Tuesday, September 13, 2011

പി.സി. ജോർജ്ജ് പറയാതെ പറയുന്നത്

പാമോലിൻ കേസിൽ വിധിപറഞ്ഞ ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും മറ്റും കത്തയച്ച് ചാനലുകളിൽ നിറഞ്ഞാടുന്ന പി.സി ജോർജ്ജ് ലക്ഷ്യമിടുന്നത് എന്താകും? ജോർജ്ജിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പാവം  പൗരന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം. കേൾക്കുമ്പോൾ‌ മഹത്തരം എന്ന് തോന്നാമെങ്കിലും നീതി ആവശ്യപ്പെട്ടുന്ന ജോർജ്ജിന് നിഷേധിക്കപ്പെട്ട നീതിയെപ്പറ്റി അല്ല മറിച്ച് കോടതിയെ എനിക്ക് വിശ്വാസമാണ് എന്നും അപ്പിൽ  പോകില്ല എന്ന് ആണയിട്ട ഉമ്മൻ ചാണ്ടിക്ക്  നിഷേധിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന നീതിക്ക് വേണ്ടിയാണ് എന്ന് മാത്രം.

പാമോലിൻ കേസിൽ വിധിപറഞ്ഞ ജഡ്ജിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ജോർജ്ജ്  വിധി വന്ന ശേഷം ഉന്നയിച്ചത്. ജഡ്ജിയുടെ കുടുംബ രാഷ്ട്രീയമടക്കം ജോർജ്ജ് വിമർശിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയും കൂട്ടരുമാകട്ടെ അതിനോട്  അനുകൂല നിലപാട് എടുത്തില്ല എന്ന് മാത്രമല്ല. ജോർജ്ജിനെ തള്ളിപ്പറയുകയും ചെയ്തു. പക്ഷെ ജോർജ്ജ് സ്കോർ‌ ചെയ്തുകൊണ്ടിരുന്നു. അതിന്റെ ബാക്കിയാണ്  ജഡ്ജിക്കെതിരെ ഉള്ള പരാതി. ജോർജ് വിശദീകരിക്കുന്നത് പ്രകാരം വി.ആർ  കൃഷ്ണയ്യരും അഡ്വ കാളീശ്വരം രാജുമടക്കം ഈ കേസിലെ കോടതി നടപടികളെ വിമർശിച്ചതിനാലാണ് താൻ ഈ ദൗത്യവുമായി രംഗത്ത് വന്നതെന്നാണ് ജോർജ്ജ് പറയുന്നത് .  വി.ആർ‌ കൃഷ്ണയ്യരുടെ ഈ രീതിയിലുള്ള ഒരു പരാമർശം എവിടെയും കണ്ടതായി ഓർക്കുന്നില്ല എന്നാൽ കാളീശ്വരം രാജിന്റെ ലേഖനം ഓഗസ്റ്റ് 9 ന് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ കാളീശ്വരം രാജ് ഇങ്ങനെ പറയുന്നു

അന്വേഷണ ഉദ്യോഗസ്ഥര്‍ വിധികര്‍ത്താക്കളല്ല. കുറ്റപത്രസമര്‍പ്പണം ഒരു കേസന്വേഷണത്തിന്റെ അവസാന വാക്കുമല്ല. ഇതാണ് 173(8) വകുപ്പില്‍ അന്തര്‍ലീനമായ തത്ത്വം. സൊറാബുദ്ദീന്‍ കേസ് 2010 (2) സുപ്രീംകോര്‍ട്ട് കേസസ് 200, ശിവമൂര്‍ത്തികേസ് 2010(2) സെ്കയില്‍ 700, കിഷന്‍ലാലിന്റെ കേസ് 2004 (7) സുപ്രീംകോര്‍ട്ട് കേസസ് 685 എന്നീ കേസുകളിലെ സുപ്രീംകോടതി വിധികള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടാനുള്ള കോടതിയുടെ അധികാരത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. 173(8) വകുപ്പിന്റെ പിന്‍ബലത്തിലാണ് ഈ അധികാരം പ്രയോഗിക്കപ്പെടുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് ലാവലിന്‍ കേസില്‍ ജി. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ. കോടതി ആവശ്യപ്പെട്ടത്. അതിന്റെയര്‍ഥം ലാവലിന്‍കേസില്‍ കാര്‍ത്തികേയന്‍ കുറ്റക്കാരനാണെന്നല്ല. ഏതാണ്ട് സമാനമായ രീതിയിലുള്ള നടപടിക്രമമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നേരിടുന്നത്. 


അപ്പോൾ‌ ജോർജ്ജ്  പറയുന്നത് പോലെ  സുപ്രീം കോടതിയുടെ വിധികളുടെ ലംഘനമാണ് പാമോലിൻ കേസിൽ ഉണ്ടായതെന്ന്  കാളീശ്വരം രാജിന് അഭിപ്രായമില്ല എന്ന് വേണം കരുതാൻ. ജി. കാർത്തികേയന് ലാവ്ലിൻ  കേസിൽ നേരിടേണ്ടി വന്ന  അൻവേഷണം   പോലെ ഒന്ന് മാത്രമാണ് ഇത്. അന്ന് കാർത്തികേയന് നീതി നിഷേധിക്കപ്പെട്ടു എന്ന് ജോർജ്ജിന് തോന്നിയില്ല ഇപ്പോൾ‌ ഉമ്മൻ ചാണ്ടിക്ക് മാത്രം നീതി നിഷേധിക്കപ്പെടുമ്പോൾ‌ ഒരു പോരാട്ടം എന്ന പുകമറ സൃഷ്ടിക്കാൻ ജോർജ്ജ് ശ്രമിക്കുന്നു എന്ന് വ്യക്തം. അതിന് ഉപയോഗിച്ച പേരുകളാകട്ടെ കാളീശ്വരം രാജിന്റെയും  കൃഷ്ണയ്യരുടേതും.

ഇനി ഇതിന്റെ  രാഷ്ട്രീയം     ചികഞ്ഞാൽ കാര്യങ്ങളുടെ പോക്ക് നമുക്ക്  മനസിലാകും.  ജസ്റ്റിസ്  ഹനീഫ ഇടത് സഹയാത്രികനാണ് എന്നും വി.എസിന്റെ കേസുകൊടുക്കൾ‌ നയത്തിന്റെ ബലിയാടാണ് ഉമ്മൻ ചാണ്ടിയെന്ന് വരുത്താനും  ജോർജ്ജിന്റെ പ്രസ്താവനകൾ‌ ഉമ്മൻ ചാണ്ടിയെ സഹായിക്കും. എന്നാൽ കോടതിയോട് എനിക്ക് വലിയ ബഹുമാനമാണ് എന്നും ഞാൻ അപ്പിൽ പോകില്ല എന്നുമൊക്കെ മേനി നടിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുകയും ചെയ്യും. മാത്രവുമല്ല ജോർജ്ജിന്റെ പരാതി വിവാദമായ സ്ഥിതിക്ക് 3 മാസത്തിന് ശേഷം വീണ്ടും  ഈ കേസ് പരിഗണിക്കുന്നതിൽ നിന്നും  മാറി നിൽക്കാൻ  ജസ്റ്റിസ് ഹനീഫയെ പ്രേരിപ്പിക്കുകയും ചെയ്യും. ചുരുക്കം പറഞ്ഞാൽ ഉമ്മൻ ചാണ്ടിക്ക്  എല്ലാം കൊണ്ടും നേട്ടം തന്നെ

വാൽക്കഷ്ണം‌: പണ്ട് വി.എസ് വി.എസ് പിടിച്ചത്  ടാറ്റയുടെ ഭൂമി അല്ല മറിച്ച്   സർക്കാർ ഭൂമിയാണ് എന്ന് പറഞ്ഞ് രംഗത്ത് വന്ന ദാമുവിനെതിരെ   വി.എസോ ഇടതുപക്ഷത്തെ മറ്റൊരു നേതാവോ രംഗത്ത് വരാതിരുന്നപ്പോൾ‌ പി.സി. ജോർജ്ജ്  അരയും തലയും മുറുക്കി രംഗത്ത് വന്നത് ഈ അവസരത്തിൽ കൂട്ടി വായിക്കുക. ജോർജ്ജ്  അങ്ങനെയാണ് എപ്പോഴും അതത് കാലത്തെ തന്റെ യജമാനൻമാരോട്    അചഞ്ചലമായ    കൂറു പുലർത്തിക്കൊണ്ടെ ഇരിക്കും.

3 comments:

Anonymous said...

അങ്ങിനെ അല്ലേ വേണ്ടത് ജോസഫ് ഇല്ലായിരുന്നെകില്‍ ജോര്‍ജ് മിനിസ്ടര്‍ ആകേണ്ട ആളല്ലേ

അടുത്ത മിനിസ്ട്രി വീണ്ടും ഇടത് പക്ഷം പിന്നെ എപ്പോള്‍ ആണ് ഒരു ചാന്‍സ്

ramachandran said...

"പൊതുസമൂഹത്തില്‍ ആശങ്കയുള്ള പൗരന്‍" എന്നാണ് പി സി ജോര്‍ജു സ്വയംവിശേഷിപ്പിക്കുന്നത് ..!!

കിരണ്‍ തോമസ് തോമ്പില്‍ said...

ഇന്ന് വിഡി സതീശന്‍ ചോദിച്ചു എന്തേ കാര്‍ത്തികേയന്റെ കാര്യത്തില്‍ ആശങ്ക ഇല്ലതെ പോയതെന്ന്.