Wednesday, November 30, 2011

റിലയന്‍സ് മോര്‍ കാലഘട്ടത്തിലെ ഷോപ്പിങ്ങ് അനുഭവം 

malayal.am ഇൽ എഴുതിയ വര്‍ക്കീസ് മുതല്‍ റിലയന്‍സ് വരെ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമായി എഴുതിയ കുറിപ്പ്   റിലയന്‍സ് മോര്‍ കാലഘട്ടത്തിലെ ഷോപ്പിങ്ങ് അനുഭവം 

സൂപ്പര്‍  മാര്‍ക്കറ്റ് ചെയിനുകളുടെ ഏറ്റവും വലിയ മികവായി എടുത്തുകാട്ടുന്നത്  ഉപഭോക്താവിന്‌ ലഭിക്കുന്ന വിലക്കുറവും കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലക്കൂടുതലുമാണ്‌. കര്‍ഷകര്‍ക്ക് വില കൂടുതല്‍ ലഭിച്ചോ എന്ന് കേരളത്തിലിരുന്ന് പറയാന്‍ കഴിയില്ലാത്തതിനാല്‍  നമുക്ക് ഉപഭോക്താവിന്‌ ലഭിക്കുന്ന നേട്ടത്തെ ആധാരമാക്കിയെ വിലയിരുത്താന്‍ കഴിയൂ. എന്നാല്‍ ഇത് എത്രത്തോളം സംഭവിക്കുന്നു എന്നതാണ്‌ പ്രധാനമായും പരിശോധിക്കേണ്ടത്.


സൂപ്പർ മാർക്കറ്റുകൾ‌ കേരളത്തിൽ ഒരു പുത്തൻ ഷോപ്പിങ്ങ് അനുഭവം നൽകിക്കൊണ്ടാണ് രംഗപ്രവേശനം ചെയ്തത്. അതുവരെ പലചരക്ക് കടക്കാരന്റെ  ജാഡയിലായിരുന്നു നമ്മുടെ ഷോപ്പിങ്ങ് ഹിന്ദുസ്ഥാൻ ലിവറുകാരന്റെ കമ്മീഷൻ പോരാ എന്ന് തോന്നിയാൽ വ്യാപാരി വ്യവസായി ഏകോപന സമിതി കേരളം മുഴുവൻ ഹിന്ദുസ്ഥാൻ ലിവറിന്റെ ഉൽപ്പന്നങ്ങൾ‌ ബഹിഷ്ക്കരിക്കും എന്നിട്ട് തങ്ങൾക്ക് കമ്മീഷൻ കൂടുതൽ നൽകുന്ന പ്രോഡക്റ്റുകൾ‌ മാത്രം വിൽക്കും. ഉൽപ്പന്നങ്ങൾക്കൊപ്പം  ഫ്രീ ആയി നൽകുന്ന സാധനങ്ങളൊക്കെ  കടക്കാരൻ നൽകാറുണ്ടായിരുന്നില്ല ചേട്ടാ ഫ്രീ എന്തോ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഓസിന് കിട്ടുന്ന ഒന്നും വിടില്ല അല്ലീ എന്ന ചൊറി കമന്റുവരെ വ്യാപാരികൾ‌ ചോദിച്ചിരുന്ന ഒരു കാലത്താണ് സൂപ്പർ‌ മാർക്കറ്റുകൾ‌ ഉപഭോക്താവിന് വലിയ തോതിലുള്ള തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നൽകിക്കൊണ്ട് രംഗപ്രവേശനം ചെയ്തത്. ഇത് മലയാളികൾ‌ ആവേശപൂർവ്വം സ്വീകരിക്കുകയും ചെയ്തു. പുതിയ ഷോപ്പിങ്ങ് അനുഭവത്തിനൊപ്പം MRP ക്ക് താഴെ ബില്ല് ചെയ്ത് സൂപ്പർ മാർക്കറ്റുകാർ ഉപഭോതാവിനെ സുഖിപ്പിക്കുകകൂടി ചെയ്തു. വർക്കീസിന്റെ പഴയ പരസ്യത്തിൽ പറഞ്ഞത് പോലെ MRP അല്ല VRP ചോദിക്കൂ എന്നത് പോലെ ആയിരുന്നു ആദ്യകാല സൂപ്പർ‌ മാർക്കറ്റുകളെല്ലാം. 5 രൂപയുടെ ഒരു മഞ്ച് മുട്ടായി വാങ്ങിയാൽ 30 പൈസ് ബില്ലിൽ കുറച്ച് തന്നിരുന്ന മാർജിൻ ഫ്രീ സൂപ്പർ‌ മാർക്കറ്റുകളും ( ഈ സൂപ്പർ മാർക്കറ്റിനെ പൂട്ടിക്കാൻ ഏഷ്യാനെറ്റ് വാർത്താ ചാനൽ ഒരു ശ്രമം നടത്തിയിരുന്നു) മറ്റും അരങ്ങു വാണ നാട്ടിലാണ്  മോറും റിലയൻസും  ഫുഡ് ബസാറും  ഇപ്പോൾ‌ നിറഞ്ഞ് നിൽക്കുന്നത്.

റിലയൻസും മോറുമൊക്കെ കൊട്ടിഘോഷിച്ച് എത്തിയതോടെ വിലകുറയും എന്ന് കരുതിയവർക്ക് തെറ്റി. ചുറ്റുമുള്ള പലചരക്ക് പച്ചക്കറിക്കടകൾ പൂട്ടി എങ്കിലും ചിലതൊക്കെ അവിടെ ഇവിടെ പിടിച്ചു നിന്നു. അവിടങ്ങളിലെ വിലക്കൊപ്പം കൊച്ചിയിലെ വിവിധ മാർക്കറ്റുകളിലെ വിലയും വച്ച് താരതമ്യം ചെയ്താൽ ഈ കൊട്ടിഘോഷിക്കപ്പെട്ട  സ്വദേശി കുത്തകകളുടെ സ്ഥാപനങ്ങളിൽ  കാര്യമായ വില വ്യത്യാസമൊന്നും ഇല്ല. ഓഫർ‌ ഇല്ലാത്ത എല്ലാ ഐറ്റവും ബില്ല്  അടിക്കുന്നത് MRP ഇൽ തന്നെ ഓഫറുള്ള ഐറ്റംസ് എടുത്താൽ അതിന്റെ എക്സ്പയറി ഡേറ്റ് ഉടൻ തീരുന്നതായിരിക്കും.  തദ്ദേശിയ സൂപ്പർ മാർക്കറ്റുകൾ‌  ഇപ്പോഴും MRP യിൽ താഴെ ബില്ലടിക്കുമ്പോൾ‌  ഇവിടെ MRP തന്നെ ബില്ലിൽ കാണം.

ഇനി  വൻകിട സൂപ്പർ മാർക്കറ്റിലെ    സാധനങ്ങളുടെ വില പരിശോധിക്കാം. പത്രത്തിലെ കമ്പോള നിലവാരം പേജ് പരിശോധിച്ചാൽ പച്ചരി 18-25 എന്ന് കാണാം . ഇനി മോറിൽ പോയി നോക്കിയാൽ (ഞാൻ നോക്കുന്നത് കാക്കനാട് മോർ‌) അവിടെ 25 രൂപയുടെ പച്ചരി കണ്ടു പിടിക്കാൻ മുങ്ങിത്തപ്പണം. 28-35 ആണ്  ഇവിടുത്തെ കമ്പോള നിലവാരം പാലക്കാടൻ മട്ട എന്ന ബ്രാന്റിൽ ലഭിക്കുന്ന അരി ഇന്നലെ മോറിൽ നിന്ന് വാങ്ങിയത് ( ബ്രാന്റ്   മോർ തന്നെ)  30 രൂപ 50 പൈസക്ക് ഇതെ നിലവാരത്തിൽ ഉള്ള അരി  പാലാരിവട്ടത്തെ  സെന്റ് മാർട്ടിൻ അരിക്കടയിൽ 24 രൂപക്ക് കിട്ടും . പാലരിവട്ടത്ത് മാത്രമല്ല് കോട്ടയം ജില്ലയിലെ പള്ളിക്കാത്തോട് എന്ന ഗ്രാമത്തിലും 22 രൂപക്ക് ഇതെ ക്വാളിറ്റ് അരി കിട്ടുമെന്ന് എന്റെ സഹപ്രവർത്തകൻ എബി സാക്ഷ്യപ്പെടുത്തുന്നു.  കൊച്ചിയിൽ നിന്ന് 30 രൂപക്ക് വാങ്ങുന്ന അരിയുടെ അതെ ഗുണ നിലവാരം തന്നെ ഉണ്ട് എന്ന് ഇദ്ദേഹം തറപ്പിച്ച് പറയുമ്പോൾ‌  വൻകിട സൂപ്പർ മാർക്കറ്റിലെ   വിലക്കുറവ്  എന്നത് മിഥ്യയാണ്. പിന്നെപ്പറയുക ഞങ്ങളുടെതിന് ബ്രാന്റ് വാല്യു ഉണ്ട് എന്നതാകും. അത് വേണ്ടാത്തവർ എവിടെപ്പോകും എന്ന് ചോദിച്ചാൽ കിട്ടുന്നിടത്ത് പോയി വാങ്ങിക്കോ എന്നെ  വൻകിട സൂപ്പർ മാർക്കറ്റുകാരൻ പറയൂ കാരണം ചെറുകിടക്കാരൊക്കെ ഈ പരിസരത്ത് നിന്ന് കെട്ടു കെട്ടിയിട്ട് കാലങ്ങളായി

എല്ലാ സാധനങ്ങളും അതാത് സൂപ്പർ മാർക്കറ്റുകാർ നിശ്ചയിക്കുന്ന സ്റ്റാൻഡേഡ് തൂക്കത്തിന്റെ പായ്കറ്റിലെ ലഭിക്കൂ. നിങ്ങൾക്ക് ഒരു 200 ഗ്രാം വറ്റൽ മുളക് വേണമെങ്കിൽ പലയിടത്തും കിട്ടില്ല 500 ഗ്രാമിന്റെ പായ്കറ്റെ കിട്ടൂ ( തദ്ദേശിയക്കാരൻ 100 ഗ്രാം പായ്കറ്റും റിലയൻസുകാരൻ ചില ഐറ്റംസൊക്കെ ലൂസായും നൽകാറുണ്ട്)  അതുപോലെ കൊടം പുളി ഒക്കെ പണ്ട് 10 രൂപയുടെ പായ്കറ്റിൽ കിട്ടിയിരുന്നത് മിക്ക  സ്ഥലത്തും ഇല്ലാതായി ( മാർക്കറ്റിൽ പോയാൽ അവിടെ ഉള്ള ചെറിയ കടകളിൽ ഇതെല്ലാം ഇപ്പോഴും സുലഭം). ചുരുക്കം പറഞ്ഞാൽ അതത് സ്ഥലങ്ങളിലെ സൂപ്പർ മാർക്കറ്റുകാരൻ അയാളുടെ ബിസിനസ് താൽപ്പര്യങ്ങൾ നേടിയെടുക്കാൻ തക്കവിധം ഉള്ള സാധനങ്ങളോ അളവുകളോ മാത്രമെ നമുക്ക് ഇവിടങ്ങളിൽ നിന്ന് കിട്ടൂ. വിലക്കുറവ് എന്നത് ഒരു മിഥ്യ മാത്രമാണ് എന്ന് ഇവിടങ്ങളിൽ സ്ഥിരം സന്ദർശനം നടത്തിയാൽ നമുക്ക് മനസിലാകും. റിലയൻസിലേയും മോറിലേയും ഫുഡ് ബസാറിലേയും സാധനങ്ങളുടെ വിലയും കൊച്ചിയിലെ വിവിധ മാർക്കറ്റുകളിൽ ലഭ്യമാകുന്ന വിലയും തമ്മിൽ ഒരു താരതമ്യ പഠനം നടത്തിയാൽ  വില വ്യത്യാസത്തിന്റെ കണക്ക് നമുക്ക് ലഭിക്കും.

നാലു കൊല്ലത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന വൻകിട സൂപ്പർ‌ മാർക്കറ്റുകളിൽ നിന്ന്   വില വ്യത്യാസമൊന്നും  കാര്യമായി കിട്ടിയിട്ടില്ല എന്ന് നിഷ്പക്ഷമായി ഇവയെ സമീപിച്ചാൽ മനസിലാകും. ഇനി നമുക്ക് ഇവിടുത്തെ ഉപഭോക്ത സേവനത്തിലേക്ക് വരാം. എല്ലാ വൻകിട സൂപ്പർ മാർക്കറ്റിലും തൊഴിലാളികൾ‌ ഓടിപ്പാഞ്ഞ് നടക്കുന്നുണ്ടാകും. ഇവർ മൾട്ടി ടാസ്ക് ചെയ്യുന്നവരാണ് ലോഡു വരുന്ന സമയത്ത് ഇവർ ലോഡിറക്കലിലും അടുക്കലിലും തിരക്കിലാകും. അപ്പോൾ‌ പല ബില്ലിങ്ങ് കൗണ്ടറുകളും പ്രവർത്തിക്കില്ല. പിന്നെ എന്തെങ്കിലും ഒരു സാധനം തപ്പിയിട്ട് കിട്ടിയില്ല എന്ന് വയ്ക്കുക. ഒരു സെയിൽ അറ്റന്ററെ വിളിച്ചാൽ അവർ കൊടുങ്കാറ്റിന്റെ വേഗതയിൽ വരുന്നതും പിന്നെ ഉറക്കേ ചേച്ചി വാളം പുളി ഇരിക്കുന്നത് എവിടെയാ എന്ന് ഉറക്കെ ചോദിക്കുന്നതും കേൾക്കാം. പിന്നെ കുറച്ച് സമയം അവർ  ഇരുവരും  ഇത് അൻവേഷിച്ച് കണ്ടെത്തി വരുകയും അടുത്ത കസ്റ്റ്മറുടെ അടുത്തെക്ക് ഓടുന്നതും കാണാം ( തദ്ദേശിയ  സൂപ്പർ‌ മാർക്കറ്റി ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നു ). ഇവരുടെ ബുദ്ധിമുട്ട് കണ്ടാൽ നമുക്ക് തന്നെ വിഷമം തോന്നും.  ഒരുപാട് ജോലി ഒരുമിച്ച് ചെയ്യുന്ന ഇവർ  കഴിയുന്നത് പോലെ കസ്റ്റമറെ സഹായിക്കുന്നു.പലപ്പോഴും എല്ലാ കസ്റ്റമേഴ്സിനും ഒപ്പം എത്താൻ പറ്റാത്തതിൽ അവരുടെ ചീത്തയും കേൾക്കുന്നു.

ഇനി ബില്ലിങ്ങാണ് അടുത്ത കടമ്പ. രണ്ട് ടൈപ്പ് ക്യൂവിൽ നിന്നാലെ ഇവിടെ ബില്ല് ചെയ്യാൻ കഴിയൂ. ഒന്ന് പ്രൈസ് അടിക്കാത്ത പച്ചക്കറി പഴവർഗങ്ങൾ‌ തൂക്കി പ്രൈസ് ടാഗ് ഒട്ടിച്ച് വേണം പണം  നൽകുന്ന കൗണ്ടറിൽ ചെല്ലാൻ. രണ്ട് സ്ഥലത്തും മുടിഞ്ഞ ക്യൂ. രണ്ടോ മൂന്നോ സാധനം മാത്രം വാങ്ങിയാലും ചിലപ്പോൾ‌ ബില്ല് ചെയ്ത് കിട്ടാൻ  അര മണിക്കൂറൊക്കെ എടുക്കും. മാത്രവുമല്ല ബില്ലിങ്ങിൽ ഇരിക്കുന്നവർക്ക് ചില ഐറ്റംസ്  ബില്ലടിക്കാൻ കഴിയാതെ വരും ഉടനെ ബില്ലിങ്ങ് നിർത്തി അതിന്റെ സൂപ്പർവൈസറുടെ അടുത്തെക്ക് അയാൾ‌ ഓടും. അങ്ങനെ ബില്ലും അടിച്ച് ഡിസ്കൗണ്ട് (?) കാർഡിൽ പോയന്റും വാങ്ങി ഒരു വിധത്തിൽ നമ്മൾ‌ പുറത്തിറങ്ങുമ്പോഴേക്കും ഒരു പരുവമാകും.

വൻകിട സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇപ്പോൾ‌ ഉണ്ടാകുന്ന അനുഭവങ്ങൾ‌ എല്ലാം തന്നെ പണ്ട് വ്യാപാരി വ്യവസായികളുടെ യൂണിറ്റ് നിശ്ചയിക്കുന്ന വിലയിൽ കച്ചവടം ചെയ്യുന്ന അവസ്ഥയിലേക്ക്  എത്തിച്ചേർന്നിരിക്കുന്നു. ഇന്ന് ഉള്ള  എല്ലാ വൻകിടക്കാരും ഏതാണ്ട് ഒരേ വിലക്ക് തന്നെയാണ് സാധനങ്ങൾ‌ വിൽക്കുന്നത്. ക്വാമ്പിറ്റെഷൻ വിലകുറക്കും എന്നതൊക്കെ വെറുതെ പറയുന്നതാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിക്കാർ എങ്ങനെയാണ് മത്സരം ഇല്ലാതാക്കിയത് അത് പോലെ തന്നെയാണ് വൻകിടക്കാരും മത്സരം ഒഴിവാക്കുന്നത്. മൊബൈൽ കമ്പനികൾ‌ ഇൻകമിങ്ങിന് പോലും ചാർജ്ജ് ഈടാക്കിയിരുന്ന കാലത്ത് ബി.എസ്.എൻ.എൽ രംഗപ്രവേശനം ചെയ്തപ്പോഴാണ്  കോൾ‌ ചാർജ്ജുകൾ‌ കുറഞ്ഞതെന്നത് ഈ അവസരത്തിൽ പ്രത്യേകം ഓർക്കുക.

1990 കളിൽ  ഉദാരവൽക്കരണ നയങ്ങൾ‌ തുടങ്ങിയപ്പോൾ‌ മത്സരിക്കാൻ കെൽപ്പില്ലാതെ ഇന്ത്യൻ കമ്പനികളും പൊതുമേഖലയും തകർന്നു പക്ഷെ അന്ന്   ഗാട്ട് കരാറിന്റെ  സുവർണ്ണ കാലഘട്ടമായ ആദ്യ 10 വർഷം കാർഷിക ഉൽപ്പന്നങ്ങൾക്ക് വില കുതിച്ച് കയറി. അന്ന് കർഷകർ‌ പറഞ്ഞു നല്ല ഉൽപ്പങ്ങൾ‌ വിദേശത്തു നിന്ന് വരട്ടെ എന്ന്. പക്ഷെ സുവർണ്ണ കാലം കഴിഞ്ഞപ്പോൾ‌ കാർഷിക ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ  ഇറക്കുമതി ചെയ്യപ്പെട്ടു കാർഷിക മേഖല തകർന്നു അന്നും വ്യാപാരികൾ‌ പറഞ്ഞു നല്ല സാധനം വരട്ടെ ഞങ്ങൾ‌ വിൽക്കുമെന്ന്. പിന്നീടൊരിക്കാൽ തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളു വെട്ടിക്കുറക്കപ്പെട്ടപ്പോൾ‌ കേരളത്തിലെ സർക്കാർ ജീവനക്കാർ സമരത്തിനറങ്ങി അന്ന് വ്യാപാരികൾ‌ പറഞ്ഞു  ശമ്പളം പോരെങ്കിൽ രാജി വയ്ക്കൂ എന്ന്. അവർ എല്ലാ സമരങ്ങളെയും  എതിർത്തു ഹർത്താലിൽ  പോലീസ്   പ്രൊട്ടക്ഷൻ തരൂ ഞങ്ങൾ‌ അത്   പൊളിക്കാമെന്ന് വരെ പറഞ്ഞു. പക്ഷെ അവസാനം കാവ്യ നീതി പോലെ  ഉദാരവൽക്കരണത്തിന്റെ  നീരാളിക്കൈകൾ അവരെയും തേടിയെത്തി. അവർ‌ ഇപ്പോൾ‌ പറയുന്നു ഞങ്ങൾ‌ ആത്മഹത്യ ചെയ്യും ഞങ്ങൾ‌ ചോരപ്പുഴ ഒഴുക്കും എന്നൊക്കെ. അവനവന് വരുമ്പോഴെ നാം എല്ലാം പഠിക്കൂ. റിലയൻസും കൂട്ടരും ഇവിടെക്ക് വരുമ്പോൾ‌ വിലകുറയും എന്ന് സിദ്ധാന്തത്തിൽ വിശ്വസിച്ച് അതിനെ പിൻതുണച്ചവരിൽ ഞാനും ഉണ്ടായിരുന്നു എന്നത് അല്പം കുറ്റ ബോധത്തോടെ ഓർക്കുന്നു. ഇനി വാൾമാർട്ടു കൂടി വരും എന്ന് എനിക്ക് ഉറപ്പാണ്. അതിനെതിരെ എങ്ങനെ  പ്രതികരിക്കണമെന്ന് എനിക്കറിയില്ല തദ്ദേശ കുത്തക വേണോ വൻകിട ഇന്ത്യൻ കുത്തക വേണോ വൻകിട ആഗോള കുത്തക വേണോ അതോ വ്യാപാരി വ്യവസായി  ഏകോപന കുത്തക വേണോ എന്നത് മാത്രമെ തർക്കവിഷയമുള്ളു. പക്ഷെ ഒന്നെനിക്കറിയാം സർക്കാരോ പൊതുമേഖലയോ വിചാരിച്ചാൽ നിഷ്പ്രയാസം തടയാവുന്നതെ ഉള്ളൂ വിലക്കയറ്റം. വിലക്കയറ്റം തടയാനും പിടിച്ച് നിർത്താനും അവർക്ക് മാത്രമെ കഴിയൂ. ബാക്കി എല്ലാവരും കച്ചവടം ചെയ്യാൻ വരുന്നവരാണ് അവരുടെ ആപ്തവാക്യം I WANT  MORE എന്ന് മാത്രമായിരിക്കും

10 comments:

അനില്‍ഫില്‍ (തോമാ) said...

ഈ വിഷയത്തില്‍ ചിലര്‍ വാദത്തിനു വേണ്ടിയെങ്കിലും പറയുന്നത് പ്രാദേശിക വ്യാപാരികളുമായി വിലക്കുറവില്‍ മത്സരിക്കുമ്പോള്‍ തന്നെ ലോക നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് സാധരണക്കാര്‍ക്ക് എത്തിക്കും എന്നുള്ളതാണ്.

ഈ വാദത്തിന്റെ നിരര്‍ഥകത ബോധ്യമാകണമെങ്കില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് പെപ്സിയും കൊക്കക്കോളയും ഇന്ത്യയിലേക്ക് പുന:പ്രവേശനം നല്‍കിയ സമയത്ത് അന്നതെ ഭരണക്കാര്‍ നല്‍കിയ വിശദീകരണങ്ങളുമായി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. ഇന്ത്യയിലെ ചെറുകിട ശീതള പാനീയ നിര്‍മാതാക്കളുമായി വിലയിലും വിതരണ ശൃംഘലയിലും മത്സരിക്കാന്‍ പെപ്സിക്കും കോക്കിനും ആവില്ലെന്നും എന്നാല്‍ മെട്രോ നഗരങ്ങളിലെ ഉപരി വര്‍ഗ്ഗ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള പാനീയങ്ങള്‍ വാങ്ങുവാനുള്ള അവസരം മാത്രമാണ് ഒരുക്കുന്നത് എന്നുമാണ്. എനാല്‍ ഇന്നത്തെ യാധാര്‍ഥ്യം എന്താണ്?

ഗുണമേന്മ:

മേല്‍പ്പറഞ്ഞ രണ്ട് കമ്പനികളുടെയും ഉല്‍പ്പന്നനങ്ങളില്‍ അനുവദനീയമായതിന്റെ പതിന്മടങ്ങ് ഹാനികരമയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നു പരി‍ശോധനകള്‍ പലവട്ടം തെളിയിച്ചു കഴിഞ്ഞു.

മത്സരക്ഷമത:

ഇന്ത്യന്‍ വിപണിയില്‍ പെപ്സിയും കൊക്കക്കോളയും പുന: പ്രവേശനം ചെയ്യുന്നതിനു മുന്‍പ് വിപണിയിലുണ്ടായിരുന്ന എല്ലാ ചെറുകിട ഇടത്തരം ശീതളപാനീയ ബ്രാണ്ടുകളും കുത്തക കമ്പനികളുടെ പരസ്യ പ്രചാരണത്തിനു മുന്‍പില്‍ പിടിച്ച് നില്‍ക്കാനാവാതെ മണ്മറഞ്ഞുകഴിഞ്ഞു,

കുടില്‍ വ്യവസായമായി അനേകര്‍ക്ക് തൊഴില്‍ നകിയിരുന്ന "വട്ടു സോഡ" പോലും ആഗോള ഭീമന്മാര്‍ക്കുമുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ എങ്ങോ പോയ്മറഞ്ഞു. ഇന്ത്യന്‍ ശീതള പാനീയ വിപണിയിലെ മുന്നിരക്കാരായിരുന്ന പാര്‍‌ലെ കമ്പനിയുടെ ലിംകയും തംസപ്പും ബിസ്ലേരിയും മറ്റും ഇന്ന് അതേപേരില്‍ തന്നെ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കൊക്കക്കോള കമ്പനിയാണ്.

വില:

350ML പെപ്സി ക്യാനിന്റെ ദുബായിലെ വില ഒരു ദ്ര്‍ഹം ആണ്, എന്നാല്‍ 330ML പെപ്സി ക്യാനിന് കൊച്ചിയില്‍ 30 രൂപ കൊടുക്കണം, ഇന്നത്തെ രൂപാ - ദിര്‍ഹം എക്സ്ചേന്‍‌ജ് റേറ്റ് 1ദിര്‍ഹം=14രൂപ

അനില്‍ഫില്‍ (തോമാ) said...
This comment has been removed by the author.
കൂതറ ടിന്റുമോന്‍ said...

വര്ക്കീസിനു എറണാകുളത്ത് 26 outlet കള്‍ ഉണ്ടെന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ..ഉടന്‍ തന്നെ കൊച്ചുകടവന്ത്രയില്‍ പുതിയ ഒരു outlet തുടങ്ങുമെന്നും അറിയിപ്പുണ്ട് ..ഇതിനീടയില്‍ വര്‍ക്കീസ്‌ പൂട്ടിപ്പോയി എന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് ...?!!

N.J ജോജൂ said...

ആദ്യമേ തന്നെ നല്ലൊരു ലേഖനത്തിനു നന്ദി. കിരണോട് ഒരു അഭ്യർത്ഥന, ആദ്യഭാഗം കൂടി ബ്ലോഗറിൽ ലഭ്യമാക്കിയാൽ കൊള്ളാമായിരുന്നു.

അനിൽഫിലിന്റെ കമന്റ് വളരെ മുൻവിധിയോടെ ആണെന്നു തോന്നുന്നു. ആദ്യം അതിനെപ്പറ്റിയാകാം.

"മേല്‍പ്പറഞ്ഞ രണ്ട് കമ്പനികളുടെയും ഉല്‍പ്പന്നനങ്ങളില്‍ അനുവദനീയമായതിന്റെ പതിന്മടങ്ങ് ഹാനികരമയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നു പരി‍ശോധനകള്‍ പലവട്ടം തെളിയിച്ചു കഴിഞ്ഞു."
ഇതു കേട്ടൽ തോന്നും പെപ്സിയും കൊക്കക്കോളയും മനപ്പൂർവ്വം വിഷം ചേർക്കുന്നുണ്ടെന്ന്. നമ്മുടെ പഞ്ചസാരയും, ഭൂഗർഭജലവും അതിന്റെ നിലവാരവും പരിഗണിക്കാതെ ഇത്തരത്തിൽ ഒരു ആക്ഷേപം ഉന്നയിക്കുന്നതിൽ അർത്ഥമില്ല. സാധാരണക്കാരൻ നേരിട്ടുപയോഗിക്കുന്ന ഉപയോഗിക്കുന്ന ഘടകങ്ങൾ തന്നെയാണ് പെപ്സിയിലെയും കൊക്കക്കോളയിലെയും വിഷാംശത്തിനു കാരണം ആയ ചേരുവകൾ.

"ഇന്ത്യന്‍ വിപണിയില്‍ പെപ്സിയും കൊക്കക്കോളയും പുന: പ്രവേശനം ചെയ്യുന്നതിനു മുന്‍പ് വിപണിയിലുണ്ടായിരുന്ന എല്ലാ ചെറുകിട ഇടത്തരം ശീതളപാനീയ ബ്രാണ്ടുകളും കുത്തക കമ്പനികളുടെ പരസ്യ പ്രചാരണത്തിനു മുന്‍പില്‍ പിടിച്ച് നില്‍ക്കാനാവാതെ മണ്മറഞ്ഞുകഴിഞ്ഞു"
ഇപ്പോഴും നാട്ടിൽ നാരങ്ങാവെള്ളം, സോഡാ നാരങ്ങാ, ഉപ്പുസോഡാ തുടങ്ങിയ സാധനങ്ങളും വിവിധതരം ഫ്രെഷ് ജ്യൂസുകളും വിറ്റഴിയുന്നുണ്ട്. ഇത്തരം കടകൾ കൂടുതലായി പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയതും പെപ്സി, കൊക്കക്കോളാ വന്നു കഴിഞ്ഞുമാണ്.

N.J ജോജൂ said...

ഈയിടെ പാലായിലെ മോറും റിലയൻസും തമ്മിലുള്ള മത്സരം വിലകുറച്ച കഥ അനുവഭവസ്ഥരിൽ നിന്നു കേൾക്കാനിടയായി. എന്തിനധികം പറയുന്നു മോബൈൽ നെറ്റ് വർക്ക് സർവ്വീസ് പ്രൊവൈഡർമാരുടെ കാര്യം തന്നെയെടുത്താൽ മതിയല്ലോ കോംപറ്റീഷൻ വിലകുറയ്ക്കുമെന്നു തെളിയിക്കാൻ.

കിരൺ പറഞ്ഞ ഒരു കാര്യം സത്യമാണ്. മാർജിൻ കുറവുള്ള സാധനം കാണപ്പെടാത്തിടത്തും മാർജിൽ കൂടുതലുള്ളത് ഏറ്റവും പെട്ടന്ന് ശ്രദ്ധിയ്ക്കപ്പെടുന്നിടത്തും വയ്ക്കുക എന്നത് ഒരു വില്പന തന്ത്രമാണ്. റീടെയിൽ ഷോപ്പ് ഡിസൈൻ തന്നെ ഒരു പ്രൊഫഷനാണ് എന്ന് അടുത്തകാലത്താണ് അറിയാൻ കഴിഞ്ഞത്.

ബില്ലിന്റെ കാര്യത്തിലെ കാലതാമസം മറികടക്കാൻ ആധുനിക സാങ്കേതിക വിദ്യയുണ്ട്.
സാധനം വാങ്ങി, കസ്റ്റമർ തന്നെ ബില്ലടിച്ച് കാർഡ് ഉപയോഗിച്ച് കടന്നു പോകുന്ന പരിപാടിയാണ് വികസിത രാജ്യങ്ങളിലുള്ളത്. (അതിന്റെയൊക്കെ ചിലവ് കസ്റ്റമർ തന്നെയാണ് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വഹിക്കുന്നത് എന്നതു സത്യം)

കിരണ്‍ തോമസ് തോമ്പില്‍ said...

തുടക്കത്തിലെ വിലക്കുറവേ ഉള്ളു ജോജൂ. അത് പിന്നീട് കുത്തകയാകുന്ന കാഴ്ചയാണ്‌ കൊച്ചിയില്‍ കാണുന്നത്. മോറിലും റിലയന്സിലും സോഡക്സോ കൂപ്പണ്‍ എടുക്കും അതിനാല്‍ ഇപ്പോള്‍ അവിടെ നിന്നാണ്‌ സാധനങ്ങള്‍ വാങ്ങുന്നത്. മാര്‍ജിന്‍ ഫ്രീയും വര്‍ക്കീസിലും ഒക്കെ പാലക്കാടന്‍ മട്ട പല വിലയുടെ ഉള്ളപ്പോള്‍ മോറില്‍ ഒറ്റ ബ്രാന്റെ ഉണ്ടാകൂ അലെങ്കില്‍ നിറപറയുടെയോ പെരിയാറിന്റെയോ 5 കിലോ 10 കിലോ പാക്കറ്റ് വാങ്ങേണ്ടി വരുന്നു. രസകരമായ സംഗതി ഞാന്‍ പോസ്റ്റില്‍ പറഞ്ഞ സെന്റ് മാര്‍ട്ടിന്‍ സ്റ്റോറില്‍ പോയാല്‍ 24 രൂപക്ക് നല്ല ഒന്നാന്തരം അരി കിട്ടും

N.J ജോജൂ said...

സെന്റ് മാര്‍ട്ടിന്‍ സ്റ്റോറില്‍ കിട്ടും, നല്ലത്. സെറ്റ് മാർട്ടിൻ നിലനില്കുന്നു. ശരിയല്ലേ. വാൾമാർട്ടു വന്നാൽ സെറ്റ് മാർട്ടിൻ പൂട്ടൂമോ? എനിയ്ക്കു തോന്നുന്നില്ല.

എന്തുകൊണ്ടൂ റിലയൻസും മോറും വന്നപ്പോൾ ചെറുകിടക്കാർ പൂട്ടി. കാരണം ഉപഭോക്താക്കൾക്ക് താത്പര്യം അവരായിരുന്നു. ഈ ഉപഭോക്താക്കൾ റിലയൻസിലും മോറിലും അസംതൃപ്തരാണെന്നു കിരൺ പറയുന്നു. അതു സത്യമാണെങ്കിൽ ചെറുകിടക്കാർക്ക് ഇപ്പോൾ സാധ്യതയുണ്ടെന്നു ഞാൻ പറയും.

കിരണ്‍ തോമസ് തോമ്പില്‍ said...

സെന്റ് മാര്‍ട്ടിന്‍ സ്റ്റോര്‍ എന്ന് പറയുന്ന കട പാലാരിവട്ടത്താണ്‌ വിലക്കുറവ് കിട്ടണമെങ്കില്‍ അലെങ്കില്‍ പ്രീമിയം ബ്രാന്റല്ലാത്ത് നല്ല അരി കിട്ടണമെങ്കില്‍ ഞാന്‍ കാക്കനാട് നിന്ന് പാലരിവട്ടം വരെ പോകണം. ഇപ്പോള്‍ റിലയന്‍സിനും മോറിനും ചുറ്റും  ഉള്ള മിക്ക കടകളും പൂട്ടി പോയി. വര്‍ക്കീസ് നീല്‍ഗിരീസ് എന്നിവ ഒക്കെ പൂട്ടിപ്പോയപ്പോള്‍ റിലയന്‍സ് മോര്‍ എന്നിവയില്‍ മാത്രമായി ഓപ്ഷന്‍സ്. പിന്നെ ഉള്ളത് മാര്‍ക്കറ്റി പോയി വാങ്ങുക എന്നതാണ്‌. പണ്ട് ഒരുപാട് ചെറിയ കടകള്‍ ഉണ്ടായിരുന്നിടത്ത് ചെറിയവ ഇല്ലാതായി എന്നതാണ്‌ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

തേന്‍ മാവ് said...

കോര്‍പ്പറേറ്റ് യുഗം.

Shahid said...

അന്ന് ഞങ്ങള്‍ റിലൈന്‍സ് നെയും മോര്‍ നെയും എതിരെ സമരങ്ങള്‍ നടത്തിയപ്പോള്‍ പലരും കളിയാക്കി ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ കാര്‍ വികസനതിനെതിരനെന്നും ആദ്യം എതിര്‍ക്കുമെങ്കിലും പിന്നെ അതിനെ അനുകൂളികുമെന്നു പറഞ്ഞു .ഞങ്ങള്‍ അന്ന് പറഞ്ഞകാര്യങ്ങള്‍ ഇതാ അത് പോലെ അല്ലെങ്കില്‍ അതിലും ഭീകരമായി സംഭവിച്ചിരിക്കുന്നു അല്ലെങ്കില്‍ സംഭവിക്കാന്‍ നില്കുന്നു ഇനിയെങ്കിലും നമ്മള്‍ ഉണര്നില്ലെങ്കില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കും വീണ്ടും കച്ചവടം ചെയ്യാന്‍ വന്ന കുത്തകകളുടെ കയിലാകും നമ്മുടെ ഇന്ത്യ