കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ മുൻകൈയെടുത്ത യുഡിഎഫ് സർക്കാരിന്റെ അടുക്കലേക്ക് വീണ്ടും സ്വാശ്രയ പ്രശ്നം എത്തി നിൽക്കുമ്പോൾ ഈ വിഷയത്തിൽ പണ്ട് ഒരുപാട് പോസ്റ്റുകൾ എഴുതിയ എനിക്ക് ഒരെണ്ണം എഴുതാൻ കഴിഞ്ഞില്ല . എന്നാൽ ഈ വിഷയത്തിൽ എന്റെ പഴയ ബ്ലോഗുകളിൽ സജീവമായി ഇടപെട്ട ജോജുവിന്റെ ചില പോസ്റ്റുകൾ കണ്ടപ്പോൾ ഒരെണ്ണം എഴുതാം എന്ന് തോന്നി.
സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷത്തോളമായി നടക്കുന്ന പല ചർച്ചകളിലും മറ്റും നിരന്തരം ഉന്നയിക്കപ്പെടുന്ന പല മിത്തുകളും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കേണ്ടതാണ് എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ അവ ഓരോന്നായി നമുക്ക് പരിശോധിക്കാം
മിത്ത് 1 : 50:50 എന്നത് സാമൂഹിക നീതി ഉറപ്പ് വരുത്തും
എന്താണ് ഇതിലെ യഥാർത്ഥ്യം എന്ന് നോക്കാം. എ.കെ ആന്റണി സർക്കാർ സ്വാശ്രയ കോളേജ് അനുവദിക്കുമ്പോൾ അന്ന് പറഞ്ഞിരുന്നത് 2 സ്വാശ്രയ കോളേജ് സമം ഒരു സർക്കാർ കോളേജ് എന്നാണ്. അതായത് 50 % സീറ്റ് സർക്കാർ പ്രവേശന പരീക്ഷയുടെ ലിസ്റ്റിൽ നിന്നും ബാക്കി 50% സ്വകാര്യ മാനേജ്മെന്റുകൾക്ക് പ്രവേശനം നൽകുവാനും അനുവാദം നൽകി.
എന്നാൽ ഈ ഫോർമുലക്ക് ഗുരുതരമായ ഒരു തകരാറുണ്ട് 50% സർക്കാർ എൻട്രൻസ് ലിസ്റ്റിൽ വരുന്ന ആദ്യ റാങ്കുകാർക്കാണ് സർക്കാർ ഫീസിന്റെ ആനുകൂല്യം ലഭിക്കുക. ആരാണ് സർക്കാർ ലിസ്റ്റിൽ ടോപ്പർഴ്സായി വരുന്നത്. പി.സി തോമസ് നടത്തുന്നത് പോലുള്ള പ്രവേശന പരീക്ഷ കോച്ചിങ്ങ് സെന്ററുകളിൽ 2 വർഷത്തോളം നല്ല ഫീസ് നൽകി പഠിക്കുന്ന അത്യാവശ്യം സാമ്പത്തീക ശേഷിയുള്ള കുട്ടികളാണ് പ്രവേശന പരീക്ഷയിൽ മുന്നിൽ വരിക.
ഇങ്ങനെ മുന്നിൽ വരുന്നവരിൽ ഭൂരിഭാഗവും സ്വാകര്യ വിദ്യാലയങ്ങളിൽ സി.ബി.എസ്.സി സിലബസ് പഠിച്ചവരും 10 ആം ക്ലാസ് വരെ നല്ല ഫീസ് നൽകി പഠിച്ചവരുമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന സർക്കാർ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളവരാണ്. ഇവരാണ് ഫ്രീസീറ്റ് നേടുന്നത്. ഈ വർഷം +2 പരീക്ഷയിൽ 1200 ഇൽ 1200 മാർക്കും നേടിയ സംസ്ഥാന സർക്കാർ സിലബസിലെ വിദ്യാർത്ഥിക്ക് മെഡിക്കൽ പ്രവേശന പരീക്ഷയിൽ കിട്ടിയ റാങ്ക് 3500 ആണ്. ചുരുക്കം പറഞ്ഞാൽ സർക്കാർ സീറ്റ് ലഭിക്കുന്നവരിൽ ഭൂരിഭാഗവും സാമ്പത്തീകമായി മുന്നോക്കം നിൽക്കുന്നവർ തന്നെ. സ്വാശ്രയ സ്ഥാപനത്തിലും ഈ 50% ഫ്രീ സീറ്റ് കൊടുക്കുമ്പോൾ ഇതിന്റെയും ഗുണഭോക്താക്കാൾ പാവപ്പെട്ടവരല്ലാതാകുന്നു
മിത്ത് 2 : 50% സീറ്റ് സർക്കാരിന് കൊടുക്കുന്ന മാനേജ്മെന്റുകൾ നല്ലവരാകുന്നു
50% സീറ്റ് സർക്കാരിന് നൽകുന്ന മാനേജ്മെന്റുകൾ സാമുഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നു എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. എന്നാൽ ബാക്കി 50% സീറ്റിൽ ഇവർ എങ്ങനെ പ്രവേശനം നൽകുന്നു എന്നതാണ് പ്രസക്തമായ മറ്റൊരു കാര്യം. കഴിഞ്ഞ ദിവസം കാരക്കോണം മെഡിക്കൽ കോളേജിൽ ഈ 50% സീറ്റ് എങ്ങനെ നൽകപ്പെടുന്നു എന്നതിന്റെ കഥ പുറത്ത് കൊണ്ടുവന്നു. 50% സീറ്റിലും ഇവർ വൻതുക കോഴ വാങ്ങീയിരിക്കുന്നു. മാത്രവുമല്ല ഈ വിദ്യാർത്ഥികൾ മുഹമ്മദ് കമ്മിറ്റി അനുവദിച്ച ഫീസും വർഷ വർഷം നൽകേണ്ടി വരും. അപ്പോൾ 50% സർക്കാരിന് സീറ്റുകൾ വിട്ട് കൊടുത്തത് സാമൂഹിക നീതി ഉറപ്പിക്കാനല്ല മറിച്ച് 50% സീറ്റികളിലും നിരോധിത കോഴ വാങ്ങി ലാഭം ഉറപ്പുവരുത്താനാണ്
മിത്ത് 3 : ആന്റണി സര്ക്കാര് സ്വാശ്രയ സ്ഥാപനങ്ങളുമായി ഒരു കരാറും ഉണ്ടാക്കിയിരുന്നില്ല
മാനേജ്മെന്റുകൾ സർക്കാരുമായി കരാർ ഒപ്പിട്ടില്ലാ എന്നേ ഉള്ളൂ. അഫിലിയേഷൻ നൽകുന്ന യൂണിവേഴ്സിറ്റിയുമായി ഇവർ 50:50 എന്ന രീതിയിൽ പ്രവേശനം നൽകാം എന്ന് കരാർ ഒപ്പു വച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അക്കാലത്ത് 50:50 പ്രകാരം പ്രവേശനം നടന്നത്. ഈ കരാർ ഉപയോഗിച്ച് എം.എ ബേബിയുടെ കാലത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഫിലിയേഷൻ റദ്ദാക്കാൻ നോക്കി എങ്കിലും കോടതി അത് തടഞ്ഞു. അതായത് എല്ലാ സ്ഥാപനങ്ങളെക്കൊണ്ടും സർക്കാർ കരാർ വഴി ഉറപ്പ് നേടിയിരുന്നു എങ്കിലും പിന്നീട് ഉണ്ടായ കോടതി വിധികൾ മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ കരാറിന്റെ സത്ത ചോർത്തിക്കളഞ്ഞു.
മിത്ത് 4 : ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകളിൽ എക്കാലത്തും സുതാര്യമായ പ്രവേശന രീതിയായിരുന്നു
കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ പിടിക്കപ്പെടുമ്പോൾ ഇന്റർ ചർച്ച് കൗൺസിലിന്റെ ജോർജ്ജ് പോൾ അവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുക ഉണ്ടായി. ഈ നിലപാട് പൂർണ്ണമായും ശരിയാണെങ്കിലും ഇന്റർ ചർച്ച് കൗൺസിലിന്റെ പഴയ ചരിത്രം ഇതൊക്കെ തന്നെയാണ്. കെ.ടി തോമസ് കമ്മിറ്റിയുടെ ഫീസ് നിലനിൽക്കുന്ന കാലത്ത് ഇന്റെർ ചർച്ച് കൗൺസിലും മാനേജ്മെന്റ് അസോസിയേഷന്റെ ഭാഗമായിരുന്നു. അന്ന് അവരും കോഴവാങ്ങിയാണ് പ്രവേശനം നടത്തിയിരുന്നത് . എന്ന് മാത്രമല്ല അന്ന് നില നിന്നുരുന്ന നിയമ പ്രകാരം 1.4 ലക്ഷം മാത്രമെ ഫീസ് വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ 50% സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ഫോറം ലഭിക്കണമെങ്കിൽ 10 ലക്ഷം രൂപ വരെ അഡ്വാൻസ് നൽകണമായിരുന്നു. 2006 ഇലെ മെഡിക്കൽ പരീക്ഷയിൽ എല്ലാ സ്വാശ്രയ മാനേജ് മെന്റ് സീറ്റുകളിലേക്കും കൂടി ആകെ പരീക്ഷ എഴുതിയത് 525 വിദ്യാർത്ഥികൾ മാത്രം. അപേക്ഷ ക്ഷണിച്ച് മാനേജ് മെന്റുകൾ പരസ്യം നൽകിയത് ദീപികയിലും ചന്ദ്രികയിലും മാത്രം.
മിത്ത് 5 : ഇപ്പോഴത്തെ ഏക പ്രശ്നം ഇന്റർ ചർച്ച് കൗൺസിലിന്റെ നിലപാടാണ്
പണ്ട് കോഴവാങ്ങിയും സുതാര്യമല്ലാതെയും ഇന്റർ ചർച്ച് കൗൺസിൽ പ്രവേശനം നടത്തിയിട്ടുണ്ട് എങ്കിലും ഇപ്പോൾ ഈ കോളേജുകളിൽ സുതാര്യമായ പ്രവേശനമാണ് നടക്കുന്നത് എന്ന വസ്തുത കണ്ടില്ല എന്ന് നടിക്കാനാവില്ല. ഇന്റർ ചർച്ച് കൗൺസിലിന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോറവും
പ്രോസ്പ്കറ്റസും ഡൗൺലോഡ് ചെയ്യാനും +2 വിന്റെയും പൊതുപ്രവേശന പരീക്ഷയുടെയും മാർക്കുകളേ ആധാരമാക്കി ഉള്ള റാങ്ക് ലിസ്റ്റിൽ നിന്നും പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് ഈ കോളേജുകളിൽ പ്രവേശനം നടത്തുന്നത്. പിന്നെ ഉള്ളത് 3.5 ലക്ഷം രൂപ ഫീസ് ആണ്. ഈ ഫീസ് വാങ്ങാൻ കോടതി ഇവർക്ക് അനുമതി നൽകിയ സാഹചര്യത്തിൽ അതിനെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല. പക്ഷെ ഇവിടെ മെറിറ്റ് ഉണ്ട് എന്നത് വിസ്മരിച്ച് കൂടാ. 10% സീറ്റിൽ ഇവർ സൗജന്യ വിദ്യാഭ്യാസവും നൽകുന്നുണ്ട് .
എന്നാൽ സർക്കാരുമായി കരാർ ഏർപ്പെട്ട കോളേജുകൾ 50% സീറ്റ് സർക്കാരിന് കൊടുത്ത് ബാക്കി സീറ്റിലേക്ക് സ്വന്തമായി പ്രവേശന പരീക്ഷ നടത്തി ആളേ എടുക്കുന്നു. പണ്ട് ഈ പരീക്ഷയെ സംബന്ധിച്ച് ആശങ്കകൾ പങ്കുവച്ചവർ 50% സീറ്റ് സർക്കാരിന് നൽകിയാൽ ബാക്കി 50% ഇൽ എന്തുമായിക്കോ എന്ന നിലപാട് എടുക്കുന്നു . 50% സീറ്റിൽ കോഴ വാങ്ങി പ്രവേശനം നേടാനുള്ള വലിയ സാധ്യത ഇവിടെ നിലനിൽക്കുന്നു എന്ന് മാത്രമല്ല കാരക്കോണത്ത് അത് സംഭവിക്കുകയും ചെയ്തു.
മിത്ത് 6 : 50% സീറ്റ് സർക്കാരിന് നൽകാത്തത് ന്യൂനപക്ഷ അവകാശത്തെ ഹനിക്കുന്നതിനാലാണ്
50:50 എന്നത് ഭരണഘടന വിരുദ്ധമാണ് എന്ന് വിവിധ കോടതി വിധികളേ ഉദ്ധരിച്ച് കൊണ്ട് ഇന്റർ ചർച്ച് കൗൺസിലിലെ പലരും വികാരം കൊള്ളാറുണ്ട് 50% സീറ്റ് MES സർക്കാരിന് വിട്ട് നൽകിയതിനെപ്പറ്റി പറയുമ്പോൾ അവർ സമുദായത്തിന്റെ അവകാശത്തെ ബലികൊടുത്തു എന്നും മറ്റ് സമുദായങ്ങളേ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നുമൊക്കെയാണ് MES നെതിരെ ആരോപിക്കുന്നു.
എന്നാൽ ഇന്റർ ചർച്ച് കൗൺസിൽ തന്നെ അടുത്തിടെ മെഡിക്കൽ പി.ജി അഡ്മിഷനുമായി ബന്ധപ്പെട്ട് 50% സീറ്റും സർക്കാരിന് നൽകാം എന്ന് കരാറിൽ ഒപ്പിടുകയുണ്ടായി. സർക്കാരിന് എമ്പാരസ്മെന്റ് ഉണ്ടാക്കേണ്ട എന്ന് കരുതിയാണത്രെ 50% നൽകാം എന്ന് പറഞ്ഞത് എന്നാണ് ജോർജ് പോൾ പറയുന്നത്. അതായത് 50% സീറ്റ് സർക്കാരിന് നൽകണം എന്ന മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡം ഉള്ളതിനാൽ 50% നൽകാൻ ഇവർ തയ്യാറായി. അപ്പോൾ ന്യൂനപക്ഷ അവകാശത്തെപ്പറ്റി വാദിക്കാനോ കേസിനോ പോയില്ല.
കോടതി വിധികൾ പ്രകാരം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് 100% സീറ്റിലും പ്രവേശനം ഉണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും എങ്ങനെയാണ് മെഡിക്കൽ പി.ജിയിൽ അങ്ങനെ അല്ലാത്ത ഒരു വിധി ഉണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതായത് മെഡിക്കൽ കൗൺസിൽ 50% സർക്കാരിന് നൽകാൻ പറഞ്ഞാൽ അത് നൽകിയെ മതിയാകൂ എന്ന് ഈ കോടതി വിധി പ്രകാരം വ്യാഖ്യാനിക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം
മിത്ത് 7 : ന്യൂനപക്ഷ സ്ഥാപനങ്ങള്ക്ക് ലഭിക്കുന്ന അവകാശങ്ങള് ആ സമുദായത്തില് ഉള്ളവര്ക്ക് ലഭിക്കുന്നു
മിക്ക ന്യൂനപക്ഷ സ്ഥാപനങ്ങളിലും 40% ഓളം കമ്യൂണിറ്റി ക്വാട്ട ഉണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശം ഉപയോഗിച്ച് തുടങ്ങിയ ഈ സ്ഥാപനങ്ങളിലെ കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ കിട്ടുക എന്നത് അതാത് ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥിയുടെ അവകാശമാണ്. എന്നാൽ തന്റെ കമ്യൂണിറ്റി സർട്ടിഫിക്കേറ്റ് കാണിച്ചാൽ ഇത് ഈ കോളേജുകൾ അനുവദിച്ച് തരില്ല. മറിച്ച് തന്റെ ഇടവക വികാരിയുടെ സാക്ഷ്യപത്രം സമർപ്പിച്ചാൽ മാത്രമെ ഭരണഘടന ആ വിദ്യാർത്ഥിക്ക് നൽകിയ ന്യൂനപക്ഷ അവകാശം സ്ഥാപിച്ച് കിട്ടുകയുള്ളൂ. എന്നാൽ
ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് അംഗികാരം നേടിയെടുക്കുമ്പോൾ ഈ സ്ഥാപനങ്ങൾ നടത്തുന്നവർ ഈ സമുദായത്തിൽ പെട്ടവരാണ് എന്ന് മാത്രമെ ദേശിയ ന്യൂനപക്ഷ കമ്മിഷൻ പരിഗണിക്കാറുള്ളൂ. എന്നാൽ ഇടവക വികാരി കനിഞ്ഞില്ലെങ്കിൽ ഒരു ന്യൂനപക്ഷ വിദ്യാർത്ഥിയുടെ കമ്യൂണിറ്റി ക്വാട്ട സ്വാഹ ആകുമെന്ന് ചുരുക്കം
സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ ജൂണ് 6 2009 ഇല് RVG മേനോൻ എഴുതിയ ലേഖനം എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വിഷയത്തിലെ വിവിധ കോടതി വിധികളെപ്പറ്റി ആ ലേഖനത്തിൽ സവിസ്തരം പ്രതിപാദിക്കുന്നു. അതും ഒന്ന് വായിക്കുക
സ്വയാശ്രയ പ്രതിസന്ധികള്