Tuesday, August 02, 2011

ഇനി ഒളിക്യാമറ യുദ്ധത്തിന്റെ നാളുകള്‍

മുതലാളിത്തത്തിന്റെ ദത്തുപുത്രന്റെ 16 വർഷത്തെ ദുർഭരണത്തിൽ നിന്നും പാർട്ടിയെ മോചിപ്പിക്കുമെന്ന ബർളിൻ കുഞ്ഞനന്തൻ നായരുടെ പ്രസ്താവനയിൽ സംശയം തോന്നിയവർക്ക്  ആവേശം പകരുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സ്വഭാവ ദൂഷ്യ ആരോപണം നേരിട്ട ഗോപി കോട്ടമുറിക്കലിന്റെ സെക്രട്ടറി സ്ഥാനം  ഇന്നലെ തെറിച്ചതോടെ ഇനി എന്തൊക്കെ  സംഭവിക്കുമെന്ന ആശങ്ക പാർട്ടിക്കാർക്കും,  ഹൊ ഇനി എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത് എന്ന ആവേശം മാധ്യമപ്രവർത്തകർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിന്റെ സാമ്പിൾ‌ വെടിക്കെട്ടാണ് ഇന്നലത്തെ ചാനൽ ചർച്ചകളിൽ നടന്നത്.

ലൈംഗീക അപവാദം നേരിട്ട പി.ശശിയെ പുറത്താക്കൂ  എന്ന ആക്രോശിച്ച പല മുൻ‌ കമ്യൂണിസ്റ്റുകളും ഗോപി കോട്ടമുറിക്കലിന്റെ കാര്യമായപ്പോഴേക്കും നിലപാടുകളിൽ അയവ് വരുത്തി എർണ്ണാകുളം ജില്ലയിലെ പ്രമുഖ മുൻ‌ കമ്യൂണിസ്റ്റ്  പിയേഴ്സൺ‌ പറഞ്ഞത് ഇങ്ങനെ ഒളി ക്യാമറയില്‍ പകര്‍ത്തി സഖക്കാള്‍ പരസ്പരം കുടുക്കാന്‍ ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ല എന്നാണ്‌. വഴി പിഴച്ച് പോകുന്ന സഖാവിനെ തിരുത്താന്‍ ശ്രമിക്കണമായിരുന്നു എന്നും അതാണ്‌ കമ്യൂണിസ്റ്റ് രീതിയെന്നുമായിരുന്നു പിയേഴ്സന്റെ പക്ഷം. ഈ സംസ്ഥാന സമ്മേളനം ഇത്തരത്തിലുള്ള വ്യക്തിഹത്യകള്‍ക്കൊണ്ട് ചന്ത നിലവാരത്തിലെത്തുമെന്നും പീയേഴ്സണ്‍ പ്രവചിച്ചു. ഒപ്പം തന്റെ ചിരകാല വൈരിയായ എസ്.ശര്‍മ്മക്കെതിരെ 60 കോടി രൂപയുടെ എ.പി വര്‍ക്കി ആശുപത്രി വിവാദം ഉടന്‍ പുറത്തുവരുമെന്ന് പ്രവചിക്കുകയും ചെയ്തു.

എന്തൊക്കെ ആയാലും കാര്യങ്ങളുടെ പോക്കു കണ്ടിട്ട് ഇത്തവണത്തെ സമ്മേളനങ്ങള്‍ എരിവും പുളിയും കലര്‍ന്നതാകും എന്നുറപ്പിക്കാവുന്ന രീതിയിലാണ്‌. മലപ്പുറം സമ്മേളനത്തില്‍ പ്രത്യേശാസ്ത്ര വിവാദങ്ങളില്‍ ഉന്നിയാണ്‌ ചര്‍ച്ചകള്‍ മുന്നോട്ട് നിങ്ങിയതെങ്കില്‍ ഈ സമ്മേളനം വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളാകും എന്നുറപ്പിക്കുന്ന സൂചനകളാണ്‌ പുറത്തുവരുന്നത്. സമ്മേളന വിവാദത്തിന്‌ വി.എസ് തുടക്കമിട്ട ബ.കു.ന സന്ദര്‍ശനത്തില്‍ തുടങ്ങി നമുക്കിത് ദര്‍ശിക്കാന്‍ കഴിയും . വി.എസ് പോയതിന്‌ ശേഷം ബകുന നടത്തിയ പത്രസമ്മേളനം തന്നെ അതിന്‌ തെളിവാണ്‌. ഇന്ന് ബകുന അതില്‍ നിന്ന് ഒരുപടി കടന്ന് അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ പൊളിച്ചെഴുത്ത് പുസ്തകത്തിന്റെ രണ്ടാം ഭാഗം വരുന്നു  എന്നറിയിക്കുന്നു. അതിനെപ്പറ്റി ഇന്നത്തെ മനോരമയില്‍ വന്ന വാര്‍ത്തയിലെ ചിലഭാഗങ്ങള്‍ വായിക്കുക


 പാര്‍ട്ടി അംഗമായിരിക്കെ താന്‍ കണ്ടറിഞ്ഞതും ഉള്‍പ്പെട്ടതുമായ വിവാദസംഭവങ്ങള്‍ കോര്‍ത്തിണക്കി ആത്മകഥയായ പൊളിച്ചെഴുത്തിനു ബെര്‍ലിന്‍ രണ്ടാം ഭാഗം ചമയ്ക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുന്ന പൊളിച്ചെഴുത്ത് രണ്ടാം ഭാഗത്തിന്റെ ആദ്യഅധ്യായം പൂര്‍ത്തിയായി.


പിണറായി വിജയന്റെ മകള്‍ക്കു തമിഴ്നാട്ടിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ സീറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യഅധ്യായം. വി.എസ്. വിഭാഗം വെട്ടിനിരത്തപ്പെട്ട മലപ്പുറം സമ്മേളനത്തിന്റെ അണിയറക്കഥകള്‍, പാര്‍ട്ടി നേതൃത്വത്തിന്റെ വലതുപക്ഷ വ്യതിയാനം, ചില 'വെറുക്കപ്പെട്ട വ്യവസായികളുമായി പാര്‍ട്ടിയിലെ ഉന്നതര്‍ക്കുള്ള ബന്ധം തുടങ്ങിയവ വരും അധ്യായങ്ങളിലുണ്ടാകുമെന്നു കുഞ്ഞനന്തന്‍ നായര്‍ മനോരമയോടു പറഞ്ഞു. പ്രമുഖ വാരികയില്‍ ഖണ്ഡഃശ പ്രസിദ്ധീകരിച്ചതിനുശേഷം പുസ്തകമാക്കാനാണു പരിപാടി.


ആത്മകഥയ്ക്കു രണ്ടാംഭാഗമെഴുതുന്ന കാര്യം നേരത്തേ ആലോചിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ വിവാദത്തോടെയാണു ധൃതിവച്ച് ആദ്യ അധ്യായം പൂര്‍ത്തിയാക്കിയത്. ആദ്യ പൊളിച്ചെഴുത്ത് കുഞ്ഞനന്തന്‍ നായര്‍ നടത്തിയ യാത്രകളും രാഷ്ട്രീയനേതാക്കളുമായുള്ള ബന്ധങ്ങളുമാണു പ്രതിപാദിച്ചിരുന്നതെങ്കില്‍, രണ്ടാമത്തേതു പൂര്‍ണമായും സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയം മാത്രം പറയുന്നതായിരിക്കും. 


അപ്പോള്‍ കാര്യങ്ങള്‍ ഇത്തവണ വ്യക്തിപരമാകുമെന്ന് ഉറപ്പായിക്കൊണ്ടിരിക്കുന്നു. പ്രത്യേശാസ്ത്ര വിവാദങ്ങള്‍ക്ക് അവധി നല്‍കി ഇനി വ്യക്തിഹത്യയുടെ നാളുകളേ കാത്തിരിക്കാം. കഴിഞ്ഞ തവണ കൃഷ്ണദാസ് വിഭാഗിയതക്ക് തെളിവ് നിരത്താനായി എ.കെ ബാലന്റെ ഫോണ്‍ ചോര്‍ത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍ ചോര്‍ത്തുന്നതിലെ ധാര്‍മ്മികത ഇല്ലായ്മ ചൂണ്ടിക്കാട്ടി കൃഷ്ണദാസിനെതിരെ നടപടി ഉണ്ടായി എന്നതാണ്‌ ചരിത്രം. അതുകൊണ്ടാകണം ഇത്തവണ ഒളിക്യാമറ ആയുധമാക്കപ്പെട്ടത്.

ഗോപിക്കെതിരെ ഉണ്ടായ പരാതി ക്ലിക്കായതോടെ ആര്‍ക്കും ആര്‍ക്കെതിരെയും സദാചാര പ്രശ്നം ഉന്നയിക്കാനുള്ള സാധ്യത തെളിയുന്നു. ശശി മോഡല്‍ കേസുണ്ടാക്കാന്‍ ഒരു പരാതിക്കാരി വേണ്ടിയിടത്ത് ഇപ്പോള്‍ ഒളിക്യാമറ ദൃശ്യങ്ങളുപയോഗിച്ച് ആര്‍ക്കും ആര്‍ക്കുമെതിരെയും പരാതി നല്‍കാമെന്നായി. നടപടി ഉണ്ടായില്ല എങ്കില്‍ ഇത്തരം ദൃശ്യങ്ങള്‍ മൊബൈലുകളിലൂടെയും പോണോഗ്രാഫിക്ക് സൈറ്റുകളിലൂടെയും കത്തിപ്പടരും. പാര്‍ട്ടി പിന്നെയും നാറും.

സമ്മേളന കാലത്ത് ഒളിക്യാമറ ദൃശ്യങ്ങള്‍ക്ക് മറ്റുചില  ഉപയോഗങ്ങള്‍ക്കൂടി ഉണ്ട്. ആദ്യം ഇത് ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാം. പക്ഷം മാറിയാല്‍ ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാം എന്ന സന്ദേശം ആരോപിതനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിക്കുമെന്നുറപ്പ്. ചെറിയ മീനുകള്‍ മാറുന്നത് നാം അറിയില്ല പക്ഷെ വലിയ മീനുകള്‍ ചാടിത്തുടങ്ങിയാല്‍ മനസിലാക്കിക്കോ ഇത് കളി വേറേയാണ്‌ നാരായണ

3 comments:

അനില്‍@ബ്ലോഗ് // anil said...

ചുമ്മാ അലക്കട്ടെന്ന്. എല്ലാം കൂടി കുഴിയിലേക്ക് എടുക്കാറാവുമ്പോൾ പറയണം എന്ന് മാത്രം.

ASOKAN said...

വാള്‍ എടുത്തവന്‍ വാളാല്‍ "
ഗ്രൂപ്പ് കളിയുടെ കാര്യത്തിനും ഇത് ബാധകമാണ്
ഗ്രൂപ്പ് കളിച്ചവാന്‍ ഗ്രൂപ്പാല്‍ "
ശര്‍മ്മ,ചന്ദ്രന്‍ പിള്ള,ദിനേശ് മണി ,കോട്ടമുറി..............................
വി.എസ് നു വേണ്ടി എറണാകുളം ജില്ലയിലെ ഗ്രൂപ്പ് കളി നയിച്ച നാല്‍വര്‍ സംഘം........
കെ.എന്‍.രവീന്ദ്രനാഥ്,ലോറന്‍സ് ,വിശ്വനാഥ മേനോന്‍,(ചെറിയാന്‍ പിന്നെ പണ്ടേ തന്നെ ആള് ജാഡയാണ്)........
പഴയ കാല നേതാക്കളെ ഒന്നൊന്നായി ഒതുക്കി ഷെഡില്‍ കേറ്റി ഇവന്മാര്‍ നാലും കൂടി.
ഗ്രൂപ്പ് കളിയില്‍ ആവേശം മൂത്ത് ,ഒരിക്കല്‍ സംസ്ഥാന കമ്മറ്റിയില്‍ ,സാക്ഷാല്‍ .ഇ.എം.എസിനെ "കേടായ കമ്പുട്ടര്‍ "എന്ന് വരെ വിളിച്ച് വി.എസ്.ഭക്തി പ്രകടിപ്പിച്ചിട്ടുള്ള ആളായിരുന്നു സഖാവ് കോട്ടമുറി.
ഇന്ന് അതെ കോട്ടമുറി വീണതും ഗ്രൂപ്പ് കളിയില്‍ !!!!!!
സമ്മേളനങ്ങള്‍ തുടങ്ങട്ടെ.....
ഇനിയും തലകള്‍ ഉരുളട്ടെ.....
"ലതകള്‍ പുഷ്പിക്കട്ടെ "

Anonymous said...

ഏതായാലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പുതിയ ഗാട്ജട്ടുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ തങ്ങളുടെ പഴയ മൂരാച്ചി നിലപാട് മാറുന്നതില്‍ സന്തോഷമുണ്ട പെന്‍ ക്യാമറയും മാറും പെട്ടന്നു തന്നെ ഉപയോഗിക്കാന്‍ തുടങ്ങ്ങ്ങി കമ്പ്യൂടര്‍ ഉപയോഗിക്കാന്‍ കുറെ കൊല്ലം എടുത്തു ഉണ്ണിത്താന്റെ മുണ്ട ഉരിയലും ശോഭന ജോര്‍ജിന്റെ സാരി പൊക്കലും ഒക്കെ കൊണ്ഗ്രസുകാരുറെ വികല സംസ്കാരം ആയിരുന്നു പക്ഷെ അതിപ്പോള്‍ മാര്‍ക്സ്സിസ്റ്റ് പാര്‍ടിയിലും വ്യാപകമാകാന്‍ ഈ പാര്‍ട്ടി കോണ്ഗ്രസ് സഹായിരിക്കും എന്ന് തോന്നുന്നു