക്വലന്റ്സ് ആക്കി മാറ്റുന്നു. എന്നിട്ടാണ്‌ അതില്‍ നിന്ന് ആന്തരിക മെറിറ്റിന്റെയടിസ്ഥാനത്തില്‍ റാങ്കിംഗ് നടത്തുന്നത്. എന്റെ സംശയം, ഈ റാങ്കിംഗ് പ്രക്രിയക്കെതിരേ ഒരു കേസില്‍ വാദം ഉണ്ടായിരുന്നില്ലേ, അതിന്റെ വിധി എന്തായി എന്ന് അറിയുമോ ? ആര്‍ബിട്രറി ആയി ഒരു രാങ്കിംഗ് സിസ്റ്റം അങ്ങനെ ഒരു കൂട്ടം കോളെജുകള്‍ സ്വയം പ്രഖ്യാപിച്ച് നടപ്പാക്കുന്നത് ശരിയല്ല എന്ന വാദമാണ്‌ ഒരു പക്ഷത്തുണ്ടായിരുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

@calvin

എ‌‌ണ്ട്രന്സ് മാത്രമല്ല ഏതൊരു മെറിറ്റ് റാങ്ക് ലിസ്റ്റും അപ്പര്‍ക്ലാസിനു കൂടുതല്‍ അഡ്വാന്റേജുള്ളത് തന്നെയല്ലേ?

പെട്ടെന്ന് അങ്ങനെ തോന്നമെങ്കിലും സംഗതിയുടെ കിടപ്പ് മറ്റൊരു രീതിയിലാണ്. പണക്കാരായ കുട്ടികൾ‌ എല്ലാം സി.ബി.എസ്.സി വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. സർക്കാർ സ്കൂളിൽ നിന്ന് +2 കഴിയുന്ന കുട്റ്റികൾക്കും ഇപ്പോൾ‌ നല്ല മാർക്ക് ലഭിക്കുന്നുണ്ട്. മാത്രവുമല്ല ഇപ്പോൾ‌ സംസ്ഥാന സർക്കാരും ഇതേ ഫോർമുലയാണ് മെഡിക്കൽ എഞ്ചിനിയറിങ്ങ് പ്രവേശനത്തിന് ഉപയോഗിക്കുന്നത്. പിന്നെ ഈ സഹചര്യത്തിൽ പോലും 50% പ്രവേശന പരീക്ഷയുടെ അഡ്വാന്റെജ് കോച്ചിങ്ങ് കിട്ടിയവർക്ക് ഉണ്ട് എങ്കിലും 50% +2 മാർക്കിന്റെ അഡ്വാന്റെജെങ്കിലും കോച്ചിങ്ങിന് പോകാത്തവർക്ക് ഇല്ലെ ?

കിരണ്‍ തോമസ് തോമ്പില്‍ said...

സര്‍ക്കാര്‍ തീരുമാനിക്കുന്ന എജ്യുക്കേഷനലി & സോഷലി ബാക്വേഡ് കുട്ടികള്‍ക്കാവുകയും ചെയ്യുക എന്നതായിരിക്കില്ലേ ഒന്നു കൂടെ ഉചിതമായ രീതി

കറക്റ്റ് ഇതാണ് വേണ്ടത്. ഇത് നിർണ്ണയിക്കലാണ് ഏറ്റവും ശ്രമകരമായ സംഗതി.
ബി.പി.എലുകാർക്ക് മാത്രം സൗജൻയ ഫീസ് നൽകാമെന്നാണ് ഇന്റെർ‌ ചർച്ച് കൗൺസിൽ പറയുന്നത്
എന്നാൽ എ.പി.എൽ വിഭാഗത്തിൽ പെട്ടവരിലും ഈ ഫീസൊന്നും താങ്ങാൻ പറ്റാത്തവർ ഉണ്ട്.
അപ്പോൾ‌ വരുമാനം അനുസരിച്ച് സർക്കാർ വിദ്യാർത്ഥികളെ പല ക്ലാസായി തിരിക്കണം
ഓരോ ക്ലാസിനും ഓരോ ഫീസ് അങ്ങനെ എല്ലാ വിഭാഗങ്ങളിലും അർഹത ഉള്ളവർ‌ മാത്രം ഫ്രീ സീറ്റിന്റെ ഗുണഭോക്താവാകുക എന്നതാകണം‌ മാനദണ്ഡം

ഈ രീതി നടപ്പില്‍ വന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ കോളെജില്‍ പഠിക്കുന്ന സമ്പന്നരായ ആളുകള്‍ക്ക് ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരും. അങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് സ്വാശ്രയ കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യാം. സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റും ചേര്‍ന്ന് പാവപ്പെട്ട കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക എന്നതെ ഇതിനൊരു ശാശ്വത പരിഹാരമായിട്ടുള്ളൂ. മെറിറ്റ് ഉറപ്പുവരുത്തി പ്രവേശനം നല്‍കുക എന്നതിലാകണം സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന

പിന്നെ സർക്കാർ സ്കൂളിൽ 1 തൊട്ട് 12 വരെ പഠിച്ചവർക്ക് മിനിമം സീറ്റ് സർക്കാർ കോളേജുകളിൽ സംവരണം‌ ചെയ്യുകയും വേണം‌

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജെ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ ഏതെങ്കിലും ഒരു കോളേജില്‍ നിന്ന് അപേക്ഷാ ഫോറം വാങ്ങിയാല്‍ അവരുടെ കീഴിലുള്ള എല്ലാ കോളെജുകളിലെക്കും അപേക്ഷിക്കാം. സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍തുടരുന്ന രീതി തന്നെയാണ്‌ ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ 2009 മുതല്‍ തുടരുന്നത്. എന്നാല്‍ ഈ രീതി പിന്‍തുടരുന്നത് മെഡിക്കല്‍ കൌണ്‍സിലിന്റെ മാനദണ്ഡത്തിന്‌ എതിരാണ്‌ എന്ന് പറഞ്ഞൊരു കേസില്‍ വിധി ഉണ്ട്. എന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ പറയുന്നത് അവരുടെ ഈ പ്രവേശന രീതി മുഹമ്മദ് കമ്മിറ്റ്യുടെ അനുമതി വാങ്ങിയതിന്‌ ശേഷമാണ്‌ നടപ്പിലാക്കിയതെന്നാണ്‌. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്‌ ഈ കേസില്‍ സ്റ്റെ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അന്തിമ വിധി വരുമ്പോള്‍ അറിയാം എന്താണ്‌ ഇതിലെ നിയമക്കുരുക്ക് എന്ന്. ഇപ്പോള്‍ 50:50 എന്ന രീതിയില്‍ സര്‍ക്കാര്‍ നടത്തുന്ന വെയിറ്റെജിങ്ങ് രീതിയാണ്‌ ഇവര്‍ നടത്തുന്നത്

N.J ജോജൂ said...

Good post, good arguments....more over good comments

N.J ജോജൂ said...

"2006 ഇലെ മെഡിക്കൽ പരീക്ഷയിൽ എല്ലാ സ്വാശ്രയ മാനേജ് മെന്റ് സീറ്റുകളിലേക്കും കൂടി ആകെ പരീക്ഷ എഴുതിയത് 525 വിദ്യാർത്ഥികൾ‌ മാത്രം."

ഇക്കൊല്ലം സ്വാശ്രയ മെഡിക്കൽ മാനേജുമെന്റിന്റെ പരീക്ഷ എഴുതിയവരോ?

N.J ജോജൂ said...

"...മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുകയും അതേ സമയം അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നിലനിര്‍ത്തുകയും..."

50 ശതമാനം ഫ്രീ ആയി നിലനിർത്തുമ്പോൾ അതിനുള്ള ചിലവ് ആരു വഹിക്കണം? മാനേജുമെന്റോ? സഹപാഠികളോ?

എജ്യുക്കേഷനലി & സോഷലി ബാക്വേഡ് / എക്കണോമിക്കലി ബാക്വേഡ് അവസ്ഥകൾക്ക് സമൂഹമാണ് ഉത്തരവാദി. അല്ലാതെ മാനേജുമെന്റുകളോ സഹപാഠികളോ അല്ല. ആ നിലയ്ക്ക് അവരെ പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. മാനേജുമെന്റുകളെ പ്രേരിപ്പിക്കാം, സ്വകാര്യ സ്പോൺസർമാരെ അനുവദിക്കാം. എന്നല്ലാതെ അതിൽ നിർബന്ധിച്ചു ചെയ്യിക്കുക എന്നത് നീതിയല്ല.

cALviN::കാല്‍‌വിന്‍ said...

മാനേജ്മെന്റും സഹപാഠികളും ഒന്നും സമൂഹത്തില്‍ പെടില്ലായിരിക്കും.

മാനേജ്മെന്റുകള്‍ക്ക് സാമൂഹ്യബോധം തീരെയില്ലാത്തത് തന്നെയാണല്ലോ ഇക്കണ്ട കുഴപ്പങ്ങള്‍ക്ക് കാരണവും

കിരണ്‍ തോമസ് തോമ്പില്‍ said...

"2006 ഇലെ മെഡിക്കൽ പരീക്ഷയിൽ എല്ലാ സ്വാശ്രയ മാനേജ് മെന്റ് സീറ്റുകളിലേക്കും കൂടി ആകെ പരീക്ഷ എഴുതിയത് 525 വിദ്യാർത്ഥികൾ‌ മാത്രം." ഇക്കൊല്ലം സ്വാശ്രയ മെഡിക്കൽ മാനേജുമെന്റിന്റെ പരീക്ഷ എഴുതിയവരോ?


ഞാൻ വീണ്ടും പറയുന്നു സുതാര്യത എന്നത് 2006 ഇൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്റർ‌ ചർച്ച് കൗൺസിലൊക്കെ ഇപ്പോൾ‌ സുതാര്യമായ പ്രവേശനം നടത്തുന്നു. കോഴ വാങ്ങാതെ. ഇത് പോസിറ്റീവായ മാറ്റമാണ് എന്നാൽ ഇപ്പോൾ‌ ഭരണഘടനയെ പിടിക്കുന്നവർ‌ അന്ന് ഇതൊക്കെ ലംഘിച്ചിരുന്നു എന്ന് മാത്രമെ ഞാൻ പറയുന്നൂള്ളൂ

ജിവി/JiVi said...

സാമൂഹ്യനീതി എന്ന് ഉപയോഗിക്കുന്നില്ല. റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്നവരെ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കുക എന്നതാണു നീതി. അവരുടെ ബാക്ക്ഗ്രൗണ്ട് എന്തായാലും. ഒരു ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവേശനപ്പരീക്ഷ ശരിക്കും മെറിറ്റ് അളക്കുന്നതു തന്നെയായിരുന്നു. ഒരേ സിലബസ്സില്‍ വര്‍ഷങ്ങളായി പ്രവേശനപ്പരീക്ഷനടത്തിയപ്പോള്‍ അതിനു സ്വാഭാവികമായും ഒരു പാറ്റേണ്‍ വന്നുഭവിച്ചു, സമര്‍ത്ഥരായ ചില അദ്ധ്യാപകര്‍ അതിനനുസൃതമായി കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തി കുറേയേറെ ശരാക്കരിക്കാരെ മിടുക്കരേക്കാള്‍ മുന്നിലെത്തിച്ചു. മിടുക്കര്‍ പിന്നോക്കക്കാരും ശരാശരിക്കാര്‍ മുന്നോക്കക്കാരും തന്നെ. എന്നാല്‍ എല്ലാ ശരാശരിക്കാരും എല്ലാ മിടുക്കരെയും പിന്നിലാക്കി എന്നരീതിയിലാണു ഇപ്പോള്‍ കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുകാര്‍ അങ്ങനെയൊരു പൊതുബോധം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരള പ്ലസ് ടൂവിനു നൂറുശതമാനം വാങ്ങിയ കുട്ടിക്ക് എന്‍റ്റ്രെന്‍സിനു 3500ആം റാങ്കാണു കിട്ടിയത് എന്നൊക്കെയുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലേക്ക് ഇട്ടുതരുന്നതിനുപിന്നില്‍ അവരാണ്. ആ കുട്ടിയുടെ സാമൂഹ്യപശ്ചാത്തലം എന്താണ്? കോച്ചിംഗിനു പോയിരുന്നോ എന്നൊന്നും പറയുന്നുമില്ല. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ സര്‍ക്കാര്‍ മെറിറ്റില്പഠിച്ച കുട്ടികളുടെ സാമൂഹ്യപശ്ചാത്തലം സംബന്ധിച്ച സമഗ്രമായ ഒരു കണക്കെടുപ്പിലൂടെ മാത്രമെ നിഗമനങ്ങള്‍ പാടുള്ളൂ. തോമസ് സാറിന്റെ ക്ലാസ്സില്‍ പോയിട്ടും പ്രവേശനം കിട്ടാത്തതും ഒരു കോച്ചിംഗും ഇല്ലാതെയും പ്രവേശനം നേടിയതുമായ ഉദാഹരണങ്ങള്‍ ഉണ്ടായിട്ടും അതൊന്നും എവിടെയും കാണാത്തതെന്ത്?

പിന്നോക്കക്കാര്‍ക്ക് സംവരണം ഉണ്ട്. പിന്നോക്കക്കാരിലെ ക്രീമിലെയറിനെ ഒഴിവാക്കുക, സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന സവര്‍ണ്ണ സമുദായക്കാര്‍ക്കും സംവരണം നല്‍കുക തുടങ്ങിയ സി പി എം നിലപാടുകള്‍ നടപ്പിലാക്കണം. ഒപ്പം സംവരണ ശതമാനം വര്‍ദ്ധിപ്പിക്കുകയും ആവാം. വലീയ അളവില്‍ പരിഹാരമാകും. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതില്‍ ഒരു മാറ്റവും ആവിശ്യമില്ല.

ജിവി/JiVi said...

പിന്നോക്കക്കാരിലെ ക്രീമിലെയര്‍ എന്നത് പിന്നോക്കജാതിക്കാരിലെ എന്ന് വായിക്കണം. പിന്നോക്കം, മുന്നോക്കം എന്ന് ഞാന്‍ ഉപയോഗിച്ചിട്ടുള്ളത് പിന്നോക്ക മുന്നോക്ക ജാതികള്‍ എന്ന അര്‍ത്ഥത്തിലല്ല.

cALviN::കാല്‍‌വിന്‍ said...

*പിന്നോക്കക്കാര്‍ക്ക് സംവരണം ഉണ്ട്. പിന്നോക്കക്കാരിലെ ക്രീമിലെയറിനെ ഒഴിവാക്കുക, സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന സവര്‍ണ്ണ സമുദായക്കാര്‍ക്കും സംവരണം നല്‍കുക തുടങ്ങിയ സി പി എം നിലപാടുകള്‍ നടപ്പിലാക്കണം*

jivi,

സംവരണം സാമ്പത്തികപിന്നോക്കാവസ്ഥയെ അഡ്രസ് ചെയ്യാനുള്ളതല്ല, സാമൂഹ്യമായ പിന്നോക്കാവസ്ഥയെ അഡ്രസ് ചെയ്യാന്‍ ഉള്ളതാണ് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് അവനു ഫീസ് നല്‍കാന്‍ വേണ്ട സാമ്പത്തികസ്ഥിതി ഉണ്ട് എന്നത് കൊണ്ട് മാത്രം അവര്‍ സംവരണത്തിനര്‍ഹമാവാതിരിക്കേണ്ടതില്ല. അങ്ങിനെ ആകുവാനും പാടില്ല.

ജിവി/JiVi said...

അങ്ങനെയെങ്കില്‍ സംവരണകാര്യത്തില്‍ സി പി എം നിലപാട് തെറ്റെന്ന് പറയേണ്ടിവരും. ആണോ?

cALviN::കാല്‍‌വിന്‍ said...

അറിയില്ലല്ലോ ജിവി. എന്റെ പരിമിതമായ മനസിലാക്കല്‍ പ്രകാരം എക്കണോമിക് ആയി ബാക്‌‌വേഡ് ആയ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെ സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പടെയുള്ള മാര്‍ഗം ഉപയോഗിച്ചാണ് അഡ്രസ് ചെയ്യേണ്ടത്, സംവരണം ഒരു പരിഹാരം ആവുന്നില്ല.

എന്റെ കാഴ്ചപ്പാടും സി.പി.എമ്മിന്റെ നിലപാടും എപ്പോഴും ഒന്നായിരിക്കണം എന്നില്ലല്ലോ.

Help said...

>>>മാനേജ്മെന്റും സഹപാഠികളും ഒന്നും സമൂഹത്തില് പെടില്ലായിരിക്കും.


അവരും പെടും ...പക്ഷെ അവര് മാത്രമല്ല സമൂഹം. ബാക്കിയുള്ളവരെ പോലെ സഹപാഠികളും മാനേജ്മെന്റും ടാക്സ്‌ കൊടുക്കുന്നുണ്ട്.... അതിന്റെ കൂട്ടത്തില്‍ സഹപാഠികളെയും സ്വന്തം ചെലവില്‍ പഠിപ്പിക്കണം... എന്ന് പറഞ്ഞാല്‍ അതാണ്‌ അനീതി. എല്ലാവരും ഉള്‍പെടുന്ന സമൂഹമാണ് അത് ചെയ്യേണ്ടത് . അതിനു സര്‍ക്കാരിന്റെ നികുതി പണം ഉപയോഗിക്കാം. അതില്‍ വല്ലവര്‍ക്കും ബുദ്ധിമുട്ട് തോന്നുന്നെന്ടെന്കില്‍ ... മറ്റുള്ളവരോട് അത് ചെയ്യുവാന്‍ പറയരുത്...

എന്റെ കമന്റു വിശദമായി മുമ്പ് കൊടുത്തത് ഇവിടെയുണ്ട്...
കുഴഞ്ഞുമറിയുന്ന സ്വാശ്രയം:
http://kpsukumaran.blogspot.com/2011/06/blog-post_30.html

ജിവി/JiVi said...

അങ്ങനെ അറിയില്ലല്ലോ എന്നു പറഞ്ഞുപോയാല്‍ മതിയോ കാല്‍വിന്‍. സി പി എം പോലൊരു(ഏതുപാര്‍ട്ടിയായാലും) ഒരു നിലപാടെടുക്കുമ്പൊള്‍ അതെന്തുകൊണ്ട് എന്ന് നമ്മളെല്ലാവരും അന്വേഷിക്കേണ്ടതല്ലേ എന്നു മാത്രമെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. സത്യത്തില്‍, ഈ നിലപാടിലേക്ക് സി പി എം എത്തിയതിന്റെ കാരണങ്ങള്‍ എനിക്കും അറിയില്ല. ഒറ്റനോട്ടത്തില്‍ സ്വീകാര്യമായിത്തോന്നി. വിരുദ്ധ അഭിപ്രായങ്ങളുള്ളവര്‍ അത് പ്രകടിപ്പിക്കുമ്പോഴല്ലേ കൂടുതല്‍ ശരിയായ നിലപാടിലേക്ക് എനിക്കും മൊത്തം സമൂഹത്തിനും എത്താന്‍ കഴിയുകയുള്ളൂ.

സ്ക്കോളര്‍ഷിപ്പ് പ്രവേശനം നേടിക്കഴിഞ്ഞുള്ള കാര്യമല്ലേ. പ്രവേശനത്തിനു ഒരു റാങ്കിംഗ് സമ്പ്രദായമല്ലാതെ മറ്റൊരു വഴിയും പ്രായോഗികമാണെന്നു തോനുന്നില്ല. കാല്‍വിന്‍ ആദ്യകമന്റില്‍ എഴുതിയതുപോലെ പ്ലസ് ടൂ പരീക്ഷയില്‍ യോഗ്യതനേടിയവരില്‍നിന്നും ഒരു ലിസ്റ്റ് സര്‍ക്കാര്‍ ഉണ്ടാക്കുക എന്നുപറഞ്ഞാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം കൂടുതല്‍ കലങ്ങുകയേ ഉള്ളൂ എന്നാണ് എന്റെ അഭിപ്രായം. മുസ്ലീം ലീഗും കേ. കോണ്‍ഗ്രസ്സുമൊക്കെ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണു നമ്മുടേത്.

cALviN::കാല്‍‌വിന്‍ said...

എന്തുകൊണ്ട് എന്ന കാര്യം ജിവി തന്നെ പറഞ്ഞുതന്നാല്‍ ഉപകാരം ആയിരിക്കും എന്ന് പറയാന്‍ വന്നപ്പോഴേക്കും ജിവി തന്നെ അറിയില്ല എന്ന് പറയുന്നു :)

ഒറ്റ നോട്ടത്തിലെ ഒരു സ്വീകാര്യത പോരാ എനിക്ക്. സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇട്ട മുന്‍നിലപാടിനെ യുക്തിപൂര്‍വം ഖണ്ഡിക്കുന്നത് ശ്രദ്ധയില്‍ പെടുന്നേടത്തോളം ആ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കാനേ സാധിക്കു.

റാന്ക് ലിസ്റ്റിനു എന്‍ട്രന്‍സ് പരീക്ഷയെക്കാളും ഇപ്പോഴത്തെ പ്ലസ്ടൂ മാര്‍ക്കിനെക്കാളും ഞാന്‍ വോട്ട് ചെയ്യുക കണ്ടിന്യൂവസ് ഇവാല്യേഷന്‍ വഴി ഉള്ള മാര്‍ക്കും അഭിരുചിയും കണക്കിലെടുത്തുള്ള പ്രവേശനമായിരിക്കും. ഒറ്റ ദിവസത്തെ പെര്‍ഫോര്മന്സിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റളക്കല്‍ എങ്ങിനെ ആയാലും പൂര്‍ണമായും നീതിയുക്തമാകയില്ല. കുറ്റമറ്റ രീതിയില്‍ കണ്ടിന്യൂവസ് ഇവാല്യൂവേഷന്‍ നടപ്പിലാകുമ്പോള്‍ ജിവി പറഞ്ഞ പ്രശ്നം വരികയില്ല.

Murali said...

കേരളത്തിൽ നടക്കുന്ന സ്വാശ്രയ ചർച്ചകളിലൊന്നും വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന പ്രശ്നം - ഈ രംഗത്ത് നിലനിൽക്കുന്ന ലൈസൻസ്-പെർമിറ്റ്-ക്വോട്ടാ രാജ് - ചർച്ച ചെയ്യപ്പെട്ടുകാണാത്തതിൽ അൽഭുതമില്ല, എന്തെന്നാൽ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും സോഷ്യലിസം (= സർക്കാർ ഇടപെടൽ) വേണമെന്ന് വാദിക്കുന്നതാണല്ലോ, മലയാളിയുടെ 'ഇടതുപക്ഷ മനസ്സ്'.

അല്ലെങ്കിൽ മലയാളിയെ മാത്രമെന്തിന് കുറ്റം പറയണം, മറ്റെല്ലാ മേഖലയിലും സോഷ്യലിസം പരാജയമാണെന്ന് സമ്മതിക്കുന്നവർ പോലും വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ സോഷ്യലിസ്റ്റുകളാകുന്നത് നാം എന്നും കാണുന്നതാണല്ലോ. അമേരിക്കയിൽപോലും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം 90%-വും സോഷ്യലൈസ് ചെയ്യപ്പെട്ടിരിക്കുന്നു, with predictable results.

ഇന്ന് പ്രൈവറ്റ്പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതാണ്ടെല്ലാം തന്നെ രാഷ്ട്രീയക്കാരുടെയോ, അവരുടെ ബന്ധുക്കളുടെയോ രാഷ്ട്രീയ സ്വാധീനമുള്ളവരുടെയോ കയ്യിലാണ്. വിദ്യാഭ്യാസത്തോട് പ്രതിബദ്ധതയുള്ള edupreneurs ആകട്ടെ, ഈ ലൈസൻസ് രാജ് സഹിക്കാനാകാതെ മാറിനിൽക്കുകയും ചെയ്യുന്നു. ലോകോത്തര നിലവാരമുള്ള ISB ഒരു വിദ്യാഭ്യാസ സ്ഥാപനമായല്ല, മറിച്ച് ഒരു കോർപ്പറേറ്റ് എന്റിറ്റിയായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, AICTE-യെ സഹിക്കാൻ വയ്യാതെ (പിടിപാടുള്ളവർക്ക് കാലിത്തൊഴുത്തിലും എഞ്ചിനീയറിങ്ങ് കോളജ് തുടങ്ങാൻ അനുമതികൊടുക്കുന്നവരാണ് സർക്കാരിന്റെ ഈ മഹാസ്ഥാപനം എന്ന് ഓർക്കുക). വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും പുരോഗതി ഉണ്ടാക്കാൻ ഈ ലൈസൻസ്-പെർമിറ്റ് രാജ് പൊളിച്ചുകളയുകയേ നിവൃത്തിയുള്ളൂ.

AICTE-യുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് വായിക്കുക: http://www.cfore.org/harassment.html

Murali said...

പാവപ്പെട്ടവർക്കുവേണ്ടി എന്നുപറയപ്പെടുന്ന 50-50 ഫോർമുല അവർക്ക് ഗുണം ചെയ്യുന്നില്ല എന്നു മനസ്സിലാക്കിയിട്ടും എന്തുകൊണ്ട് പുരോഗമനക്കാർ അതിൽ കടിച്ചു തൂങ്ങുന്നു? ഉത്തരം സോഷ്യലിസത്തിന്റെ അടിസ്ഥാന സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു: സോഷ്യലിസത്തിന്റെ നെടുംതൂണ് redistribution അല്ല, മറിച്ച് സെൻട്രൽ പ്ലാനിങ് ആണ്. Kevin D Williamson അദ്ദേഹത്തിന്റെ Politically Incorrect Guide to Socialism -ൽ എഴുതുന്നു: Socialism is not redistribution. Socialism is central planning. Under socialism, The Plan is everything. The presence of The Plan, and the empowerment of The Planners, is to socialism what the Eucharistic sacraments are to Christians and what the Mosaic Law is to the Jews: the fundamental expression of what is good and true. When The Plan conflicts with the desire to redistribute income or to subsidize the poor and the working class, The Plan always prevails. 50-50 മഹാശ്ചര്യം, നമുക്കുവേണം കൺട്രോൾ. അത്രയേ ഉള്ളൂ. (തുടർന്ന് കൂലി ഏകീകരണം സെൻട്രൽ പ്ലാനിങ്ങിന് തടസ്സമായപ്പോൾ സാക്ഷാൽ ഗോർബച്ചേവ് അതിനെ 'a reflection of petty bourgeois views which have nothing in common with Marxism-Leninism or scientific socialism' എന്ന് പറഞ്ഞ് അപലപിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്നു)

PS: അടുത്തകാലത്ത് വായിച്ചതിൽ 'brilliant' എന്ന് മനസ്സിൽ പറഞ്ഞുപോയ ഒരു കൃതിയാണ് PIG Socialism - ഒരുപക്ഷേ ഡോക്കിൻസിന്റെ The God Delusion ഒഴിച്ചുനിർത്തിയാൽ.

Murali said...

N J ജോജു കരുതുന്നതുപോലെ ഇന്റർ ചർച്ച് കൗൺസിലും മറ്റും ഗവൺമെന്റിനെ എതിർക്കുന്നതും പ്രവർത്തന സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നതുമെല്ലാം laissez faire ക്യാപിറ്റലിസത്തിന്റെ തത്വങ്ങളോട് അവർക്ക് മമതയുണ്ടായിട്ടാണെന്നൊന്നും ഞാൻ കരുതുന്നില്ല. ഇന്നത്തെ സ്വാശ്രയ മുതലാളിമാർക്ക് (ഇത് പുരോഗമനക്കാർ ഉപയോഗിക്കുന്നതുപോലെ ഒരു pejorative sense-ൽ അല്ല) കൂടുതൽ യോജിക്കുക നമ്മുടെ പഴയ ബോംബെ ക്ലബ്ബിന്റെ ജേഴ്സിയാണ്. വിദ്യാഭ്യാസമേഖലയെ പൂർണ്ണമായി ഉദാരവൽക്കരിച്ചു എന്നും, നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നു എന്നും നാളെ സർക്കാരിൽനിന്ന് ഒരു അറിയിപ്പുവരട്ടെ, അപ്പോൾ കാണാം അവരുടെ തനിനിറം. ലൈസൻസ്-പെർമിറ്റ് രാജിന്റെ സംരക്ഷണം വേണം, പക്ഷെ ഗവണ്മെന്റിന്റെ ഇടപെടൽ സ്വന്തം പള്ളക്ക് കൊള്ളാനും പാടില്ല. അത്രയേ ഇന്റർ ചർച്ച്കാർക്ക് വേണ്ടൂ. No sir, you can't have it both ways, as the Bombay Club themselves realized soon enough.

Murali said...

ആർ.വി.ജിയുടെ ലേഖനത്തിൽനിന്ന്: എം.ബി.ബി.എസ്‌., നഴ്‌സിങ്‌, പാരാമെഡിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ ആവശ്യമുണ്ടോ എന്ന്‌ ഒരു വിദഗ്‌ധ സമിതിയെക്കൊണ്ട്‌ പരിശോധിപ്പിക്കണം.

ഇതാണ് സെന്റ്ട്രൽ പ്ലാനിങിന്റെ സ്പിരിറ്റ്. പത്തിരുപതു വർഷം മുൻപ് എഞ്ചിനീയറിങ്, മെഡിസിൽ സീറ്റുകൾ മാത്രമല്ല, നാട്ടുകാർക്ക് എത്ര സ്കൂട്ടറുകൾ, ടൂത്ത് പേസ്റ്റ്, സിമന്റ്, പെയിൻ ബാം തുടങ്ങി കോണ്ടം വരെ വേണമെന്ന് 'വിദഗ്ദ്ധ സമിതികൾ' തീരുമാനിക്കുമായിരുന്നു. അവരുടെ തീരുമാനം ലംഘിച്ച് കൂടുതൽ സ്കൂട്ടറുകളോ പെയിൻ ബാമുകളോ ഉണ്ടാക്കുന്നവരെ ജയിലിലടക്കാനും നിയമമുണ്ടായിരുന്നു. അത് നമ്മെ എവിടെ എത്തിച്ചു എന്ന് പറയേണ്ടതില്ലല്ലോ.

ജിവി/JiVi said...

കാല്‍വിന്‍,

1.സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെ ഒരു പ്രധാനകാരണം സാമ്പത്തികപിന്നോക്കാവസ്ഥയാണ്.

2.സാമ്പത്തീക പിന്നോക്കാവസ്ഥയിലുള്ള ബഹുഭൂരിപക്ഷവും സാമൂഹ്യമായി പിന്നോക്കാവസ്ഥയിലാണ്.

3.പിന്നോക്കജാതികളിലും സാമൂഹ്യമായും സാമ്പത്തീകമായും മുന്നോക്കമായ ഒരു ഗണ്യമായ വിഭാഗം ഉണ്ടെന്നിരിക്കെ അവരെ ഒഴിവാക്കാതെയുള്ള സാമുദായിക സംവരണം യഥാര്‍ത്ഥ പിന്നോക്കക്കാര്‍ക്ക് ഉപയോഗ്യമാവില്ല.

സി പി എംന്റെ സംവരണനിലപാടുകളോട് ഞാന്‍ യോജിക്കാന്‍ കാരണം ഈ മൂന്നുകാര്യങ്ങളാണ്. ഇതാകട്ടെ, ഒരു സി പി എം അനുഭാവിയാകുന്നതിനുമുമ്പുതന്നെയുള്ള എന്റെ ധാരണകള്‍ കൂടീയാണ്. ഇതുതന്നെയാണോ സി പി എം നിലപാടുകള്‍ക്ക് കാരണം എന്ന് അറിയില്ല. എനിക്ക് നേരത്തേയുള്ള അഭിപ്രായമാണ് സി പി എംനും എന്നറിഞ്ഞപ്പോള്‍ അധികം ചികയാതെ ഒറ്റയടിക്ക് ഞാന്‍ സ്വാഗതം ചെയ്തു. ഞാന്‍ ശരിയെന്ന് കരുതുന്ന, മുകളിലെഴുതിയ മൂന്നുകാര്യങ്ങളെയും നിരാകരിക്കുന്നെങ്കില്‍ അതെന്തുകൊണ്ട് എന്ന് പറയുമല്ലോ.

കണ്ടിന്യുയസ് ഇവാല്വേഷന്‍ തന്നെ ഐഡിയല്‍ മാര്‍ഗ്ഗം. അത് നടപ്പാക്കാനാവുമെങ്കില്‍ ഞാന്‍ പറയുന്ന പ്രശ്നങ്ങളുമില്ല. ഇന്റര്‍ചര്‍ച്ചുകാര്‍ പറയുന്ന പ്രശ്നങ്ങളുമില്ല. അപ്പോപ്പിന്നെ രണ്ട് സ്വാശ്രയം സമം സര്‍ക്കാര്‍ എന്നതിനും മാറ്റമുണ്ടാവേണ്ട കാര്യമില്ല.

മുക്കുവന്‍ said...

സാമ്പത്തികമായി പിന്നോക്ക നിലയിലുള്ളവരെ സഹപാഠികള്‍ പഠിപ്പിക്കട്ടേ?? കഷ്ടം..

is this rule applicable to other field too?

it is none of my business to pay for others... govt should take care of paying for their money. fixing the fees, make enough license for more colleges. competition will mark down the fees :)

Jack Rabbit said...

[കാല്‍വിന്‍]: സംവരണം സാമ്പത്തികപിന്നോക്കാവസ്ഥയെ അഡ്രസ് ചെയ്യാനുള്ളതല്ല, സാമൂഹ്യമായ പിന്നോക്കാവസ്ഥയെ അഡ്രസ് ചെയ്യാന്‍ ഉള്ളതാണ് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്.

ഇത് എങ്ങനെയാണ് അളക്കാന്‍ പറ്റുക ? നമ്മള്‍ നടപ്പിലാക്കുന്ന പോളിസികള്‍ ഗുണം ചെയ്യുന്നുണ്ടോയെന്നു എങ്ങനെ മനസ്സിലാക്കും ?

cALviN::കാല്‍‌വിന്‍ said...

3.പിന്നോക്കജാതികളിലും സാമൂഹ്യമായും സാമ്പത്തീകമായും മുന്നോക്കമായ ഒരു ഗണ്യമായ വിഭാഗം ഉണ്ടെന്നിരിക്കെ അവരെ ഒഴിവാക്കാതെയുള്ള സാമുദായിക സംവരണം യഥാര്‍ത്ഥ പിന്നോക്കക്കാര്‍ക്ക് ഉപയോഗ്യമാവില്ല.

ജിവി, പിന്നോക്കജാതികളില്‍ സാമ്പത്തികമായി മുന്നോക്കമായ വിഭാഗത്തെ സംവരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. സാമ്പത്തിക ഉന്നമനം ഒരു ചെറിയ സ്റ്റെപ്പിങ്ങ് സ്റ്റോണ്‍ മാത്രമേ ആകുന്നുള്ളൂ. പിന്നോക്കവിഭാഗക്കാര്‍ അര്‍ഹിക്കുന്ന സാമൂഹ്യമായ ഉന്നമനം ആകുന്നില്ല. അവിടം കൊണ്ട് നിര്‍ത്തിയാല്‍ പാതി വഴിയെ കലം ഉടയ്ക്കും പോലെ വേസ്റ്റ് ആയ എഫര്‍ട് ആയി മൊത്തം മാറും. ഇത് സംവരണത്തിന്റെ ഉദ്ദേശ്യം തന്നെ അട്ടിമറിയ്ക്കുന്നതാണ്.

മുക്കുവാ സഹപാഠികള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നു എന്നതിനു പകരം കൂടുതല്‍ വരുമാനമുള്ളവര്‍ കൂടുതല്‍ ഇന്‍കം ടാക്സടയ്ക്കുന്നു എന്ന പോലെ മനസിലാക്കാന്‍ ശ്രമിക്കുക.

Help said...

>>>മുക്കുവാ സഹപാഠികള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നു എന്നതിനു പകരം കൂടുതല്‍ വരുമാനമുള്ളവര്‍ കൂടുതല്‍ ഇന്‍കം ടാക്സടയ്ക്കുന്നു എന്ന പോലെ മനസിലാക്കാന്‍ ശ്രമിക്കുക.

ചോദ്യം മുക്കുവനോടാണെങ്കിലും...!
മറ്റേ അമ്പത് ശതമാനതിനു ആദ്യ അമ്പത് ശതമാനത്തെക്കാളും കൂടുതല്‍ വരുമാനമുണ്ടെന്ന് എങ്ങിനെ കണക്കാക്കാം....? കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ തന്നെ അതിന്റെ ഇന്‍കം ടാക്സ്‌ കൂടുതലായി തന്നെ അടയ്ക്കുന്നുമുണ്ട്.... അതും കൂടാതെ പഠിക്കാനായി കൂടുതല്‍ ടാക്സ്‌ അടയ്ക്കണം എന്ന് പറഞ്ഞാല്‍ അത് അവരോടു ചെയ്യുന്ന അനീതിയാണ്.... അത് എന്തുകൊണ്ട് കാണാതെ പോകുന്നു...? അവരും ഇന്ത്യന്‍ പൌരന്മാര്‍ തന്നെ.

ജനശക്തി said...

ഒ ബി സി റിസര്‍വേഷന്റെ വിഷയത്തില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനം http://cpim.org/node/1348

മുക്കുവന്‍ said...

ഹെല്പാ‍ാ... ഞാന്‍ ധനികനായത് ടാക്സ് കൂടുതല്‍ കൊടുത്ത് തന്നെയാണു.. ഇനി ധനികരായ മറ്റുചിലരും നാട്ടിലുണ്ട്.. എന്തെ ഞാന്‍ മാത്രം സഹപാഠിയെ പഠിപ്പിക്കണം?

വിദ്യ ആര്‍ക്കും നിഷേധിക്കരുത് എന്നാണു മുക്കുവണ്ടേയും അഭിപ്രായം.

മുക്കുവന്റെ അഭിപ്രായം ഒരു രണ്ട് കൊല്ലം മുന്‍പ് ഒരു പോസ്റ്റെഴുതി..

http://mukkuvan.blogspot.com/2007/11/blog-post_22.html

Help said...

>>> എന്തെ ഞാന്‍ മാത്രം സഹപാഠിയെ പഠിപ്പിക്കണം?

അതു തന്നെയാണു എന്റെയും അഭിപ്രായം... :-)

N.J ജോജൂ said...

സാമൂഹിക നീതി
"മാനേജ്മെന്റും സഹപാഠികളും ഒന്നും സമൂഹത്തില്‍ പെടില്ലായിരിക്കും."

സമൂഹമെന്നത് മാനേജുമെന്റും സഹപാഠിയും മാത്രമല്ല എന്ന യാഥാർഥ്യം മനസിലാക്കിയാലേ 50-50യുടെ അനീതി മനസിലാക്കാനാവൂ. സമൂഹം മുഴുവനും വഹിക്കേണ്ട ചുമതല ഏതാണ്ട് 1% ഓ 2% ഓ വരുന്ന മാനേജുമെന്റിലേയ്ക്കും സഹപാഠിയിലേയ്ക്കും ചുരുക്കുന്നു. ഇന്നത്തെ റേഷൻ സമ്പ്രദായവും സൊജന്യങ്ങളും ഇതേ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്ന അപരന്റെ കയ്യിൽ നിന്നും ഇരട്ടി തുക ഈടാക്കിയിട്ടല്ലല്ലോ. 2 രൂപയ്ക്ക് അരി നൽകണ്ടതിന്റെ ബാധ്യത തീർക്കുന്നത് 20 രൂയുടെ അരി 40 രൂ വിറ്റിട്ടല്ലല്ലോ. ഇതെല്ലാം പരിഹരിക്കപ്പെടുന്നത് നികുതിപണം ഉപയോഗിച്ചാണ്. ഈ സൗജന്യങ്ങൾ എത്തിച്ചേരുന്നത് അർഹതപ്പെട്ടവർക്കു തന്നെയാണല്ലോ തത്വത്തിലെങ്കിലും.

സാമൂഹിക നീതിയുടെ ഈ രണ്ടു തത്വങ്ങളും -അർഹതയും സമൂഹത്തിന്റെ ഉത്തരവാദിത്തവും - 50-50 യിൽ ലംഘിക്കപ്പെടുകയോ കുറഞ്ഞ പക്ഷം പരിഗണിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നു.

N.J ജോജൂ said...

സ്വാശ്രയത്തിലെ മെറിറ്റ്
ഈ കമന്റ് എൻജിനീയറിംഗിനെ അടിസ്ഥാനമാക്കിയാണ് എഴുതിയിരിക്കുന്നത്.
സർക്കാരിന്റെ എൻട്രൻസ് പരീക്ഷയാണു മാനദൻഢം എന്നു വരികിൽ തന്നെ സർക്കാർ കോളേജിൽ പഠിക്കുവാൻ തക്ക മെറിറ്റില്ലാത്തവരാണല്ലോ സ്വാശ്രയകോളേജുകളിലേയ്ക്ക് എത്തുന്നത്.(ഇത് പൂർണ്ണമായും ശരിയല്ല എന്ന എനിക്കറിയാം, സർക്കാർ ഫ്രീസീറ്റ് വേണ്ട എന്നു വച്ച് മികച്ച കോളേജ് നോക്കി സർക്കാർ/സ്വകാര്യ സ്വാശ്രയങ്ങൾ നോക്കി പോകുന്നവരുണ്ട്, IHRDയുടെ മോഡൽ, ചെങ്ങന്നൂർ, സ്വകാര്യസ്വാശ്രയമായ രാജഗിരി തുടങ്ങിയവയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ അറിയാം.)

സർക്കാർ കോളേജിൽ ഫ്രീയായി പഠിയ്ക്കുവാൻ മെറിറ്റില്ലാത്തവരെ സ്വാശ്രയകോളേജുകൾ ഫ്രീയായി പഠിപ്പിക്കണം എന്നു പറയുന്നതു ബാലിശമാണ്.

സർക്കാരിന്റെ എൻട്രൻസ് പരീക്ഷയോ ഇന്റർ ചർച് കൗൺസിൽ ഇന്ന് അവലംബിക്കുന്ന പ്രവേശന രീതിയോ ഒന്നും മെറിറ്റ് നിർണ്ണയിക്കാൻ പര്യാപ്തമാണ് എന്ന വിശ്വാസവും എനിക്കില്ല. സുതാര്യമായ മറ്റൊരു സംവിധാനം അവലംബിക്കാനാവുമെന്നും കരുതുന്നില്ല. അഭിരുചി എന്നത് പ്രവേശനത്തിന്റെ ഒരു ഘട്ടത്തിൽ പോലും അളക്കപ്പെടുന്നുമില്ല. ബഹുഭൂരിപക്ഷത്തിന്റെയും സ്വപ്നമായ ഐ.ടി ക്ലറിക്കൽ ജോലികൾക്ക് അത്രയൊക്കെ മതി എന്നതു മറ്റൊരു യാഥാർഥ്യം.

സർക്കാരിന്റെ 50-50 പ്രകാരം മെറിറ്റ് സീറ്റിൽ വരുന്ന 1000 നെക്കാൾ മെറിറ്റിൽ ഒട്ടും പിറകിലല്ല 50-50 പ്രകാരം പേയ്മെന്റ് സീറ്റ് എടുക്കേണ്ടിവരുന്ന 1001 മൻ. പക്ഷേ 1000ആമനെ പഠിപ്പിക്കേണ്ട ബാധ്യതകൂടി 1001മനു ചുമക്കേണ്ടീ വരുന്നു; 1000മനു എന്തോ കൂടുതലുണ്ടത്ര.

N.J ജോജൂ said...

മുരളി പറയുന്നതിനോട് ഏതാണ്ടൊക്കെ യോജിക്കുന്നു. സർക്കാരിന്റെ 50-50എന്ന നീതിരഹിതമായ തത്വത്തോട് ഇന്റർ ചർച് കൗൺസിലിനുള്ള എതിർപ്പിനുള്ള മുഖ്യ കാരണം സഭയുടെ രാഷ്ട്രീയം(കക്ഷിരാഷ്ട്രീയമല്ല) തന്നെയാണ്. ഔദ്യോഗികമായി സഭയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ മേഖല സഭയുടെ മതബോധനത്തിന്റെയും വിശ്വാസപ്രഘോഷണത്തിന്റെയും വേദിയാണ്. നമ്മുടെ ഭരണഘടന അത് അനുവദിയ്ക്കുകയും ചെയ്യുന്നു. അതേ സമയം മറ്റു സർക്കാർ-സ്വാശ്രയ സ്ഥാപനങ്ങൾ ചെയ്യുന്നതുപോലെ ശരാശരി നിലവാരമുള്ള എൻജിനീയറിംഗ് ബിരുധ ധാരികളെയും മെഡിക്കൽ ബിരുധധാരികളെയും സൃഷ്ടിയ്ക്കുവാൻ സഭയുടെ സ്ഥാപനങ്ങൾക്കു കഴിയുന്നുണ്ട്. അതേ സമയം ഉയർന്ന നിലവാരമുള്ള ഒരു എൻജിനീയറെയോ ഡോക്ടറെയോ സൃഷ്ടിയ്ക്കുവാൻ സഭയുടെ സ്ഥാപനങ്ങൾ എന്തെങ്കിലും പ്രത്യേകമായി ചെയ്യുന്നുണ്ടെന്നോ ചെയ്യുമെന്നോ ഞാൻ കരുതുന്നില്ല. സഭയുടെ സ്ഥാപനങ്ങളിൽ നീന്നെന്നല്ല കേരളത്തിലെയോ ഇന്ത്യയിലെതന്നെയോ IISC/IIT/IIM കഴിഞ്ഞാൽ ഒരു മികച്ച പ്രോഫഷണലിലെ വാർത്തെടുക്കാൻ പോന്ന കലാലയങ്ങൾ എത്രയുണ്ടെന്നു സംശയമുണ്ട്. അങ്ങനത്തെ കലാലയങ്ങളിൽ നിന്ന് ആരെങ്കിലും മികച്ച പ്രോഫഷണലുകളായി പുറത്തിറങ്ങുന്നുണ്ടെങ്കിൽ അത് അവരുടെ അഭിരുചികൊണ്ടൂ മാത്രമായിരിക്കും.

N.J ജോജൂ said...

ഒരു മികച്ചകലാലയം സർക്കാർ മേഖലയിലല്ലാതെ സൃഷ്ടിക്കപ്പെടണമെന്നുണ്ടെങ്കിൽ

1. സ്വന്തമായി പ്രവേശനം നടത്തുവാനുള്ള സ്വാതന്ത്യം വേണം. തങ്ങളുടെ വിദ്യാഭ്യാസ സങ്കല്പത്തിനു യോജിച്ച വിദ്യാർത്ഥികളെ കണ്ടെത്തുവാനുള്ള മാനേജുമെന്റിന്റെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം.

2. ന്യായമായ ഫീസ് നിർണ്ണയിക്കുവാനുള്ള സ്വാതന്ത്യം വേണം.

3. സർക്കാരിന്റെ ഇടപെടൽ പരമാവധി കുറക്കണം. വിദ്യാഭ്യാസത്തിന്റെ മിനിമം നിലവാരം ഉറപ്പുവരുത്തുവാനും പ്രവേശനം സുതര്യമായും നീതി പൂർവ്വമായും നടക്കുന്നു എന്നു ഉറപ്പുവരുത്തുവാനും മാത്രമായി സർക്കാർ ഇടപെടലുകൾ ചുരുങ്ങണം.

അങ്ങനെയാണെങ്കിൽ മാത്രമേ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ കൊടുവരുവാൻ കഴിയുന്നവർ ഈ രംഗത്തേയ്ക്ക് കടന്നു വരികയുള്ളൂ. അതിനു സർക്കാരിന്റെ നിലപാടുകൾ സഹായകകരമാണെന്നു തോന്നുന്നില്ല.

Help said...

>>>1. സ്വന്തമായി പ്രവേശനം നടത്തുവാനുള്ള സ്വാതന്ത്യം വേണം. തങ്ങളുടെ വിദ്യാഭ്യാസ സങ്കല്പത്തിനു യോജിച്ച വിദ്യാർത്ഥികളെ കണ്ടെത്തുവാനുള്ള മാനേജുമെന്റിന്റെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം.<<<

ജോജ്ജു പറയുന്ന മിക്ക കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു, മുകളില്‍ പറഞ്ഞതോഴിച്ച്. സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് പരിഗണന നല്കുകയായും ഉത്തമം എന്ന് ഞാന്‍ കരുതുന്നു.... കാരണം ആ വിദ്യാഭ്യാസ സങ്കല്പങ്ങള്‍ക്ക് അനുസൃതമായ പരീക്ഷ സര്‍ക്കാര്‍ ലെവലില്‍ നടത്തുന്നത് കൊണ്ട് മാത്രം. തികച്ചും വ്യത്യസ്തമായ ഒരു കോഴ്സാണ് നടത്തുന്നതെങ്കില്‍ മാത്രം ...(ഉദാഹരണത്തിന് ..റോബോട്ടിക് /ജെനെറ്റിക് /... അങ്ങിനെയുള്ള കോഴ്സുകള്‍ ) സ്വന്തമായി പരീക്ഷ നടത്തട്ടെ... എന്നാണു എന്റെ അഭിപ്രായം.

cALviN::കാല്‍‌വിന്‍ said...

വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ ഏറ്റവും കുറവായിരിക്കണമെന്ന് പറയുന്ന ആരുടെയും അജണ്ട എന്താണെന്ന് എളുപ്പം തിരിച്ചറിയാം.

സര്‍ക്കാര്‍ എന്നത് ജനങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരു എന്റിറ്റി അല്ല. ജനങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ എന്ന് പറയുന്നത്. ആ ജനാധിപത്യത്തെ അംഗീകരിക്കാന്‍ സഭയ്ക്ക് കഴിയാത്തത് സാമൂഹ്യബോധം ഇപ്പോള്‍ അശേഷം അവശേഷിക്കാത്തത് കൊണ്ടും.

പൂര്‍ണമായും സര്‍ക്കാര്‍ റെഗുലേഷനില്‍ത്തന്നെ വേണം ഏതൊരു വിദ്യാഭ്യാസസ്ഥാപനവും പൊതുജനാരോഗ്യസ്ഥാപനവും ഏത് രാജ്യത്തും നടപ്പിലാവേണ്ടത്. ജനങ്ങളുടെ മൊത്തം കയ്യില്‍ കാശില്ലാതാവുമ്പോള്‍ അതായത് സര്‍ക്കാറിന്റെ കയ്യിലും കാശില്ലാതാവുമ്പോള്‍ പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ (കാശുള്ള ഒരു ന്യൂനപക്ഷത്തെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ‌‌) അതിന്റെ ടേംസ് ഡിക്റ്റേറ്റ് ചെയ്യേണ്ടത് ജനങ്ങള്‍ തന്നെയാണ്. അത് ചെയ്യാനുള്ള ജനങ്ങളുടെ ടൂളാണ് സര്‍ക്കാര്‍.

ഇത്രയും സഭയും പ്രൈവറ്റ് സ്ഥാപനങ്ങളും ഒരു കാലത്തും അംഗീകരിക്കില്ലെങ്കിലും ജനങ്ങളെങ്കിലും മനസിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഫലം ദുരന്തമാവും

Jack Rabbit said...

Help പറഞ്ഞതിനോട് യോജിക്കുന്നു. എന്തിനാണ് വേറെ പ്രവേശന പരീക്ഷ ? അവിടെന്ന് പഠിച്ചിറങ്ങുന്നവര്‍ ചര്‍ച്ചിന്റെ/മാനേജുമെന്റിന്റെ വ്യവസായ സ്ഥാപനങ്ങളില്‍ മാത്രം പണിയെടുക്കാന്‍ പോകുന്നവരല്ലലോ ?

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്ങനത്തെ കലാലയങ്ങളിൽ നിന്ന് ആരെങ്കിലും മികച്ച പ്രോഫഷണലുകളായി പുറത്തിറങ്ങുന്നുണ്ടെങ്കിൽ അത് അവരുടെ അഭിരുചികൊണ്ടൂ മാത്രമായിരിക്കും.


ഇത് എവിടെയും‌ ബാധകമല്ലെ. അഭിരുചി ഉള്ളവരേ മാത്രമല്ലെ IISC/IIT/IIM തുടങ്ങിയവയിൽ എടുക്കുന്നുള്ളൂ. അപ്പോൾ‌ അഭിരുചി ഉള്ളവർക്ക് പഠിച്ചാൽ മാത്രമല്ലെ ഏത് കോഴ്സിനും അത് ലക്ഷ്യമിട്ട നേട്ടത്തിൽ എത്താൻ കഴിയൂ. കൂണു പോലെ സ്ഥാപനഗ്ങൾ‌ അനുവദിക്കുകയോ തുറക്കപ്പെടുകയോ ചെയ്താൽ അത് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കില്ലെ. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ ഇരുപത്തഞ്ച് ശതമാനം വിദ്യാര്‍ഥികളെപ്പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത മെഡിക്കല്‍ കോളജുകളും, പത്ത് ശതമാനം വിദ്യാര്‍ഥികളെപ്പോലും വിജയിപ്പിക്കാനാകാത്ത എന്‍ജിനീയറിംഗ് കോളജുകളും സംസ്ഥാനത്തുണ്ട്.

ഇത് ഉയർത്തുന്ന വലിയോരു ആശങ്കയുണ്ട് അത് എന്താണ് എന്ന് വച്ചാൽ ഇത്തരം പരാജയ ഭാരം‌ ഉൾക്കൊള്ളുന്ന സ്വാശ്രയ സ്ഥാപനങ്ങൾ‌ ഇവരുടെ സൽപ്പേർ തകരാതിരിക്കാൻ സർവ്വകളാശാലകളെ വരെ വിലക്ക് വാങ്ങി പരീക്ഷകൾ‌ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്

ജിവി/JiVi said...

>>>>ഇത് ഉയർത്തുന്ന വലിയോരു ആശങ്കയുണ്ട് അത് എന്താണ് എന്ന് വച്ചാൽ ഇത്തരം പരാജയ ഭാരം‌ ഉൾക്കൊള്ളുന്ന സ്വാശ്രയ സ്ഥാപനങ്ങൾ‌ ഇവരുടെ സൽപ്പേർ തകരാതിരിക്കാൻ സർവ്വകളാശാലകളെ വരെ വിലക്ക് വാങ്ങി പരീക്ഷകൾ‌ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്<<<<

അങ്ങനെ അട്ടിമറിക്കപ്പെട്ട സംവിധാനം കാണണമെങ്കില്‍ അത് ഇപ്പോള്‍തന്നെയുണ്ട് കര്‍ണ്ണാടകയില്‍. ചോദ്യപേപ്പറ് മാനേജ്മെന്റ് തന്നെ ചോര്‍ത്തിക്കൊടുക്കും. പണവും വാങ്ങും. അതു ഒരു എക്സ്ട്ര ഇന്‍കം.

ജോജുവേ,

50:50ല്‍ ഭയങ്കര അനീതിയായതുകൊണ്ട് അത് നടപ്പിലാക്കാത്ത ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ എങ്ങനെയാണ് 15% NRI സീറ്റില്‍ നാലിരട്ടി ഫീസ് വാങ്ങിപ്പഠിപ്പിക്കുന്നതെന്ന് ഒന്നു പറഞ്ഞുതരാമോ?

Help said...

>>> 15% NRI സീറ്റില്‍ നാലിരട്ടി ഫീസ് വാങ്ങിപ്പഠിപ്പിക്കുന്നതെന്ന് ഒന്നു പറഞ്ഞുതരാമോ?

ഇതും അനീതിയാണ് എന്നാണു എന്റെ അഭിപ്രായം.... 100% സീറ്റിലും മെരിറ്റ് ലിസ്റ്റില്‍ നിന്ന്.... എല്ലാവരില്‍ നിന്നും മാന്യമായ ഫീസ്‌ വാങ്ങണം.... അങ്ങിനെയെങ്കില്‍ ഒരു സ്ഥാപനം മാന്യമായി നടത്തി കൊണ്ടുപോകാന്‍ പറ്റും.... ധനം ഇല്ലാതെ ഒന്നിനും പുരോഗതി ഉണ്ടാകില്ല.

Help said...

>>>>അങ്ങനെ അട്ടിമറിക്കപ്പെട്ട സംവിധാനം കാണണമെങ്കില്‍ അത് ഇപ്പോള്‍തന്നെയുണ്ട് കര്‍ണ്ണാടകയില്‍. ചോദ്യപേപ്പറ് മാനേജ്മെന്റ് തന്നെ ചോര്‍ത്തിക്കൊടുക്കും. പണവും വാങ്ങും. അതു ഒരു എക്സ്ട്ര ഇന്‍കം.

ഈ പ്രശ്നം 50:50 വന്നാല്‍ ഗുരുതരമാവുകയെയുള്ളൂ... നിലവാരം കൂടുതല്‍ കുറയും...അപ്പോള്‍ കൂടുതല്‍ തട്ടിപ്പ് നടത്തുവാന്‍ അവര്‍ നിര്‍ബന്ധിതരാകും... അപ്പോള്‍ ഭേദം അതില്ലാതാക്കുകയല്ലേ ....? അപ്പോള്‍ മെരിറ്റില്‍ ഉള്ളവര്‍ കൂടുതല്‍ നിലവാരം കൊണ്ട് വരും...!

N.J ജോജൂ said...

"50:50ല്‍ ഭയങ്കര അനീതിയായതുകൊണ്ട് അത് നടപ്പിലാക്കാത്ത ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ എങ്ങനെയാണ് 15% NRI സീറ്റില്‍ നാലിരട്ടി ഫീസ് വാങ്ങിപ്പഠിപ്പിക്കുന്നതെന്ന് ഒന്നു പറഞ്ഞുതരാമോ?"

എൻ.ആർ.ഐ സീറ്റിനോട് വ്യക്തിപരമായി യോജിപ്പില്ല. ക്രോസ് സബ്‌സിഡിപാടില്ല എന്ന കോടതി വിധിയിൽ പോലും എൻ.ആർ.ഐ സീറ്റ് നിലനിർത്തുകയാണ് ഉണ്ടായത് എന്നാണ് ഞാൻ മനസിലാക്കുന്നത്. അതായത് എൻ.ആർ.ഐ സീറ്റിന് നിയമപരമായ സാധുതയുണ്ട്.

സർക്കാർ ഉണ്ടാക്കിയ കരാറുകളിലെല്ലാം എൻ.ആർ.ഐ സീറ്റ് നിലവിലിരുന്നു. സർക്കാർ എയിഡഡ്/സർക്കാർ സ്വാശ്രയങ്ങളിലും എൻ.ആർ.ഐ സീറ്റ് നിലവിലിരുന്നു.

നിയമപരമായി തെറ്റല്ലെങ്കിൽ പോലും എൻ.ആർ.ഐ സീറ്റിനോട് വ്യക്തിപരമായി യോജിപ്പില്ല.

N.J ജോജൂ said...

"സ്വാശ്രയ സ്ഥാപനങ്ങൾ‌ ഇവരുടെ സൽപ്പേർ തകരാതിരിക്കാൻ സർവ്വകളാശാലകളെ വരെ വിലക്ക് വാങ്ങി പരീക്ഷകൾ‌ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്"

ഈ വാദം ഒരു പരിധി വരെ അംഗീകരിക്കുമ്പോൾ തന്നെ മറുവാദം അവതരിപ്പിക്കട്ടെ. സ്വാശ്രയ സ്ഥാപനങ്ങളെ താറടിച്ചു കാണിയ്ക്കുവാൻ മനപ്പൂർവം പണികൊടുക്കുന്ന രീതി കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് കണ്ടതാണ്.
ഇപ്പോൾ തന്നെ കണ്ണൂർ സർവ്വകലാശാലയിലെ ചില നടപടികളെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽ പെട്ടിരുന്നു. അതൊന്നും സ്വാശ്രയംകൊണ്ടുള്ളതല്ലല്ലോ.

അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനുമുള്ള സാധ്യതകൾ എപ്പോഴുമുണ്ട്. അതിനെ സ്വാശ്രയം എന്ന ആശയവുമായി കൂട്ടിക്കെട്ടുന്നതിൽ അപാകതയുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു പറയുന്നു
അങ്ങനത്തെ കലാലയങ്ങളിൽ നിന്ന് ആരെങ്കിലും മികച്ച പ്രോഫഷണലുകളായി പുറത്തിറങ്ങുന്നുണ്ടെങ്കിൽ അത് അവരുടെ അഭിരുചികൊണ്ടൂ മാത്രമായിരിക്കും.ഇത് എവിടെയും‌ ബാധകമല്ലെ. അഭിരുചി ഉള്ളവരേ മാത്രമല്ലെ IISC/IIT/IIM തുടങ്ങിയവയിൽ എടുക്കുന്നുള്ളൂ. അപ്പോൾ‌ അഭിരുചി ഉള്ളവർക്ക് പഠിച്ചാൽ മാത്രമല്ലെ ഏത് കോഴ്സിനും അത് ലക്ഷ്യമിട്ട നേട്ടത്തിൽ എത്താൻ കഴിയൂ. കൂണു പോലെ സ്ഥാപനഗ്ങൾ‌ അനുവദിക്കുകയോ തുറക്കപ്പെടുകയോ ചെയ്താൽ അത് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കില്ലെ. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ ഇരുപത്തഞ്ച് ശതമാനം വിദ്യാര്‍ഥികളെപ്പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത മെഡിക്കല്‍ കോളജുകളും, പത്ത് ശതമാനം വിദ്യാര്‍ഥികളെപ്പോലും വിജയിപ്പിക്കാനാകാത്ത എന്‍ജിനീയറിംഗ് കോളജുകളും സംസ്ഥാനത്തുണ്ട്.

N.J ജോജൂ said...

"സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് പരിഗണന നല്കുകയായും ഉത്തമം എന്ന് ഞാന്‍ കരുതുന്നു."

ഞാനിതു വിശദീകരിയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടൂള്ളതാണ് എന്നു തോന്നുന്നു. ഒരു ശരാശരി സ്ഥാപനം എന്ന നിലയിൽ - സിലബസ്സു കവറുചെയ്ത്, സ്ഥാപനം നടത്തി, കഴിവതും വിദ്യാർത്ഥികളെ മികച്ച രീതിയിൽ പാസാക്കി നടക്കുന്ന ഒരു സ്ഥാപനം - പ്രവർത്തിക്കുന്നവർക്ക് ഏതെങ്കിലും ഒരു ലിസ്റ്റ് കിട്ടിയാൽ മതിയാവും. അത് സർക്കാർ ലിസ്റ്റ് തന്നെയാവുന്നതാണ് അഴിമതി തടയാൻ ഉത്തമം. പക്ഷേ പ്രത്യേക വിദ്യാഭ്യാസ ലക്ഷ്യത്തോടെ കാഴ്ചപ്പാടോടെ പ്രവർത്തിയ്ക്കുന്ന ഒരു സ്ഥാപനത്തിനു അതിനനുയോജ്യരായ കുട്ടികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തീർച്ചയായും ഉണ്ടായേ തീരൂ.

ഐ.ഐ.എം ന്റെ പ്രവേശനം തന്നെയെടുത്താൽ ക്യാറ്റിനു (പ്രവേശന പരീക്ഷ) മുൻപന്തിയിൽ വരുന്നത് പ്രവേശനമോ സ്ഥാപനമോ ഉറപ്പാക്കുന്നില്ല. അതതു സ്ഥാപനങ്ങളിലെ ഇന്റർവ്യൂ കഴിഞ്ഞേ അതുണ്ടാവൂ. ഇനി എല്ലാ കോളേജുകളിൽ നിന്നും കോൾ ഉണ്ടായിക്കൊള്ളണമെന്നുമില്ല.
ഇതിനെ ഒരു സാധാരനക്കാരന്റെ മെറിറ്റ് ധാരണയിൽ കൂടി നോക്കിയാൽ മനസിലാക്കാൻ പറ്റി എന്നു വരില്ല.

ഉഷയുടെ സ്കൂളിനെ ഉദാഹരനമായി എടുക്കാം. സർക്കാർ എഴുത്തു പരീക്ഷ നടത്തി അതിൽ മുന്നിൽ വരുന്നവരെ എടുത്തുകൊള്ളണം എന്നു പറയുന്നതു ബാലിശമല്ലേ. ഒരു മികച്ച പ്രകടനം കാഴ്ചവച്ചു എന്നതുകൊണ്ടൂം ഉഷ കുട്ടിയെ സ്വീകരിക്കണമെന്നില്ലല്ലോ. അവർക്ക് എത്രത്തോളം താത്പര്യമുണ്ട്, വർഷങ്ങളുടെ പരിശീലനം കൊണ്ട് അവർ എത്രമാത്രം ഉയരാം എന്നൊക്കെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിലുള്ള വിശകലനം അവിടെ അനിവാര്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവരെക്കാൾ മറ്റുള്ളവർ മുന്നിലെത്തിയേക്കാം. അതിനെ മെറിറ്റിന്റെ വയലേക്ഷനായി കണക്കാക്കുവാനാവില്ല എന്നതാണ് എന്റെ പക്ഷം.

N.J ജോജൂ said...

"കൂണു പോലെ സ്ഥാപനഗ്ങൾ‌ അനുവദിക്കുകയോ തുറക്കപ്പെടുകയോ ചെയ്താൽ അത് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കില്ലെ."

തീർച്ചയായും ബാധിക്കും. അതിന്റെ പ്രതിവിധി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എണ്ണം നിജപ്പെടുത്തുക എന്നതാണ് എന്ന് എനിക്കു തോന്നുന്നില്ല. അഭിരുചിയെക്കാൾ ജോലിസാധ്യതയ്ക്കും ഇഷ്ടപ്പെട്ട ജോലിയെക്കാൾ ശമ്പളം കൂടുതൽ കിട്ടുന്ന ജോലിയും ഒക്കെ പരിഗണിക്കപ്പെടുമ്പോൾ വ്യക്തിപരമായ താത്പര്യങ്ങൾ മാറും. അഭിരുചിയ്ക്ക അനുസരിച്ചുള്ള കോഴ്സും ജോലിയും തിരഞ്ഞെടുക്കണമോ എന്നത് വ്യക്തിപരമായ കാര്യമാണ്. അഭിരുചിയുള്ളവരെ തിരഞ്ഞെടുക്കണമോ എന്നത് സ്ഥാപനത്തിന്റെയും. ആവശ്യക്കാർക്ക് ഇഷ്ടപ്പെട്ട വിദ്യാഭ്യാസം ലഭിയ്ക്കുവാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതുമാത്രമാണ് സർക്കാരിനു ചെയ്യാനുള്ളത്.

Murali said...

"സ്വാശ്രയ സ്ഥാപനങ്ങൾ‌ ഇവരുടെ സൽപ്പേർ തകരാതിരിക്കാൻ സർവ്വകളാശാലകളെ വരെ വിലക്ക് വാങ്ങി പരീക്ഷകൾ‌ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്"

അതുകൊണ്ട് പ്രവേശനമടക്കം എല്ലാം സർക്കാർ നിയന്ത്രണത്തിലാക്കണം. ഇത് സ്റ്റേറ്റിസ്റ്റുകൾ സാധാരണ ഉന്നയിക്കുന്ന ഒരുവാദമാണ്. അതായത്, സർക്കാരിന് താരതമ്യേന എളുപ്പത്തിൽ ചെയ്യാവുന്ന X എന്ന കാര്യം ചെയ്യുവാൻ കഴിയില്ല, അതുകൊണ്ട് അതിലും വളരെ സങ്കീർണ്ണമായ Y കൂടി സർക്കാർ ഏറ്റെടുത്ത് ചെയ്യണം! പ്രവേശനം തുടങ്ങി, കോളേജുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വരെ സർക്കാർ കൈ കടത്തുന്നതിലും എത്രയോ എളുപ്പമാണ് സർവകലാശാലകളിലെ അഴിമതി തടയാൻ. അതുചെയ്യാൻ വയ്യ, അഥവാ ഇച്ഛാശക്തി ഇല്ല.പിന്നെ, സർവകലാശാലകളുടെ അഫിലിയേഷൻ കൊണ്ട് എന്താണ് ഗുണം? സ്ഥാപനങ്ങൾ സിലബസ്സും ഇവാല്യുവേഷനും സ്വയം നടത്തിയാൽ എന്താണൊരു കുഴപ്പം?

ഇത്തരം ചിന്താഗതി എല്ലാ സോഷ്യലിസ്റ്റ് പ്ലാനർമാരുടെയും ഒരു പ്രത്യേകതയാണ്. കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു, ഭൂമി സ്വകാര്യ സംരംഭകർ നേരിട്ട് കർഷകരിൽ നിന്നും വാങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത് നോക്കുക: Most people do not realize that in such deals , big businesses use both carrot s and sticks. These deals often are delegated to goons who use all kinds of threats to make sure that the farmers "voluntarily" accept the offer - അതായത്, ഗുണ്ടാഗിരി തടയുക എന്ന അടിസ്ഥാന കടമ നിറവേറ്റാൻ സർക്കാരിന് കഴിയില്ല, അതുകൊണ്ട് ഭൂമി ഏറ്റെടുക്കൽ കൂടി സർക്കാർ ചെയ്യണം. അതെവിടെയെത്തി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

"പൂര്‍ണമായും സര്‍ക്കാര്‍ റെഗുലേഷനില്‍ത്തന്നെ വേണം ഏതൊരു വിദ്യാഭ്യാസസ്ഥാപനവും പൊതുജനാരോഗ്യസ്ഥാപനവും ഏത് രാജ്യത്തും നടപ്പിലാവേണ്ടത്."

ഇങ്ങനെ 'പൂർണ്ണമായും സർക്കാർ റഗുലേഷനിൽ തന്നെ' നടക്കുന്ന വിദ്യാഭ്യാസ-പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ അവസ്ഥ എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ? വികസിത രാജ്യങ്ങളിലെ പോലും? സോഷ്യലിസ്റ്റ് സെൻട്രൽ പ്ലാനിങ്ങ് ഒരു കൂട്ടർക്ക് മാത്രമേ ഗുണം ചെയ്യൂ - സെൻട്രൽ പ്ലാനർമാർക്ക്.

ഒരു സ്വതന്ത്ര കമ്പോളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം കുറഞ്ഞാൽ, ഗുണനിലവാരം കുറഞ്ഞ മൊബൈൽ ഫോണുകൾക്കും സോപ്പുപൊടിക്കും ഒക്കെ സംഭവിക്കുന്നതുതന്നെ അവയ്ക്കും സംഭവിക്കും - മാർക്കറ്റ് അവയെ ത്യജിക്കും. മറിച്ച്, സർക്കാർ ഇടപെടൽ വഴി ഗുണനിലവാരം ഉയർത്താനാണ് ശ്രമിക്കുന്നത് എങ്കിൽ പണ്ട് അംബാസിഡർ കാറും ബജാജ് സ്കൂട്ടറും ഇപ്പോൾ സോഷ്യലിസ്റ്റ് വൈദ്യുതിയും നാം ഉപയോഗിക്കാൻ നിർബന്ധിതരായതുപോലെ നിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ജനം ചുമക്കേണ്ടിവരും.

N.J ജോജൂ said...

മുരളി സത്യം!